Pages

Tuesday, June 26, 2018

അവസാനത്തെ അത്താഴം

            എന്റെ ആദ്യരാത്രി വളരെ വിശദമായിത്തന്നെ വായനക്കാര്‍ക്ക് മുന്നില്‍ ഞാന്‍ ഇവിടെ കുറിച്ചിരുന്നു (ഇതുവരെ വായിക്കാത്തവര്‍ക്കും വായിച്ചു മറന്നവര്‍ക്കും ഇവിടെ ക്ലിക്കിയാല്‍ വീണ്ടും വായിക്കാം). ഇനി എന്റെ അന്ത്യരാത്രിയെപ്പറ്റി കൂടി പറയട്ടെ. പ്രഷര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍ ഇത് വായിച്ച ശേഷം എന്തെങ്കിലും കഷ്ടനഷ്ടങ്ങള്‍ സ്വയമോ കുടുംബത്തിനോ ഉണ്ടാക്കി വച്ചാല്‍ അതിന് ഞാനോ എന്റെ ഭാര്യയോ മക്കളോ ഉത്തരവാദിയായിരിക്കില്ല എന്ന് ആദ്യമേ ഉണര്‍ത്തുന്നു.

             അന്ന് രാത്രി പതിവില്ലാത്ത വിധം തണുപ്പ് അനുഭവപ്പെടൂന്നുണ്ട്. തണുപ്പ് കൂടിയപ്പോഴാണ് വൈകുന്നേരം കോട മൂടിയിരുന്നത് എന്റെ ഓര്‍മ്മയിലേക്ക് പാഞ്ഞുകയറിയത്.കാറ്റിന്റെ മൂളലിന് കാലന്റെ ശ്വാസഗതിയുടെ താളം തോന്നുന്നുണ്ട്.അടുത്തെവിടെയോ കാലന്‍ ചവിട്ടി മെതിക്കുന്നുണ്ട് എന്ന് വ്യക്തമായിരുന്നു.എന്റെ കിടപ്പറയുടെ ജനല്‍ ചില്ലിലും ആരോ മുട്ടുന്നുണ്ട്.പെട്ടെന്ന് വൈദ്യുതി ബന്ധവും നിലച്ചു.

              റൂമില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത റൂമിലുള്ളവരെല്ലാം നേരത്തെ ഉറക്കമായി എന്ന് തോന്നുന്നു.ഭക്ഷണം പാകം ചെയ്യാന്‍ ഞാന്‍ അടുക്കളയിലേക്ക് നീങ്ങി.രാത്രിയില്‍ ഞാന്‍ കഞ്ഞിയേ കുടിക്കാറുള്ളൂ. ചെറുപയര്‍ ചേര്‍ത്ത് പാകം ചെയ്യുന്ന കഞ്ഞി സഹമുറിയന്മാര്‍ക്കും ഏറെ പ്രിയങ്കരമായിരുന്നു.ഒരു കൈയബദ്ധത്തിന്റെയും പിന്നെ ചില മടിപ്പണികളുടെയും ഉല്പന്നമായിരുന്നു ഈ ചെറുപയര്‍ കഞ്ഞി. പക്ഷേ ജീവിതത്തില്‍ രുചിച്ച മികച്ച കഞ്ഞികളില്‍ ഒന്നായി അത് മാറി. തിരക്കഥയും നിര്‍മ്മാണവും സംവിധാനവും എല്ലാം ഞാനോ അല്ലെങ്കില്‍ ഞങ്ങളോ ആയതിനാല്‍ ഉപ്പ് കുറഞ്ഞാലും വെള്ളം കൂടിയാലും അരി വേവാഞ്ഞാലും കുറ്റം കേന്ദ്ര സര്‍ക്കാറിന്റെ ഗ്യാസിലോ സംസ്ഥാന സര്‍ക്കാരിന്റെ അരിയിലോ ചാര്‍ത്തിയില്ല,ഞങ്ങള്‍ തന്നെ ഏറ്റെടുത്തു.


        അന്ത്യരാത്രി ആയതിനാലാവും കഞ്ഞിക്ക് അരി ഇട്ടപ്പോഴേ എന്റെ കണക്ക് പിഴച്ചു.അര ഗ്ലാസ് അരി ഇടേണ്ടിടത്ത് കവറില്‍ ബാക്കി ഉണ്ടായിരുന്ന അരി മുഴുവന്‍ ഞാന്‍ പാത്രത്തിലേക്ക് തട്ടി.ഭാഗ്യത്തിന് അത് അര ഗ്ലാസ്സിലും അല്പം കൂടുതലേ ഉണ്ടായിരുന്നുള്ളൂ.രണ്ട് പിടി ചെറുപയറും അതേ പാത്രത്തിലേക്കിട്ട് വൃത്തിയായി കഴുകി.ഞാന്‍ കഞ്ഞി കുടിക്കുന്ന പാത്രത്തിന് ഒന്നര പാത്രം വെള്ളം കുക്കറിലെടുത്ത് അരി-പയര്‍ മിശ്രിതം അതിലേക്കിട്ടു.കല്ലുപ്പിന്റെ പത്ത് പന്ത്രണ്ട് ക്രിസ്റ്റലുകളും അതിലേക്കിട്ട് സ്റ്റൌവില്‍ വച്ചു.പച്ചമുളക് കൂടി ഇടേണ്ടതായിരുന്നു, പക്ഷേ സാധനം ഇല്ലാത്തതിനാല്‍ അത് വേണ്ടെന്ന് വച്ചു.മൂന്ന് വിസില്‍ വന്ന ശേഷം സ്റ്റൌ ഓഫാക്കി ഞാന്‍ കിടപ്പ് മുറിയിലേക്ക് തിരിച്ചു പോയി.
       ജനല്‍ ചില്ലില്‍ അപ്പോഴും ആരോ ശക്തമായി മുട്ടുന്നുണ്ടായിരുന്നു. കാലന്റെ ചവിട്ടടികളില്‍ നിന്നുതിര്‍ന്ന വായുപ്രവാഹത്തിന്റെ അനുരണനങ്ങള്‍ ആയിരുന്നു അത് എന്ന് അപ്പോള്‍ മനസ്സിലായില്ല.ഈ മലനിരകളുടെ മറ്റൊരു ഭാഗമായ കട്ടിപ്പാറയില്‍ പതിനാല് പേരുടെ ജീവനും കയ്യിലെടുത്ത് ഓടുകയായിരുന്നു കാലനപ്പോള്‍.കാറ്റിന്റെ ശക്തി കുറഞ്ഞ് വന്നു.തുറക്കാത്ത ജനല്‍പാളി കാലനെ പിന്തിരിപ്പിച്ചു. ഞാന്‍ വീണ്ടും അടുക്കളയിലേക്ക് നീങ്ങി.
       കുക്കര്‍ തുറന്നപ്പോള്‍ അതില്‍ പായസം കണക്കെ ഒരു സാധനം. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ടത് തിളപ്പിച്ച വെള്ളമാണെന്ന് മുന്‍ അനുഭവങ്ങള്‍ എന്നെ അല്ല, ഞങ്ങളെ പഠിപ്പിച്ചിരുന്നു.രണ്ട് ഗ്ലാസ്സോളം വെള്ളം ചേര്‍ന്നപ്പോള്‍ പായസം കഞ്ഞിയായി മാറി.കൂടിയ ഉപ്പിനെ കുറക്കാന്‍ ആവശ്യമായ വെള്ളം വീണ്ടും ഒഴിച്ചതോടെ അവസാനത്തെ അത്താഴം എന്റെ വയറ് നിറച്ചു.
       ഈ കഞ്ഞി എങ്ങനെ അവസാനത്തെ അത്താഴമായി? ഇന്ന് ആ ക്വാര്‍ട്ടേഴ്സിലെ എന്റെ അവസാന ദിവസമായിരുന്നു.മാത്രമല്ല ഇനി ചുരുങ്ങിയത് മൂന്ന് വര്‍ഷത്തേക്ക് ഞാന്‍ സ്വയം കഞ്ഞിയുണ്ടാക്കാന്‍ സാധ്യതയുമില്ല.കാരണം വയനാട് ഗവ. എഞ്ചിനീയറിംഗ് കോളെജില്‍ നിന്നും എന്റെ പഴയ തട്ടകമായ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളെജിലേക്ക് ഞാന്‍ സ്ഥലം മാറി.

1 comments:

Areekkodan | അരീക്കോടന്‍ said...

ഉപ്പ് കുറഞ്ഞാലും വെളളം കൂടിയാലും അരി വേവാഞ്ഞാലും കുറ്റം കേന്ദ്ര സര്‍ക്കാറിന്റെ ഗ്യാസിലോ സംസ്ഥാന സര്‍ക്കാരിന്റെ അരിയിലോ ചാര്‍ത്തിയില്ല

Post a Comment

നന്ദി....വീണ്ടും വരിക