Pages

Friday, August 17, 2007

മലയാളത്തിന്റെ മാഞ്ഞാളം

അന്നും പതിവുപോലെ സൂര്യന്‍ കിഴക്കുദിച്ചു.ക്ലോസപ്പിന്റെ നുരയുന്ന പത വായിലും , പരിശുദ്ധമെന്ന്‌ ലേബലുള്ള എണ്ണ കഷണ്ടിത്തലയിലും ഇരുപത്തി ഏഴോ മറ്റോ തവണ കുളിപ്പിക്കുന്ന സോപ്പിന്റെ പത ശരീരത്തിലും തേക്കുന്ന എല്ലാ പ്രഭാത കുറ്റകൃത്യങ്ങളും അന്നും ലംബോധരന്‍ മാഷ്‌ തെറ്റിച്ചില്ല.നവോന്മേഷത്തോടെ സ്കൂളിലേക്ക്‌ അടിവക്കുമ്പോളാണ്‌ മാസ്റ്ററുടെ അയല്‍വാസിയായ ഞാന്‍ അങ്ങാടിയിലേക്കിറങ്ങിയത്‌. "good Morning" ഞാന്‍ മാസ്റ്ററെ അഭിവാദ്യം ചെയ്തു. "ങാ....സുപ്രഭാതം " പതിവ്‌ തെറ്റിയ പ്രത്യഭിവാദ്യം എന്റെ ശ്രദ്ധയില്‍ പെട്ടില്ല. "മാഷേ.....സ്കൂളൊക്കെ എങ്ങനെ പോകുന്നു ? റിട്ടയര്‍മന്റ്‌ ലൈഫൊക്കെ പ്ലാന്‍ ചെയ്തോ ?" കുശലാന്വേഷണത്തിനായി എന്റെ വായില്‍ നിന്നും വന്ന ചോദ്യം പ്രായത്തെ കുറിച്ചോര്‍മ്മിപ്പിക്കുന്നത്‌ കൂടിയായി. "ങാ....പള്ളിക്കൂടം കുഴപ്പമില്ലാതെ മുന്നോട്ട്‌ പോകുന്നു.സേവനാനന്തരകാല പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല....തനിക്ക്‌ വല്ല അഡ്‌...സോ.......അല്ല...അല്ല....ഉപദേശനിര്‍ദ്ദേശങ്ങള്‍ തരാനുണ്ടോ ?" ജാള്യതയോടെ എന്തൊക്കെയോ മറച്ചുവച്ച്കൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു. "നോ...നോ....ഹൗ കാന്‍ ഐ അഡ്വൈസ്‌ എ സീനിയര്‍ പേഴ്സണ്‍ ലൈക്‌ യൂ..." എന്റെ വായില്‍ നിന്നും അല്‍പം ഇംഗ്ലീഷ്‌ നുരയൊഴുകി. മാസ്റ്റര്‍ വീണ്ടും മൗനം അവലംബിച്ചു.പതിവിന്‌ വിപരീതമായുള്ള മാസ്റ്റെറുടെ മൗനം എന്നില്‍ എന്തോ പന്തികേടുണ്ടാക്കി.കൂടുതല്‍ സമയം കളയാതെ ഞാന്‍ മാസ്റ്ററോട്‌ ഗുഡ്ബൈ ചൊല്ലി. * *** ****** ****** * * * * * * വൈകുന്നേരം ലംബോധരന്‍ മാസ്റ്റര്‍ തിരിച്ച്‌ എത്തുമ്പോള്‍ ഞാന്‍ എന്റെ പൂമുഖപടിയില്‍ പേപ്പര്‍ വായിച്ചിരിക്കുകയായിരുന്നു.കാളിംഗ്‌ ബെല്ലിന്‌ അകമ്പടിയായി എത്തുന്ന Good evening dear എന്ന പ്രയോഗം അസൂയയോടെ എന്നും ഞാന്‍ കേട്ടിരുന്നു.അന്നും ഞാനാ സ്നേഹമന്ത്രണത്തിന്‌ കാതോര്‍ത്തു. "സുസായാഹ്നം പ്രിയതമേ...!!" പുത്തനഭിവാദ്യം എനിക്കെന്ന പോലെ മാസ്റ്ററുടെ ശ്രീമതിക്കും ദഹിച്ചില്ല എന്ന്‌ തോന്നുന്നു.അന്തം വിട്ടു നിന്ന ശ്രീമതി ടീച്ചറെ നോക്കി ലംബോധരന്‍ മാഷ്‌ അടുത്തവെടി പൊട്ടിച്ചു. "വൈ ആര്‍ യൂ..... സോ....അല്ല..അല്ല...എന്താടീ നീ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കണേ...?'പതിവില്ലാതെ ശ്രീമതി ടീച്ചറോടുള്ള ചോദ്യത്തിലെ പന്തികേട്‌ രാവിലെ എനിക്കനുഭവപ്പെട്ട പന്തികേടിനോട്‌ സംകലനം ചെയ്ത്‌ ഒരു നിഗമനത്തിലെത്തിയതിനാല്‍ ഞാന്‍ വീട്ടിനകത്തേക്ക്‌ കയറി മാസ്റ്ററുടെ ബാക്കി ഡയലോഗ്ഗുകള്‍ ഞാന്‍ ശ്രദ്ധിച്ചു. "വാട്ട്‌.....സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്യാന്‍ സമയത്ത്‌ വല്ല ട്രാന്‍സ്ഫറോ മെമ്മോയോ കിട്ടിയോ....അതോ ഹെഡ്മാസ്റ്റര്‍...." മാസ്റ്ററുടെ സ്വഭാവമാറ്റം ശ്രദ്ധിച്ച ടീച്ചര്‍ ചോദിച്ചു. "ഇല്ലെടീ ഇല്ല....സ്ഥലമാറ്റമൊന്നും ഇല്ല....പ്രധാനാദ്ധ്യാപകന്‍ ഒന്നും പറഞ്ഞുമില്ല.....പക്ഷേ ഒരു പരിപത്രം തന്നു...." "ങേ....താമ്രപത്രം എന്ന്‌ കേട്ടിട്ടുണ്ട്‌...പരിപത്രം...? അതെന്ത്‌ പത്രമാ...?" "ങാ...അങ്ങനെ ഒരു പത്രം....നിവൃത്തി വേദനം കണക്കാക്കാന്‍ അടിസ്ഥാന ശമ്പളം , ക്ഷാമബത്ത. സ്ഥാനപനതാ ബത്ത, ഉത്സവ ബത്ത തുടങ്ങീ എല്ലാ ബത്തകളും കൂട്ടിവച്ച്‌ എണ്ണിച്ചുട്ട്‌ വാങ്ങുന്ന ഉലുവാ എത്രയെന്ന്‌ എഴുതികൊടുക്കാന്‍ ഒരു പരിപത്രം...." "ശ്ശൊ....അതങ്ങ്‌ എഴുതിക്കൊടുക്കാനാണോ ഇത്ര പ്രയാസം...? അതും പരിപത്രവും തന്നിട്ട്‌...." ടീച്ചര്‍ക്ക്‌ മനസ്സിലായില്ല. "അതല്ലെടീ പ്രശ്നം....അത്‌ കണക്കാക്കാന്‍ ഞാന്‍ പരികലനെ എല്ലായിടത്തും അന്വേഷിച്ചു...." "ആരെ.....ആരെ.... അന്വേഷിച്ചൂന്ന്‌...?" "പക്ഷേ...പരികലന്‍ സംഗണകന്‍ മുറിയിലായിരുന്നു...." ടീച്ചറുടെ ചോദ്യം കേള്‍ക്കാതെ മാസ്റ്റര്‍ തുടര്‍ന്നു. "ങേ ....ദൈവമേ.." മാസ്റ്ററുടെ സംസാരത്തില്‍ പന്തികേട്‌ തോന്നിയ ടീച്ചര്‍ ഫോണിനടുത്തേക്ക്‌ ഓടി , റിസീവറെടുത്ത്‌ ഏതോ നമ്പറില്‍ ആഞ്ഞ്‌ കുത്തി. "സംഗണാകാദ്ധ്യാപകന്‍ മുറി തുറന്നപ്പോള്‍ പരികലകനെ ..." ടീച്ചര്‍ പോയതറിയാതെ മാസ്റ്റര്‍ തുടര്‍ന്നു. "ഡോക്ടര്‍....ഉടന്‍ ഇവിടം വരെ വരണം....മാഷ്‌ എന്തൊക്കെയോ പിച്ചും പേയും പറയുന്നു....ഉടന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍....ങും....ങും...." റ്റീച്ചര്‍ ഡോക്ടര്‍ക്ക്‌ ഫോണ്‍ ചെയ്തു. "പരികലനില്‍ ഞാന്‍..." അല്‍പസമയത്തിനകം മുറ്റത്ത്‌ ഒരു കാര്‍ വന്നു നിന്നു. ഡോക്ടര്‍ കാറില്‍ നിന്നുമിറങ്ങിയതും ടീച്ചര്‍ ഓടിക്കിതച്ചെത്തി. "ഇതുവരെ ഒരു കുഴപ്പവുമില്ലായിരുന്നു...സ്കൂള്‍ വിട്ട്‌ വന്നതില്‍ പിന്നെ തുടങ്ങിയതാ..." ടീച്ചര്‍ ഒറ്റ ശ്വാസത്തില്‍ വിവരങ്ങല്‍ പറഞ്ഞു. "good Evening" ഡോക്ടര്‍ ലംബോധരന്‍ മാസ്റ്റെറെ അഭിവാദ്യം ചെയ്തു. "ങാ....ആരിത്‌? എന്താ പതിവില്ലാതെ ഇതുവഴി...?" "ടീച്ചര്‍ കാള്‍ഡ്‌ മീ ആന്റ്‌ റ്റോള്‍ഡ്‌ യൂ ആര്‍ അബ്നോര്‍മല്‍...സ്പീക്കിംഗ്‌ അബ്നോര്‍മലി..." "ഞാന്‍....ഞാന്‍ അസാധാരാണമായൊന്നും സംസാരിച്ചില്ലല്ലോ....പള്ളിക്കൂടത്തില്‍ ഇന്ന്‌ നടന്ന ഒരു കാര്യത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു...." ലംബോധരന്‍ മാസ്റ്റര്‍ ഭാര്യയുടെ മുഖത്തേക്ക്‌ നോക്കി പറഞ്ഞു. "ങാ..എന്ത്‌ കാര്യം..?" ഡോക്ടര്‍ ചോദിച്ചു "പ്രധാനാദ്ധ്യാപകന്‍ ഒരു പരിപത്രം തന്നു...." "ങേ....പരിപത്രമോ...?.?" "പരിപത്രം....എന്നു വച്ചാല്‍ സര്‍ക്കുലര്‍...(പറഞ്ഞ ശേഷം രണ്ട്‌ തവണ മാസ്റ്റര്‍ മുറ്റത്തേക്ക്‌ കാര്‍ക്കിച്ചു തുപ്പി)...എന്റെ നിവൃത്തി വേദനം കണക്കാക്കാന്‍ സ്ഥാനപനതാബത്തയും മറ്റും..." "ങേ....എന്ത്‌...എന്ത്‌?" "അതായത്‌ പെന്‍ഷന്‍ കണക്കാക്കാന്‍ ഒഫീഷ്യേറ്റിംഗ്‌ അലവന്‍സും (വീണ്ടും മാസ്റ്റര്‍ നാല്‌ തവണ കാര്‍ക്കിച്ചു തുപ്പി) മറ്റും എഴുതി കൊടുക്കാന്‍ പറഞ്ഞു.അത്‌ നല്‍കാന്‍ ഞാന്‍ പരികലകനെ അന്വേഷിച്ചപ്പോള്‍ അത്‌ സംഗണക മുറിയില്‍ ...." "വാട്ട്‌...മൈ ഗോഡ്‌..." ഡോക്ടറും റ്റീച്ച്രും ഒരുമിച്ചലറി. "ശ്ശൊ.....നിങ്ങളൊക്കെ ഭൂമി മലയാളത്തിലല്ലേ വസിക്കുന്നത്‌ ? നേരെ ചൊവ്വെ മലയാളം പറയാനും സമ്മതിക്കില്ലല്ലോ....കാല്‍കുലേറ്റര്‍ അന്വേഷിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ മുറിയിലാണെന്ന് ..." അല്‍പം ദ്വേഷ്യത്തോടെ പറഞ്ഞ്‌ മാസ്റ്റര്‍ വീണ്ടും നാല്‌ തവണ കാര്‍ക്കിച്ചു തുപ്പി. "ഈ വിവരം ഞാന്‍ സഹധര്‍മിണിയോട്‌ പറയുകയായിരുന്നു...അതിനിടയിലാണ്‌ താങ്കള്‍ ഇങ്ങോട്ട്‌ വന്നത്‌..." "ഓഹോ....ശരി...ശരി.." ഡോക്ടര്‍ക്ക്‌ സംഗതി പിടികിട്ടി. "എന്നാ പിന്നെ ഞാനിറങ്ങട്ടെ....." ജാള്യതയോടെ നില്‍ക്കുന്ന ടീച്ചറെ നോക്കി ഡോക്ടര്‍ യാത്ര പറഞ്ഞു. 'മലയാളത്തിന്റെ മാഞ്ഞാളം....' പിറുപിറുത്തുകൊണ്ട്‌ അകത്തേക്ക്‌ കയറിപ്പോകുന്ന ടീച്ചറെയും സംഭവിച്ചതെന്തന്നറിയാതെ ഇരിക്കുന്ന ലംബോധരന്‍ മാസ്റ്ററെയും വീക്ഷിച്ചിരുന്ന എന്റെ മനസ്സ്‌ മന്ത്രിച്ചു.

13 comments:

Areekkodan | അരീക്കോടന്‍ said...

ഇന്ന് ചിങ്ങം ഒന്ന്.....മലയാളത്തിന്റെ പുതുവര്‍ഷാരംഭം.....മലയാളം മാത്രം സംസാരിക്കാന്‍ ശ്രമിച്ച ഒരു പാവം ലംബോധരന്‍ മാഷുടെ കഥ ഇവിടെ പോസ്റ്റുന്നു.

സഹയാത്രികന്‍ said...

മാഷേ.... മാഷക്കെന്റെ കൂപ്പുകൈ... പുതുവത്സരാശംസകളും...

Typist | എഴുത്തുകാരി said...

മാഷേ എവിടന്നു് കിട്ടി ഈ മലയാള പദങ്ങള്‍?

ഉറുമ്പ്‌ /ANT said...

അതിശയോക്തി കൂടിപ്പോയില്ലേ മാഷേ?

ജാസൂട്ടി said...

കുറച്ചായി മാഷിന്റെ കഥകള്‍ ഒക്കെ വായിച്ചിട്ട്...

ലംബോധരന്‍ മാഷും ശ്രീമതിയും കൊള്ളാം...

---പുതുവപുതുവത്സരാശംസകള്‍

Unknown said...

അങ്ങനെ ലംബോധരന്‍ മാഷ് ചിങ്ങം ഒന്നിനുതന്നെ ലംബോദരനുവച്ചു് മലയാളിയായി! കൊള്ളാം!
നവമലയാളവത്സരാശംസകള്‍!

ശ്രീ said...

അരീക്കോടന്‍‌ മാഷെ
കൊള്ളാമല്ലോ!

മെലോഡിയസ് said...

“പരികലന്‍“ ..സത്യം പറയാല്ലോ..ഇത് ഞാന്‍ ആദ്യം ആയിട്ട് കണ്ട മലയാള പദം.

പാവം ലംബോദരന്‍ മാഷ്..:)

Areekkodan | അരീക്കോടന്‍ said...

സഹയാത്രികാ,എഴുത്തുകാരീ,മെലോഡിയസ്‌.....സ്വാഗതം
എഴുത്തുകാരീ,മെലോഡിയസ്‌.....മലയാളം ഭരണഭാഷ ആക്കിയ ഏതോ ഒരു ദിവസം പത്രത്തില്‍ നിന്നും കിട്ടിയതാ ഈ വാക്കുകള്‍.ഞാനുമായി ബന്ധപ്പെട്ടവയെ നോക്കിയപ്പോള്‍ തലകറങ്ങിപ്പോയി.....അപ്പോ തന്നെ ഒരു പോസ്റ്റും ഉല്‍ഭവിച്ചു.
ഉറുമ്പേ....കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക.
സഹയാത്രികാ,ജാസൂ,പുത്രാ,ശ്രീ.....നന്ദിയും പുതുവല്‍സരാശംസകളും....

ഹരിയണ്ണന്‍@Hariyannan said...

മാഷേ...
ബ്ലോഗിനു തന്ന കൈനീട്ടം കലക്കി.
ചിന്തകള്‍ ഇനിയും കാടുകയറട്ടെ എന്നാശംസിക്കുന്നു.

അജേഷ് ചന്ദ്രന്‍ ബി സി said...

മാഷേ കുറേ ക്കൂടി വലിയ അക്ഷരത്തില്‍ എഴുതിയിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നു........

അജേഷ് ചന്ദ്രന്‍ ബി സി said...

മാഷേ കുറേ ക്കൂടി വലിയ അക്ഷരത്തില്‍ എഴുതിയിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നു........

Areekkodan | അരീക്കോടന്‍ said...

ഹരീ,അജേഷ്‌....സ്വാഗതം.

അജേഷ്‌....സാധാരണ വലുതാക്കിയാണ്‌ പോസ്റ്റ്‌ ചെയ്യാറ്‌....ഇനി ശ്രദ്ധിക്കാം.....

Post a Comment

നന്ദി....വീണ്ടും വരിക