“കേരളത്തില്‍ പഞ്ചായത്തീരാജ് ഫലപ്രദമായും ഗുണപ്രദമായും ഉപകാരപ്രദമായും സര്‍വ്വോപരി ...പ്രദമായും നടപ്പിലാക്കാന്‍ താങ്കളുടെ മഹത്തായ സേവനം ഒരു പ്രിസൈഡിംഗ് ഓഫീസര്‍ എന്ന നിലയില്‍ വീണ്ടും ആവശ്യമായി വന്നിരിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടന്‍ കാടുകളില്‍ താങ്കള്‍ കാഴ്ചവച്ച സ്തുത്യര്‍ഹമായ സേവനം കൂടി കണക്കിലെടുത്താല്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി ബ്ലോക്കിലെ ഉണ്ണികുളം പഞ്ചായത്തിലെ ചോയിമഠം വാര്‍ഡിലെ കാന്തപുരം എന്ന ഓണം കയറും മൂലയിലേക്ക് ഇതിലും നല്ല ഒരു പ്രിസൈഡിംഗ് ഓഫീസറെ ലഭിക്കില്ല എന്ന ഉത്തമബോധ്യത്താല്‍ താങ്കളെ പ്രസ്തുത ബൂത്തില്‍ ഇതിനാല്‍ പ്രതിഷ്ടിക്കുന്നു.” കളക്ടറുടെ ഉത്തരവ് കൈപറ്റി വായിച്ചുനോക്കിയ എനിക്ക് മനസ്സിലായത് ഇത്രയാണ്.അതേ ഉത്തരവിന്റെ അടിഭാഗത്ത് പണ്ട് സിഗരറ്റ് പാക്കറ്റില്‍ “പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന് എഴുതിയ പോലെ ഒരു വരി കൂടി ഉണ്ടായിരുന്നു.അത് ഇങ്ങനേയും മനസ്സിലാക്കി - “ആയതിനാല്‍ 20/10/2010ന് ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍ - ഫസ്റ്റ് പോളിംഗ് ഓഫീസര്‍ മഹാസംഗമത്തില്‍ ഈ വാറണ്ടുമായി ഹാജരാകേണ്ടതാണ്”.
അങ്ങനെ പ്രസ്തുത ദിവസം ഞാന്‍ ഉള്ളി മണക്കാത്ത ഉള്ളിയേരിയില്‍ ബസ്സിറങ്ങി.തൊട്ടടുത്ത് കണ്ട ഒരാളോട് മാന്യമായി കമ്മ്യൂണിറ്റി ഹാള്‍ എവിടെയാണെന്ന് ചോദിച്ചു.അയാള്‍ അതിലും മാന്യമായി തൊട്ടടുത്ത കടക്കാരനോട് ചോദിക്കാന്‍ പറഞ്ഞു.ഞാന്‍ അടക്ക എടുക്കുന്ന ആ കടയിലേക്ക് നോക്കി.സ്വന്തം ‘അടക്ക‘ കാണുന്ന രൂപത്തില്‍ കടത്തിണ്ണയില്‍ ഒരു പ്രായമായ ആള് ഇരിക്കുന്നു.അയാള്‍ക്ക് ചെവി കേട്ടില്ലെങ്കിലോ എന്ന് കരുതി ഞാന്‍ കടക്കാരന്റെ നേരെ നോക്കി ചോദിച്ചു.
“കമ്മ്യൂണിറ്റി ഹാള്‍ എവിടെയാ ചേട്ടാ ?”
“കമ്മ്യൂണിസ്റ്റ് ഹാള്‍ ദേ താമരശ്ശേരി റൂട്ടില്‍....” ഉത്തരം വന്നത് കടത്തിണ്ണയില്‍ നിന്നായിരുന്നു.
“ചേട്ടാ...കമ്മ്യൂണിസ്റ്റ് ഹാള്‍ അല്ല...കമ്മ്യൂണിറ്റി ഹാള്‍“
“അതെന്നാടൊ പറഞ്ഞെ...കമ്മ്യൂണിസ്റ്റ് ഹാള്‍” മറുപടിയുടെ കര്‍ക്കശം എന്നെ കശക്കുന്നതിന് മുമ്പ് ഞാന്‍ സ്ഥലം കാലിയാക്കി.അല്പം ദൂരെ നിന്ന മറ്റൊരാളോട് ചോദിച്ച് സ്ഥലം മനസ്സിലാക്കി.
* * * * *
പരിശീലനം തുടങ്ങി.ഏതോ ഒരു പഞ്ചായത്തിന്റെ സെക്രട്ടറി ആണ് പരിശീലകന്.അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡ് രൂപത്തിലാക്കി നെസ്റ്റ് നെസ്റ്റ് അടിച്ച് അദ്ദേഹം എതിര്‍ഭാഗത്തിരിക്കുന്ന ഞങ്ങളിലേക്ക് ഗോളുകള്‍ അടിച്ചുകൊണ്ടേ ഇരുന്നു.അങ്ങനെ കയ്യില്‍ മഷി പുരട്ടേണ്ട കാര്യത്തിലെത്തി.
“ആരും മഷി പുരട്ടാന്‍ വോട്ടറുടെ വിരല്‍ പിടിക്കാന്‍ പാടില്ല.” അദ്ദേഹം പറഞ്ഞപ്പോള്‍ യുവപ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും അണ്ടിപോയ കുരങ്ങനെ പോലെ ആയി.ആ ഞെട്ടലില്‍ നിന്നും മുക്തമാകാന്‍ ഒരാള്‍ ചോദിച്ചു.
“ഏത് വിരലിലാണ് അപ്പോള്‍ മഷി പുരട്ടേണ്ടത് ?”
“ഇടത് കയ്യിന്റെ ഫോര്ഫിങറില്...” ഇടത്കയ്യുടെ നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന് പറഞ്ഞു.
“ചൂണ്ടുവിരലില്‍ അല്ലേ?”
“അതേ ഫോര്ഫിംഗറില് തന്നെ..” നടുവിരല്‍ ഉയര്‍ത്തിക്കൊണ്ട് പരിശീലകന് വീണ്ടും പറഞ്ഞു.
പറയുന്നതും കാണിക്കുന്നതും തമ്മില്‍ മാച് ചെയ്യാത്തതിനാല്‍ സദസ്സില്‍ കുശുകുശു ഉയര്‍ന്നു.പരിശീലകന് കാര്യം മനസ്സിലാകാത്തതിനാല്‍ സ്റ്റേജിലിരിക്കുന്ന സഹപരിശീലകനോട് ചോദിച്ചു.അദ്ദേഹം കൈപുസ്തകം പരതി പറഞ്ഞു.
“ചൂണ്ടു വിരലിലാണ് മഷി പുരട്ടേണ്ടത് “.അപ്പോഴും രണ്ട് പേര്‍ക്കും സദസ്സിന്റെ സംശയത്തിന്റെ ഉറവിടം മനസ്സിലായില്ല.
* * * * *
“മാഷേ...ഇത് എങ്ങനെയാ തുറക്കുക ?” ഒരു കിളിശബ്ദം ബാലറ്റ്ബോക്സിനടുത്ത് നിന്ന് എന്റെ നേരെ വന്നു.
“ദേ...മുന്‍ഭാഗത്ത് ഒരു ദ്വാരമില്ലേ ? അതിലൂടെ ഒരു വിരല്‍ മാത്രം ഉള്ളിലേക്കിടുക..” ഞാന്‍ ആദ്യ സ്റ്റെപ് പറഞ്ഞു.
“എന്നിട്ട് ?”
“വിരലില്‍ ഒരു ചെറിയ മുനമ്പ് തട്ടും...അതിനെ ശക്തിയില്‍ വലിക്കുക...”
“അപ്പോ ഏത് വിരലാ ഇടേണ്ടത് ?”
“നടുവിരലാണ് സൌകര്യം.മറ്റു വിരലൊന്നും എത്തില്ല...”
ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചറുടെ മുഖം നാണത്താല്‍ താഴ്ന്നു.മറ്റാരും എന്റെ ‘ക്ലാസ്സ്‘ ശ്രദ്ധിച്ചില്ല എന്ന് ചുറ്റുംനോക്കി ഉറപ്പ് വരുത്തി ഞാന്‍ അടുത്തപെട്ടിയുടെ അടുത്തേക്ക് നീങ്ങി.
* * * * *
“ഇതെന്താ മാഷെ , കുപ്പായത്തിലാകെ...”
പുതിയ കുപ്പായത്തില്‍ പെട്ടിയില്‍ നിന്നും ഗ്രീസ് പുരണ്ടത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
“അത് ആ പെട്ടിയില്‍ കസര്‍ത്ത് കാണിച്ചതാ..”
“പെട്ടി കെട്ടിപിടിക്കുന്നതെന്തിനാ...വീട്ടില്‍ കെട്ടിയോളില്ലേ ?”എതോ ഒരുത്തന്റെ ചോദ്യത്തിന്റെ ഉത്തരം നാവിന് തുമ്പില്‍ വന്നെങ്കിലും ഉള്ളിയേരി ആയതിനാല്‍ ഞാന്‍ ക്ഷമിച്ചു.
“ഏതായാലും ഇത് ഇന്ന് ആയത് മാഷക്കും ഞങ്ങള്‍ക്കും നന്നായി...പോളിംഗ് ദിനത്തില്‍ ഈ അവസ്ഥയില്‍ വോട്ടര്‍മാരുടെ മുമ്പില്‍ നില്ക്കുന്ന അവസ്ഥ ഇനി ഉണ്ടാകില്ലല്ലോ”
ഇനി കാന്തപുരത്ത് നടക്കാനിരിക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണാവോ എന്ന ചിന്തയിലാണ്ട് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ കൂലിയായി 250 രൂപയും വാങ്ങി ഞാന്‍ ഉള്ളിയേരിയില്‍ നിന്നും തിരിച്ചുകയറി.ബാക്കി 23-ആം തീയതി കാന്തപുരം സ്കൂളില്‍ നിന്നും ലൈവ് ആയി.
6 comments:
“കമ്മ്യൂണിസ്റ്റ് ഹാള്‍ ദേ താമരശ്ശേരി റൂട്ടില്‍....” ഉത്തരം വന്നത് കടത്തിണ്ണയില്‍ നിന്നായിരുന്നു.
ബാക്കി തിരഞ്ഞെടുപ്പ് കഴിഞ്ഞു വായിക്കാം അല്ലെ? ഇത് വരെ സംഭവം നന്നായി..
ഇതു വരെ നിങ്ങള്‍ കണ്ടത് കടകങ്ങള്‍
ഇനി കാണാനിരിക്കുന്നത് ഹെവി പഞ്ചസ്
പ്രിസൈഡിങ്ങ് ഓഫീസറുടെ അനുഭവങ്ങള്‍ ഇതില്‍ക്കൂടുതല്‍ കാണേണ്ടതാണല്ലോ. ഖണ്ഡശ്ശാ മെയ് 27 ന് മുമ്പ് പ്രസിദ്ധീകരിക്കുക.
മാഷെ, ഇലക്ഷന് ഡ്യുട്ടിയുടെ കടലാസും കയ്യില്‍ പിടിച്ചു ഞാനും ഇരിപ്പാണ്. ആ വിരല്‍ പ്രയോഗം തകര്‍ത്തു.ഇനിയും വരട്ടെ അനുഭവങ്ങള്‍
സിദ്ധീക്ക്... അതെ,ഇതാ ഇവിടെ http://abidiba.blogspot.com/2010/10/blog-post_25.html
അരുണ്‍... പഞ്ച് കൊണ്ട് പഞ്ചറാവാന്‍ പോകുന്ന ഒരു പ്രിസൈഡിംഗ് ഓഫീസര്‍ എന്നാണോ ഉദ്ദേശിച്ചത് ?
ഹരി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇത് ആദ്യാനുഭവങ്ങള്‍ മാത്രം.
അനൂപ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.താങ്കളുടെ അനുഭവങ്ങളും പ്രതീക്ഷിക്കുന്നു.
Post a Comment
നന്ദി....വീണ്ടും വരിക