Pages

Wednesday, July 30, 2008

വിദ്യാസമ്പന്നന്റെ സംസ്കാരം

മാനന്തവാടിയില്‍ നിന്നും കുടുംബ സമേതം നാട്ടിലേക്ക്‌ പോകുന്ന ഒരു ദിവസം.കല്‍പറ്റയില്‍ നിന്നും കുറേ പേര്‍ ബസ്സില്‍ കയറി.അവരില്‍ അല്‍പം മുഷിഞ്ഞ വേഷധാരിയായ ഒരാളും ഉണ്ടായിരുന്നു.പിന്നെ കുറേ പിള്ളേരും.ഞാനിരിക്കുന്ന സീറ്റില്‍ മൂന്ന് പേര്‍ക്ക്‌ ഇരിക്കാമെങ്കിലും ഞാനും ഭാര്യയും കുട്ടിയും അടക്കം രണ്ടര സീറ്റേ ടിക്കറ്റ്‌ പ്രകാരം ഞങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ടിരുന്നുള്ളൂ.അതിനാല്‍ അയാളെ ഞാന്‍ എന്റെ സീറ്റിലേക്ക്‌ ക്ഷണിച്ചു.അയാള്‍ വന്നിരിക്കുകയും ചെയ്തു. ബസ്‌ നീങ്ങാന്‍ തുടങ്ങി.സീറ്റിലിരിക്കുന്ന യാത്രക്കാര്‍ തങ്ങളുടേതായ സ്വപ്നങ്ങളിലേക്ക്‌ ഊളിയിട്ടു കൊണ്ടിരുന്നു.സീറ്റില്‍ ചാരി നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ പലതും പറഞ്ഞ്‌ ചിരിക്കാനും ബഹളം വയ്ക്കാനും തുടങ്ങി. പിള്ളേരുടെ ശബ്ദം എനിക്ക്‌ അരോചകമായി തോന്നി. പെട്ടെന്ന് എന്റെ സഹസീറ്റുകാരന്‍ കുട്ടികളില്‍ ഒരാളെ വിളിച്ചു ചോദിച്ചു. "നീ എന്തിനാ പഠിക്കുന്നത്‌ ?" "ഡിഗ്രിക്ക്‌" "നിന്റെ അച്ഛനമ്മമാര്‍ കാശും തന്ന് നിന്നെ ഡിഗ്രിക്ക്‌ വിടുന്നത്‌ ഇതിനാണോ?" "എന്താ ?" ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാകാതെ പയ്യന്‍ ചോദിച്ചു. "കുറേ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു.എന്തൊരു ബഹളമാ നിങ്ങളീ സൃഷ്ടിക്കുന്നത്‌? ബസ്സില്‍ നിങ്ങളെ കൂടാതെ ധാരാളം പേര്‍ യാത്ര ചെയ്യുന്നത്‌ നിങ്ങള്‍ കാണുന്നില്ലേ?" "ഓ...പക്ഷേ ബസ്സില്‍ പുകവലിക്കരുത്‌ എന്ന് എഴുതി വച്ച പോലെ സംസാരിക്കരുത്‌ എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ ചേട്ടാ....ഹ...ഹാ...." പിള്ളേര്‍ മൊത്തം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. "ങാ ഹാ...അപ്പോള്‍ എഴുതി വച്ചില്ലെങ്കില്‍ എന്തും ചെയ്യാമെന്നാണോ ? നീ കാശ്‌ കൊടുത്തില്ലേ ? അത്‌ എവിടെയെങ്കിലും എഴുതി വച്ചിട്ടാണോ കൊടുത്തത്‌?" "അത്‌....ഒരു സാമാന്യ മര്യാദ...." ഉത്തരം മുട്ടിയ പയ്യന്‍ തല ചൊറിഞ്ഞുകൊണ്ട്‌ പറഞ്ഞു. അപ്പോള്‍ എന്റെ സഹയാത്രികന്‍ അവരോടായി പറഞ്ഞു. "വിദ്യാഭ്യാസം ഉണ്ടായിട്ട്‌ കാര്യമില്ല.അതിനൊത്ത സംസ്കാരം കൂടി നാം വളര്‍ത്തി എടുക്കണം.ഡിഗ്രിയും പിജിയും ഒരു പക്ഷേ എങ്ങനെയെങ്കിലും ലഭിക്കും.സംസ്കാരം അങ്ങനെയല്ല.അത്‌ അറിവിനും വളര്‍ച്ചക്കും അനുസരിച്ച്‌ സ്വയം ആര്‍ജ്ജിക്കണം.ഇതു പോലെയുള്ള അവസരങ്ങളില്‍ നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവര്‍ക്ക്‌ ശല്യമാകുന്നുണ്ടോ എന്ന് യുവാക്കളായ നിങ്ങള്‍ ശ്രദ്ധിക്കണം.യുവാക്കള്‍ നന്നായാലേ ഒരു സമൂഹം നന്നാവൂ.സമൂഹം നന്നായാല്‍ ലോകവും നന്നാകും.തീര്‍ച്ചയായും ഇന്നത്തെ നിങ്ങളുടെ പെരുമാറ്റം പലരെയും ശല്യപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും.അതു പോട്ടെ.നാളെ മുതല്‍ ഇതാവര്‍ത്തിക്കില്ല എന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കുക.അതനുസരിച്ച്‌ പ്രവര്‍ത്തിക്കുക...." "ശരി ചേട്ടാ....ഇനി ഞങ്ങള്‍ ശ്രദ്ധിക്കാം....ഞങ്ങള്‍ക്ക്‌ ഇറങ്ങാറായി....താങ്കളുടെ വിലപ്പെട്ട നിര്‍ദ്ദേശത്തിന്‌ നന്ദി..." പിള്ളേര്‍ യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ അയാളെ പരിചയപ്പെടാന്‍ തീരുമാനിച്ചു. (തുടരും..)

10 comments:

Areekkodan | അരീക്കോടന്‍ said...

"ഓ...പക്ഷേ ബസ്സില്‍ പുകവലിക്കരുത്‌ എന്ന് എഴുതി വച്ച പോലെ സംസാരിക്കരുത്‌ എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ ചേട്ടാ....ഹ...ഹാ...." പിള്ളേര്‍ മൊത്തം പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.

ബൈജു സുല്‍ത്താന്‍ said...

എന്നിട്ട്..പരിചയപ്പെട്ടോ...

രസികന്‍ said...

ബാക്കികൂടി പോന്നോട്ടെ മാഷെ ....

സസ്നേഹം രസികന്‍

സൂര്യോദയം said...

വസ്ത്രം മുഷിഞ്ഞതാണെങ്കിലും മനസ്സ്‌ നല്ല വെണ്മയുള്ളതാണെന്ന് മനസ്സിലായല്ലോ :-)

ശ്രീ said...

കാര്യം മനസ്സിലായാലും ഇക്കാലത്ത് കുട്ടികള്‍ അത് സമ്മതിച്ചു കൊടുക്കാനാണ് ബുദ്ധിമുട്ട്

siva // ശിവ said...

കുട്ടികള്‍ അങ്ങനെയാ...അവരുടെ ലോകത്ത് അവര്‍ ആരെയും ശ്രദ്ധിക്കാറില്ല...

ആ സഹസീറ്റുകാരനെക്കുറിച്ച് എഴുതണം...

അരുണ്‍കുമാര്‍ | Arunkumar said...

ഈ മറുപടിയല്ല ആ കുട്ടികളില്‍ നിന്നും ഈയുള്ളവന്‍ പ്രതീക്ഷിച്ചത്... ;)

SALEEMLKUNNUMMEL said...

aaalam dunyavil aadhyamaayanu mashe njan blogu kaanunnadh kollam maashe pravasiyaya enikku maashe blog vaayichappo puthu manninta manam mookkiladicha poale

Areekkodan | അരീക്കോടന്‍ said...

ബൈജൂ,രസികന്‍,ശിവ....അത്‌ ഇതാ അടുത്ത പ്രതിവാരക്കുറിപ്പില്‍
സൂര്യാ....വസ്ത്രം മുഷിഞ്ഞത്‌ അദ്ദേഹം ജോലി സ്ഥലത്ത്‌ നിന്നും നേരെ ബസ്സില്‍ കയറിയതു കൊണ്ടായിരുന്നു.
ശ്രീ.....എന്നാലും ചിലര്‍ക്കെങ്കിലും മനസ്സിലാകും എന്ന് ബോധ്യമായി.
അരുണ്‍.....സ്വാഗതം.പ്രതീക്ഷ തെറ്റിച്ചത്‌ അവര്‍ തന്നെയാ.ഞാനായിട്ട്‌ മാറ്റുന്നില്ല.
സലീം....സ്വാഗതം.ആലം ദുനിയാവില്‍ ആദ്യം തന്നെ ഇവിടെ എത്തിയതില്‍ സന്തോഷം.താങ്കളുടെ ബ്ലോഗ്‌ ഒന്നും കണ്ടില്ല.

ബഷീർ said...

അച്ചടക്കമില്ലാത്ത യുവതയാണു സമൂഹത്തിന്റെ ശാപം..
എങ്കിലും ആ കുട്ടികളുടെ അവസാന പ്രതികരണങ്ങളില്‍ പ്രത്യാശയ്ക്ക്‌ വഴിയുണ്ട്‌



ഭൗതിക വിദ്യഭ്യാസം കൊണ്ട്‌ മാത്രം മനുഷ്യന്‍ സംസകരസമ്പന്നാനാകുന്നില്ല. അടുത്ത ദിവസം സ്വന്തം ഭാര്യയെയും മക്കളെയും കൊന്ന് തള്ളിയ റെജ്‌ കുമാറും ഉന്നത വിദ്യഭ്യാസമുള്ളവനായിരുന്നുവത്രെ..

പിന്നീടെന്തായി ?

Post a Comment

നന്ദി....വീണ്ടും വരിക