Pages

Monday, November 27, 2006

അബ്ദുള്ള കണ്ട ജിന്ന് !!!

ഞാന്‍ L P സ്കൂളില്‍ പഠിക്കുന്ന കാലം. ചാലിയാറിന്റെ വക്കിലായിരുന്നു എന്റെ സ്‌കൂൾ‌. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരതിര്‌ പലതരം ചെടികളും വളര്‍ന്ന്‌ മൂടിക്കിടന്നിരുന്നു. കുട്ടികളെക്കാളും ഉയരം കൂടിയ പലതരം കുറ്റിമരങ്ങളും പടര്‍ന്ന്‌ പന്തലിച്ച്‌ ഒരു കാട്‌ തന്നെ അവിടെ രൂപപ്പെട്ടിരുന്നു. ഇഴജന്തുക്കളും ക്ഷുദ്രജന്തുക്കളും സ്വൈരവിഹാരം നടത്തുന്ന കാടായിരുന്നു അത്. ഗ്രൌണ്ടില്‍ കളിക്കുമ്പോൾ പലപ്പൊഴും പന്ത്‌ ആ കാട്ടിനകത്തേക്ക്‌ പോകും.

കാട്ടിനകത്തേക്ക്‌ പോയ പന്ത്‌ എടുക്കാന്‍ എന്നും ധൈര്യം കാണിച്ചിരുന്നത്‌ അബ്ദുള്ളയാണ്‌. കുട്ടികളായ ഞങ്ങള്‍  ആ കാട്ടിനകത്തേക്ക്‌ പോകാതിരിക്കാന്‍ ആരോ ഒരു നുണക്കഥ പ്രചരിപ്പിച്ചിരുന്നു -
 " ആ കാട്ടിനകത്ത്‌ ജിന്നുകള്‍ താമസിക്കുന്നുണ്ട്‌ പോലും!!! " 

 കാട്ടിനകത്തേക്ക്‌ കയറാന്‍ കമാനം പോലെ ഒരു കവാടവും നടവഴിയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.പലപ്പൊഴും ഞാന്‍ അവിടെ നിന്ന്‌ അകത്തേക്ക്‌ ഒന്നെത്തി നോക്കും -  ഏതെങ്കിലും ജിന്നുകള്‍ പുറത്തേക്ക്‌ വരുന്നുണ്ടൊ എന്നറിയാന്‍.എന്റെ ധൈര്യം അവിടെ അവസാനിക്കുകയും ചെയ്യും. അപ്പോഴും അബ്ദുള്ള ധൈര്യത്തോടെ ഉള്‍ക്കാട്ടിലേക്ക്‌ പൊയി തിരിച്ചുവരും!! ജിന്നുകൾ അവന്റെ ചങ്ങാതിമാരാണത്രെ ! 

 ഒരു ദിവസം ക്ളാസ്സിനിടയില്‍ അബ്ദുള്ള മൂത്രമൊഴിക്കാന്‍ പുറത്തുപോയി.അല്‍പസമയത്തിനകം തന്നെ അബ്ദുള്ള ഓടിക്കിതച്ച്‌ തിരിച്ചെത്തി.

" എന്താ ? എന്തുപറ്റി ?" മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"സേര്‍....ഞാ....ഞാന്‌......ജി....ജിന്ന്‌നെ കണ്ട്‌..." അബ്ദുള്ള പറഞ്ഞൊപ്പിച്ചു.  

"ജിന്നിനെ കാണേ...?... എവിടെ ? "

"അ...അതാ...അബിടെ..ഒരു ജിന്ന്‌ ബെളക്കും കത്തിച്ചങ്ങനെ നടക്ക്ണ്ണ്ട്‌..." അബ്ദുള്ള കണ്ട സംഗതി വിവരിച്ചു.

"ങേ!! ജിന്ന്‌ വിളക്കും കത്തിച്ച്‌ കാട്ടിലൂടെ നടക്കേ? "
മമ്മുണ്ണി മാസ്റ്റര്‍ക്കും വിശ്വസിക്കാനായില്ല.. മമ്മുണ്ണി മാസ്റ്റര്‍ ഹെഡ്‌മാസ്റ്റര്‍ വേലായുധന്‍ മാസ്റ്ററെ വിവരമറിയിച്ചു.

അബ്ദുള്ള ജിന്നിനെ കണ്ട വിവരം നിമിഷങ്ങള്‍ക്കകം സ്കൂളിലാകെ പരന്നു.മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും മറ്റ്‌ മാസ്റ്റര്‍മാരും അബ്ദുള്ളയും പിന്നെ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ജിന്നിനെ കാണാനായി ഗ്രൌണ്ടിലേക്ക്‌ നടന്നു. മമ്മുണ്ണി മാസ്റ്റര്‍ നല്ലൊരു വടി എടുത്ത്‌ കയ്യില്‍ പിടിച്ചു.ശേഷം കണ്ണടച്ച്‌ എന്തൊക്കെയൊ മന്ത്രിച്ചു.വേലായുധന്‍ മാസ്റ്റര്‍ ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്നു.  

"അബ്ദുള്ളേ ...എവിടെയാ നീ ജിന്നിനെ കണ്ടത്‌?" 
മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"കാട്ട്ണ്റ്ള്ള്ക്ക്‌ കൊറച്ച്‌ പൊയിട്ട്‌... " അബ്ദുള്ളയുടെ മറുപടി കേട്ട്  ഞങ്ങളെല്ലാവരും ജിന്നിനെ കാണാനായി തിക്കിത്തിരക്കി.  

"കുട്ടികളാരും കാട്ടിന്നകത്തേക്ക്‌ കയറരുത്‌.....അബ്ദുള്ള വാ...നടക്ക്‌.. "  

അബ്ദുള്ളയും മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും വേറെ രണ്ട്‌ മാസ്റ്റര്‍മാരും കാട്ടിനുള്ളിലേക്ക്‌ കയറി.മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷ ഗന്ധം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. പെട്ടെന്ന്‌ ഒരു ചെടിയുടെ അടിയില്‍ നിന്നും ഒരു വലിയ എലി പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും ഒന്ന്‌ ഞെട്ടി. ധൈര്യം സംഭരിച്ച്‌ വീണ്ടും മുന്നോട്ട്‌ നടക്കുന്നതിന്നിടയില്‍ പെട്ടെന്ന്‌ അബ്ദുള്ള വിളിച്ചു പറഞ്ഞു.

  "അതാ.....അതാ.....അതാ ജിന്ന്‌... !!" 

 അബ്ദുള്ള വിളിച്ചു പറഞ്ഞതും വേലായുധന്‍ മാസ്റ്ററും പിന്നിലുള്ളവരും ഞെട്ടിത്തിരിഞ്ഞ്‌ പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്റര്‍ ജിന്നിനെ സൂക്ഷിച്ച്‌ നോക്കി... മെഴുകുതിരി കത്തിച്ച്‌ മലവിസര്‍ജ്ജനത്തിനിരിക്കുന്ന ഏതോ ഒരു നാടോടി!!!

6 comments:

Areekkodan | അരീക്കോടന്‍ said...

എണ്റ്റെ ബ്ളോഗും ഇവിടെ ഇണ്റ്റര്‍നെറ്റും ശരിയായപ്പോള്‍ ബൂലോകര്‍ക്കായി ഇതാ കുറച്ച്‌ പോസ്റ്റുകള്‍....കമണ്റ്റിയാലും..

Mubarak Merchant said...

ആബിദ്,
ഇനിയുമെഴുതൂ.. നന്നാവുന്നുണ്ട്, ഇനിയും നന്നാവും.
ഇ മെയില്‍ ഐഡി ഒന്നു തരാമോ?
bluemoondigital @ gmail.com ലേക്ക് ഒരു മെയിലയച്ചാലും മതി.

സു | Su said...

ജിന്ന് പേടിച്ചോടിയോ അതോ വഴക്കിട്ടോ? ;)

IAHIA said...

"เน็ตไอดอล สุดปัง!>> ปล่อยความแซ่บบิกินีขาเว้าสูงปรี๊ด!"
"REVIEWS FOR FEELING>> รองเท้าวิ่ง PAN รุ่น PAN Predator Ace เบาสบาย"

Unknown said...

ഓർമ്മചെപ്പുകൾ പതുക്കെ തുറക്കട്ടെ ഈ കടവിലെ തന്നെ മറ്റൊരു പ്രത്യേകത പ്രേതകഥയിലെ പോലെ ശബ്ദമുഖരിതമായ വവ്വാൽ കൂട്ടങ്ങളാണ്

Areekkodan | അരീക്കോടന്‍ said...

വവ്വാൽ കൂട്ടങ്ങൾ എന്റെ ശ്രദ്ധയിൽ വന്നിട്ടേ ഇല്ല.

Post a Comment

നന്ദി....വീണ്ടും വരിക