Pages

Saturday, August 15, 2009

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?

ഇന്ത്യ സ്വതന്ത്രമായിട്ട്‌ ഇന്ന് ഈ നിമിഷം അറുപത്തിരണ്ട്‌ വര്‍ഷം തികയുന്നു(തെറ്റാതിരിക്കാന്‍ കാല്‍കുലേറ്റര്‍ വച്ച്‌ കണക്ക്‌ കൂട്ടിയതാ).ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്നും അന്ന്‌ ഗാന്ധിജിയും നെഹ്രുവും പട്ടേലും മൗലാനാ ആസാദും അടക്കമുള്ള മഹാന്മാരായ നേതാക്കളുടെ നിരന്തര സമരങ്ങളുടെ ഫലമായി നാം മോചിതരായി.ചരിത്രത്താളുകളില്‍ ഇടം പിടിക്കാത്ത, സ്വന്തം പേര്‌ എവിടേയും രേഖപ്പെടുത്താനാവാത്ത അസംഖ്യം ധീരജവാന്മാരും ഈ മഹായജ്ഞത്തില്‍ നേതാക്കള്‍ക്ക്‌ പിന്തുണയേകി വീരമൃത്യു വരിച്ചു.

ബ്രിട്ടീഷ്‌ ഭരണം ഇന്ത്യക്കാരന്റെ മേല്‍ അടിച്ചേല്‍പിച്ച നയങ്ങളും നിയമങ്ങളുമായിരുന്നു ,സ്വാതന്ത്ര്യം വേണം എന്ന ചിന്ത ഇന്ത്യക്കാരനില്‍ ഉണ്ടാക്കിയത്‌ എന്നാണ്‌ നാമെല്ലാം താഴ്‌ന്ന ക്ലാസ്സുകളില്‍ പഠിച്ചത്‌.ഉന്നത ഉദ്യോഗങ്ങളില്‍ ഇംഗ്ലീഷ്‌ പഠിച്ചവര്‍ക്ക്‌ മാത്രം നിയമനം നല്‍കുക,ഇംഗ്ലീഷുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പിലാക്കുക,വര്‍ണ്ണവിവേചനം കാണിക്കുക, ഇന്ത്യയുടെ സമ്പത്ത്‌ ബ്രിട്ടനിലേക്ക്‌ കയറ്റുക തുടങ്ങീ നാനാവിധ ബുദ്ധിമുട്ടുകള്‍ അക്കാലത്തെ ജനങ്ങള്‍ക്ക്‌ സഹിക്കേണ്ടി വന്നതായി നാം ചരിത്രത്തില്‍ നിന്നും പഠിച്ചു.(എല്ലാം കൊട്ടിപ്പാടി നിങ്ങളെ ഞാനും ബുദ്ധിമുട്ടിക്കുന്നില്ല).

എന്നാല്‍ അന്ന്‌ നാം എന്തില്‍ നിന്നൊക്കെ മോചിതരാകാനാണോ സ്വാതന്ത്ര്യം കാംക്ഷിച്ചതു അതേ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ പിന്തുടരുന്ന ദയനീയ കാഴ്ചയാണ്‌ ഇന്ന്‌ നാം ദര്‍ശിക്കുന്നത്‌.അവ ബോധ്യപ്പെടാന്‍ നിങ്ങള്‍ തന്നെ എല്ലാ രംഗങ്ങളും പരിശോധിച്ച്‌ നോക്കുക.ശേഷം ഞാന്‍ പറയുന്നവ വായിച്ച്‌ താരതമ്യം ചെയ്യുക.

1) ഉന്നത ഉദ്യോഗങ്ങളില്‍, ഇംഗ്ലീഷ്‌ പഠിച്ച ഉന്നതകുലജാതര്‍ക്ക്‌ മാത്രമായിരുന്നു ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ പ്രവേശനം.ഇന്നത്തെ ഇന്ത്യയിലും ഉന്നത ഉദ്യോഗസ്ഥര്‍ തൊണ്ണൂറ്‌ ശതമാനവും സവര്‍ണ്ണ വരേണ്യ വര്‍ഗ്ഗക്കാരാണ്‌.അല്ലാത്തവരായി എടുത്ത്‌ കാണിക്കാന്‍ പറ്റുന്നത്‌ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്‌ ശ്രീ.കെ.ജി.ബാലകൃഷ്ണന്‍ പോലെയുള്ള അല്‍പം ചില വ്യക്തിത്വങ്ങള്‍ മാത്രമായിരിക്കും.

2) ഇംഗ്ലീഷുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പിലാക്കിയതായിരുന്നു എതിര്‍പ്പിന്‌ മറ്റൊരു കാരണം.ഇന്ന്‌ അതിന്റെ മറ്റൊരു രൂപത്തില്‍, പണക്കാരനും പാവപ്പെട്ടവനും ഇടയില്‍ ഒരേ നിയമങ്ങള്‍ രണ്ടു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയായി.പണക്കാരന്‌ ഏത്‌ നിയമത്തിന്റെ മുന്നില്‍ നിന്നും പാട്ടുംപാടി രക്ഷപ്പെടാന്‍ കഴിയുമ്പോള്‍ പണമില്ലാത്തവന്‍ അഴി എണ്ണുക തന്നെ വേണ്ടി വരുന്നു.

3) വര്‍ണ്ണവിവേചനം കാണിക്കുക എന്നത്‌ ഇന്ന്‌ അപ്രായോഗികമാണ്‌.എന്നിട്ടും സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന പഴയ വ്യവസ്ഥ നമ്മുടെ പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നതായി പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇന്നും വോട്ടവകാശം സ്വയം തീരുമാനിക്കാന്‍ സാധിക്കാത്തവര്‍ ഇന്ത്യയിലുണ്ട്‌ എന്നത്‌ ഒരു ദു:ഖ സത്യമാണ്‌.

4) ഇന്ത്യയുടെ സമ്പത്ത്‌ ബ്രിട്ടനിലേക്ക്‌ കയറ്റുക എന്നതായിരുന്നു ചൂഷണത്തിന്റെ മറ്റൊരു മുഖം.അതായത്‌ സ്വന്തം നാട്ടിലേക്ക്‌ അഥവാ വീട്ടിലേക്ക്‌ കടത്തുക.ഇന്ന്‌ അഴിമതി വീരന്മാരായ പല മന്ത്രിമാരും ചെയ്തതും ചെയ്യുന്നതും അതു തന്നെയല്ലേ?പൊതുമുതല്‍ സ്വന്തം ആവശ്യങ്ങള്‍ക്കും സ്വന്തക്കാരുടെ ക്ഷേമത്തിനും വേണ്ടി ചിലവഴിക്കുന്നവരും പൊതുഖജനാവ്‌ കൊള്ളയടിക്കുന്നവരുമല്ലേ നമ്മുടെ പല ഭരണപുംഗവന്മാരും.

അപ്പോള്‍ സ്വാഭാവികമായും ഒരു സംശയം ഉയരുന്നു. അറുപത്തിരണ്ട്‌ വര്‍ഷം മുമ്പ്‌ നാം നേടിഎടുത്തത്‌ സ്വാതന്ത്ര്യമായിരുന്നോ?അതോ ഇതൊക്കെ നമുക്കും പയറ്റാനുള്ള ലൈസന്‍സ്‌ ആയിരുന്നോ?ഈ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ഭാരതീയനെന്ന്‌ അഭിമാനിക്കുന്ന ഓരോരുത്തരും ചിന്തിച്ചു നോക്കുക.

(സ്വാതന്ത്ര്യദിനാശംസകള്‍ എന്നതിന്‌ പകരം മറ്റൊരു ആശംസാവാചകം മനസ്സില്‍ വരുന്നതിനാല്‍ ആശംസകള്‍ മനപ്പൂര്‍വ്വം ഞാന്‍ ഇവിടെനിന്നും ഒഴിവാക്കുന്നു.)

17 comments:

Areekkodan | അരീക്കോടന്‍ said...

അറുപത്തിരണ്ട്‌ വര്‍ഷം മുമ്പ്‌ നാം നേടിഎടുത്തത്‌ സ്വാതന്ത്ര്യമായിരുന്നോ?അതോ ഇതൊക്കെ നമുക്കും പയറ്റാനുള്ള ലൈസന്‍സ്‌ ആയിരുന്നോ?

ചാണക്യന്‍ said...

സ്വാതന്ത്ര്യ ദിനത്തെ ലൈസന്‍സ് ദിനമെന്ന് വിളിച്ച് ആക്ഷേപിക്കുന്നു എന്നു പറഞ്ഞ് ബൂലോക പോലിസുകാര്‍ മാഷിനെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്താനുള്ള സാധ്യത കാണുന്നുണ്ട്...:):):):):):):)

Areekkodan | അരീക്കോടന്‍ said...

ചാണക്യാ നന്ദി..പോലീസെത്തും മുമ്പേ ഞാന്‍ തടി എടുക്കുന്നു.

Sabu Kottotty said...

“എന്നാല്‍ അന്ന്‌ നാം എന്തില്‍ നിന്നൊക്കെ മോചിതരാകാനാണോ സ്വാതന്ത്ര്യം കാംക്ഷിച്ചതു അതേ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാരുകള്‍ പിന്തുടരുന്ന ദയനീയ കാഴ്ചയാണ്‌ ഇന്ന്‌ നാം ദര്‍ശിക്കുന്നത്.”

സ്വാതന്ത്ര്യം (പേരില്‍)നേടിയെന്നേയുള്ളൂ...
അതനുഭവിച്ചു തുടങ്ങിയിട്ടില്ല...!

smitha adharsh said...

സ്വാതന്ത്ര്യ ദിനാശംസകള്‍..

ബഷീർ said...

എന്താ പറയാ.. മാഷേ..

എന്നാലും സ്വാതന്ത്ര്യ ദിനാശംസകൾ നേരട്ടെ :)

Rakesh R (വേദവ്യാസൻ) said...

മാഷേ ഇതൊക്കെ ഇങ്ങനെ വിളിച്ചു പറയാനുള്ള ലൈസന്‍സ്‌ ആണ് ആണ് നമുക്ക് കിട്ടിയത്‌.

സ്വാതന്ത്ര്യ ദിനാശംസകള്‍

Anuroop Sunny said...

1947 ലെ സ്വാതന്ത്ര്യം എല്ലാ അര്‍ത്ഥത്തിലുമുള്ളതെന്ന് ആരാണ്‌ നമ്മെ തെറ്റുധരിപ്പിച്ചത്‌? കേവലം ഒരു രാഷ്ട്രീയസ്വാതന്ത്ര്യമെന്നതിനപ്പുറത്തേക്ക് സ്വരാജൊന്നും ഇവിടെ സ്ഥാപിതമായിട്ടില്ലല്ലോ. സ്വാതന്ത്ര്യം കരഗതമായിട്ടില്ലെന്നും അതിനായി യത്നിക്കണമെന്നും നമ്മെ ഓര്‍മ്മെപ്പെടുത്തുകയാണ്‌ ഓരോ സ്വാതന്ത്ര്യദിനവും..

സ്വാതന്ത്ര്യദിനാശംസകള്‍

Faizal Kondotty said...

സ്വാതന്ത്ര്യ ദിനാശംസകള്‍..

ഇ.എ.സജിം തട്ടത്തുമല said...

പണക്കാർക്കും അവർക്കുവേണ്ടി ഭരണവർഗ്ഗത്തിനും എന്തും ചെയ്യാനുള്ള ലൈസൻസാണ് സ്വാതന്ത്ര്യമെന്നു ഭരണകൂടം നമ്മെ പഠിപ്പിച്ചുകൊണ്ടിരിയ്ക്കുകയല്ലേ?

Typist | എഴുത്തുകാരി said...

വേദവ്യാസന്‍ പറഞ്ഞതുപോലെ ഇതൊക്കെ ഇങ്ങനെ ഉറക്കെ വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമെങ്കിലുമില്ലേ?

മുക്കുവന്‍ said...

yea, I do agree with vyasan!

Areekkodan | അരീക്കോടന്‍ said...

കൊട്ടോട്ടീ...താങ്കളുടെ ആ കൊട്ട്‌ എനിക്കിഷ്ടപ്പെട്ടു.പേരിലുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ ചിലര്‍ക്ക്‌ മാത്രം യോഗം അല്ലേ?

സ്മിത...നന്ദി

ബഷീര്‍...ഇതു തന്നെ പറയാ...നന്ദി

വേദവ്യാസാ....വളരെ ശരിയാണ്‌.1947-ന്‌ മുമ്പ്‌ ഇത്‌ വിളിച്ചുപറഞ്ഞാല്‍ ജയിലില്‍ പോകുമായിരുന്നു.ഇന്ന് തെളിയിച്ചുകാണിച്ചവന്‍ പോലും ജയിലില്‍ പോകുന്നില്ല.

അനുരൂപ്‌....സ്വാഗതം.അപ്പോള്‍ നമുക്കിനിയും സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുക്കാം എന്നല്ലേ?

ഫൈസല്‍...നന്ദി

സജീം...അതേ ലൈസന്‍സ്‌ തന്നെ

എഴുത്തുകാരി ചേച്ചീ,മുക്കുവാ...അതേ,അതൊരു സ്വാതന്ത്ര്യം തന്നെ

ടി. കെ. ഉണ്ണി said...

മാഷേ, സ്വാതന്ത്ര്യമാണോ ലൈസന്‍സ്‌ ആണോ നമുക്കിന്നു കൈവശമുള്ളതെന്ന കാര്യത്തില്‍ മാഷിന്‍റെ അഭിപ്രായങ്ങളോട് വിയോജിപ്പിനേക്കാള്‍ കൂടുതല്‍ യോജിപ്പാണ് ഉള്ളത്‌.
ഇന്ന് ജീവിച്ചിരിപ്പുള്ള സ്വാതന്ത്ര്യസമരഭടന്മാരില്‍ പലര്‍ക്കും
ഇന്നത്തെ നമ്മുടെ സ്വാതന്ത്ര്യ ആവേശത്തില്‍ ദുഖവും ആശങ്കയും ആണുള്ളത്‌.

ഒരു നുറുങ്ങ് said...

അരീക്കോടന്‍ മാഷേ,
എനിക്കും ലഭിച്ചു ആ ലൈസന്‍സ് 1947ല്‍,വാലിഡിറ്റി
അന്നേ എക്സ്പയറിയായി ! ഒടുവില്‍ കിട്ടിയതാ ഈ
താമ്രപത്രം...എറിയാന്‍ തുനിഞ്ഞപ്പോള്‍ ഒരൊറ്റ
കുറുക്കന്മാരെയും കാണാനില്ല ഈ സ്വതന്ത്രമണ്ണില്‍..
അവന്മാരിപ്പോള്‍ ഓരിയിടാന്‍ ‘മാനം’നോക്കി നടക്കാ..ഇപ്പൊ അവറ്റകള്‍ക്ക് ഭൂമിയുമില്ല!
മാനവുമില്ലാണ്ടായി!! നോക്കണേ,ഒരു
സ്വാതന്ത്ര്യത്തിന്‍റെ പാരതന്ത്ര്യം...

കുഞ്ഞായി | kunjai said...

വേദവ്യാസന്‍ പറഞ്ഞത്പോലെ ഇതൊക്കെ വിളിച്ച്പറയാനുള്ള ലൈസന്‍സാണ് നമുക്ക് 62 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ചത്.

എനിക്ക് പലപ്പോയും തോന്നിയിട്ടുള്ളത് നമുക്ക് സ്വാതന്ത്രം കൂടിപ്പോയീ എന്നാണ്.ആര്‍ക്കും ആരെയും പേടിയില്ലാത്ത ഈ അവസ്ഥ ആദ്യം മാറണം.

Areekkodan | അരീക്കോടന്‍ said...

ഉണ്ണിയേട്ടാ....സ്വാതന്ത്ര്യ സമരത്തിണ്റ്റെ തീക്ഷണതയും ബുദ്ധിമുട്ടും അത്‌ അനുഭവിച്ചവര്‍ക്കേ അറിയൂ.1971-ല്‍ ജനിച്ച എനിക്ക്‌ അത്‌ കേട്ട്‌ കേള്‍വി മാത്രം.എങ്കിലും ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഇങ്ങനെ പറയാതിരിക്കാന്‍ വയ്യ.

ഹാറൂണ്‍ക്ക....സ്വാഗതം.ഇതിലൂടെ ഞാന്‍ താങ്കളുടെ ബ്ളോഗില്‍ എത്തി(ഈ സിസ്റ്റത്തില്‍ താങ്കളുടെ കമണ്റ്റ്‌ ബോക്സില്‍ കമണ്റ്റിടാന്‍ പറ്റുന്നില്ല.താങ്കളുടെ മാത്രമല്ല,അതുപോലെ കമണ്റ്റ്‌ ബോക്സ്‌ ഉള്ള എല്ലാ ബ്ളോഗിലും).താങ്കളുടെ ഇച്ഛാശക്തി എല്ലാവര്‍ക്കും ഒരു പ്രചോദനമാകട്ടെ.സര്‍വ്വശക്തന്‍ നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും ലഘൂകരിച്ച്‌ തരുമാറാകട്ടെ , ആമീന്‍. വിളിക്കുക 9447842699

കുഞ്ഞായീ.... സ്വാതന്ത്ര്യം കൂടിയതു തന്നെയാവാം യഥാര്‍ത്ഥ കാരണം

Post a Comment

നന്ദി....വീണ്ടും വരിക