Pages

Sunday, November 02, 2014

ആഗ്രഫോർട്ടിലൂടെ.....(ആദ്യ വിമാനയാത്ര - 14)



ബസ് എത്ര സമയം ഓടി എന്ന് കൃത്യമായി ഓർമ്മയില്ല, ആഗ്രയുടെ പ്രാന്തപ്രദേശങ്ങളിൽ എത്തിയതായി പുറത്തുള്ള ബോർഡുകൾ സൂചിപ്പിച്ചു. മധുരാപുരിയിൽ നിന്ന് കിട്ടിയ ഗൈഡ് വഴിയിലെവിടെയോ സ്കൂട്ടാവുകയും ആഗ്ര ഗൈഡായി കൂളിംഗ് ഗ്ലാസ് വച്ച് ഉയരം കുറഞ്ഞ ഒരു താടിവാല കയറുകയും ചെയ്തിരുന്നു.കല്ലുകളിൽ ചരിത്രം ഉറങ്ങുന്ന ആഗ്രാ വീഥിയിലെ ഇരു വശങ്ങളിലുമുള്ള കെട്ടിടങ്ങളെപ്പറ്റി അദ്ദേഹം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ബാച്ചിലൈഫിൽ ഒരു തവണയും ബാച്ചിലർ പട്ടം പറത്തിക്കളഞ്ഞ ശേഷം ഒരുതവണയും ഇവിടെ എത്തിയതിനാൽ അന്നൊന്നും കാണാത്ത എന്നാൽ പലതവണ കേട്ട ഫത്തേപൂർ സിക്രി കാണാനായിരുന്നു ഈ മൂന്നാം സന്ദർശനത്തിൽ എന്റെ മനസ്സ് ആഗ്രഹിച്ചിരുന്നത്. ആഗ്രയിൽ നേരത്തെ എത്തിയതിനാൽ എന്റെ മനസ്സ് അക്ബർ ചക്രവർത്തിയുടെ ആ നഗരം കാണാൻ ഏറെ കൊതിച്ചു.അതിനാൽ തന്നെ ആ താടിവാലയോട് ഞാൻ ചോദിച്ചു.
“ഹം ഫത്തേപൂർ സിക്രി ജായേഗ?”

“ഫത്തേപൂർ സിക്രി???അരെ നഹീം ബയ്യ...”

അദ്ദേഹത്തിന്റെ മറുപടി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. താജ്മഹലും ആഗ്രക്കോട്ടയും മറ്റും ഏത് സമയത്തും ആർക്ക് വേണേലും കാണാം. എന്നാൽ ആഗ്ര ടൌണിൽ നിന്ന് അല്പം മാറിയുള്ള ഫത്തേപൂർ സിക്രിയിൽ എത്തിപ്പെടുക എന്നത് കുറച്ച് ബുദ്ധിമുട്ടായതിനാൽ അധികപേരും അവിടെ പോകാറില്ല.

ആഗ്രയിൽ ഞങ്ങളുടെ ആദ്യത്തെ കാഴ്ച പ്രസിദ്ധമായ ആഗ്രകോട്ടയായിരുന്നു.പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ, നൂറ്റാണ്ടുകളുടെ മഴയും വെയിലും ഏറ്റിട്ടും തല ഉയർത്തി തന്നെ നിൽക്കുന്ന ആഗ്ര ഫോർട്ടിലേക്ക് ഞങ്ങൾ മന്ദം മന്ദം നടന്നു. ആഗ്രഫോർട്ട് ദൃഷ്ടിയിൽ പതിഞ്ഞതും അഫ്നാസ് വായ തുറന്നു.
“ അതാ റെഡ് ഫോർട്ട് !!“

“റെഡ് ഫോർട്ട് ഡെൽഹിയിൽ ആണ് അഫ്നാസേ...” ഞാൻ അവനെ തിരുത്തി.

“അത് റെഡ് ഫോർട്ട് എന്ന റെഡ് ഫോർട്ട്...ഇത് ഒറിജിനൽ ചുവന്ന റെഡ് ഫോർട്ട് !!“

‘യാ കുദാ...ചെങ്കോട്ടയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടെന്ന് ഇവനെ ആര് പഠിപ്പിച്ചാവോ’ ആത്മഗതത്തോടെ അവനെ തിരുത്തൽ ഞാൻ നിർത്തി.



ആഗ്ര ഫോർട്ടിനകത്ത് നിരവധി കാഴ്ചകൾ കാണാനുണ്ടായിരുന്നു. ഷാജഹാൻ ചക്രവർത്തിയെ തടവിലിട്ട ഖാസ് മഹൽ ആയിരുന്നു അതിൽ പ്രധാനം.  അങ്ങ് വിദൂരതയിൽ യമുനാ നദിയുടെ തീരത്ത് താജ്മഹൽ എന്ന തന്റെ പ്രിയപത്നിയുടെ ശവകുടീരം എന്നും ദർശിക്കാവുന്ന വിധത്തിലായിരുന്നു ഖാസ് മഹലിൽ ഷാജഹാൻ ചക്രവർത്തിയെ തടവിലിട്ടിരുന്നത് എന്ന് ചരിത്രം പറയുന്നു – നിരാശാകാമുകനായി അദ്ദേഹം താജ്മഹലിനെ ദർശിച്ചിരുന്ന ആ ഇരിപ്പിടം ഇന്നും ഒരു കറുത്ത ഇരിപ്പിടമായി അവിടെ നിലകൊള്ളുന്നു.

                                                                         ഖാസ് മഹൽ

                                            ഖാസ് മഹൽ - ഉൾവശം

                                                   കറുത്ത ഇരിപ്പിടം


                               വിദൂരതയിൽ യമുനാ നദിയുടെ തീരത്ത് താജ്മഹൽ
                                      (സൂക്ഷിച്ച് നോക്കുക-പുഴ തുടങ്ങുന്നിടത്ത്)

                               
                               വിദൂരതയിൽ യമുനാ നദിയുടെ തീരത്ത് താജ്മഹൽ
           (സൂം ചെയ്ത് എടുത്തപ്പോൾ ഷാജഹാൻ ചക്രവർത്തി കണ്ടതുപോലെ മങ്ങി !!)

രാജ്ഞിയുടെ (ഏത് രാജ്ഞിയുടെ എന്ന് എന്നോട് ചോദിക്കരുത്) സ്വകാര്യ കൊട്ടാരം , കോഹിനൂർ എന്ന അമൂല്യ രത്നം പതിച്ച സിംഹാസനം സൂക്ഷിച്ചിരുന്ന ദിവാനിഖാസ്, രാജസഭ കൂടിയിരുന്ന ദിവാനി ആം എന്നിവയാണ് ആഗ്ര ഫോർട്ടിനകത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ. ബാച്ചി സമയത്ത് ആദ്യമായി  ആഗ്ര ഫോർട്ട് കാണാൻ വന്നപ്പോൾ കയറിയിരുന്ന മോത്തിമസ്ജിദ് , ശീസ് മഹൽ എന്നിവ അറ്റകുറ്റപണികൾ കാരണം സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ നിലയിലായിരുന്നു.

                                                                   ദിവാനിഖാസ്

                                                         ദിവാനി ആം

മറ്റ് നിരവധി കെട്ടിടങ്ങളും ഫോർട്ടിനകത്ത് തല ഉയർത്തി നിന്നിരുന്നു.എന്റെ മൂന്നാം സന്ദർശനം ആയതിനാൽ എനിക്കതിൽ അത്ര താല്പര്യം തോന്നിയില്ല.പക്ഷേ നേരത്തെ ഫോർട്ടിനെപറ്റി മനസ്സിലാക്കാതെ പോയതിനാൽ പല സംഗതികളും അറിയാതെ പോയി എന്ന് പിന്നീട് തോന്നി. അതിനാൽ ആഗ്ര ഫോർട്ട് എന്നല്ല ഏത് പുരാതന പൈതൃകം സന്ദർശിക്കുമ്പോഴും അതിനെപറ്റി ചെറിയ ഒരു ധാരണ ഉണ്ടാക്കുന്നത് നല്ലതായിരിക്കും.ഗൈഡ് അവയെപ്പറ്റി വിശദീകരിക്കുമ്പോൾ നമുക്കവ പെട്ടെന്ന് പിടി കിട്ടാനും ഇത് സഹായിക്കും.



ഫോർട്ടിനകത്ത് ഏകദേശം 45 മിനുട്ടാണ് ഞങ്ങൾ ചെലവഴിച്ചത്. പുറത്തിറങ്ങി തൊട്ടടുത്ത ഒരു ഗവ. അംഗീകൃത ഷോപ്പിംഗ് സെന്ററിൽ ഞങ്ങൾ കയറി.മാർബിളിൽ വിവിധ തരം കൊത്തുപണികൾ നടത്തുന്നതും ഭംഗിയുള്ള ശില്പങ്ങൾ ഉണ്ടാക്കുന്നതും അവിടെ കണ്ടു. ഭംഗിക്കും ക്വാളിറ്റിക്കും ആനുപാതികമായുള്ള വിലയായതിനാൽ ആർക്കും അവിടെ അധികം സമയം വേസ്റ്റാക്കേണ്ടി വന്നില്ല.



 പുറത്തിറങ്ങിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നു.അതെല്ലാം പാക്കേജിന്റെ ഭാഗമായിരുന്നതിനാൽ തെളിക്കപ്പെടുന്ന ആട്ടിൻ‌കൂട്ടത്തിലെ അംഗത്തെപ്പോലെ ഞങ്ങൾക്കായി ഒരുക്കിയ ഹോട്ടലിലെത്തി.പണിക്കേഴ്സ് ട്രാവത്സ് വഴി വരുന്ന ടൂറിസ്റ്റുകൾക്ക് പ്രത്യേകം മെസ് ആയിരുന്നു ഒരുക്കിയിരുന്നത് – താലി മീത്സ് (ഞാൻ ആദ്യമായിട്ടായിരുന്നു ആ പേര് കേൾക്കുന്നത്). പച്ചരി ചോറും ചപ്പാത്തിയും കുറേ കൂട്ടാനുകളും വലിയൊരു പപ്പടവും അടങ്ങുന്ന ഒരു ഉച്ചഭക്ഷണം. വീണ്ടും വേണമെങ്കിൽ അഡീഷണൽ പെയ്മെന്റ് നടത്തണം എന്ന് മാത്രം. ആദ്യത്തേത് മുഴുമിക്കാൻ തന്നെ കഷ്ടപ്പെടുന്നതിനാൽ അധികമാരും രണ്ടാം തവണ വാങ്ങില്ല.



താലി മീത്സും കഴിഞ്ഞ്  ആഗ്രയുടെ പ്രധാന ആകർഷണമായ താജ്മഹലിലേക്ക് ഞങ്ങൾ നീങ്ങി.



(തുടരും...)

3 comments:

Areekkodan | അരീക്കോടന്‍ said...

“അത് റെഡ് ഫോർട്ട് എന്ന റെഡ് ഫോർട്ട്...ഇത് ഒറിജിനൽ ചുവന്ന റെഡ് ഫോർട്ട് !!“

‘യാ കുദാ...ചെങ്കോട്ടയും ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടെന്ന് ഇവനെ ആര് പഠിപ്പിച്ചാവോ’ ആത്മഗതത്തോടെ അവനെ തിരുത്തൽ ഞാൻ നിർത്തി.

Sudheer Das said...

"ആദ്യത്തേത് മുഴുമിക്കാൻ തന്നെ കഷ്ടപ്പെടുന്നതിനാൽ അധികമാരും രണ്ടാം തവണ വാങ്ങില്ല." അത് കലക്കി. ഞാനും കഴിച്ചിട്ടുണ്ടേ...

ajith said...

താലി മീല്‍സ് കഴിച്ചതുപോലെയായി

Post a Comment

നന്ദി....വീണ്ടും വരിക