"ഹലോ...ആബിദ് അല്ലേ?"
"അതേ.."
"ആ..ഞാന്‍ എ.എ(അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്) ആണ്.ഓപ്ഷന് രജിസ്ട്രേഷനെ സംബന്ധിച്ച് പലരും വിളിച്ച് അന്വേഷിക്കുന്നുണ്ട്.അവരോട് ഏത് നമ്പറില്‍ വിളിക്കാന്‍ പറയണം?"
"ഈ നമ്പറില്‍ തന്നെ വിളിക്കാന്‍ പറഞ്ഞാല്‍ മതി സാര്‍..."
ഇന്ന് കോളേജില്‍ എത്തിയ ഉടനെ എന്റെ മൊബൈലിലേക്ക് വന്ന എ.എ യുടെ ഫോണിന് ഞാന്‍ വളരെ ലാഘവത്തോടെ മറുപടി നല്കി.തുടര്‍ന്ന് കമ്പ്യൂട്ടര്‍ ലാബിന് അടുത്തെത്തിയപ്പോഴാണ് ഓപ്ഷന് രജിസ്ട്രേഷന് സംബന്ധിച്ച് പല പ്രശ്നങ്ങള്‍ക്കും ഉത്തരം തേടി ഒരു ജനസമുദ്രം അവിടെ കാത്തുനില്ക്കുന്ന വിവരം ഞാന്‍ അറിഞ്ഞത്.എന്റെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞതു വഴി കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതത്താന്റെ വലിപ്പം അല്പം കഴിഞ്ഞപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്.
അഡ്മിനിസ്ട്രേറ്റര്‍ ആയി പേര് കിട്ടി എന്നല്ലാതെ പ്രത്യേകിച്ച് ഒരു പവറും തന്നിട്ടില്ലാത്തതിനാല്‍ വിവരങ്ങള്‍ അറിയാനായി ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മന്റ് തന്ന ഫോണ്‍ നമ്പറുകളില്‍ എന്‍ട്രന്‍സ് കമ്മീഷണറെ വിളിച്ചു നോക്കാന്‍ ഞാന്‍ എ.എ.യുടെ അടുത്തെത്തി.നല്കപ്പെട്ട നമ്പറുകളില്‍ ആദ്യത്തേതില്‍ തന്നെ വിളിച്ചു.ഉത്തരം ഇതായിരുന്നു:
"ദിസ് ടെലിഫോണ്‍ നമ്പര്‍ ഡസ് നോട്ട് എക്സിസ്റ്റ്....വിളിച്ച കോഡ് നിലവിലില്ല"
ഇംഗ്ലീഷില്‍ പറഞ്ഞത് മനസ്സിലായില്ല എന്ന് കരുതി അവള് തന്നെ മലയാളത്തിലും പറഞ്ഞ് തന്നു.ഒന്ന് കൂടി ഡയല് ചെയ്തെങ്കിലും കളവാണിക്ക് മാറ്റമില്ലാത്തതിനാല്‍ ഞാന്‍ അടുത്ത നമ്പറില്‍ വിളിച്ചു.ഇത്തവണ ഉത്തരം ഇതായിരുന്നു:
".....രസ്ത് ഹെ,കൃപയാ കുച് ദേര്‍ ബാദ് കോഷിഷ് കരോ..."
ഉടന്‍ എന്റെ മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി.
"ഹലോ...ആബിദ് സാര്‍ അല്ലേ...സാര്‍ പാസ്വേഡ് സെറ്റ് ചെയ്ത് കയറാന്‍ ശ്രമിക്കുമ്പോള്‍ കയറാന്‍ പറ്റുന്നില്ല...."
"എന്നാല്‍ ഒരു ഏണി വച്ച് കയറാന്‍ നോക്ക്" എന്ന് മനസ്സില്‍ വന്നെങ്കിലും എ.എ മുന്നില്‍ ഇരിക്കുന്നതിനാല്‍ പത്ത് മിനുട്ട് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു.കട്ട് ചെയ്തതും അടുത്ത വിളി വന്നു.
"ഹലോ...ആബിദ് സാര്‍ ആണോ?"
"ആണ് തന്നെ" എന്നായിരുന്നു ആ പെണ്മൊഴിക്ക് എന്റെ മനസ്സിലെ ഉത്തരം,പക്ഷേ പറയാന്‍ വയ്യല്ലോ-എ.എ മുമ്പിലിരിക്കുന്നു.
"സാര്‍....ഞാന്‍ ബാങ്ക്ലൂരില്‍ നിന്നാണ്.എനിക്ക് ഓപ്ഷന് കൊടുക്കാന്‍ കീ നമ്പര്‍ കിട്ടിയിട്ടില്ല...അത് എവിടെ നിന്ന് കിട്ടും?"
"മജെസ്റ്റിക് മാര്‍കറ്റില്‍ നിന്ന്" എന്ന് ഉത്തരം പറയാന്‍ പറ്റില്ലല്ലോ,എ.എ മുമ്പിലിരിക്കുന്നു.
"ഒരു പത്ത് മിനുട്ട് കഴിഞ്ഞ് വിളിക്കൂ...ഞാനിപ്പോള്‍ ആ വിവരങ്ങള്‍ അറിയാനായി തിരുവനന്തപുരത്തേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്..."
മറുപടി പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തതും അടുത്ത വിളി.എ.എ സീറ്റിലിരുന്ന് ചിരിക്കാന്‍ തുടങ്ങി.ഞാന്‍ നിസ്സഹായനായി ആ കാളും അറ്റന്റ് ചെയ്തു.
അപ്പോഴേക്കും കുച് ദേറും കുച് കുച് ദേറും കുച് x 100 ദേറും കഴിഞ്ഞിട്ടും "രസ്ത് ഹേ" ഉത്തരം തന്നെയായിരുന്നു മറുപടി.
"ഹും....നീ സ്വസ്ത് ഹേ...ഞാന്‍ രാസ്ത മേം ഹൂം...(നീ സുഖിക്കുന്നു,ഞാന്‍ പെരുവഴിയില്‍ ഉഴലുന്നു)" എന്ന ആത്മഗതത്തോടെ ഞാന്‍ അവിടെ നിന്നും പുറത്തിറങ്ങി.ലാബിലേക്കുള്ള 25 മീറ്റര്‍ ദൂരം താണ്ടുമ്പോഴേക്കും വീണ്ടും പതിനഞ്ച് കാളുകള്ക്കെങ്കിലും ഞാന്‍ മറുപടി നല്കി.
സംഗതി അതു കൊണ്ടും നിന്നില്ല.ലാബിനുള്ളില്‍ ഒപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയവര്‍ക്കും സ്ക്രീനില്‍ സന്ദേശങ്ങള്‍ വന്നു:"Invalid Information..You have 4 chances left"
"ങാ...കീ നമ്പറോ മറ്റോ കൊടുത്തത് തെറ്റിയിരിക്കും...ഒന്ന് കൂടി എന്റര്‍ ചെയ്യൂ..."
ഞാന്‍ അവരെ സമാധാനിപ്പിച്ചു.അവര്‍ വീണ്ടും ചെയ്തു.
"Invalid Information..You have 3 chances left" വീണ്ടും മെസേജ് വന്നു.
"നിങ്ങള്‍ക്കിത് നേരാംവണ്ണം എന്റര്‍ ചെയ്യാനും അറിയത്തില്ലേ" എന്ന ആത്മഗതത്തോടെ ഞാന്‍ തന്നെ നേരിട്ട് ചെയ്തു നോക്കി.അപ്പോഴും ഉത്തരം:
"Invalid Information..You have 2 chances left"!!!
കുട്ടിയുടേയും രക്ഷിതാവിന്റേയും ഹൃദയത്തില്‍ ആശങ്കയുടെ സുനാമികള്‍ അടിക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഉള്ളിലും പൂരം വെടിക്കെട്ട് നടക്കുന്നപോലെ തോന്നി.ഒരിക്കല്‍ കൂടി ശ്രമിക്കാം എന്ന് എന്റെ അഡ്മിന് പവര്‍ എന്ന ചെകുത്താന് ഉള്ളില്‍ നിന്നും ഉപദേശിച്ചതനുസരിച്ച് വളരെ ശ്രദ്ധിച്ച് ഞാന്‍ വീണ്ടും എല്ലാം ഭംഗിയായി എന്റര്‍ ചെയ്തു.ഉത്തരം തഥൈവ:
"Invalid Information..You have 1 chance left".
ബോധം കെട്ടു വീഴേണ്ടത് ഞാനോ കുട്ടിയോ അതോ രക്ഷിതാവോ എന്ന ആശയകുഴപ്പത്തിനിടയില്‍ ഞാന്‍ പറഞ്ഞു:
" നിങ്ങള്‍ അല്പം വെയ്റ്റ് ചെയ്യൂ...ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ..."
തല്ക്കാലം സീറ്റ് കാലിയാക്കിയ ഞാന്‍ സഫാ മര്‍വ്വക്കിടയിലുള്ള ഓട്ടത്തെപ്പോലെ ഓഫീസിനും ലാബിനും ഇടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.അതിനിടക്ക് വന്ന ഒരു കാള്‍ അറ്റന്റ് ചെയ്തതോടെ മൊബൈലില്‍ നിന്നും ഒരു ശബ്ദവും ഒപ്പം സന്ദേശവും എത്തി
"Battery Low".
ഉടന്‍ അടുത്ത കാള്‍ വന്നു,അതോടെ ഇന്നു രാവിലെ റീചാര്‍ജ്ജ് ചെയ്ത എന്റെ മൊബൈല്‍ അന്ത്യശ്വാസവും വലിച്ചു.വിളിച്ചവര്‍ക്കും ഇനിയും വിളിക്കുന്നവര്‍ക്കും സമാധാനം പോയെങ്കിലും എന്റെ ശ്വാസം മൂക്കിലൂടെ മാത്രം കയറാനും മൂക്കിലൂടെ മാത്രം ഇറങ്ങാനും തുടങ്ങി.
വൈകിട്ട് വീട്ടിലെത്തി ഫോണ്‍ റീചാര്‍ജ്ജ് ചെയ്ത് ഓണാക്കിയതോടെ തൂറ്റല് പിടിച്ച ..... പോലെ മെസേജുകള്‍ പ്രവഹിക്കാന്‍ തുടങ്ങി.ഇപ്പോള്‍ അതിന്റെ ഡിസ്പ്ലേയില്‍ കാണുന്നത് "No space for new Message" എന്നാണ്.എന്നുവച്ചാല്‍ എന്റെ തലക്കുമുകളില്‍ മൂളിക്കൊണ്ടിരിക്കുന്നത് കൊതുകല്ല,എന്റെ മൊബൈലിലേക്ക് കയറാന്‍ അവസരം പാത്ത് കറങ്ങുന്ന ഏതോ ഹതഭാഗ്യന്റെ കാള്അലര്ട്ട് മെസേജ് ആണ് എന്നര്‍ത്ഥം.
ഓപ്ഷന് രജിസ്ട്രേഷനെ സംബന്ധിച്ച് ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ചു കൊടുക്കാനുള്ള ഓപ്ഷന് ഫസിലിറ്റേഷന്‍ സെന്ററിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയി എന്റെ പേര് കൊടുക്കട്ടയോ എന്ന് തലേ ദിവസം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മന്റ് ചോദിച്ചതിന്റെ പിന്നില്‍ ഇത്രയും വലിയൊരു സത്വം ഒളിഞ്ഞിരിക്കുന്നത് ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല .
14 comments:
"ഹലോ...ആബിദ് സാര്‍ അല്ലേ...സാര്‍ പാസ്വേഡ് സെറ്റ് ചെയ്ത് കയറാന്‍ ശ്രമിക്കുമ്പോള്‍ കയറാന്‍ പറ്റുന്നില്ല...."
"എന്നാല്‍ ഒരു ഏണി വച്ച് കയറാന്‍ നോക്ക്" എന്ന് മനസ്സില്‍ വന്നെങ്കിലും എ.എ മുന്നില്‍ ഇരിക്കുന്നതിനാല്‍ പത്ത് മിനുട്ട് കഴിഞ്ഞ് വിളിക്കാന്‍ പറഞ്ഞു.കട്ട് ചെയ്തതും അടുത്ത വിളി വന്നു.
വേലിമേൽ കിടക്കുന്ന ഭൂതത്തെയെടുത്ത് മൊബൈലിലിട്ടാൽ ഇങ്ങനെയിരിക്കും ഹിഹി ഹീ...
മാഷെ..:):):):)
പാരയായല്ലേ?
ithum oru anubhavam!
ഇതൊരു വന്‍ പാര ആയി പോയല്ലോ മാഷേ
ഹ..ഹ..ഹ
(മാഷിന്റെ ബുദ്ധിമുട്ടോര്‍ത്ത് ഞാന്‍ ചിരിക്കും.ഇല്ലേല് ഞാന്‍ എവിടുത്തെ മലയാളിയാ?)
യെ നമ്പര്‍ വ്യസ്ത് ഹൈ..കൃപയാ ഏക് മഹീനെ കെ ബാദ് ഡയല് കരോ....എന്നോ മറ്റോ ഒരു മെസ്സേജ് കൊടുക്ക് മാഷേ
:)
ഇപ്പോള്‍ എല്ലാം ശരിയായില്ലേ?
രസമായി എഴുതിയിട്ടുണ്ട്. മാഷ്.
ബഹുത് അച്ഛാ....!!
OAB....വേലിയിലെ ഭൂതം മൊബൈലില്‍ ഇനി ഇടില്ല....
ചാണക്യാ ...ക്യാ...ക്യാ...
ശ്രീ...പാറയായ പാര എന്നാണ് കൂടുതല്‍ നല്ല പദം
ramaniga...ഒരു ഒന്നൊന്നര അനുഭവം അല്ലേ?
അരുണ്‍....ചിരിച്ചോ ചിരിച്ചോ.....പാര എവിടെ നിന്നും വരാം....സൂക്ഷിച്ചോണ്ടൂ...
രഘുജീ...അങ്ങനെയുള്ള മെസേജ് കൊടുക്കുന്നത് എങ്ങനെയാ?
വശംവദാ....നന്ദി
Typist....അന്നു പതിന്നൊന്നരയോടെ എല്ലാം ശരിയായി,എന്റെ മൊബൈല്‍ ഒഴികെ.
കുമാരാ....നല്ല വാക്കിന് നന്ദി
വഹാബ്...അതിനെന്തിനാ അച്ഛനെ വിളിക്കുന്നത്?
ഹോ.. മാഷുടെ ആ അവസ്ഥയോർത്ത് സങ്കടപ്പെട്ട് ചിരിച്ചൂ..ഇതാണ് പാര :)
ബഷീറേ....സങ്കടച്ചിരി ആദ്യമായാ കേള്‍ക്കുന്നത്
Post a Comment
നന്ദി....വീണ്ടും വരിക