Thursday, October 12, 2006
സൈനബക്കുള്ള നെല്ലിക്കകള്‍.
"ജ്ജ് യൗടെ കുത്തിര്ക്കാട ബലാലെ.....ഈ ചായന്റെ ബള്ളം ബേം ബല്‍ച്ച് കുടിച്ച് മണ്ടിക്കോ....നേരംത്ര ആയീന്നറ്യോ അന്ക്ക്...." ഉമ്മയുടെ വിളി കേട്ട് അബു ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
"ഇമ്മാ....പ്പം ബരാം...."
"ബലാലെ...ഇന്നന്ക്ക് ഓത്തള്ളീല് പോണ്ടേ ....അര്മാന് മോല്യാര് അന്നേം കാത്ത് ന്ക്ക്ണ്ണ്ടാകും...ബേം ബന്നാ...."
അബു അപ്പോഴും ചിന്തയിലായിരുന്നു. 'ഉമ്മ കഴിഞ്ഞ ആഴ്ച തയ്യാറാക്കിയ ഉപ്പിലിട്ട നെല്ലിക്കയില്‍ നിന്ന് നാലെണ്ണം എടുത്ത് ഓത്തുപള്ളിയില്‍ കൊണ്ടുപോകണം...അതില്‍ രണ്ടെണ്ണം സൈനബാക്ക് കൊടുക്കണം.ഒന്ന് എനിക്കും.പിന്നെ ഒന്ന് സൈനബാന്റെ ക്ലാസ്സിലെ കോമുവിനും.കഴിഞ്ഞ ആഴ്ച സൈനബക്കായി കൊണ്ടുപോയ മുഴുത്തൊരു വെള്ളത്തണ്ട് ആ കള്ളക്കോമു പറ്റിച്ചു.ഇപ്രാവശ്യം അവന് ഒന്ന് പറ്റിച്ചാലും ബാക്കി രണ്ടെണ്ണം സൈനബാക്ക് കൊടുക്കാം...പക്ഷെ ഉമ്മയെ കാണാതെ നെല്ലിക്ക എങ്ങനെ എടുക്കും?'
"ഒന്ന്ങ്ങട്ട് ബാടാ ഹിമാറേ.." ഉമ്മ വീണ്ടും അബുവിനെ വിളിക്കാന്‍ തുടങ്ങി.
"ഇമ്മാ....ഞമ്മളെ നിസ്കാരപ്പായീല്...."
"നിസ്കാരപ്പായീല് ജ്ജ് മുള്ള്യോ?"
"അല്ലമ്മാ....നിസ്കാരപ്പായീല്...."
നമസ്കാരപ്പായയില്‍ എന്താണെന്നറിയാന്‍ ഉമ്മ വരുന്നത് കണ്ട അബു മറുഭാഗത്തുകൂടെ അടുക്കളയിലേക്കോടി.ഉമ്മ നമസ്കാരപ്പായ തിരിച്ചും മറിച്ചും നോക്കി.
"നിസ്കാരപ്പായീല് എന്താ ജ്ജ് കണ്ടേ?"
നാല് നെല്ലിക്ക ട്രൗസറിന്റെ കീശയിലേക്ക് തിരുകുന്നതിന്നിടയില് അബു വിളിച്ച് പറഞ്ഞു..."ഒരു ചോണനുറുമ്പ്.....ഇമ്മാ...ഞാന്‍ പോകാ....അസ്സലാമലൈക്കും...."
"ഫ..ബലാലെ...വലൈക്കുമുസ്സലാം...."
സൈനബക്ക് നെല്ലിക്ക കൊടുക്കുന്നതും അവള് അത് കടിച്ച് തിന്നുന്നതും നാളെയും രണ്ടെണ്ണം കൊണ്ടുവരണം എന്ന് പറയുന്നതും ആലോചിച്ച്കൊണ്ട് അബു ഓത്തുപള്ളിയിലേക്ക് ഓടി.അര്മാന് മോല്യാര് ഓത്തുപള്ളിയുടെ വാതില്ക്കല് തന്നെ നില്‍ക്കുന്നത് കണ്ട അബു ഒന്ന് ഞെട്ടി.
'സൈനബാക്ക് നെല്ലിക്ക കൊടുക്കുന്നത് അര്മാന് മോല്യാരെങ്ങാനും കണ്ടാല്‍...!!'..."ബദ്രീങ്ങളെ..."അബു മനസ്സില്‍ വിളിച്ച്പോയി.
".അസ്സലാമലൈക്കും....."അബു അര്മാന് മോല്യാര്‍ക്ക് സലാം ചൊല്ലി.
"വലൈക്കും..."ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അബു ക്ലാസ്സിലേക്ക് ഓടി.ഓട്ടത്തിനിടയില്‍ അടുത്ത ക്ലാസ്സിലെ അവസാനത്തെ ബെഞ്ചിന്റെ അറ്റത്തേക്ക് നോക്കാന്‍ മറന്നില്ല..! 'ആ...സൈനബ വന്നിട്ടുണ്ട്..'അബു മനസ്സില്‍ പറഞ്ഞു.
അര്മാന് മോല്യാര് ഓരോ ക്ലാസ്സിലും ഖുര്‍ആന്‍ ഓതാന്‍ കൊടുത്ത് അബുവിന്റെ ക്ലാസ്സില്‍ വന്നിരുന്നു.അര്മാന് മോല്യാരുടെ കയ്യിലെ വടി കണ്ടപ്പോള്‍ അബു മനസ്സില്‍ വീണ്ടും വിളിച്ചു..."മംബ്രത്തെ തങ്ങളേ..."
അര്മാന് മോല്യാര് ഓതാന്‍ തുടങ്ങി.."ബിസ്മില്ലാഹി റഹ്മാനിറഹീം...അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍....അര്‍റഹ്മാനി...."
"ഔ" പെട്ടെന്നാണ് അബു അലറിയത്.നെല്ലിക്കയുടെ കൂടെ കീശയിലെത്തിയ മുളക്വെള്ളം അബുവിന് എരിച്ചിലുണ്ടാക്കിത്തുടങ്ങിയിരുന്നു.
"ഏത് പോത്താടാ അലറ്യേത്?"അര്മാന് മോല്യാരുടെ കനത്ത ശബ്ദം കേട്ട് അബു താനെ എണീറ്റ് നിന്നു.
"അബു പോത്ത്"
"ആ...എത്താ കൊയപ്പം?"
"എത്തുംല്ലാ...."അബു പറഞ്ഞു.
"പിന്നെത്ത്നാടാ ഹമുക്കെ ജ്ജ് അലറ്യേത്?"
"മിസ്റ് കട്ച്ചി..." മോല്യാര് നെല്ലിക്ക കണ്ടാലുള്ള സ്ഥിതിയോര്‍ത്ത് അബു ഒരു നുണ പറഞ്ഞു.
"യൗടാടാ കട്ച്ചത്?" അബു പ്രതീക്ഷിക്കാതെ അര്മാന് മോല്യാരുടെ അടുത്ത ചോദ്യം വന്നു.
"അത്...അത്...പറ്യാന്‍ ഇച്ച് മട്യാ....."
"ആ...അപ്പം അന്റെ കാല്സറായിന്റെ കീസേല് മിസ്റിന് തിന്നാനുള്ള സാനംണ്ട്......ഇങ്ങട്ട് ബാടാ....നോക്കട്ടെ...."
അബു ഞെട്ടിപ്പോയി.' നെല്ലിക്ക അര്മാന് മോല്യാരും മറ്റെല്ലാ കുട്ടികളും കാണും...ആര്‍ക്കാന്ന് ചോദിച്ചാല്‍....???'
വിറച്ചുവിറച്ച് അബു അര്മാന് മോല്യാരുടെ അടുത്തെത്തി.അര്മാന് മോല്യാര് അബുവിന്റെ കീശയില്‍ കയ്യിട്ടു നോക്കി.കീശ നനഞ്ഞ് കുതിര്‍ന്നിരുന്നു.അബു നല്ല ഒരു അടിയും പ്രതീക്ഷിച്ച് നിന്നു.
"കള്ളഹമുക്കേ....ടൗസറില്‍ മുള്ള്യാല് ചൊറീംന്ന് അനക്ക് തിരീല്ലെ...ഹിമാറെ....പോയി നല്ലോണം കെയ്കി ബാ...."
വിധി കേട്ടതും അബു മൂത്രപ്പുരയിലേക്കോടി.മൂത്രപ്പുരയിലെത്തി കീശ ശരിക്കും ഒന്ന് തപ്പിനോക്കി.നെല്ലിക്ക കാണാനില്ല!ഓത്തുപള്ളിയിലേക്കുള്ള ഓട്ടത്തിനിടയില്‍ അവ വീണുപോയത് അബു അറിഞ്ഞിരുന്നില്ല.
6 comments:
എന്റെ ഗ്രാമത്തില്‍ അരങ്ങേറുന്ന ചില നാടന്‍ സംഭവങ്ങള്‍....(തുടരും)
എഴുത്ത് നന്നായിട്ടുണ്ട്.
ആബിദേ നന്നായിരിക്കുന്നു...
നല്ല കഥയും കഥാംശവും ആബിദ്..
നമ്മള് കാണാത്തേ എന്ത് മാത്രം ലോകങ്ങള്‍.
-പാര്‍വതി.
നന്നായിരിക്കുന്നു,ആബിദ്
ഓത്തുപള്ളിയും ഓത്തിനിരുത്തുമെല്ലാം
ഗതകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.എന്നും ഓര്‍ക്കാനിഷ്ടപ്പെടുന്ന,എന്നാല്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലാത്ത ആ നല്ല നാളുകള്‍ മനസ്സിലോടിയെത്തി.
കൂടെ,ഞാനെന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന എന്റെയീ ഫേവറൈറ്റ് ഗാനവും:
ഓത്തുപള്ളീലന്ന് നമ്മളു പോയിരുന്ന കാലം...
ഓര്‍ത്തു കണ്ണീര് വാര്ത്തുനില്ക്കുകയാണു നീലമേഘം..
കോന്തലക്കല് നീയെനിക്കായി കെട്ടിയ നെല്ലിക്ക,
കണ്ടു ചൂരല്‍ വീശിയില്ലെ,നമ്മുടെ മൊല്ലാക്ക....
നന്ദി,സുഹ്രുത്തേ,
പോയകാലം വീണ്ടുമുണര്ത്തിയതിനു.
:)
Post a Comment
നന്ദി....വീണ്ടും വരിക