തല കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല! മുഖം കണ്ടാല്‍ വയസ്സും തോന്നില്ല !സന്തൂര്‍ സോപ്പ് ദിവസം മൂന്ന് പ്രാവശ്യം ഉപയോഗിക്കുന്ന ആ പെണ്ണിനെപറ്റിയല്ല പറഞ്ഞത്.എന്നെപ്പറ്റി തന്നെയാണ്.എന്റെ കഷണ്ടി കണ്ടാല്‍ ആരെങ്കിലും പറയോ എനിക്ക് നാല്പതാവാറായി എന്ന് ?എങ്കില്‍ അതാണ് ബൂലോകരേ സംഗതി.നാല്പതായില്ലെങ്കിലും ഒരു ദിവസം എനിക്കും നാല്പത് വയസ്സാകും.അന്ന് ലോകം എന്താകും എന്ന് എനിക്കിപ്പോള്‍ അറിയില്ല.ഏതായാലും ഇത്രേം കാലത്തെ ഭൂമിയില വാസത്തിനിടക്ക് എന്നെ പൊക്കാന്‍ കൊട്ടയുമായി ഒരാള്‍ മാത്രമേ വന്നിരുന്നുള്ളൂ.ഈ അടുത്ത് ഒരു ദിവസം മറ്റൊരാള്‍ കൂടി ആ കൂട്ടത്തില്‍ കൂടി.ആദ്യത്തെ കൊട്ടക്കഥയാണ് ഇവിടെ പറയുന്നത്.
എന്നെ പൊക്കാന്‍ കൊട്ടയുമായി ഇദംപ്രഥമമായി വന്നത് കുഞ്ഞങ്കാക്ക എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഞങ്ങളുടെ പറമ്പ് എഞ്ചിനീയര്‍.നാലാം ക്ലാസ് വരെയോ അതിന് താഴെയോ മാത്രമാണ് കുഞ്ഞന്‍ കാക്കയുടെ വിദ്യാഭ്യാസം.പക്ഷേ പറമ്പിന്റെ എല്ലാ സംഗതികളും, എന്ന് വച്ചാല്‍ എവിടെ എപ്പോള്‍ എന്ത് എങ്ങനെ എന്ന് നടണം എന്ന് കുഞ്ഞന്‍ കാക്ക തീരുമാനിക്കും.അത് അങ്ങനെ തന്നെ ചെയ്യാന്‍ വീട്ടില്‍ അധികാരം ഉള്ളതും കുഞ്ഞന്‍ കാക്കാക്ക് തന്നെ.അങ്ങനെ പറമ്പിന്റെ ഫുള്‍ ഷേപിംഗ് നടത്തുന്ന ആള് എന്ന നിലക്ക് കുഞ്ഞന്‍ കാക്ക സര്‍ട്ടിഫിക്കേട്ട് ഇല്ലാത്ത പറമ്പ് എഞ്ചിനീയറായി.
ഈ കുഞ്ഞന്‍ കാക്ക പറമ്പില്‍ പണി എടുക്കുന്ന കാലത്ത് തന്നെയാണ് എന്റെ സ്കൂള്‍ ജീവിതവും ആരംഭിക്കുന്നത്. സ്കൂളില്‍ പോകാന്‍ എനിക്ക് വളരെ “ഉത്സാഹ“മായിരുന്നതിനാല്‍ നേരം രാവിലെ പത്ത് മണി ആയാലും ഞാന്‍ പുതപ്പിനടിയില്‍ സ്കൂളും സ്വപ്നം കണ്ട് കിടക്കും.എന്റെ ഈ ഉത്സാഹം വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയ ആ മഹാസംഭവമാണ് ഒരു കൊട്ടക്കഥ.ലോകത്തിന്റെ ഗതി തന്നെ ഒരു പക്ഷേ ആ കൊട്ടപ്രയോഗത്തിലൂടെ മാറിമറിഞ്ഞിരിക്കാം (അതേ, അല്ലെങ്കില്‍ ഈ അരീക്കോടന്‍ ഈ ബൂലോകത്ത് എത്തുമായിരുന്നില്ല).
ഒരു ശനിയാഴ്ചയിലെ ചന്ത ദിവസം.അരീക്കോട് ആഴ്ചചന്ത നടന്നിരുന്നത് എല്ലാ ശനിയാഴ്ചയും ആയിരുന്നു.വീട്ടിലെ സ്ഥിരം ജോലിക്കാരനായ കുഞ്ഞന്‍ കാക്ക ചേമ്പ്, ചേന ആദികള്‍ പറമ്പില്‍ നിന്നും പറിച്ചുകൂട്ടാന്‍ ഒരു വലിയ കൊട്ട വാങ്ങി.അതിന്റെ പിന്നിലുള്ള ഗൂഢോദ്ദേശ്യം ഞാന്‍ മനസ്സിലാക്കിയത് ആ തിങ്കളാഴ്ച ആയിരുന്നു.രാവിലെ എട്ടു മണിക്ക് മുമ്പ് പറമ്പില്‍ ഇറങ്ങുന്ന കുഞ്ഞന്‍ കാക്ക കൊട്ടയും തലയില്‍ വച്ച് ജനലിനടുത്ത് നില്‍ക്കുന്നതാണ് ആ തിങ്കളാഴ്ച ഞാന്‍ കണി കണ്ടത്.ഒപ്പം കുഞ്ഞന്‍ കാക്കക്കുള്ള ബാപ്പയുടെ ഓര്‍ഡറും എന്റെ ചെവിയില്‍ പതിച്ചു - “കുഞ്ഞാ...അവനെ ആ കൊട്ടയിലെടുത്ത് സ്കൂളില്‍ കൊണ്ടുപോയി ഹെഡ്മാസ്ടറെ ഏല്‍പ്പിച്ചേക്ക്...”
“അയ്യേ....ചാണകം,ചേമ്പ്, ചേന തുടങ്ങീ “ചെ”കള്‍ കൊണ്ടുപോകുന്ന കൊട്ടയില്‍ കുമ്പളം പോലിരിക്കുന്ന എന്നെ കൊണ്ടുപോകേ...” ബാപ്പയുടെ ഓഡര്‍ കേട്ടതും എന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത രൂപത്തില്‍ ഞാന്‍ കിടക്കയില്‍ നിന്നും സ്കൂട്ടായി.പിന്നീട് ഒരിക്കലും ഞാന്‍ പത്തുമണി വരെ ഉറങ്ങിയിട്ടില്ല. കാരണം എന്റെ സ്കൂള്‍ പഠനകാലം മുഴുവന്‍, ജനലിലൂടെ ഞാന്‍ കാണുന്ന സ്ഥലത്ത് ആ കൊട്ടയും പറമ്പിലെവിടെയെങ്കിലും കുഞ്ഞന്‍ കാക്കയും ഉണ്ടായിരുന്നു.
അടുത്ത കൊട്ടയുമായി വരുന്നത് സാക്ഷാല്‍ ....ഇല്ല ഇപ്പോള്‍ പറയുന്നില്ല.
25 comments:
എന്റെ ഈ ഉത്സാഹം വീട്ടുകാര്‍ നിരുത്സാഹപ്പെടുത്തിയ ആ മഹാസംഭവമാണ് ഒരു കൊട്ടക്കഥ.ലോകത്തിന്റെ ഗതി തന്നെ ഒരു പക്ഷേ ആ കൊട്ടപ്രയോഗത്തിലൂടെ മാറിമറിഞ്ഞിരിക്കാം
ഛെ.ചതിയായിപ്പോയി.
ചാണകം,ചേമ്പ്, ചേന മാത്രമല്ല; ചകിരി, ചക്ക,ചട്ടി,ചിരട്ട,ചുടുകട്ട,ചൂല്,ചെടി മുതല്‍ ചപ്പു ചവറു വരെയുള്ള ചരക്കുകള്‍ ചുമക്കുന്ന കൊട്ടയില്‍ ചക്കാത്തിലുള്ള ഒരു 'ചെത്തല്‍ യാത്ര' ചളമായിപ്പോയില്ലേ?
ആളെ കുപ്പീലാക്കി എന്നൊക്കെ ധാരാളം കേട്ടിട്ടുണ്ട്. ഇതിപ്പോ കുട്ടേലാക്കി എന്നല്ലേ.... ഈ ബാപ്പയുടെ ഒരു കാര്യം.
അപ്പോള്‍ കുഞ്ഞന്‍ കാക്കയാണ് താരം.
ബാപ്പയുടെ ചെയ്ത്ത് ഒരു വല്ലാത്ത ചെയ്ത്തായി പോയി.എത്ര പാവം കുട്ടികള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാവും ദൈവമേ!(അയ്യോ..ഞാന്‍ സ്കൂട്ടായെ..)
ഈ ബാപ്പാടെ ഒരു കാര്യം ല്ലേ...?
അടുത്ത കഥക്കായി കാത്തിരിക്കുന്നു
ഈ കൊട്ട ഉഗ്രൻ; ഇനി അടുത്ത കൊട്ടക്കഥ പോരട്ടെ,
ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ടു”കൊട്ടേ വാരിക്കൊണ്ടു പോയീനെടാ” എന്നു. എന്നു വെച്ചാല്‍ ഒടിഞ്ഞു തൂങ്ങി എവിടെങ്കിലും കിടന്നാല്‍, ആവശ്യമില്ലാത്ത സാധനമാണു; എടുത്തു എവിടെയെങ്കിലും കളഞ്ഞേരു എന്നു.എന്തായാലും കൊട്ടക്കഥ കൊള്ളാം അടുത്ത കൊട്ട കമഴ്ത്തലിനായി കാത്തിരിക്കുന്നു.
“കുഞ്ഞാ...അവനെ ആ കൊട്ടയിലെടുത്ത് സ്കൂളില്‍ കൊണ്ടുപോയി ഹെഡ്മാസ്ടറെ ഏല്‍പ്പിച്ചേക്ക്...”
“അയ്യേ....ചാണകം,ചേമ്പ്, ചേന തുടങ്ങീ “ചെ”കള്‍ കൊണ്ടുപോകുന്ന കൊട്ടയില്‍ കുമ്പളം പോലിരിക്കുന്ന എന്നെ കൊണ്ടുപോകേ...” ബാപ്പയുടെ ഓഡര്‍ കേട്ടതും എന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത രൂപത്തില്‍ ഞാന്‍ കിടക്കയില്‍ നിന്നും സ്കൂട്ടായി.പിന്നീട് ഒരിക്കലും ഞാന്‍ പത്തുമണി വരെ ഉറങ്ങിയിട്ടില്ല.
അത് നന്നായി
അപ്പോള്‍ നാലപ്പതു ആകുന്നെ ഉള്ളോ !! ഞാന്‍ കരുതി ഒരു പത്തറുപതു വയസ് എങ്കിലും ഉള്ള ഒരു കെളവന് ആണെന്ന് ? സത്യത്തില്‍ ഏതു സോപ്പാ ഉപയോഗിക്കുന്നത് ??
നാല്പതിന്റെ നിറവിലൊരു കൊട്ടപുരാണം..!
അതാവട്ടെ,പാവം കുഞ്ഞന്‍ കാക്കേടെ ചെലവിലും..!
വെറുതേയല്ല മാഷേ,നാല്പതിന് മുന്നേയുള്ള ഈ കഷണ്ടി...ആ തിളക്കമെന്നെ അസൂയപ്പെടുത്തുന്നല്ലോ.
ഞാന്‍ കുഞ്ഞായിരുന്നപ്പോ എന്നേക്കാള്‍ 4-5 വയസ്സ് മൂത്ത രണ്ടു ഇരട്ട ചേട്ടന്മാര് എന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോവാന്‍ ഒരു തുണി സഞ്ചിയുമായി വന്ന കഥ ഓര്‍ത്തു!! തലേ ദിവസം അമ്മ എന്നെ ഒക്കത്ത് വെച്ച് കൊണ്ട് പോകുമ്പോള്‍ ആ പിള്ളേരെ കണ്ടപ്പോ നിങ്ങള്‍ക്ക് വേണോ ഇവനെ, എന്നാ വീട്ടിലേക്കു വന്നോളൂ എന്ന് പറഞ്ഞത്രേ, അതിനായിരുന്നു സഞ്ചിയുമായി രണ്ടും കൂടി വന്നത് :)) ആശസകള്‍!!
ഇസ്മായില്‍....കൊട്ട എന്നത് ചെട്ട എന്നോ മറ്റോ ആക്കണോ?
ആളവന്താന്... അതേ , പക്ഷേ അതിനുമുമ്പേ ഞമ്മള് സ്കൂട്ടായില്ലേ?
ചെറുവാടി...കുഞ്ഞന്‍ കാക്കയായിരുന്നു താരം
ജസ്മിക്കുട്ടീ...ഇല്ല, ഇപ്പോള്‍ കുട്ട കിട്ടാനില്ലാത്തതിനാല്‍ ആരും അനുഭവിക്കുന്നില്ല.മാത്രമല്ല പാലും മുട്ടയും സൈക്കിളും ഒക്കെ അല്ലേ സ്കൂളില്‍ നിന്ന് കൊടുക്കുന്നത്.
റിയാസ്...അടുത്തത് ഉടന്‍ വരുന്നു.
മിനി...അടുത്തത് ടൈപ്പിക്കൊണ്ടിരിക്കുന്നു.
ശരീഫ്ക്കാ...അത് നമ്മളും പറയാറുണ്ട്.
ഓ:ടൊ: കുറേ കാലായി ആ വഴിക്ക് വന്നിട്ടും ഈ വഴിക്ക് കണ്ടിട്ടും.
റ്റോംസ്...പത്ത്മണി വരെ ഉറങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൊട്ട ഇന്ന് നിലവിലില്ല.
രമേഷ്...നമ്പര്‍ വണ്‍ സോപ്പാ ഉപയോഗിക്കുന്നത്.
ഹാറൂന്ക്കാ...നാല്പതിലേക്ക് ഇനിയും ഒരു കൊല്ലത്തോളം ദൂരമുണ്ട്.കഷണ്ടിയുടെ തിളക്കം കണ്ട് അസൂയ വേണ്ട.കാരണം ഞാന്‍ പറയുന്നില്ല.
ഞാന്‍...ആ കഥ കൊള്ളാമല്ലോ.
ഹഹ !!
അതൊരുഗ്രന്‍ പ്രയോഗമായിരുന്നല്ലോ ..
:)
തല കണ്ടാല്‍ നാൽപ്പത് പറയില്ല.. അല്ലങ്കിലും തലമുടിയില്‍ അല്ലല്ലോ പ്രായം ..( ഗള്‍ഫ്ഗേറ്റ് പ്രായം കുറച്ചു കൊടുക്കും എന്ന് പരസ്യത്തില്‍ കണ്ടിട്ടുണ്ട്.. ചിലപ്പോല്‍ അവര്‍ ഒരു ഇരുപതാക്കി തന്നാലോ.. ശ്രമിക്കാവുന്നതേയുള്ളൂ )
കൊട്ടക്കഥ കലക്കി.. മറ്റേ കൊട്ടക്കഥ വേറെ ഒരു പോസ്റ്റാക്കാതെ ഇതില്‍ തന്നെ പറഞ്ഞു കൂടെ .. ഇടക്കിടക്ക് ഇവിടെ ഇങ്ങനെ കയറ്റി ഇറക്കി വെറുതെ.. മനുഷ്യനെ ബുദ്ധിമുട്ടിപ്പിക്കണോ.. :)
“പറമ്പ് എഞ്ചിനീയര്‍”
കിണ്ണൻ പ്രയോഗം!
കുറിപ്പു കലക്കി.
(നാല്പതായില്ല അല്ലേ? അപ്പോ ഇനി എന്നെ ഏട്ടാന്നു വിളിച്ചോ!)
അനില്‍ജീ...ആ കൊട്ട എന്നെ ബ്ലോഗനാക്കി എന്നും പറയാം.
ഹംസ...അങ്ങനെയായിരുന്നു ഉദ്ദേശിച്ചത്.പക്ഷേ പോസ്റ്റ് വല്ലാതെ നീളുമോ എന്ന പേടി ഇതിനെ മറ്റൊരു പോസ്റ്റാക്കി.ഇനി ലിങ്കിയാല്‍ മതിയല്ലോ?
ജയന്‍സാര്‍...അതുകൊണ്ടല്ലേ ഞാന്‍ സര് പദവി തന്ന് ബഹുമാനിച്ചത്.ഇനി ‘ചെ’ട്ടാ എന്നും വിളിക്കണോ?
ഇതിനേയാണ് ആളോളെ കൊട്ടേലാക്കാന്ന് പറയുന്നത് അല്ലേ...ഭായ്
മുരളിയേട്ടാ...ആളെ കുപ്പീല്ലാക്കാന്നും കേട്ട്ട്ടുണ്ട്, എങ്ങനെയാണാവോ?
കൊട്ട ക്കഥ കലക്കി മാഷേ ....
ഭൂതത്താനേ...നന്ദി.ഇത് ഒരു സബ് കഥ ആയിരുന്നു.
ചരിത്രത്തിന്റെ ഗതി മാറ്റിയ ആ കൊട്ടക്ക്
ഒരു സലാം കൊട് അരീക്കോടാ...
Njangalude bhaagyam...!
Manoharam, Ashamsakal...!!!
മനാഫ്ക്കാ...കൊട്ട കാലയവനികക്കുള്ളില്‍ പോയി.പുതിയ കൊട്ടക്ക് സലാം അടിച്ചിട്ടുണ്ട്.
സുരേഷ്...നന്ദി
അടുത്ത കൊട്ടക്കഥ ഇന്ന് പോസ്റ്റുന്നു.
Post a Comment
നന്ദി....വീണ്ടും വരിക