Pages

Wednesday, October 07, 2009

ജ്വാലകള്‍ ശലഭങ്ങള്‍ പ്രകാശനം ചെയ്തു.

കൈതമുള്ള്‌ എന്ന ബ്ലോഗിലൂടെ പ്രശസ്തനായ ശ്രീ.ശശി ചിറയലിന്റെ ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകം ഡോ:സുകുമാര്‍ അഴീക്കോട്‌ പ്രകാശനം ചെയ്തു.ഇന്നലെ വൈകിട്ട്‌ ആറ്‌ മണിക്ക്‌ കോഴിക്കോട്‌ ടൗണ്‍ഹാളിലായിരുന്നു പ്രകാശനകര്‍മ്മം.സിസ്റ്റര്‍ ജെസ്മി ആദ്യപ്രതി ഏറ്റുവാങ്ങി.ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ ശ്രീ.യു.എ.ഖാദര്‍ അധ്യക്ഷത വഹിച്ചു.ഡോ: അസീസ്‌ തരുവണ പുസ്തകത്തെ സദസ്സിന്‌ പരിചയപ്പെടുത്തി.കഥാകൃത്ത്‌ ശ്രീ.പി.കെ.പാറക്കടവ്‌ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോഗ്‌ എന്ന നവമാധ്യമത്തിലൂടെ മലയാള സാഹിത്യം പുതിയ ഉയരങ്ങള്‍ തേടുന്നതായി ശ്രീ.അഴീക്കോട്‌ സൂചിപ്പിച്ചു.ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തിലൂടെ സ്ത്രീയെ ഒരു ജ്വാലയായും അതിന്റെ ആകര്‍ഷണവലയത്തില്‍ പെട്ട്‌ എരിയുന്ന വിവിധ ശലഭങ്ങളേയും ഗ്രന്ഥകാരന്‍ സമര്‍ത്ഥമായി അവതരിപ്പിക്കുന്നതായി അഴീക്കോടന്‍ മാഷ്‌ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ കാലാനുസൃതമായ മാറ്റമാണ്‌ ബ്ലോഗില്‍ നിന്നും അച്ചടി മഷി പുരളുന്ന പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നത്‌ എന്ന് ശ്രീ.യു.എ.ഖാദര്‍ പറഞ്ഞു.പെന്‍സില്‍ ഉപയോഗിച്ച്‌ കുത്തിക്കുറിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഇന്നത്‌ കീബോഡും മൗസും ഉപയോഗിച്ച്‌ രചന നടത്തുന്ന യുഗത്തില്‍ എത്തിനില്‍ക്കുന്നു. പുസ്തകത്തിന്റെ ദ്വിതീയ തലവാചകമായ പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്നത്‌ യഥാര്‍ത്ഥത്തില്‍ ആണനുഭവങ്ങള്‍ അല്ലേ എന്നായിരുന്നു സിസ്റ്റര്‍ ജെസ്മിയുടെ സംശയം.കാലം കാത്തുനില്‍ക്കുന്ന ഒരു "എംപവേഡ്‌ വുമണ്‍" ജ്വാലകള്‍ ശലഭങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നതായി സിസ്റ്റര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന് ലളിതമായി പറഞ്ഞു പോകുമ്പോഴും ഓരോ സ്ത്രീയും ഒരു ജ്വാലയായി അനാവരണം ചെയ്യപ്പെടുകയാണ്‌.ജ്വാല സര്‍വ്വസംഹാരിണിയും വെളിച്ചത്തിന്റെ കാഴ്ച തരുന്ന ദേവതയുമാണ്‌.പുസ്തകം പരിചയപ്പെടുത്തി ഡോ:അസീസ്‌ തരുവണ പറഞ്ഞു. ജീവിതവുമായി ബന്ധപ്പെട്ട കഥകള്‍ക്കേ നിലനില്‍പ്പുള്ളൂ എന്ന് ശ്രീ.പി.കെ.പാറക്കടവ്‌ അഭിപ്രായപ്പെട്ടു.ശ്രീ.കൈതമുള്ളിന്റെ പ്രവാസി ജീവിതത്തിലെ പതിനഞ്ച്‌ സ്ത്രീകളോടൊത്തുള്ള ജീവിതഗന്ധിയായ അനുഭവക്കുറിപ്പുകളാണ്‌ ഈ പുസ്തകമെന്നും അതിനാല്‍ തന്നെ കാലങ്ങളോളം അത്‌ ചര്‍ച്ച ചെയ്യപ്പെടും എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ചടങ്ങില്‍ പ്രമുഖ ബ്ലോഗര്‍മാരായ മലബാരി,നിരക്ഷരന്‍,ജി.മനു,മിന്നാമിനുങ്ങ്‌,കരീം മാഷ്‌,നിത്യന്‍,ആഗ്നേയ,കലേഷ്‌,ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌,കുറുമാന്‍,കോമരം,കുട്ടന്‍ മേനോന്‍,ദ്രൌപതി തുടങ്ങിയവരും പങ്കെടുത്തു.( പങ്കെടുത്ത ഏതെങ്കിലും ബ്ലോഗറുടെ പേര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം വിവരക്കേടു കൊണ്ടാണ്.സദയം ക്ഷമിക്കാന്‍ അപേക്ഷ.)കുവൈത്തില്‍ കാറപകടത്തില്‍ നിര്യാതനായ ബ്ലോഗര്‍ ജ്യോനവന്റെ സ്മരണക്ക് മുന്നില്‍ ഒരു മിനുട്ട് മൌനം ആചരിച്ചാണ് പരിപാടി ആരംഭിച്ചത്. കോഴിക്കോട്ടെ ലിപി പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്തകം പ്രസാധനം ചെയ്തത്‌.ചടങ്ങിനെത്തിയവര്‍ക്ക്‌ ശ്രീ.ഗണേഷ്‌ പന്നിയത്ത്‌ സ്വാഗതവും പുസ്തക രചയിതാവ്‌ ശ്രീ.കൈതമുള്ള്‌ നന്ദിയും അര്‍പ്പിച്ചു.പ്രകാശന കര്‍മ്മത്തിന്‌ ശേഷം ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ബസ്തുകര എന്ന കഥയെ ആസ്പദമാക്കി നരിപ്പറ്റ രാജു സംവിധാനം ചെയ്ത ബസ്തുകര എന്ന നാടകവും അവതരിപ്പിച്ചു.

17 comments:

Areekkodan | അരീക്കോടന്‍ said...

പതിനഞ്ച്‌ പെണ്ണനുഭവങ്ങള്‍ എന്ന് ലളിതമായി പറഞ്ഞു പോകുമ്പോഴും ഓരോ സ്ത്രീയും ഒരു ജ്വാലയായി അനാവരണം ചെയ്യപ്പെടുകയാണ്‌.ജ്വാല സര്‍വ്വസംഹാരിണിയും വെളിച്ചത്തിന്റെ കാഴ്ച തരുന്ന ദേവതയുമാണ്‌.പുസ്തകം പരിചയപ്പെടുത്തി ഡോ:അസീസ്‌ തരുവണ പറഞ്ഞു.അന്നത്തെ
എന്റെ ഒരനുഭവം ഇവിടെ

പള്ളിക്കുളം.. said...

മൊത്തത്തിൽ വരും വർഷങ്ങളിൽ മലയാള സാഹിത്യത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാകും ബ്ലോഗെഴുത്ത് എന്നു നിസ്സംശയം പറയാം.
പക്ഷേ ബ്ലോഗെഴുത്തിനെ ഗൌരവമായി കാണുന്നവർ നന്നേ കുറയുമല്ലോ...

yousufpa said...

ശശിയേട്ടന് ആശംസകള്‍.
ഒട്ടേറെ പ്രതിഭകള്‍ ഇനിയും ബൂലോകത്ത് ഉണ്ട്. അവരുടെയെല്ലാം പ്രിയ രചനകള്‍ മഷിപുരണ്ട അക്ഷരങ്ങളാല്‍ വെള്ളക്കടലാസില്‍ പതിയട്ടെ.

അമ്മേടെ നായര് said...

അനോണി ബ്ലോഗര്‍മാരും പുട്ട്ഹകം ഇറക്കുന്ന ഒരു കാലം വരും!
വരില്ലേ??

chithrakaran:ചിത്രകാരന്‍ said...

പ്രകാശന വിവരങ്ങള്‍ ഭംഗിയായി നല്‍കിയതിനു നന്ദി.
പടങ്ങളില്ലേ ഇഷ്ടാ ?

PONNUS said...

ശശിയേട്ടന് ആശംസകള്‍.!!!!!!!

Anil cheleri kumaran said...

പടം വേണം..

Areekkodan | അരീക്കോടന്‍ said...

പള്ളിക്കുളം....ബ്ലോഗ് എന്ന നവമാധ്യമം ജനകീയമായപ്പോള്‍ ഗൌരവതരമായ ബ്ലോഗുകള്‍ കുറഞു.ഇവിടെയും ഗൌരവം കൂടിയാല്‍ ഞാനൊക്കെ എന്നോ ആപ്പീസും പൂട്ടി ഇറങേണ്ടി വരുമായിരുന്നു.തല്‍ക്കാലം എന്നെയൊക്കെ സഹിക്ക്വാ (എന്റെ നമ്പൂരി പറഞത്)

യൂസുഫ്പ....അതേ , ബൂലോകത്ത് നിന്നും ഇനിയും പുസ്തകങ്ങള്‍ ഇറങ്ങും , തീര്‍ച്ച.

നായരച്ഛാ...സ്വാഗതം.എന്തിനാ അനോണി ആയി ഇറക്കുന്നത്?പേരോട്‌ കൂടി തന്നെ ഇറക്കുന്ന കാലം വരട്ടെ....

ചിത്രകാരാ,കുമാരാ....പടങ്ങള്‍ കരീം മാഷ് ഇടും എന്ന് പ്രതീക്ഷിക്കുന്നു.ഞാന്‍ ക്യാമറ എടുത്തില്ലായിരുന്നു.

മുംബൈ മലയാളീ.....നന്ദി

ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ബ്ലോഗറുടെ പേര്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് എന്റെ മാത്രം വിവരക്കേടു കൊണ്ടാണ്.സദയം ക്ഷമിക്കാന്‍ അപേക്ഷ.

നിഷാർ ആലാട്ട് said...

മാഷേ..

മലയാള ബൂലോഗത്തിലെ അഭിമാന നിമിഷം

കമന്റ്റിയതിന്നു നന്ദി

(അല്ലാതെ ഞങ്ങക്കൊന്നും ആങ്ങോട്ടു വരാൻ പറ്റില്ലലോ)

സ്നേഹത്തോടെ നിഷാർ ആലാടൻ

അനില്‍@ബ്ലോഗ് // anil said...

കൈതമുള്ള വിളിച്ചിരുന്നു.
വരാന്‍ കഴിഞ്ഞില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ യൂറോപ്പിൽ ഇപ്പോൾ ഭൂരിഭാഗം പുസ്തകങ്ങളും ബ്ലോഗിൽ നിന്നും ഉടലെടുത്തുകൊണ്ടിരിക്കുകയാണ്

ഉറുമ്പ്‌ /ANT said...

ബ്ലോഗ് സാഹിത്യത്തിനു മാത്രമല്ല, മറ്റു പല ഗുണങ്ങളുമുണ്ടാകുമെന്ന് എന്റെ അനുഭവങ്ങൾ പറയുന്നു.

കൈതമുള്ളിന് ആശംസകൾ.
അരീക്കോടൻ മാഷിന് ഒരു പാത്രം പൂളേം മത്തീം :)

ഭൂതത്താന്‍ said...

ബ്ലോഗ് എന്ന നവമാധ്യമം ജനകീയമായപ്പോള്‍ ഗൌരവതരമായ ബ്ലോഗുകള്‍ കുറഞു.ഇവിടെയും ഗൌരവം കൂടിയാല്‍ ഞാനൊക്കെ എന്നോ ആപ്പീസും പൂട്ടി ഇറങേണ്ടി വരുമായിരുന്നു.തല്‍ക്കാലം എന്നെയൊക്കെ സഹിക്ക്വാ....ഈ പറഞ്ഞ തന്‍റെടത്തിന്...കൊട് കൈ ..ഇവിടെയും ചില ബു .ജീ കള്‍ ഉണ്ട്..ഒരു സിനിമയില്‍ ശ്രീ സിദ്ദിക് അവതരിപ്പിച്ച ഒരു കഥാപാത്രം പോലെ..ഉശാന്‍ താടിയും ഒരു ജുബ്ബയും പിന്നെ പ്രത്യക രീതിയില്‍ ഉള്ള ഭാവവും ഉള്ള ബു .ജീ കള്‍ .അവരുടെ "നിലവാരത്തിനു " ഒത്തത് അല്ലാത്ത ബ്ലോഗ്ഗര്‍ മാരെ ഒരു അവഞ്ജയോടെ മാത്രം വീഷിക്കുന്ന ഒരു കൂട്ടര്‍ ..മനസ്സില്‍ ആകാത്ത ഒരു ഭാഷ രീതിയും ശരിയല്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് മാത്രം പറഞ്ഞു പോയതാ ...സാഹിത്യവും കലയും സാധാരണക്കാരന് പ്രാപ്യം അല്ലെങ്കില്‍ എന്ത് ഗുണം ...പിന്നെ ഒരു പാടു വീണല്ലേ നടക്കാന്‍ പറ്റു... ഞാന്‍ കാട് കയറിയോ സോറി ...പിന്നെ പോസ്റ്റ് കൊള്ളാം...സംഭവിക്കാനുള്ളത് സംഭവിച്ചുകൊണ്ടേ ഇരിക്കും ....ബ്ലോഗ്ഗ് ഒരു മാധ്യമം തന്നെയാണ് ഒരുപാടു നല്ല സാഹിത്യകാരന്‍ മാരും കലാകാരന്‍ മാരും ഇവിടെ ഉണ്ട് ....അവര്‍ക്ക്‌ പിന്നെ "ഗോട്ഫാതെര്‍ "മാര്‍ മറ്റുള്ള ഇടങ്ങള്‍ പോലെ ഇവിടെ അധികം ഉണ്ടാവാന്‍ വഴിയില്ല എന്ന് മാത്രം ......

Areekkodan | അരീക്കോടന്‍ said...

നിഷാര്‍....മലയാള പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളില്‍ എല്ലാം വാര്‍ത്ത പരതിനോക്കിയിട്ടു കിട്ടിയില്ല.അതിനാല്‍ ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ടറായി കുപ്പായമിട്ട് നോക്കിയതാണ്.

അനില്‍ജീ...സാമാന്യം നല്ല ബ്ലോഗര്‍ പങ്കാളിത്തം ഉണ്ടായിരുന്നു.

ബിലാത്തിപ്പട്ടണം ചേട്ടാ....അപ്പോള്‍ ഇത് ഒരു വാര്‍ത്തയേ അല്ല ല്ലേ?

ഉറുമ്പ്....കൈതമുള്ളിന് ആശംസ,ഞമ്മക്ക് പൂള.ഇതെന്താ കുമ്പളങാപട്ടണമോ?

ഭൂതക്കുളത്താന്‍....ജുബ്ബയും ഊശാന്താടിയും വച്ചവരെ നാം ബു.ജീ. കള്‍ ആയി കാണുന്നതുകൊണ്ടല്ലേ അങിനെ തോന്നുന്നത്?സാഹിത്യംവും കലയും സാധാരണക്കാരന് മനസ്സിലാവണം.അപ്പോഴേ അതിന്റെ ഗുണം കിട്ടൂ.ഇവിടെ ഇടുന്ന പല കവിതകളും എനിക്ക് മനസ്സിലാകാറില്ല.അത് വായിച്ചാല്‍ ഞാന്‍ ആ അഭിപ്രായം പറയാറും ഉണ്ട്.

OAB/ഒഎബി said...

അഴീക്കോടൻ അരീക്കോടന്റെ പൊസ്ഥകം എന്നാണാവൊ പ്രകാശനം ചെയ്യുക?

Sabu Kottotty said...

അരീക്കോടന്‍ മാഷ് പുസ്തകമെഴുതുകയാണ്...

Areekkodan | അരീക്കോടന്‍ said...

ഒ.എ.ബി.....ആ പാതകം അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കണോ?

കൊട്ടോട്ടീ.....പുസ്തകമെഴുതുകയാണ് എന്നല്ല പുസ്തകത്തില്‍ എഴുതുകയാണ് എന്ന് പറയൂ.

Post a Comment

നന്ദി....വീണ്ടും വരിക