Pages

Monday, October 25, 2010

"ഒരു പ്രിസൈഡിംഗ് ഓഫീസറുടെ തെരഞെടുപ്പ് അനുഭവങ്ങള്‍"

“അബൂബക്കര്‍ മുസ്ല്യാര്‍” ഒന്നാം പോളിംഗ് ഓഫീസര്‍ ആദ്യ വോട്ടറുടെ പേര് ഉച്ചത്തില്‍ വിളിച്ചതോടെ കോഴിക്കോട്‌ ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് ആരംഭിച്ചു.അപ്പോഴാണ് ഒരാള്‍ തോളില്‍ ഒരു ക്യാമറായും വേറെ ഒരാള്‍ ഒരു വീഡിയോ ക്യാമറയും മറ്റു ചിലര്‍ സ്വന്തം ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറായ എന്റെ ശ്രദ്ധയില്‍ പെട്ടത്.ഞാന്‍ ആദ്യ വോട്ടറെ നോക്കി.’ങേ!കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ !!!’.പെട്ടെന്ന് തന്നെ ആത്മസംയമനം വീണ്ടെടുത്ത് ഞാന്‍ ക്യാമറമാന്മാരോട്‌ ബൂത്തിന് വെളിയില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു.ഫ്ലാഷ് ലൈറ്റുകളില്‍ എന്റെ കഷണ്ടിയും സുന്ദരമായി തിളങ്ങിയെങ്കിലും പത്രത്തില്‍ വന്ന എ.പി യുടെ ഫോട്ടോക്കൊപ്പം എന്റെ പടം വന്നില്ല!

“സാര്‍...അയാള്‍ ഐ ഡി കാര്‍ഡ് കാണിച്ചില്ല.” ഫസ്റ്റ് പോളിംഗ് ഓഫീസറായ ലേഡിടീച്ചര്‍ എന്നോട് പറഞ്ഞു.ആളെ അവര്‍ക്ക് മനസ്സിലായില്ലെങ്കിലും ഞാന്‍ കേള്‍ക്കാത്ത പോലെ നിന്നു.അദ്ദേഹം വോട്ടും ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ ക്യാമറാപരിവാരവും സ്ഥലം വിട്ടു.

പിന്നീട് പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത് ജനസമുദ്രമായിരുന്നു.വോട്ട് ചെയ്യാന്‍ ഇത്ര ഉത്സാഹത്തോടെ കാത്തു നില്‍ക്കുന്ന സ്ത്രീകളെയും പുരുഷന്മാരേയും ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്.സ്ത്രീകളുടെ ക്യൂ പെരുമ്പാമ്പ് പോലെ വളഞ്ഞ്പുളഞ്ഞിരുന്നു.നേരത്തെ ഓഡര്‍ ചെയ്യപ്പെട്ട ചായ തണുത്ത് കോറും എന്നും വയറ്‌ വിശന്ന് കാറും എന്നും അപ്പഴേ തീരുമാനമായി.

പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ജില്ലയിലേക്കും വോട്ട് ചെയ്യേണ്ടതിനാലും മൂന്ന് ബാലറ്റുകളും മൂന്ന് പ്രാവശ്യമായി നല്‍കിയാല്‍ മതി എന്ന നിര്‍ദ്ദേശം ഉള്ളതിനാലും വോട്ടിംഗ് ഒച്ചുവേഗതയില്‍ ഇഴഞ്ഞു.പുറത്ത് കാത്തു നില്‍ക്കുന്നവര്‍ക്ക് അകത്ത് കയറാനുള്ള വെമ്പല്‍ കൂടി വരുന്നതിനനുസരിച്ച് അകത്തേക്ക് ജനതിരമാലകള്‍ കയറി അടിക്കാന്‍ തുടങ്ങി.ക്യൂ നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട സ്പെഷ്യല്‍ പോലീസ് എന്ന കുട്ടിപ്പോലീസിനെ പലപ്പോഴും എനിക്ക് മഷിയിട്ട് നോക്കേണ്ടി വന്നു.

അപ്പോഴാണ് ബൂത്തിന്റെ വാതിലില്‍ എത്തിയ ഒരു യുവതി പെട്ടെന്ന് ചരിയുന്നതും ‘പിടി പിടി’ എന്ന് ആരോ വിളിച്ച് പറയുന്നതും ഞാന്‍ കേട്ടത്.അവര്‍ക്ക് തൊട്ടുമുമ്പില്‍ നിന്നിരുന്ന സ്ത്രീ പിടിച്ചിട്ടും ഒതുങ്ങാത്തതിനാലും ക്യൂവില്‍ നില്‍ക്കുന്ന ഒരൊറ്റ പുരുഷ പ്രജയും സഹായിക്കാത്തതിനാലും ഞാന്‍ തന്നെ അവരെ താങ്ങി.വീഴുന്നത് സ്ത്രീ ആണെങ്കില്‍ അവളെ രക്ഷിക്കാന്‍ ഒരു കൈ സഹായം നല്‍കാന്‍ അവര്‍ക്ക് അല്പ നേരം ആലോചിക്കേണ്ടി വന്നത് എനിക്ക് വിചിത്രമായി തോന്നി.പെണ്‍പീഢനം എന്നോ മറ്റോ വാര്‍ത്ത വന്നാലോ എന്ന് പേടിച്ചാവാം ഈ പിന്മാറ്റം.

ആ സംഭവവും കഴിഞ്ഞാണ് ഒരു സ്ത്രീയേയും എടുത്ത് കൊണ്ട് ഒരാള്‍ കയറി വന്നത്.ബൂത്തിലെ ആദ്യ ഓപ്പണ്‍ വോട്ടിനുള്ള കളമൊരുങ്ങി.ആ സ്ത്രീയെ ഒരു മൂലയിലിരുത്തി അവരുടെ വിരലടയാളം ബാലറ്റ് പേപ്പറില്‍ പതിപ്പിച്ച് ചൂണ്ടു വിരലില്‍ മഷിയും പുരട്ടി.അങ്ങനെ ആദ്യത്തെ അവശവോട്ട് രേഖപ്പെടുത്തപ്പെട്ടു.പിന്നീട് ‘അവശനമാരുടേയും അവശികളുടേയും’ ഒരു ഘോഷയാത്രയായിരുന്നു!പലരുടേയും അവശത എന്നെയും എന്റെ കൂടെയുള്ള ഓഫീസര്‍മാരേയും ഏജന്റുമാരേയും ഞെട്ടിച്ചു കളഞ്ഞു.

അവശ ഘോഷയാത്രയില്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.അയാള്‍ കണ്ണ് ചിമ്മിക്കൊണ്ടേ ഇരുന്നു.അയാളുടെ കയ്യിലേയും നെഞ്ചിലേയും മസിലുകള്‍ ഉരുണ്ട് കൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ വായില്‍ വെറ്റില അരഞ്ഞുകൊണ്ടേ ഇരുന്നു.അദ്ദേഹത്തിന്റെ പേര് വിളിച്ചതും ഒരു ഏജന്റ് എണീറ്റു.

“അയാള്‍ക്ക് കണ്ണ്‌ കാണാം സാര്‍ ...” പ്രശ്നം തലപൊക്കിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

“നീ നിന്റെ ആ ശീട്ടൊക്കെ സാറെ കാണിക്ക് ...” ഈ ‘അവശനെ’ ബൂത്തിലെത്തിച്ച വയസ്സന്‍ പറഞ്ഞു.

ദേഹത്തെ മുഴുവന്‍ മസിലുകളും ഉരുണ്ട് കളിക്കുന്ന രൂപത്തില്‍ അയാള്‍ എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.വെറ്റിലചവച്ചുകൊണ്ട് തന്നെ അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് എന്നോട് പറഞ്ഞു.
“ഞാന്‍ കുടിക്കുന്ന മരുന്നുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും...ഇതാ ഒന്ന്...” ഒരു കുറിപ്പ് അയാള്‍ എന്റെ നേരെ നീട്ടി.ഞാനത് വായിച്ചു - ‘അരി 3കിലോ , പഞ്ചസാര 500 ‘ !!!!

“അയാളുടെ പണി എന്താ എന്ന് ചോദിക്കൂ സാര്‍..” നേരത്തെ എണീറ്റ ഏജന്റ് പറഞ്ഞു.

“ങാ, അതവിടെ വച്ചേക്ക്...ഇങ്ങോട്ട് വരൂ...ഇതൊന്ന് വായിക്കൂ ...” സാമാന്യം നല്ല വലിപ്പത്തില്‍ എഴുതിയ ഒരു എഴുത്ത് ഞാന്‍ അയാളെ കാണിച്ചു.

“അതൊന്നും എനിക്ക് കാണുന്നില്ല...” അങ്ങോട്ട് നോക്കാതെ അയാള്‍ പറഞ്ഞപ്പോള്‍ വസ്ത്രത്തില്‍ വെറ്റില വീഴാതിരിക്കാന്‍ ഞാല്‍ അല്പം മാറി നിന്നു.ശേഷം ഒരു ബാലറ്റ് പേപ്പര്‍ എടുത്ത് കാണിച്ച് അതിലെ ചിഹ്നവും ചോദിച്ചു.

“ഇതൊന്നും എനിക്ക് കാണില്ല...നിങ്ങള്‍ വിചാരിക്കുന്ന പോലെയല്ല.ഞാന്‍ തെങ്ങില്‍ നിന്നും വീണ് മസില്‍ പിടിച്ചു പോയതാ ഇങ്ങനെ..” ഞാന്‍ കാണിച്ച ബാലറ്റ് പേപ്പറിലേക്ക് നോക്കാതെ അയാള്‍ വീണ്ടും പറഞ്ഞപ്പോള്‍ ഇനിയും പരീക്ഷണം നടത്തുന്നത് കുഴപ്പങ്ങള്‍ക്ക് കാരണമായേക്കാം എന്ന് മനസ്സ് മന്ത്രിച്ചു.ഞാന്‍ അയാള്‍ക്ക് ഓപ്പണ്‍ വോട്ട് അനുവദിക്കുകയും ചെയ്തു.മസില്‍ പിടുത്ത‌വും കാഴ്ചയും തമ്മിലുള്ള അവിശുദ്ധബന്ധം ഞാന്‍ ആദ്യമായി മനസ്സിലാക്കി.

രാവിലത്തെ ചായ ഇന്ത്യന്‍ റെയില്‍‌വേയുടെ ട്രെയിനുകള്‍ കണക്കെ മണിക്കൂറോളം വൈകിയതിനാല്‍ ചോറ്‌ കൃത്യസമയത്ത് തന്നെ അകത്താക്കാന്‍ പരിപാടിയിട്ടു.മഞ്ഞനിറത്തിലുള്ള ചോറ്‌ മുമ്പിലെത്തിയപ്പോഴാണ് തലേ ദിവസവും ആ നിറത്തില്‍ ചോറ്‌ കിട്ടിയത് ഞാന്‍ ഓര്‍ത്തത്.ബീഫ് കറിയും ഒഴിച്ച് കഴിക്കാന്‍ ശ്രമിച്ചെങ്കിലും പഴയ ഫാര്‍ഗൊ ലോറി പോകുന്ന പോലെയായിരുന്നു എന്റെ വയറ്റിലേക്കുള്ള ഫില്ലിംഗും എന്റെ ബൂത്തിലെ പോളിംഗും.

കൃത്യം നാല് മണിക്ക് പുരുഷന്മാരുടെ ക്യൂ തീര്‍ന്നു.അപ്പോഴാണ് സ്ത്രീകളുടെ ക്യൂവും വാലറ്റത്ത് എത്തിയത് ഞാന്‍ കണ്ടത്.പോളിംഗ് കൃത്യസമയത്ത് തന്നെ തീര്‍ക്കാമെന്ന തിരിച്ചറിവ് മനസ്സില്‍ സന്തോഷം കോറിയിട്ടു.പക്ഷേ ആ സമയത്ത് വന്ന ഒരു പുരുഷന്റെ പേര് വായിച്ചതും ഏജന്റ്റുമാര്‍ ആ വോട്ട് രേഖപ്പെടുത്തപ്പെട്ടതായി അവകാശപ്പെട്ടു.ഞാന്‍ ഒന്നും കേള്‍ക്കാത്ത മട്ടില്‍ അവസാന പണികളുടെ തിരക്കിലാണെന്ന വ്യാജേന ഇരുന്നു.

“ഓ അപ്പോള്‍ എന്റെ വോട്ട് മറ്റവന്‍ ചെയ്തു പോയി...” എന്നും പറഞ്ഞ് ഒരു പ്രതിഷേധവും ഇല്ലാതെ അയാളും ഒന്നും മറുത്ത് പറയാതെ ബൂത്ത് ഏജന്റുമാരും വിട്ട്കളഞ്ഞപ്പോള്‍ അവസാന നിമിഷം വന്നേക്കാമായിരുന്ന ടെന്റേഡ് വോട്ട് എന്ന പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ ദീര്‍ഘശ്വാസം വിട്ടു.

അങ്ങനെ കൃത്യം അഞ്ചുമണിക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ 728-ആം ബാലറ്റും പെട്ടിയില്‍ വീണതോടെ കാന്തപുരം ജി.എം.എല്‍.പി.സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചു.ദൈവത്തിന് സ്തുതി.

14 comments:

Areekkodan | അരീക്കോടന്‍ said...

“ഞാന്‍ കുടിക്കുന്ന മരുന്നുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും...ഇതാ ഒന്ന്...” ഒരു കുറിപ്പ് അയാള്‍ എന്റെ നേരെ നീട്ടി.ഞാനത് വായിച്ചു - ‘അരി 3കിലോ , പഞ്ചസാര 500 ‘ !!!!

മൻസൂർ അബ്ദു ചെറുവാടി said...

ഇന്ത്യന്‍ റെയിവേയുടെ ട്രെയിന്‍ പോലെ എന്നതൊക്കെ മാറിയില്ലേ അരീക്കോടന്‍ മാഷെ.
ഇപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് പോലെ എന്നാണു. എന്നാലും അവര്‍ക്കൊപ്പമെത്തില്ല.

ഒഴാക്കന്‍. said...

മാഷിന്റെ ഭാഗ്യം വല്ല കണ്ണൂരെങ്ങാനും ആയിരുന്നെങ്കില്‍ ഇപ്പൊ ഇതിങ്ങനെ എഴുതുവാന്‍ പറ്റുമായിരുന്നോ?

ശ്രീനാഥന്‍ said...

ഒരു മഹാഭാഗ്യം തന്നെ ഈ പണി! നന്നായി കുറിപ്പ്

Mohamed Salahudheen said...

തിരഞ്ഞെടുപ്പുചിത്രങ്ങള് നന്നായി

Manoj മനോജ് said...

ആവൂ അങ്ങനെ ഒരു കണക്കിന് അത് കഴിച്ചെടുത്തു....

എന്തായാലും നല്ല അനുഭവം... തുടക്കത്തില്‍ ഐഡി കാര്‍ഡ് കാണിക്കാത്തയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചപ്പോള്‍ അവസാനം വന്നയാളെ വോട്ട് ചെയ്യിച്ചുമില്ല :)

ഒരു നുറുങ്ങ് said...

ഇദെന്തര് തെരഞ്ഞെടുപ്പാ മാഷേ..?
വോട്ടിംഗ് ശതമാനം മൊത്തമായുംചില്ലറയായും
വര്‍ദ്ധിച്ചത്,ഐ ഡി കാര്‍ഡ് വേണ്ടതില്ലാ എന്നത് കൊണ്ട് തന്യാവും..!

ശ്മശാനങ്ങളും,ഗള്‍ഫ് കാരുമൊക്കെ ധാരാളമുള്ള
ഇടങ്ങളില്‍ കവിഞ്ഞ പോളിംഗെന്നാ കേള്‍വി !

മരണപ്പെട്ടവരും,നാട്ടിലില്ലാത്ത പ്രവാസി
സുഹൃത്തുക്കളുമൊക്കെ അദൃശ്യമായി തങ്ങളുടെ
വോട്ട് രേഖപ്പെടുത്തിയെന്ന അത്യപൂര്‍വ്വമായ
ബഹുമതി കൂടിയുണ്ട് ഈ തെരഞ്ഞെടുപ്പിന്‍.
ആര്‍ക്കും കടന്ന് വന്ന് വ്യാജമുദ്ര പതിക്കാനുള്ള
സുവര്‍ണാവസരമായി മാറിയില്ലേ..?
ഈ പോക്ക് അപകടകരമാണ്‍.!!!

keraladasanunni said...

പല തവണ പ്രിസൈഡിങ്ങ് ഓഫീസര്‍ ആയി തിരഞ്ഞെടുപ്പ് ജോലികള്‍ ചെയ്ത ഓര്‍മ്മകള്‍ മനസ്സിലെത്തി.

Palakkattettan.

Areekkodan | അരീക്കോടന്‍ said...

പത്രത്തില്‍ ഫോട്ടോ വരാത്തതില്‍ സങ്കടം പ്രകടിപ്പിച്ച എനിക്ക് ഇന്ന് രാവിലെ കിട്ടിയ ഇ-മെയില്‍

Areekkodan | അരീക്കോടന്‍ said...

ചെറുവാടി...യന്ത്രപക്ഷിയില്‍ പറക്കാനും അതിന്റെ സമയ വിവരങ്ങള്‍ അറിയാനും ഇതുവരെ ഭാഗ്യം കിട്ടിട്ടില്ല.അതുകൊണ്ട് ‘കൃത്യനിഷ്ട’യുടെ പര്യായമായ റെയില്‍‌വേയെ തന്നെ തെരഞ്ഞെടുത്തു.

ഒഴാക്കാ...കണ്ണൂര്‍ ആയിരുന്നെങ്കില്‍ എനിക്ക് ഒരു നോവല്‍ എഴുതാമായിരുന്നു!!!

ശ്രീനാഥ്...പണി മഹാഭാഗ്യം തന്നെ,പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍.

Areekkodan | അരീക്കോടന്‍ said...

സലാഹ് ...തെരഞെടുപ്പിന്റെ ഒറിജിനല്‍ ചിത്രം ഇതാ ഇവിടെ

മനോജ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അത് ശരിയാ, ഞാന്‍ അത് ശ്രദ്ധിച്ചതേ ഇല്ല.

ഹാറൂണ്‍ക്കാ...നിങ്ങളെ കണ്ണൂരില്‍ നടക്കുന്നത് എന്ത് ആധിപത്യമാണെന്ന് പറയാനറിയില്ല.

പാലക്കാട്ടേട്ടാ...സന്ദര്‍ശനത്തിന് നന്ദി.

Anonymous said...

എന്റെ മാഷേ,ഇ വി എം ആണെങ്കില്‍ ഈ പുലിവാലു വല്ലതുമുണ്ടോ,പെട്ടെന്നങ്ങ് തീരും.

mini//മിനി said...

പോളിംഗ് ബൂത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവും എന്ന് പ്രതീക്ഷ തെറ്റി.
കണ്ണൂരിലെ ഒരു തെരഞ്ഞെടുപ്പ് വിശേഷം
ഇവിടെ വായിക്കാൻ
കഴിയും.

Areekkodan | അരീക്കോടന്‍ said...

മിനി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അത് വായിച്ചു.എന്തൊക്കെ അനുഭവിക്കണം അല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക