കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം ബി.എഡ് സെന്ററിൽ 1994 ൽ ചേർന്ന ശേഷമാണ് ടൗണിന്റെ ഹൃദയഭാഗത്തുള്ള കോട്ടക്കുന്ന് എന്ന സ്ഥലത്തെപ്പറ്റി ഞാൻ കേൾക്കുന്നത്. കൂടെ പഠിച്ചിരുന്ന മിക്കവരും അവിടെ പോയി അതിന്റെ ഭംഗി ആസ്വദിച്ച കഥകൾ കേൾക്കുമ്പോൾ എനിക്കും കോട്ടക്കുന്ന് ഒന്ന് കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ, കാട് മൂടിയ പ്രസ്തുത കേന്ദ്രം അത്ര നല്ല ഒരു സ്ഥലമല്ല എന്ന റിപ്പോർട്ട് കാരണം ഞാൻ ആ ആഗ്രഹം കുഴിച്ച് മൂടി. എന്നാൽ സ്ത്രീകൾ അടക്കമുള്ള പല സഹപാഠികളും അവിടെ പോയിരുന്നു എന്ന റിപ്പോർട്ട് കിട്ടിയതോടെ ഞാനും ഒരു ദിവസം സുഹൃത്തുക്കൾക്കൊപ്പം കോട്ടക്കുന്നിന്റെ ഉച്ചിയിലേക്ക് കയറി. പുല്ലും പാറയും നിറഞ്ഞ പ്രദേശം, സായാഹ്നത്തിൽ കാറ്റു കൊണ്ടിരിക്കാൻ ഉത്തമം എന്നല്ലാതെ എനിക്ക് മറ്റൊന്നും തോന്നിയില്ല. കാരണം എന്റെ നാട്ടിലെ എം.എസ്.പി ക്യാമ്പ് പരിസരവും ഇതേ പോലെയുള്ള ഒരു സ്ഥലമായിരുന്നു.
കാലമേറെ കടന്നു പോയി. പിന്നീടെപ്പോഴോ മലപ്പുറം ജില്ലയിൽ കാണേണ്ട സ്ഥലങ്ങളുടെ പട്ടിക പരതിയപ്പോൾ അതിനകത്ത് കോട്ടക്കുന്ന് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. പക്ഷെ കുന്ന് അതേപടി നിലനിർത്തിക്കൊണ്ട് , ടൂറിസം വകുപ്പ് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങൾ കോട്ടക്കുന്നിന്റെ മുഖശ്രീ മുഴുവനായും മാറ്റിയിരുന്നു. അങ്ങനെ കുടുംബത്തിലെ അംഗ സംഖ്യ കൂടുന്നതിനനുസരിച്ച് പല തവണ ഞാൻ കുടുംബ സമേതം കോട്ടക്കുന്ന് കയറിയിറങ്ങി. ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ് കോട്ടക്കുന്നിലേക്ക് എന്ന് പറഞ്ഞാൽ അധികമാവില്ല. മലപ്പുറത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കേന്ദ്രം അറിയാത്ത മലപ്പുറത്തുകാർ ഇനിയും ഉണ്ട് എന്നതും സത്യമാണ്.
അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവർക്കും 10 രൂപ ടിക്കറ്റെടുത്ത് കോട്ടക്കുന്നിലേക്ക് പ്രവേശിക്കാം.സൗകര്യപ്രദമായ പാർക്കിംഗ് ലഭിക്കാനും (വണ്ടി എവിടെ നിർത്തിയാലും പാർക്കിംഗ് ഫീ 20 രൂപ നൽകണം !) അത്യാവശ്യം സമയമെടുത്ത് ആസ്വദിക്കാനും നാല് മണിയോടെ കോട്ടക്കുന്നിൽ എത്തുന്നതാണ് അഭികാമ്യം. കുന്നിന്റെ താഴെ നിന്ന് സ്റ്റെപ്പുകൾ കയറി മുകളിലേക്ക് എത്താം. പ്രായമായവർക്ക് കുന്നിൻ മുകളിൽ വരെ വാഹനത്തിൽ പോയി വണ്ടി അവിടെയും പാർക്ക് ചെയ്യാം. കോട്ടക്കുന്നിന്റെ മുഖമുദ്രയായ സ്റ്റെപ്പുകൾ കയറി മുകളിലെത്തുന്നതിന്റെ രസം ആസ്വദിച്ചറിയേണ്ടത് തന്നെയാണ്.
സ്റ്റെപ്പുകൾ കയറി പോകുമ്പോൾ വലതുഭാഗത്ത് ഒരു ഫൈബർ നിർമ്മിത അസ്ഥിപഞ്ജരം കാണാം. മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി നടത്തിയിരുന്ന കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്ക് എന്ന വാട്ടർ തീം പാർക്കായിരുന്നു അത്.സാങ്കേതിക കാരണങ്ങളാൽ വാട്ടർ തീം പാർക്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വലതുഭാഗത്ത് തന്നെ ലളിതകലാ അക്കാദമിയുടെ ആർട്ട് ഗ്യാലറി ഉണ്ട്. പ്രവേശനം സൗജന്യമായിട്ടും അധികമാരും അതിനകത്ത് കയറാറില്ല.സമീപത്ത് തന്നെ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം കൂടിയുണ്ട് . മലപ്പുറം ഡി. ടി. പി. സിയുടെ ആഭിമുഖ്യത്തിൽ ഒരു വാട്ടർ ഡാൻസ് കം ലേസർ ഷോ എല്ലാ ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും ഉണ്ടാവാറുണ്ട്.ഇതിനും പ്രത്യേകം ഫീ ഇല്ല. മൈസൂർ വൃന്ദാവനത്തിലെ വാട്ടർ ഡാൻസ് ഷോയെക്കാളും മികച്ചതായിട്ടാണ് എന്റെ അനുഭവം.
വെയിൽ താഴുന്നതോടെ വിവിധ വിനോദങ്ങൾ ആസ്വദിക്കാം. 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ തരം വിനോദോപാധികളും റൈഡുകളുമുണ്ട്. സ്ട്രൈക്കിങ് കാറും , ടോയ് ട്രെയിനും,ടോറ ടോറയും അടക്കമുള്ള ട്രഡീഷണൽ റൈഡുകൾക്കൊപ്പം തന്നെ സൈക്ലിംഗ് പാർക്ക് , സാഹസിക പാർക്ക് , 16 D സിനിമാപ്രദർശനം എന്നിവ പോലെയുള്ള പുത്തൻ വിനോദങ്ങളും ഉണ്ട്.പക്ഷെ ഓരോന്നിനും പ്രത്യേകം പ്രത്യേകം ടിക്കറ്റ് എടുക്കണം.
മലപ്പുറത്തിന്റെ മറൈൻ ഡ്രൈവ് എന്നാണ് കോട്ടക്കുന്നിനെ പറയുന്നത്. കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പായിരുന്നു മുമ്പ്. പുൽപ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന ഒരു പൊട്ടക്കിണറും അതിനകത്ത് വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരവുമുണ്ടായിരുന്നു. ഖിലാഫത്തു നേതാക്കളുടെ വിചാരണ സ്ഥലം ആണ് ഇതെന്ന് കരുതുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ് സാമ്രാജ്യം വധിച്ചത് ഇവിടെയാണ് എന്ന് പറയപ്പെടുന്നു. കിണറും പടുമരവും ഇപ്പോൾ നിലവിലില്ല. സാമൂതിരി രാജാവിന്റെ കോട്ട നിന്നിരുന്ന സ്ഥലമാണ് പിന്നീട് കോട്ടക്കുന്നായത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഈ പ്രദേശം പട്ടാളത്തിൻെറ കൈവശമായി. മലപ്പുറം നഗരത്തിലുണ്ടായിരുന്ന പട്ടാള ക്യാമ്പിലെ പട്ടാളക്കാർക്ക് വെടിവെപ്പ് പരിശീലനത്തിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് ഈ കുന്നിൻ ചെരിവിൽ ആയിരുന്നു എന്നും പറയപ്പെടുന്നു.
5 comments:
കോട്ടക്കുന്നിലെ വാട്ടർ ഡാൻസ് കം ലേസർ ഷോ, മൈസൂർ വൃന്ദാവനത്തിലെ വാട്ടർ ഡാൻസ് ഷോയെക്കാളും മികച്ചതായിട്ടാണ് എന്റെ അനുഭവം.
ഒരിക്കൽ നാട്ടിൽ പോയപ്പോൾ ഞാനും ആ കുന്ന് കയറിയിരുന്നു മാഷേ... എനിക്കിഷ്ടായി :) ആകാശത്തിലൂടെ ആ സൈക്കിൾ സവാരിയിൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തിരുന്നു.
മുബീ... ആഹാ , കോട്ടക്കുന്നിൽ പോയിരുന്നു അല്ലെ? സൈക്കിൾ സവാരി അടുത്ത പോസ്റ്റിൽ
കൊള്ളാം
മുരളിയേട്ടാ .... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക