Part 13 : ഹസ്രത്ത് ബാൽ പള്ളിയിൽ
ഹസ്രത്ത് ബാൽ പള്ളി എത്തുന്നതിൻ്റെ ഏതാനും വാരകൾക്ക് മുമ്പായി ഞാനും സത്യൻ മാഷും ഒരു ഗേറ്റ് നോട്ട് ചെയ്ത് വച്ചിരുന്നു. NIT ശ്രീനഗറിൻ്റെ ഗേറ്റ് ആയിരുന്നു അത്. അപ്രതീക്ഷിതമായി കണ്ടതാണെങ്കിലും, എഞ്ചിനീയറിംഗ് കോളേജിൽ ജോലി ചെയ്യുന്നവർ എന്ന നിലയിൽ NIT ഒന്ന് സന്ദർശിക്കാൻ ഞങ്ങൾക്ക് തോന്നി. ടൂർ മാനേജർമാരോട് വിവരം പറഞ്ഞപ്പോൾ അവരതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ പള്ളിയിൽ നിന്നും ഇറങ്ങിയ ശേഷം ഞങ്ങൾ NIT ലക്ഷ്യമാക്കി നടന്നു. മുമ്പെ ഗമിക്കും ഗോ തൻ പിമ്പേ ഗമിക്കും ഗോക്കളെല്ലാം എന്ന് പറഞ്ഞ പോലെ കുറെ പേർ ഞങ്ങളെ അനുഗമിച്ചു.
സമയം ഉച്ചക്ക് പന്ത്രണ്ടര കഴിഞ്ഞിട്ടും ഗേറ്റിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഗേറ്റിലെ സെക്യൂരിറ്റിയോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം മറ്റൊരാളെ കാണാൻ പറഞ്ഞു. സന്ദർശനത്തിന് മുൻകൂർ അനുവാദം വാങ്ങാത്തതിനാൽ അകത്തേക്ക് പോകാൻ പറ്റില്ല എന്ന് അദ്ദേഹം അറിയിച്ചു. ഗേറ്റിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ അനുവാദം തന്നതനുസരിച്ച് ഏതാനും ഫോട്ടോകൾ പകർത്തി ഞങ്ങൾ തിരിച്ച് നടന്നു.
ഏതാനും അടികൾ മുന്നോട്ട് വച്ചപ്പോഴാണ് റോഡ് സൈഡിൽ മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയെ കണ്ടത്. അവരുടെ മുന്നിൽ രണ്ട് പ്ലാസ്റ്റിക് ടബ്ബുകളിലായി പിടക്കുന്ന മത്സ്യങ്ങളും ഉണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് പാത്രത്തിൽ നിന്നും ഒരു മത്സ്യത്തെ എടുത്തു.
" ഇസ് ക നാം ക്യാ ഹെ ? "
അവർ എന്തോ ഒരു പേര് പറഞ്ഞെങ്കിലും എനിക്ക് മനസ്സിലായില്ല.
"യെ ദാൽ സെ?"
"ഹാം ജി"
"ഹാജി എന്ന് വിളിക്കാൻ അയാൾ ഹജ്ജൊന്നും ചെയ്തിട്ടില്ല" കുശുമ്പനായ ആരോ വിളിച്ച് പറഞ്ഞു.
"ഹാം ജി" ആ സ്ത്രീ വീണ്ടും പറഞ്ഞു.
"ഓ ഇത് ഞമ്മളെ ഹാജ്യാര് പറഞ്ഞ പോലെ മുണ്ട്യാ ഹാജി വിളിയാണ് ..." കൊണ്ടോട്ടിക്കൂട്ടത്തിലെ ആരോ സീതിഹാജിയെ ഓർമ്മിപ്പിച്ചു. മത്സ്യം ലൈവായി ഫ്രൈയാക്കി കൊടുക്കുന്നുണ്ടോ എന്ന് ഞാൻ ഒന്ന് കണ്ണോടിച്ച് നോക്കി. ഈ സ്ത്രീയല്ലാതെ മറ്റാരും മത്സൃക്കച്ചവടം ചെയ്യുന്നില്ലായിരുന്നു. കയ്യിലെടുത്ത മീൻ ടബ്ബിലേക്ക് തന്നെ തിരിച്ചിട്ട് ഞങ്ങൾ ബസ്സിലേക്ക് നടന്നു.
വിശപ്പിൻ്റെ വിളി വീണ്ടും ആരംഭിച്ചതിനാൽ ഭക്ഷണ ശേഷം മുഗൾ ഗാർഡനിലേക്ക് പ്രവേശിക്കാം എന്ന് ഐക്യകണ്ഠേന തീരുമാനമായി. ഗാർഡൻ ഗേറ്റിന് സമീപം ദാൽ ലേക്കിൻ്റെ തീരത്തായി നിരവധി ഖാന ഖാനകൾ ഉള്ളതായി നിഖിൽ പറഞ്ഞു. എല്ലാവരും കയറിയ ഒന്നിലേക്ക് ഞാനും കയറി ബിരിയാണി ഓർഡർ ചെയ്തു. ഒപ്പമിരുന്ന റിട്ടയേഡ് ഫുഡ് കമ്മീഷണർമാരായ ഏലിയാമ്മ ചേച്ചിയും ബദറുന്നീസത്തയും അത് തന്നെ ഓർഡർ ചെയ്തു. മുന്നിൽ കൊണ്ട് വച്ച സാധനത്തിൻ്റെ നിറം കണ്ട് രണ്ട് പേരും ഞെട്ടി. ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്നതിനാൽ എൻ്റെ പ്ലേറ്റ് പെട്ടെന്ന് കാലിയായി. ഏലിയാമ്മ ചേച്ചി നാലഞ്ച് സ്പൂൺ മാത്രം കഴിച്ച് നിർത്തി.
ഭക്ഷണം കഴിച്ച് ഞാൻ തൊട്ടടുത്ത പള്ളിയിലേക്ക് നീങ്ങി. നമസ്കാരം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ എൻ്റെ സംഘത്തിലെ ആരെയും കണ്ടില്ല. ഗാർഡൻ ഗേറ്റിൽ ഉണ്ടാകും എന്ന് കരുതി ഞാൻ അങ്ങോട്ട് നീങ്ങി. അവിടെയും ആരെയും കണ്ടില്ല. എൻ്റെ കയ്യിലുള്ള ഫോണിൽ പ്രീപെയ്ഡ് സിം ആയതിനാൽ വിളിക്കാനും നിർവ്വാഹമില്ല. ഞാൻ തിരിച്ച് നേരത്തെ ബിരിയാണി കഴിച്ച ഹോട്ടലിലെത്തി എൻ്റെ നിസ്സഹായത അറിയിച്ചു. അവൻ്റെ ഫോണും താൽക്കാലികമായി ഔട്ട് ഓഫ് ഓർഡർ ! എങ്കിലും ഒരു കസ്റ്റമർ എന്ന നിലയിൽ മറ്റാരുടെയോ ഫോണിൽ നിന്ന് ടൂർ മാനേജർ ഹാബീലിനെ അവൻ കണക്ട് ചെയ്തു തന്നു.
മുഗൾ ഗാർഡൻ എന്ന പേര് കേൾക്കുമ്പോൾ വലിയൊരു പൂന്തോട്ടമാണ് മനസ്സിൽ വിരിയുന്നത്. നിഷാത് ബാഗ്, ഷാലിമാർ ബാഗ്, ചഷ്മെ ഷാഹി, അചബൽ ബാഗ്, പരിമഹൽ എന്നിങ്ങനെ മുഗളന്മാർ നിർമ്മിച്ച നിരവധി മുഗൾ ഗാർഡനുകൾ ശ്രീനഗറിലുണ്ട്. കഴിഞ്ഞ തവണ വന്നപ്പോൾ തിരക്ക് കാരണം ഇതിൽ ഒന്നിൽ പോലും കയറാൻ സാധിച്ചിരുന്നില്ല. ആയതിനാൽ വളരെ പ്രതീക്ഷയോടെയാണ് ഞാൻ നിഷാത് ബാഗ് എന്ന മുഗൾ ഗാർഡൻ്റെ മുന്നിലെത്തിയത്. മുതിർന്നവർക്ക് 24 രൂപയും കുട്ടികൾക്ക് 12 രൂപയുമാണ് നിഷാത് ബാഗിലേക്കുള്ള പ്രവേശന ഫീസ്. ടിക്കറ്റുമായി ഗേറ്റിൽ ഹബീൽ കാത്ത് നിന്നിരുന്നതിനാൽ ഞാൻ നേരെ അകത്തേയ്ക്ക് കയറി.
വിവിധ തട്ടുകളായിട്ടാണ് നിഷാത് ഗാർഡൻ്റെ നിർമ്മാണം. യഥാർത്ഥത്തിൽ ഒരു കുന്നിന് മുകളിൽ നിർമ്മിച്ച ഗാർഡൻ കുന്ന് കയറുന്ന പ്രയാസം അറിയാതെ സന്ദർശനം നടത്താവുന്ന രൂപത്തിലാണ് ഇതിൻ്റെ നിർമ്മിതി. മഞ്ഞ് കാലമായതിനാൽ ഗാർഡനിലെ പുൽ പരവതാനി മുഴുവൻ ഉണങ്ങിക്കരിഞ്ഞിരുന്നു, അങ്ങിങ്ങായി വിരിഞ്ഞ് നിൽക്കുന്ന പൂക്കളും മരങ്ങളും കൂടി സൃഷ്ടിക്കുന്ന ക്യാൻവാസ് ആരെയും ഒരു ഫോട്ടോ എടുക്കാൻ നിർബന്ധിപ്പിക്കും. കാശ്മീരി യുവതയുടെ അനിയന്ത്രിത കോപത്തിൻ്റെ നേർക്കാഴ്ച ഇവിടെയും ഞാൻ ദർശിച്ചു. ഒരു സംഘം യുവാക്കൾ വേലിത്തറി ഊരിയെടുത്ത് ഒരാളെ ഓടിച്ചിട്ട് കല്ലെറിയുന്നതും കണ്ടപ്പോൾ മനസ്സ് നൊന്തു. അടിയും ഏറും ഏൽക്കാതിരിക്കാൻ എത്രയും പെട്ടെന്ന് അവിടന്ന് ഞാൻ മാറി നടന്നു.
മുഗൾ ഭരണ കാലത്തെ പല തരം നിർമ്മിതികളും മുഗൾ ഗാർഡനുകളിലുണ്ട്. അതുകൊണ്ട് തന്നെയായിരിക്കാം UNESCO യുടെ ലോക പൈതൃക പട്ടികയിൽ മുഗൾ ഗാർഡനും ഇടം പിടിച്ചത്. നിഷാത് ബാഗിലും കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങൾ കാണാം. എൻ്റെ സുഹൃത്തുക്കളെ തേടി നടന്ന് നടന്ന് ഞാൻ ഗാർഡൻ്റെ അങ്ങേ അറ്റത്ത് എത്തി. ഇലപൊഴിച്ച് നിൽക്കുന്ന മേപ്പിൾ മരങ്ങൾ, തറയിൽ കുന്ന് കൂടിക്കിടക്കുന്ന മേപ്പിൾ ഇലകൾ, പിന്നിൽ പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച കോട്ട മതിലുകളും അന്ത:പുരങ്ങളും. കൗമാര കാലത്ത് ന്യൂ ഇയർ കാർഡുകൾക്കിടയിൽ ഞാൻ തിരയാറുള്ള ആ ചിത്രം ഇപ്പോൾ എൻ്റെ മുമ്പിൽ യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !! പ്രകൃതിയുടെ ഉണങ്ങിയ ഭാവവും മനസ്സിന് കുളിർമ്മ നൽകും എന്ന യാഥാർത്ഥ്യം അപ്പോൾ എനിക്ക് ബോധ്യമായി.
ഓവർകോട്ട് അഴിച്ച്, ഞാനാഗ്രഹിച്ച ആ ഫ്രെയിമിൽ എന്നെയും ഉൾപ്പെടുത്തിക്കൊണ്ട് നിരവധി ഫോട്ടോകളും വീഡിയോകളും സത്യൻ മാഷ് ക്യാമറയിൽ പകർത്തി. സമീപത്ത് ഒരു കാശ്മീരി കഹ് വക്കാരനെ കണ്ടപ്പോൾ എനിക്കും സത്യൻ മാഷക്കും ഒന്നടിച്ചാൽ കൊള്ളാമെന്നായി. ഞങ്ങൾ അയാളുടെ സമീപമെത്തിയപ്പോൾ കോട്ട് ഇടാൻ അയാൾ സ്നേഹപൂർവ്വം ഉപദേശിച്ചു. തണുപ്പടിച്ച് നെഞ്ചിൽ കഫം കെട്ടാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു. കഹ് വ അത്ര രുചി തോന്നിയില്ലെങ്കിലും അൽപ നേരത്തെ സല്ലാപത്തിൽ നിന്ന്, ജാവേദ് അക്തർ എന്ന ആ നീണ്ട മനുഷ്യൻ്റെ പെരുമാറ്റം അതീവ ഹൃദ്യമായി തോന്നി.
അൽപ സമയത്തിനകം തന്നെ ഞങ്ങൾ നിഷാത് ബാഗിൽ നിന്ന് പുറത്തിറങ്ങി.
1 comments:
മുഗൾ ഗാർഡനിലെ കാഴ്ചകൾ
Post a Comment
നന്ദി....വീണ്ടും വരിക