Pages

Wednesday, March 02, 2011

അബൂബക്കര്‍ മാഷുടെ അലാറം ടോണ്‍ (ലക്ഷദ്വീപ് യാത്ര ഭാഗം 1)

ഈ യാത്രയില്‍ എന്റെ കൂടെയുള്ളവരെ ഒന്ന് പരിചയപ്പെടുത്തട്ടെ - കൂട്ടത്തില്‍ മൂത്തവര്‍ ഹരീന്ദ്രനാഥും ഹരിദാസനും.ശമ്പളസ്കെയില്‍ കൊണ്ട് മൂത്തത് ഹേമചന്ദ്രന്‍സാറും പിന്നെ ഞാനും.നാല്പത്തിഅഞ്ച് കഴിഞിട്ടും വകതിരിവില്ലാത്തവര്‍ ശിവദാസനും സതീശനും.നാല്പതിന്റെ ചുറുചുറുക്കോടെ സലീമും അബൂബക്കറും.പയ്യന്മാരായി ജയേഷും , ആന്റണിയും പിന്നെ റെജുവും.മിണ്ടാപൂച്ചയായി രാജേന്ദ്രനും.

ഞങ്ങളുടെ ലക്ഷദ്വീപ് യാത്രയ്‌ക്കുള്ള കപ്പല്‍ കൊച്ചിയില്‍ നിന്നായിരുന്നെങ്കിലും യാത്ര ആരംഭിച്ചത് കോഴിക്കോട്‌ നിന്നായിരുന്നു(കോഴിക്കോട്ടുകാര്‍ക്ക് പിന്നെ കൊച്ചിയിലെത്താന്‍ തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങാന്‍ കഴിയോ എന്ന ചോദ്യം തെക്കു നിന്നും വടക്ക് നിന്നും ഒക്കെ യാത്ര തുടങ്ങിയിട്ടുള്ള മഹാന്മാരോട്‌ സീറൊ അവറില്‍ ചോദിക്കുക).ഭൂമി കറങ്ങിയാലും ഇല്ലെങ്കിലും 19-ആം തീയതി രാവിലെ 9നും 12നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കപ്പലില്‍ ബോര്‍ഡ് ചെയ്യണമെന്നായിരുന്നു ജമാല്‍ ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.കപ്പലില്‍ ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സമയം തെറ്റിയാല്‍ കപ്പല്‍ ‘ടിണ്ടിം’അടിച്ച് വിടുമോ എന്ന പേടി എല്ലാവരേയും തലേന്ന് രാത്രി തന്നെ വണ്ടി കയറ്റി.എറണാകുളത്ത് പുലര്‍ച്ചെ മൂന്നരക്ക് എത്തുമെന്നതിനാല്‍ എല്ലാവരും അലാറം വച്ചാണ് കിടന്നത്.

ദ്വീപിലെ ഞങ്ങളുടെ കഫീലായ ജമാലിനായി ഞങ്ങള്‍ നല്ല കോഴിക്കോടന്‍ ഹല്‍‌വ കരുതിയിരുന്നു.ടൂറിന്റെ ഫിനാന്‍സ് വകുപ്പ് മന്ത്രിയായ സലീം മാഷ് (ഇവിടെ മുതിര്‍ന്ന എല്ലാവരും മാഷ് ആണ്)ആയിരുന്നു ഹല്‍‌വ കസ്റ്റോഡിയന്‍.സഹായിയായി അബൂബക്കര്‍ മാഷും - ലക്ഷ്മിക്കൊത്ത പാക്കരന്‍ തന്നെ.ആലുവ എത്തിയാല്‍ എല്ലാവരും എണീറ്റ് റെഡിയാകണം എന്ന നിര്‍ദ്ദേശം ,സ്വന്തം നീളം കൊണ്ടും ശമ്പളസ്കെയിലിന്റെ നീളം കൊണ്ടും കൂട്ടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഹേമചന്ദ്രന്‍ സാര്‍ പറഞ്ഞത് എല്ലാവരും മനസ്സിലേക്കും ശിരസ്സിലേക്കും ആസനത്തിലേക്കും ആവാഹിച്ച് ഉറങ്ങാന്‍ കിടന്നു.ഹല്‍‌വ ഭദ്രമായി തലക്കടുത്ത് വച്ച് സലീം മാഷും തൊട്ടടുത്ത ബര്‍ത്തില്‍ അബൂബക്കര്‍ മാഷും, ചുറ്റുവട്ടത്തുള്ള വായു മുഴുവന്‍ കൂര്‍ക്കം വലിയിലൂടെ അകത്താക്കി കൊണ്ടിരുന്നു.കൂട്ടത്തിലെ പയ്യനായ ജയേഷും ‘തടിമാടനായ’ ഞാനും ഈ വലിയില്‍, സുനാമിയില്‍ പെട്ട തേങ്ങാക്കൊല പോലെ ആടിയുലഞ്ഞു.

വണ്ടി ഇന്നച്ചന്റെ ഇരിങ്ങാലക്കുട കഴിഞ്ഞ് അല്പം നീങ്ങിയതേയുള്ളൂ.ദേ കാണുന്നു , സലീം മാഷ് എന്തോ സ്വപ്നം...”സാര്‍ ഹല്‍‌വ”.സ്വപ്നത്തില്‍ സലീം മാഷ് പറഞ്ഞു.ആലുവ എത്തിയാല്‍ എല്ലാവരും എണീറ്റ് റെഡിയാകണം എന്ന ഹേമചന്ദ്രോപദേശം കേട്ടുറങ്ങിയ അബൂബക്കര്‍ മാഷ് ഉടന്‍ ഞെട്ടി എണീറ്റു.

“ആലുവ....ആലുവ...ശിവദാസന്‍ മാഷേ... ആലുവ....ആബിദ് സാറെ ആലുവ....“ കമ്പാര്‍ട്ട്മെന്റ് മുഴുവന്‍ ഓടി നടന്ന് അബൂബക്കര്‍ മാഷ് എല്ലാവരെയും വിളിച്ചുണര്‍ത്തി.കൂട്ടത്തില്‍ ഞങ്ങള്‍ പന്ത്രണ്ടില്‍ പെടാത്തവരും വിളിച്ചുണര്‍ത്തപ്പെട്ടു!വണ്ടി പക്ഷേ നിര്‍ത്താതെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.വണ്ടി നിര്‍ത്താനുള്ള ചെയിന്‍ അബൂബക്കര്‍ മാഷ് കാണാത്തത് ഞങ്ങളുടെ ഭാഗ്യം.കുറേ സമയത്തിന് ശേഷം വണ്ടി അങ്കമാലി സ്റ്റേഷനില്‍ നിര്‍ത്തി.

“ഇത് അങ്കമാലിയാണല്ലോ ? വണ്ടി അപ്പോള്‍ പിന്നോട്ടാണോ പോകുന്നത് ?” ഉറക്കമുണര്‍ന്ന തിരോന്തരം കാരന്‍ റെജുവിന് സംശയം.

“ആരാ മാഷെ ആലുവ എത്തി എന്ന് പറ്ഞ്ഞത് ?” ആലപ്പുഴക്കാരന്‍ ആന്റണിയും അബൂബക്കര്‍ മാഷുടെ നേരെ തിരിഞ്ഞു.

“സലീം പറഞ്ഞത് കേട്ടതാ...”അബൂബക്കര്‍ മാഷ് സത്യം പറഞ്ഞു.

“ഹയ്യേ...സലീം മാഷ് സ്വപ്നത്തില്‍ ഹലുവ എന്ന് പറഞ്ഞതാ...അത് നിങ്ങള്‍ ആലുവ എന്ന് തെറ്റിദ്ധരിച്ചു...ആ ഇനി പറഞ്ഞിട്ട് കാര്യമില്ല...ഉറങ്ങാന്‍ സമയവുമില്ല...“ ഹരിദാസന്‍ മാഷ് പറഞ്ഞപ്പോഴാണ് സംഗതി എല്ലാവര്‍ക്കും പിടി കിട്ടിയത്.

“എങ്കില്‍ നമുക്ക് പാട്ടു പാടി സമയം കളയാം...”ആരുടെയോ തലയില്‍ പാതിരാസൂര്യന്‍ ഉദിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

“പാലാണ്... തേനാണ്.......എന്‍ സൈനബാ പഞ്ചാരപാല്‍ക്കുടമാണ് നീ...” അബൂബക്കര്‍ മാഷുടെ മൊബൈല്‍ പെട്ടെന്ന് ചിലക്കാന്‍ തുടങ്ങി.

“ആരാ മാഷെ ഈ നട്ടപ്പാതിരക്ക് വിളിക്കുന്നത് ?” എല്ലാവരും വീണ്ടും അബൂബക്കര്‍ മാഷുടെ നേരെ തിരിഞ്ഞു.

“അത് ...അലാറം ടോണാ !!!” അബൂബക്കര്‍ മാഷെ മറുപടി എല്ലാവരേയും നിശബ്ദരാക്കി.

(തുടരും...)

15 comments:

Areekkodan | അരീക്കോടന്‍ said...

“ആരാ മാഷെ ഈ നട്ടപ്പാതിരക്ക് വിളിക്കുന്നത് ?” എല്ലാവരും വീണ്ടും അബൂബക്കര്‍ മാഷുടെ നേരെ തിരിഞ്ഞു.

“അത് ...അലാറം ടോണാ !!!” അബൂബക്കര്‍ മാഷെ മറുപടി എല്ലാവരേയും നിശബ്ദരാക്കി.

Unknown said...

"സുനാമിയില്‍ പെട്ട തേങ്ങാക്കൊല പോലെ ആടിയുലഞ്ഞു."

ഇത് കലക്കി മാഷേ..ചിരിപ്പിച്ചു.
ആകെ മൊത്തം സരസമായി എഴുതിയിരിക്കുന്നു.
ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ബാക്കി വയ്കില്ലാന്നു കരുതാമോ..

Akbar said...

ഹലുവക്ക് പകരം കുളം സ്വപ്നം കാണാഞ്ഞത് ഭാഗ്യം. അല്ലെങ്കില്‍ ഏറണാംകുളത്തുകാരൊക്കെ ചാടി എണീറ്റേനേ

ശ്രീ said...

നന്നായി എഴുതി, മാഷേ

Anonymous said...

ടിംണ്ടിം...വണ്ടി പോട്ടെ..നന്നായി ചിരിപ്പിച്ചു ഈ എഴുത്ത്, അബൂബക്കർ മാഷു കൊള്ളാമല്ലോ എണിക്കുമ്പോൾ ഇങ്ങനെയുള്ള പാട്ടു കേട്ടു തന്നെ എണീക്കണം ഒരു കാര്യം ഉറപ്പ് അബൂബക്കർ മാഷിന്റെ ബീവീടെ പേരു സൈനബ എന്നല്ല...

ഐക്കരപ്പടിയന്‍ said...

മാഷെ, വായനാസുഖം കൊണ്ടാണോ എന്നറിയില്ല, പോസ്റ്റു അരീകോട് പോയിട്ട് കൊണ്ടോട്ടി വരെ എത്തിയില്ല. അതിനാല്‍ അടുത്ത ഭാഗം വേഗം വരട്ടെ...

ഇമെയില്‍ ചെയ്‌താല്‍ വായിക്കാം...saleemep@gmail.com

chithrakaran:ചിത്രകാരന്‍ said...

ആബിദ് മാഷെ,
യാത്ര വിവരണമാകുമ്പോള്‍ ഫോട്ടോ മസ്റ്റാണ് :)
ലക്ഷ ദീപല്ലേ.... കലക്കന്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. പൊല്ലാപുണ്ടാക്കിയ ഹലുവയില്‍ തുടങ്ങാം.

Areekkodan | അരീക്കോടന്‍ said...

എക്സ് പ്ര‌വാസിനി...ഒരല്പ സമയം തരൂ.ഞാന്‍ ഒരു ക്യാമ്പില്‍ ആണ്!

അക്ബര്‍...ഇന്ന് വീണ്ടും എറണാകുളത്തേക്ക് പോകുമ്പോള്‍ ഒരു അബൂബക്കര്‍ മാസ്റ്റര്‍ ഉണ്ടാകാതിരിക്കട്ടെ!

ശ്രീ...നന്ദി

ഉമ്മു അമ്മാര്‍...ശരിയാ, പാവം അബൂബക്കര്‍ മാസ്റ്റര്‍.ഈ വിവരം അറിഞിട്ടേ ഇല്ല!

ഐക്കരപ്പടിയാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.കൊണ്ടോട്ടി എത്തിയില്ലെങ്കിലും എത്തിക്കാം , അടുത്ത പോസ്റ്റില്‍.

ചിത്രകാരാ...ഫോട്ടോ ഇടുന്നുണ്ട്, യഥാര്‍ഥ വിവരണം വരുന്നു.ഇത് സാമ്പ്ല് വെടിക്കെട്ട് മാത്രം.

Yasmin NK said...

Ok.സാമ്പിള്‍ വെടിക്കെട്ട് ഉഗ്രന്‍.അപ്പൊ ബാക്കീം കൂടെ പോന്നോട്ടെ..

ഒരു യാത്രികന്‍ said...

ഹ..ഹ..പോരട്ടെ പോരട്ടെ...നല്ല ചിത്രങ്ങളും ഉണ്ടാവും അല്ലെ???...സസ്നേഹം

Areekkodan | അരീക്കോടന്‍ said...

മുല്ലേ...എഴുതട്ടേ ബാക്കി

യാത്രികാ...ചിത്രം അല്പം എഡിറ്റ് ചെയ്ത ശേഷം മാത്രം.

ഏറനാടന്‍ said...

വണ്ടി അങ്കമാലി വിട്ടു. ഇനി അടുത്ത സ്റ്റേഷനില്‍

OAB/ഒഎബി said...

അപ്പൊ തുടക്കം മധുരം പൊതിഞ്ഞ ഫലിതത്തിൽ കൂടിയാണ്!

Areekkodan | അരീക്കോടന്‍ said...

ഏറനാടാ...കപ്പല്‍ കൊച്ചി വിടാനായി!

ഒ.എ.ബി...ഇത് മൊത്തം അങ്ങനെത്തന്നെ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തുടക്കം കൊള്ളാം മാഷെ
ബാക്കി പോരട്ടേ..

Post a Comment

നന്ദി....വീണ്ടും വരിക