ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കാലത്ത് ഉച്ച സമയത്ത് അങ്ങോട്ട് കയറുന്ന പതിവ് ഞാനായിട്ട് വളർത്തിയിരുന്നില്ല. കാരണം നീണ്ടു നിവർന്നു കിടക്കുന്ന കട്ടിൽ കണ്ടാൽ ഏത് മഹർഷിയുടെയും കൺട്രോൾ പോകും എന്നത് തന്നെ.
ഒരു ദിവസം എന്തോ ആവശ്യത്തിന് ഞാൻ ക്വാർട്ടേഴ്‌സിലേക്ക് കയറി. ഒന്നാം നമ്പർ ക്വാർട്ടേഴ്‌സിൽ നിന്ന് കൂലങ്കുഷമായ ചർച്ച കേട്ട് ഞാനും അങ്ങോട്ട് എത്തി നോക്കി. ആയിടെ ട്രാൻസ്ഫർ ആയി വന്ന അസിസ്റ്റന്റ് പ്രൊഫസറും കുടുംബവും ആയിരുന്നു അവിടെ താമസിച്ചിരുന്നത്. ഒരു ഡൈനിംഗ് ടേബിളിന് ചുറ്റും പ്രൊഫസറും തൊട്ടടുത്ത റൂമുകാരനും എന്റെ റൂം മേറ്റും കൂടിയാണ് ചർച്ച.
"എന്താ ഇവിടെ ഒരു വട്ടമേശ സമ്മേളനം ?" ഞാൻ ചോദിച്ചു
"അത് .... ഇവനെ അകത്ത് കയറ്റാനുള്ള പണി നോക്കുകയാ ...: മേശ ചൂണ്ടിക്കാട്ടി റൂമുടമ പറഞ്ഞു.
"അവൻ ഇവിടെ എത്തിയതെങ്ങനാ ?"
"അത് ഫ്രന്റ് ഡോർ വീതി ഉണ്ട് ... ഈ ഡോർ അത്ര വീതി ഇല്ല.."
"ഓ കെ .... ഞാനൊന്ന് തള്ളി നോക്കട്ടെ ..." ഞാൻ ചോദിച്ചു.
"ഓ .... നോക്കിക്കോളൂ ... വെയില് കൊണ്ട കഷണ്ടി അല്ലെ .... എന്തെങ്കിലും ഐഡിയ ഉണ്ടായാലോ ...."
ഞാൻ മേശ തള്ളി നോക്കി. മധ്യഭാഗം അല്പം വീതി കൂടിയതായതിനാൽ അവിടെ കുടുങ്ങി. ഞാൻ കയ്യിൽ കിട്ടിയ കാലൻ കുട എടുത്ത് മേശയുടെ മധ്യഭാഗത്തെ വീതി അളന്നു . വാതിലിന്റെ വീതിയും അളന്നു നോക്കി. പി ടി ഉഷക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടപ്പെട്ടതു പോലെ പോയിന്റുകൾ വ്യത്യാസത്തിന് ആണ് മേശ കുരുങ്ങി നിൽക്കുന്നത് എന്ന് മനസ്സിലാക്കി.ബട്ട്, മേശ ചുരുങ്ങാനും വാതിൽ വികസിക്കാനും തയ്യാറല്ലാത്തതിനാൽ നോ രക്ഷ.
"സാറേ ... ശ്രമം നിർത്തിയോ ?" ഹതാശയനായി നിൽക്കുന്ന എന്നെ നോക്കി റൂമുടമ ചോദിച്ചു.
ഞാൻ പിന്നെയും മേശയുടെ വീതിയും നീളവും ഉയരവും ഒക്കെ അളന്നു. പണ്ട് പഠിച്ച സിലിണ്ടറിന്റെ വ്യാപ്തത്തിന്റെ സൂത്രവാക്യവും പൈതഗോറസ് സിദ്ധാന്തവും സൈൻ സ്‌ക്വയർ തീറ്റ പ്ലസ് കോസ്‌ക്വയർ തീറ്റയും ഒക്കെ പ്രയോഗിക്കാൻ ശ്രമം നടത്തി. പക്ഷെ അളവെടുത്തത് കുട കൊണ്ടായതിനാൽ ദയനീയമായി പരാജയപ്പെട്ടു.
"ഈ അടിഭാഗം ഇല്ലെങ്കിലും ഇതിന് പ്രശ്നമില്ല... അതങ്ങ് മുറിച്ച് മാറ്റാം .." റൂമുടമ ഏറ്റവും പ്രായോഗികമായ സൊലൂഷൻ പറഞ്ഞു.
"അല്ല ... പിൻവാതിൽ നിയമനം സോറി പിൻവാതിലിലൂടെ അകത്ത് കയറ്റാമോ എന്ന് നോക്കിയോ ?" ഞാൻ ചോദിച്ചു.
"ആദ്യം ശ്രമിച്ചത് അതാ .." ഉത്തരം എന്നെ വീണ്ടും ചിന്താകുലനാക്കി.
"ഏതായാലും ഒരു ആശാരിയെ വിളിച്ചിട്ടുണ്ട് ... മറ്റന്നാളെ വരൂ ..." റൂമുടമ പറഞ്ഞു.
ഞാൻ പിന്നെയും മേശയുടെ മുകൾ ഭാഗവും അടിഭാഗവും എല്ലാം വിസ്തരിച്ച് നോക്കി.
"വൈഫിന്റെ ഫ്രണ്ടിന്റെ ഹസ്ബന്റ് ഇവിടെ അടുത്ത് എവിടെയോ താമസിക്കുന്നുണ്ട്. അവരുടെ കയ്യിൽ വാൾ ഉണ്ട് . അത്യാവശ്യമാണെങ്കിൽ അവർ വരാം എന്ന് പറഞ്ഞിട്ടുണ്ട്." റൂമുടമ പറഞ്ഞെങ്കിലും ഞാൻ കേട്ടതായി ഭാവിച്ചില്ല.
ഞാൻ മേശയെ ഒന്നുകൂടി ഉഴിഞ്ഞു നോക്കി. ആ നോട്ടത്തിൽ ഏത് കല്ലും ഉരുകിപ്പോകും എന്ന തോന്നൽ വന്നതിനാൽ റൂമുടമ മേശയിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു. ശേഷം ഞാൻ വാതിലിനെ ഒന്ന് മൊത്തം കണ്ണിൽ ആവാഹിച്ചു .റൂമുടമ ഉടനെ വാതിലിലേക്ക് ശ്രദ്ധ പതിപ്പിച്ചു.
"യുറേക്കാ ...യുറേക്കാ ...." എന്റെ ശബ്ദം കേട്ട് എല്ലാവരും എനിക്ക് നേരെ നോക്കി.
"എന്ത് യുറേക്കാന്ന് ?" അവർ എല്ലാവരും ചോദിച്ചു.
"മേശ നേരെ കയറില്ല ... വളഞ്ഞും കയറില്ല ..."
"അത് തന്നെയല്ലേ ഞങ്ങളും ഇതുവരെ പറഞ്ഞത് ..."
"യെസ് ... ബട്ട് , എല്ലാവരും മേശ പിടിക്ക് ... ലോക ചരിത്രത്തിൽ ഇന്നേവരെ ഒരു മേശയും അനുഭവിക്കാത്ത ഒരു മാസ് എൻട്രി ..."
"ങേ ...അതെന്താ ?"
"മേശ കുത്തനെ നിർത്ത്..." എല്ലാവരും കൂടി മേശ കുത്തനെ നിർത്തി.
"ഇനി തള്ള് ..."
എല്ലാവരും കൂടി തള്ളി. ഇത്തവണ പോയിന്റുകൾ വ്യത്യാസത്തിന് മേശയുടെ ഉയരം കുറഞ്ഞതിനാൽ മേശ അകത്തെത്തി !!
"ആൻ ഐഡിയ കാൻ സേവ് യുവർ മേശ " റൂമുടമയെ നോക്കി ഞാൻ പറഞ്ഞപ്പോൾ എന്റെ കഷണ്ടിത്തലയിലായിരുന്നു എല്ലാവരുടെയും കണ്ണ് .
1 comments:
"യെസ് ... ബട്ട് , എല്ലാവരും മേശ പിടിക്ക് ... ലോക ചരിത്രത്തിൽ ഇന്നേവരെ ഒരു മേശയും അനുഭവിക്കാത്ത ഒരു മാസ് എൻട്രി ..."
Post a Comment
നന്ദി....വീണ്ടും വരിക