Pages

Wednesday, December 30, 2015

അന്ന് .....ഇന്ന്......നാളെ.

അങ്ങനെ 2015ഉം വിടപറയാന്‍ ഒരുങ്ങുന്നു.ജീവിതത്തിന്റെ ഒരു വര്‍ഷം കൂടി യവനികക്കുള്ളിലേക്ക് നീങ്ങുമ്പോള്‍ ചില കാഴ്ചകളും മോഹങ്ങളും മനസ്സില്‍ മായാതെ തന്നെ നില്‍ക്കുന്നു.

അഞ്ചാറ് ദിവസം മുമ്പ് എന്റെ ക്യാമറയില്‍ പതിഞ്ഞ ഒരു ഫോട്ടോയാണ് താഴെ.


ഓര്‍മ്മകളെ വര്‍ഷങ്ങള്‍ പിന്നോട്ട് വലിക്കുന്ന ഒരു ചെമ്മണ്‍പാത.

അന്ന് .....ആ പാതയിലൂടെയായിരുന്നു ഞാനും എന്റെ കൂടെപ്പിറപ്പുകളും പിന്നെ ഞങ്ങളുടെ കോളനിയിലെത്തന്നെ എന്റെ സമപ്രായക്കാരും സ്കൂളിലേക്ക് നടന്നുപോയിരുന്നത്.കഷണ്ടി കയറിയ തലയില്‍ വെയില്‍ മുഴുവന്‍ ഏറ്റുവാങ്ങി , തോളില്‍ ഒരു തോര്‍ത്തുമുണ്ടുമിട്ട് ഈ വഴിയിലൂടെത്തന്നെ മമദ്ക്കായുടെ കാളവണ്ടിയും പോകാറുണ്ടായിരുന്നു.പിന്നെ എവിടെ നിന്നോ പുറപ്പെട്ട് മുക്കിയും മുരണ്ടും ഞങ്ങളുടെ സ്കൂളിന്റെ മുറ്റത്ത്, ഉപ്പ്മാവിനുള്ള ഗോതമ്പുമായെത്തുന്ന ഒരു ഫാര്‍ഗോ ലോറിയും ഈ പാതയിലെ പൊടി പറത്താറുണ്ടായിരുന്നു.ഗോതമ്പ് വരുന്നത് അമേരിക്കയില്‍ നിന്നായതിനാല്‍ ഈ ഫാര്‍ഗോ ലോറിയും അമേരിക്കയില്‍ നിന്നാണ് പുറപ്പെടുന്നത് എന്നായിരുന്നു കുട്ടികളായ ഞങ്ങളുടെ കോമണ്‍സെന്‍സ്.

ഇന്ന്......പുല്‍തൈലത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ നിറക്കുന്ന കാട്ടു പുല്ലുകള്‍  അതിരിടുന്ന ഈ ചെമ്മണ്‍ പാതയിലൂടെയായിരുന്നു മഞ്ഞുകണങ്ങളുടെ മൃദുസ്പര്‍ശനം ഏറ്റുവാങ്ങി രാത്രി 11 മണിക്ക് ഞാന്‍ എന്റെ റൂമില്‍ എത്തിയിരുന്നത്.സൂര്യന്‍ ഉണരുന്നതിന് മുമ്പ് ഈ പാതയിലൂടെ തന്നെ തിരിച്ച് നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ ആഗ്രഹിച്ചു - എന്റെ കൈ പിടിച്ച് , എന്റെ ഹൃദയത്തോട് ചേര്‍ന്ന്, ആ ഹിമ കണങ്ങളോട് കിന്നാരം പറഞ്ഞ് ,ദൂരെ ആ മഞ്ഞിലേക്ക് അലിഞ്ഞ് ചേരാന്‍ എന്റെ പ്രിയതമയും മക്കളും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍.

നാളെ......ഈ ചെമ്മണ്‍പാതയുടെ നിറം മാറും.കാലവും കാലനും തെറ്റിയതിനാല്‍ ഈ മഞ്ഞുതുള്ളികളും പിടഞ്ഞ് മരിക്കും.കാട്ടുപുല്ലുകള്‍ ബുള്‍ഡോസറുകള്‍ക്കടിയില്‍ ഞെരിഞ്ഞമരും.ഈ ദു:ഖം അനുഭവിച്ച് ഞാനും എന്റെ പ്രിയതമയും  മണ്ണിനടിയില്‍ നിന്നും ഒരു ദീര്‍ഘശ്വാസം വിടും.കാരണം ഞങ്ങളുടെ മക്കളടക്കമുള്ള നിരവധി മനുഷ്യരും ജന്തുക്കളും നിസ്സഹായരായി ഇതെല്ലാം നോക്കി നില്‍ക്കും.


6 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ കൈ പിടിച്ച് , എന്റെ ഹൃദയത്തോട് ചേര്‍ന്ന്, ആ ഹിമ കണങ്ങളോട് കിന്നാരം പറഞ്ഞ് ,ദൂരെ ആ മഞ്ഞിലേക്ക് അലിഞ്ഞ് ചേരാന്‍ എന്റെ പ്രിയതമയും മക്കളും കൂടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍.

© Mubi said...

മാഷേ... പുതുവത്സരാശംസകള്‍

Cv Thankappan said...

നന്മനിറഞ്ഞ നവവത്സരാശംസകള്‍ മാഷെ

Bipin said...

കാലത്തിന് മാറണ്ടേ മാഷേ?

നല്ലൊരു വർഷം ആശസിക്കുന്നു.

ajith said...

അതേ, കാലത്തിനു മാറേണ്ടേ!!

Muralee Mukundan , ബിലാത്തിപട്ടണം said...

നൊസ്റ്റാൾജിക്...!

Post a Comment

നന്ദി....വീണ്ടും വരിക