സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന ഒരു പദം കൊറോണയുടെ വരവോട് കൂടിയാണ് പലർക്കും പരിചിതമായത്. ഇന്നത്തെ കാലത്ത് അടുത്തടുത്ത് ഇരിക്കുന്നവർ പോലും ഒരു വൻമതിലിനപ്പുറവും ഇപ്പുറവും ഇരിക്കുന്ന പോലെ സ്വന്തം മെബൈലിന്റെ സ്ക്രീനിൽ കുരുങ്ങിക്കിടക്കുകയാണ്. അമ്പത് വയസ്സ് കഴിഞ്ഞവർ സോഷ്യൽ സർക്കിൾ വ്യാപിപ്പിക്കണം എന്നാണ് മന:ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ തന്നെ പഴയ സുഹൃത്തുക്കളുമായുള്ള ബന്ധവും ചങ്ങാത്തവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിൽ ഞാൻ പരമാവധി ശ്രദ്ധ പുലർത്തുന്നു.
പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച അഷ്റഫ് ഗൾഫിൽ നിന്നും ഒരു ഷോർട്ട് ലീവിന് നാട്ടിൽ വന്നപ്പോൾ ഒരു യാത്ര പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാവിലെ ഇറങ്ങി രാത്രി തിരിച്ചെത്തുന്ന ഒരു യാത്രക്ക് മാത്രമേ സമയമുള്ളൂ എന്നതിനാൽ മുത്തങ്ങ - ബന്ദിപൂർ - മുതുമല വഴി ഒരു കറക്കം ആവാം എന്ന് തീരുമാനിച്ചു. അഞ്ച് വർഷം മുമ്പ് കുടുംബ സമേതം ഈ റൂട്ടിൽ യാത്ര ചെയ്തതിനാൽ മൃഗങ്ങളെ കാണും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.
പ്രതീക്ഷകൾക്ക് വിപരീതമായി, മൂലനഹള്ളി ചെക്ക് പോസ്റ്റ് കഴിഞ്ഞ് നാലോ അഞ്ചോ മാനുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. അവയാകട്ടെ ക്യാമറയിൽ പകർത്താൻ പറ്റിയതുമില്ല. ഗുണ്ടൽപേട്ടിൽ മല്ലികത്തോട്ടങ്ങളും ബന്ദിപ്പൂരിൽ മൃഗങ്ങളും കാണും എന്ന പ്രതീക്ഷയിൽ ഞങ്ങൾ തൽക്കാലം തൃപ്തിയടഞ്ഞു.
വനാതിർത്തി കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. സാധാരണയായി റോഡിന്റെ ഇരുഭാഗത്തും പൂക്കൾ വിരിഞ്ഞു നിൽക്കുന്നതോ പച്ചക്കറികൾ നിറഞ്ഞു നിൽക്കുന്നതോ ആണ് കാണാറ്. പക്ഷെ, ഒഴിഞ്ഞ പാടങ്ങളാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ചെറിയൊരു സൂര്യകാന്തിത്തോട്ടം ഞങ്ങളെപ്പോലെയുള്ളവരെ പ്രതീക്ഷിച്ച് ഉണ്ടാക്കിയത് കണ്ടു. അതിലും വലുത് കാണും എന്ന് പറഞ്ഞു കൊണ്ട് വീണ്ടും മുന്നോട്ട് പോയി. അത്യാവശ്യം പൂക്കളുള്ള ഒരു സ്ഥലത്ത് ഞങ്ങൾ നിർത്തി. ഏഴ് പേർക്ക് അമ്പത് രൂപ പൂന്തോട്ടക്കാരി ചോദിച്ചു. കാശ് നൽകി അകത്ത് കയറി ഞങ്ങൾ ഫോട്ടോയും വീഡിയോയും പകർത്തി.
വണ്ടി ഓടിച്ചിരുന്ന ശുക്കൂറിനോട് വീഡിയോ പിടിക്കാൻ സൗകര്യത്തിലുള്ള സ്പീഡിൽ വിടാൻ ഗോവിന്ദൻ നിർദ്ദേശം നൽകി. പട്ടാളത്തിൽ നിന്ന് വിരമിച്ചവനാണെങ്കിലും ആനക്ക് അതറിയില്ല എന്ന് ശുക്കൂറിനറിയാം. എതിരെ വരുന്ന വാഹനങ്ങൾ പതുക്കെ പതുക്കെ വരുന്നത് നോക്കി ശുക്കൂർ വേഗത കുറച്ചു. എല്ലാവരും ക്യാമറ റെഡിയാക്കി പിടിച്ചു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ കാല് പെട്ടെന്ന് ആക്സിലേറ്ററിൽ അമർന്നു. ഒരാൾക്കും ആനയെ ക്യാമറയിൽ കിട്ടിയില്ല.
"ഈ ചങ്ങായി പട്ടാളത്തിലായിരുന്നു ന്ന് ബഡായി വിട്ടതാ.. " ബഷീർ പറഞ്ഞു.
"അത്... തന്നെ... ആനക്കൂട്ടമായി നിക്കുമ്പോ നീ എന്തിനാ ഇത്ര ധൃതി കൂട്ടുന്നത് ?" മുജീബ് പിന്താങ്ങി.
"വണ്ടി തിരിച്ച് വിട് ശുക്കൂറെ ..." ജാഫറും അഭിപ്രായപ്പെട്ടു.
"ആ.... എനിക്കും ആനയെ അടുത്ത് നിന്ന് ഒരു സെൽഫി എടുക്കണം..." അഷ്റഫ് പറഞ്ഞു.
"സെൽഫി ആഗ്രഹം വിട് ... നമുക്ക് ഒന്ന് കൂടി പോയി നോക്കാം..." കൂട്ടത്തിൽ മൂത്തവനായ ഗോവിന്ദൻ നിർദ്ദേശിച്ചു.
"എങ്കിൽ വണ്ടി തിരിക്ക്..." ഗ്രൂപ്പ് ചെയർമാനായ ഞാനും പിന്താങ്ങി. കിട്ടിയ ഒരു ഗ്യാപ്പിൽ വച്ച് ശുക്കൂർ വണ്ടി തിരിച്ചു് വന്ന വഴിയേ വീണ്ടും വിട്ടു. ആനകൾ റോഡരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ സ്വഭാവം പഴയത് തന്നെയായി. ശരിക്കും പോകണ്ടത് മുതുമല സൈഡിലേക്കായതിനാൽ തിരിക്കാനുള്ള ഗ്യാപ്പ് കിട്ടിയപ്പോൾ വീണ്ടും തിരിച്ച് വിട്ടു.ആനകൾ അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു.
" നീ പതുക്കെ വിട്ടാൽ മതി... ബാക്കി ഞങ്ങളേറ്റു. ആന അടുത്തേക്ക് വരുന്നുണ്ട്... ശുക്കൂറേ ശ്രദ്ധിച്ചോ..." ഗോവിന്ദന്റെ നിർദ്ദേശം കേട്ടതും ശുക്കൂർ വീണ്ടും ആക്സിലേറ്ററിൽ കാലമർത്തി. ആനകൾ റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ എല്ലാവർക്കും കിട്ടിയെങ്കിലും തൃപ്തികരമായില്ല.
ഇതുവരെ കണ്ട കാഴ്ചകൾ തന്നെ കാണുന്ന ബന്ദിപ്പൂരിലെ ജംഗിൾ സഫാരി പോയിന്റിൽ എത്തി റേറ്റ് ചോദിച്ചപ്പോൾ ഒരാൾക്ക് 850 രൂപ പറഞ്ഞു.
"വിട്ടോടാ വണ്ടി മുതുമലയിലേക്ക് " എന്ന നിർദ്ദേശം ശുക്കൂർ കൃത്യമായി അനുസരിച്ചു.
മുതുമലയിൽ ജംഗിൾ സഫാരിക്ക് 340 രൂപയായിരുന്നു നിരക്ക്. ആർക്കും പോകാൻ താൽപര്യമില്ലാത്തതിനാൽ ഞങ്ങൾ നേരെ മസിനഗുഡിയിലേക്ക് തിരിഞ്ഞു. വീണ്ടും മയിലും മാനും ആനയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.
മസിനഗുഡിയിൽ നിന്നും നമസ്കാരം നിർവ്വഹിച്ച ശേഷം, മായാറിലേക്ക് വിടാം എന്ന് ഞാൻ നിർദ്ദേശിച്ചു. മുമ്പൊരു വേനൽക്കാലത്ത് മായാറിൽ പോയ ഞാൻ, ഇത്തവണ റോഡിനിരുവശവും പച്ചപിടിച്ച് നിൽക്കുന്നതാണ് കണ്ടത്. മാത്രമല്ല, ലംഗൂർ കുരങ്ങുകളും കലമാനുകളും അടക്കമുള്ള മൃഗങ്ങളെയും കണ്ടു. പക്ഷെ, മെയ് ഫ്ലവർ വിരിഞ്ഞ് നിൽക്കുന്ന മായാറിന്റെ സൗന്ദര്യം ഇത്തവണ കണ്ടില്ല.
തിരിച്ച് വരുന്ന വഴിക്ക് കാട്ടിനകത്ത് നിന്നും ഒരു കാട്ടുപോത്ത് ഇറങ്ങി വരുന്നത് ആരുടെയോ ശ്രദ്ധയിൽപ്പെട്ടു. അൽപ നേരം കാത്തിരുന്നപ്പോൾ അത് റോഡിലേക്കിറങ്ങി വന്നു് കൃത്യമായി ക്യാമറക്ക് പോസ് ചെയ്തു നിന്നു.
1 comments:
യാത്രകൾ തുടരുന്നു.
Post a Comment
നന്ദി....വീണ്ടും വരിക