Pages

Thursday, September 29, 2022

സ്രാമ്പി

കുട്ടിക്കാലത്ത് ബാപ്പയുടെ നാടായ നൊച്ചാട്  വിരുന്നു പോയപ്പോഴാണ് സ്രാമ്പി എന്ന പദം ആദ്യമായി കേട്ടത്. ബാപ്പയുടെ മൂത്ത ജ്യേഷ്ടത്തിയുടെ മകൻ അബ്ദുളളകുട്ടി കാക്കയുടെ വീടിനടുത്തായിരുന്നു ഒരു സ്രാമ്പി ഉണ്ടായിരുന്നത്.

മുസ്ലിംങ്ങളുടെ പ്രധാന ആരാധനയായ നമസ്കാരം നിർവ്വഹിക്കാനുള്ള ചെറിയൊരു കെട്ടിടത്തെയാണ് സ്രാമ്പി എന്ന് പറയുന്നത്.
മിക്ക സ്രാമ്പികൾക്കും സമീപം അംഗശുദ്ധി വരുത്താനായി ഒരു കുളവും ഉണ്ടായിരിക്കും.

നൊച്ചാട്ടെ സ്രാമ്പിക്കുളത്തിൽ ഒന്നൊന്നര മണിക്കൂർ നീരാടി വെള്ളം മുഴുവൻ കലക്കി മറിച്ച് കഴിയുമ്പോഴേക്കും തൊട്ടടുത്ത പറമ്പിൽ താമസിക്കുന്ന സ്രാമ്പി പരിപാലകന്റെ കയർക്കൽ ശബ്ദം ഉയരും. അതോടെ കുളി നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി നമസ്കരിച്ച് മടങ്ങും. ഇന്ന് ആ സ്രാമ്പിയും കുളവും ഉണ്ടോ എന്നറിയില്ല.

അരീക്കോട് നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ വെള്ളേരിയിലും ഒരു സ്രാമ്പി ഉണ്ടായിരുന്നു.നാല് തൂണുകളിൽ ഉയർത്തി നിർത്തിയ, തടി കൊണ്ട് നിർമ്മിച്ച ഓട് മേഞ്ഞ ഒരു ഒറ്റമുറി. ഒറ്റനോട്ടത്തിൽ തന്നെ ഒന്ന് കയറി നോക്കാൻ തോന്നും. താഴെ ചെറിയൊരു കുളവും ഉണ്ടായിരുന്നു. ഇന്ന് അത് നവീകരിച്ച് കോൺക്രീറ്റ് കെട്ടിടമായി മാറിയതോടെ പഴയ ആകർഷണീയത നഷ്ടമായി.

ഒരാഴ്ച മുമ്പാണ് പാലക്കാട്ടേക്കുള്ള യാത്രക്കിടയിൽ യാദൃശ്ചികമായി ഒരു സ്രാമ്പി എന്റെ ശ്രദ്ധയിൽ പെട്ടത്. പെരിന്തൽമണ്ണയിൽ  നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ  താഴെക്കോടായിരുന്നു പ്രസ്തുത സ്രാമ്പി . കാറുമായി പോകുന്ന ഒരു ദിവസം സ്രാമ്പിയിൽ കയറാം എന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടു.

പിറ്റേ ദിവസം ഹർത്താൽ ദിനത്തിൽ, സഹപ്രവർത്തകൻ ഇർഷാദ് സാറിന്റെ കാറിൽ പെരിന്തൽമണ്ണയിലേക്ക് മടങ്ങുകയായിരുന്നു ഞാനും എന്റെ ഡിപ്പാർട്ട്മെന്റിലെ റഹീം മാഷും. വൈകിട്ടുള്ള നമസ്കാരമായ അസർ നമസ്കാരം നിർവ്വഹിക്കാനായി, തലേ ദിവസം ഞാൻ മനസ്സിൽ കുറിച്ചിട്ട സ്രാമ്പിയിൽ കയറാം എന്ന് റഹിം മാഷ് പറഞ്ഞപ്പോൾ എനിക്കും സന്തോഷമായി.

വലിയൊരു പാറയുടെ പുറത്ത് കരിങ്കൽ തൂണിൽ ഉയർത്തിയുണ്ടാക്കിയ സ്രാമ്പിയുടെ ഉൾഭാഗം വല്ലാത്തൊരു ഫീലാണ് ഞങ്ങളിലുണ്ടാക്കിയത്. തറയടക്കം മരത്തിൽ നിർമ്മിച്ചതിനാൽ ഒരു പ്രത്യേക തരം തണുപ്പും ഉള്ളിലനുഭവപ്പെട്ടു. പാറയുടെ താഴെ ഭാഗത്ത് കൂടി ഒഴുകുന്ന അരുവി കൂടി ചേർന്നപ്പോൾ ആ ഫ്രയിം വളരെ മനോഹരമായി (ഫോട്ടോയിൽ പകർത്താൻ അരുവി കടയ്ക്കണം എന്നതിനാൽ അതിന് മുതിർന്നില്ല ).

"സാറേ... ഈ ഓടിലെഴുതിയ വർഷം നോക്ക്..." താഴ്ത്തി മേഞ്ഞ ഓട് കാണിച്ചുകൊണ്ട് റഹിം മാഷ് പറഞ്ഞു.

"1876" 

" എന്ന് വച്ചാൽ ഏകദേശം നൂറ്റമ്പത് വർഷത്തെ പഴക്കം.... അന്നത്തെ ഏതോ മുതലാളി പറമ്പിൽ നിന്ന് കയറി വന്ന ശേഷം അൽപനേരം വിശ്രമിക്കാനും നമസ്കരിക്കാനും ഉണ്ടാക്കിയിട്ടതാവും..." 

"അതെ ... ഓരോ സ്രാമ്പിക്കും ഇങ്ങനെ ഓരോ കഥ പറയാനുണ്ടായിരിക്കും..."

പുറത്ത് സ്ഥാപിച്ച ധർമ്മപ്പെട്ടിക്ക് സമീപത്തെ എഴുത്തിൽ നിന്നും വാലിപ്പാറ സ്രാമ്പി ആണ് ഇതെന്ന് മനസ്സിലാക്കി. മൺമറയുന്ന സ്രാമ്പികൾ കാലയവനികക്കുള്ളിൽ ഒളിപ്പിക്കുന്നത് പഴയ ഒരു ചരിത്രപ്പെരുമ തന്നെയാകാം എന്നാണ് എനിക്ക് തോന്നുന്നത്. ആയതിനാൽ സ്രാമ്പികൾ അവയുടെ തനിമയോടെ നിലനിർത്താൻ അതാത് നാട്ടുകാർ ശ്രമിക്കണം.

1 comments:

Areekkodan | അരീക്കോടന്‍ said...

അതെ ... ഓരോ സ്രാമ്പിക്കും ഇങ്ങനെ ഓരോ കഥ പറയാനുണ്ടായിരിക്കും.

Post a Comment

നന്ദി....വീണ്ടും വരിക