ചതിയും വഞ്ചനയും നല്ല ഗുണങ്ങളല്ല. മറ്റൊരാളെ പറ്റിക്കലും നല്ലതല്ല. പക്ഷേ സാഹചര്യങ്ങൾ മനുഷ്യനെ ചതിക്കും എന്ന് പലപ്പോഴും എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചിട്ടുണ്ട്. അത്തരം ഒരു അനുഭവമാണ് ഇവിടെ ഞാൻ പങ്കു വയ്ക്കുന്നത്.
മൂർക്കനാട്ടുള്ള സ്കൂളിൽ എത്താൻ എൻ്റെ നാടായ ഒതായിയിൽ നിന്ന് ദിവസവും ഒമ്പത് കിലോമീറ്റർ നടക്കണമായിരുന്നു.പല ദിവസങ്ങളിലും ഇത് ഒരു മടുപ്പൻ പരിപാടി തന്നെയായിരുന്നു. അങ്ങനെ മടുത്ത ഒരു ദിവസം ഞാൻ , എൻ്റെ സ്ഥിരം സംഘത്തിൽ ചേരാതെ നേരെ പാലപ്പറ്റയിലേക്ക് നടന്നു. അവിടെ നിന്ന് അരീക്കോട്ടേക്ക് ബസ്സും പിന്നെ തോണിയും കയറിയാൽ വെറും രണ്ട് കിലോമീറ്റർ മാത്രം നടന്ന് സ്കൂളിൽ എത്താം.
അങ്ങനെ, പാലപ്പറ്റ നിന്നും ബസ് കയറി ഞാൻ അരീക്കോട്ടെത്തി. പതിവിലും നേരത്തെ എത്തിയതിനാൽ തോണി കടക്കുന്നതിന് മുമ്പ് ഒരു ചായ കുടിക്കാം എന്ന് ഞാൻ കരുതിയതിൽ തെറ്റൊന്നുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
അന്നും ഇന്നും അരീക്കോട്ടെ പ്രശസ്തമായ ഹോട്ടൽ, ജോളി ഹോട്ടൽ ആയിരുന്നു. റോഡിലൂടെ പോകുന്നവരെ നോക്കി ചില്ലുകൂട്ടിൽ കിടന്ന് ചിരിക്കുന്ന പൊറോട്ടയെ കണ്ടാൽ തന്നെ വായിൽ കപ്പലോടുന്ന കാലമായിരുന്നു അത്. സ്കൂളിനടുത്തുള്ള ഹോട്ടലുകാരായ നായർ കാക്കയുടെയും മാവൂരാക്കയുടെയും കുഞ്ഞുണ്ണിയുടെയും പൊറോട്ട മാത്രം തിന്ന് ശീലമുള്ള ഞാൻ, അന്ന് ജോളിയിലെ പൊറോട്ടയുടെ രുചിയറിയാൻ തീരുമാനിച്ചു. രണ്ട് പൊറോട്ടക്ക് ഏകദേശം അമ്പത് പൈസ ആകും എന്ന് ഞാൻ കണക്ക് കൂട്ടി. മൂർക്കനാട്ട് കിട്ടുന്ന പോലെ ഫ്രീ പെയിന്റ് കറി വലിയ ഹോട്ടലുകളിൽ കിട്ടില്ല. അതിനാൽ ഒരു ചെറുപയർ കറിയും ഞാൻ ഓർഡർ ചെയ്തു.
എൻ്റെ മുന്നിൽ കൊണ്ടുവച്ച പൊറോട്ടയും ചെറുപയർ കറിയും ഞൊടിയിടയിൽ തന്നെ അതിൻ്റെ ലക്ഷ്യസ്ഥാനത്തെത്തി. അപ്പോഴാണ് കറിയുടെ വില ഒരു ഏമ്പക്കമായി മനസ്സിലേക്ക് തള്ളിക്കയറിയത്.എൻ്റെ പോക്കറ്റിലാകട്ടെ, ആകെയുണ്ടായിരുന്നത് രണ്ട് പൊറോട്ടക്കുള്ള അമ്പത് പൈസയും തിരിച്ചു പാലപറ്റയിലേക്കുള്ള ബസ്ചാർജ്ജ് ഇരുപത് പൈസയും അടക്കം എഴുപത് പൈസ മാത്രവും.
ഭക്ഷണ ശേഷം ഞാൻ കൈ കഴുകി, എല്ലാവരും ചെയ്യുന്ന പോലെ ടോയ്ലെറ്റിലും ഒന്ന് പോയി.തിരിച്ചെത്തിയപ്പോൾ സപ്ലയർ എനിക്ക് ബില്ല് തന്നു .മൊത്തം രണ്ട് രൂപ അമ്പത് പൈസ!! ബില്ല് കിട്ടിയപ്പോൾ എന്താണെന്നറിയില്ല, ഒരിക്കൽ കൂടി ടോയ്ലെറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി വന്നു. ഞാൻ വീണ്ടും ടോയ്ലെറ്റിലേക്ക് ഓടി അതിന് മുമ്പിൽ പതുങ്ങിയും പരുങ്ങിയും നിന്ന് പരിസര നിരീക്ഷണം നടത്തി.
എനിക്ക് ബിൽ തന്ന സപ്ലയറുടെ ചലനങ്ങളായിരുന്നു ഞാൻ പ്രധാനമായും നിരീക്ഷിച്ചത്. പത്താം ക്ലാസിൽ പഠിച്ച ന്യൂട്ടൻ്റെ ഒരു ചലന നിയമങ്ങളും അയാൾ പാലിക്കുന്നില്ല എന്നതിനാൽ പുള്ളി പത്താം ക്ലാസ് വരെ എത്തിയിട്ടില്ല എന്ന് എൻ്റെ നിരീക്ഷണത്തിൽ നിന്നും എനിക്ക് മനസ്സിലായി. അതിനാൽ എസ്കേപ്പ് വെലോസിറ്റിയിൽ വച്ചു പിടിച്ചാൽ രക്ഷപ്പെടാം എന്നും ഞാൻ കണക്ക് കൂട്ടി. സപ്ലയർ മറ്റു കസ്റ്റമർമാരെ സെർവ് ചെയ്യുന്ന തിരക്കിലായി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ ഒറ്റ മിന്നൽ. കാഷ്യറുടെ കണ്ണും വെട്ടിച്ച് ഞാൻ പുറത്തിറങ്ങി ! പൊറോട്ട വയറ്റിലും കാശ് പോക്കറ്റിലും !!
അന്നത്തെ സാഹചര്യമാണ് എന്നെ ഈ കുറ്റം ചെയ്യിപ്പിച്ചത്. ഈ വിഷമം കുറെ കാലം എൻ്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പക്ഷെ, ആ കാശ് കൊടുക്കാനായി പിന്നീട് അവിടെ പോകാൻ എൻ്റെ പോക്കറ്റും ധൈര്യവും എന്നെ അനുവദിച്ചില്ല.കാലം പറന്നു,ഞാൻ എസ്.എസ്.സി.പരീക്ഷ എഴുതി. പത്താം ക്ലാസിൽ 210 ൽ താഴെ മാർക്ക് നേടിയവരെ ഗൾഫിലേക്ക് നാട് കടത്തുന്ന ഒരു കിരാത നിയമം അന്ന് പ്രാബല്യത്തിൽ ഉണ്ടായിരുന്നു. അങ്ങനെ ഞാനും അറേബ്യൻ മണലാരണ്യത്തിൽ എത്തി. പതുക്കെ പതുക്കെ എന്റെ കീശ വീർക്കാൻ തുടങ്ങി.
പഴയ കുറ്റബോധം അപ്പോഴും നിലനിന്നിരുന്നതിനാൽ, ഗൾഫിൽ നിന്നും തിരിച്ചു വന്നതിനു ശേഷം ഞാൻ ആദ്യം പോയത് ജോളി ഹോട്ടലിലേക്കാണ്. അപ്പോഴേക്കും ജോളി ഹോട്ടലിന്റെ കാരണവർ ആയ അന്നത്തെ കാഷ്യർ മരണപ്പെട്ടിരുന്നു. കാഷ്യറായി ഇരുന്ന അയാളുടെ മകന്റെ അടുത്ത് പഴയ രണ്ട് പൊറോട്ടയുടെയും ചെറുപയർ കറിയുടെയും കഥ പറഞ്ഞ് കാശ് കൊടുത്തപ്പോൾ അയാളത് ചിരിച്ചു കൊണ്ട് സ്വീകരിക്കുകയും രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയും കൊണ്ട് എന്നെ സൽക്കരിക്കുകയും ചെയ്തു. അതോടെ എന്റെ മനസ്സ് ശാന്തമായി.
മുന്നറിയിപ്പ്: ഇക്കാലത്ത് ഈ വിദ്യ പരീക്ഷിച്ച് CCTV യിൽ കുടുങ്ങിയാൽ പൊറോട്ടയ്ക്ക് കിട്ടുന്ന പോലെ തല്ല് കിട്ടും.
1 comments:
സുഹൃത്ത് അഷ്റഫ് തേവശ്ശേരിയുടെ അനുഭവ കഥ.
Post a Comment
നന്ദി....വീണ്ടും വരിക