രണ്ടര മാസത്തോളം പഠനം അവതാളത്തിലാക്കിയ നിര്‍മല്‍ മാധവ് വിഷയം അവസാനിക്കുന്നു എന്ന് എന്റെ കോളേജിലെ ഓരോ കുട്ടിയുടേയും മാതാപിതാക്കള്‍ ആശ്വസിക്കുമ്പോള്‍, മറ്റൊരു കോളേജിലെ കുട്ടികളുടെ മാതാപിതാക്കള്‍ ഒരു പേടിസ്വപ്നത്തിന്റെ വയ്ക്കിലാണ്.നിര്‍മല്‍ മാധവിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്ന പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിലെ കുട്ടികളും രക്ഷിതാക്കളും ആണ് ഇനി ഈ കോളേജില്‍ എന്തെല്ലാം സംഭവിച്ചേക്കും എന്ന ആശങ്കയില്‍ നില്‍ക്കുന്നത്.എന്റെ സഹോദരിയുടെ മകള്‍ അവിടെ പഠിക്കുന്നതിനാല്‍ അവരും ആ പേടി പേറുന്നു.ഒരു പക്ഷേ ഒന്നും സംഭവിക്കാതെ നിര്‍മ്മല്‍ പഠനം പൂര്‍ത്തിയാക്കിയോ അല്ലാതെയോ പോയേക്കാം.എങ്കിലും ഒരു പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങള്‍ നിര്‍മ്മല്‍ വായിക്കുന്ന ഒരു രംഗം എന്റെ മനസ്സിലൂടെ കടന്നു പോകുന്നു.എന്തിനായിരുന്നു കേരളം മുഴുവന്‍ കലക്കിമറിച്ച ഈ കോലാഹലങ്ങള്‍ ?
യഥാര്‍ത്ഥത്തില്‍ നിര്‍മല്‍ മാധവിന്റെ അഞ്ചാം സെമസ്റ്റര്‍ പ്രവേശനത്തിലൂടെ ആരംഭിച്ച ഈ സമര പരമ്പരകളുടെ ഉത്തരവാദികള്‍ ആരൊക്കെയാണ് ? രാഷ്ട്രീയതിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ ഇടതും വലതും ഇതില്‍ തുല്യ പങ്ക് വഹിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. നിര്‍മ്മലിന് പ്രവേശനം നല്‍കാന്‍ ഉത്തരവിട്ട സര്‍ക്കാരാണ് എല്ലാവരുടെ കണ്ണിലും ഒന്നാം പ്രതി.മൂന്നാം സെമസ്റ്ററില്‍ വച്ച് ടി.സി വാങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഴമേറിയ ചിന്ത ആവശ്യമായിരുന്നു.മാത്രമല്ല മറ്റൊരു കോളേജില്‍ ഒന്നാം സെമസ്റ്ററില്‍ മറ്റൊരു വിഷയത്തിന് ചേര്‍ന്ന് പഠിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു പ്രവേശനം നല്‍കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുമായിരുന്നു.കോളേജില്‍ ക്ലാസ് അറ്റന്റ് ചെയ്ത് നേരാം വണ്ണം എത്തിയ കുട്ടികള്‍ക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ കടക്കാന്‍ അസ്സൈന്മെന്റ്,സീരീസ് ടെസ്റ്റ് തുടങ്ങീ അനേകം പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഒരു പരീക്ഷയോ മറ്റോ നടത്തി ഈ വിദ്യാര്‍ത്ഥിക്ക് ഇന്റേര്‍ണല്‍ മാര്‍ക്ക് നല്‍കാം എന്ന സൂത്രം ഉന്നത വിദ്യാഭ്യാസരംഗത്തെ ആരുടെ തലയില്‍ നിന്ന് വന്നതാണ് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.കാരണം ഇത്രയും സുന്ദരമായി കടന്നുകയറാന്‍ പറ്റുന്നതാണ് ഇന്റേര്‍ണല്‍ മാര്‍ക്ക് എന്ന കടമ്പ എങ്കില്‍ ഇങ്ങനെ പഠിച്ച് പുറത്ത് വരുന്ന എഞ്ചിനീയര്‍മാരുടെ ക്വാളിറ്റി എന്തായിരിക്കും?
ഇനി ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കോളേജില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പോ അല്ലെങ്കില്‍ പ്രവേശനം സ്ഥിരപ്പെടുത്തുന്നതിന് മുമ്പോ അതിന് യൂണിവേഴ്സിറ്റിയില്‍ നിന്നും സിണ്ടിക്കേറ്റിന്റെ അംഗീകാരം ലഭിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.നിര്‍മ്മല്‍ മാധവ് അതും വളരെ എളുപ്പത്തില്‍ കൈവശമാക്കി.അന്ന് കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ നിലവിലിരുന്നത് ഇടതുപക്ഷത്തിന് ഭൂരിപക്ഷമുള്ള ഒരു സിണ്ടിക്കേറ്റ് ആയിരുന്നു.എന്റെ ധാരണ ശരിയാണെങ്കില്‍ ഈ സിണ്ടിക്കേറ്റ് എങ്ങനെ ഈ അനുകൂല തീരുമാനം കൈകൊണ്ടു?അതല്ല ഈ പ്രവേശനം ഇവരാരും അറിയാതെ നടന്നതാണോ?
മൂന്നാം സെമസ്റ്ററില്‍ ടി.സി വാങ്ങിയ കുട്ടിയെ അതേ സെമസ്റ്ററിലേക്ക് തന്നെ പ്രവേശനം നല്‍കിയിരുന്നുവെങ്കില്‍ ഇത്രയധികം പൊല്ലാപ്പ് സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ ഉണ്ടാകുമായിരുന്നില്ല എന്ന പക്ഷക്കാരനാണ് ഞാന്‍.നിര്‍മ്മലിന്റെ റാങ്ക് പ്രകാരം സര്‍ക്കാര്‍ കോളേജില്‍ അഡ്‌മിഷന്‍ നല്‍കാമോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണെങ്കിലും അതെല്ലാം മാറ്റിവയ്ക്കാമായിരുന്നു.പക്ഷേ ഇത്രയും ലാഘവത്തോടെ ഈ സംഗതി കൈകാര്യം ചെയ്തത് നമ്മുടെ ഉന്നത വിദ്യഭ്യാസത്തിന് കളങ്കമായി എന്ന് പറയാതിരിക്കാന്‍ വയ്യ.
നിര്‍മ്മലിനെതിരെ നടത്തിയ വിദ്യാര്‍ഥി സമരവും വളരെയധികം നീണ്ടുപോയി.യഥാര്‍ത്ഥത്തില്‍ ഈ സമരം കോളേജില്‍ നീട്ടിക്കൊണ്ടു പോകുന്നതിനോട് ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും താല്പര്യം ഇല്ലായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.പകരം ഇതിന് അനുമതി നല്‍കിയ അധികാര കേന്ദ്രങ്ങളില്‍ ആയിരുന്നു ഈ സമരങ്ങള്‍ അരങ്ങേറേണ്ടിയിരുന്നത്.ഇപ്പോള്‍ സമരം കാരണം ബലിയാടായത് ഈ കോളേജിലെ 1200-ഓളം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.ഉന്നതാധികാരികളുടെ ശ്രദ്ധയില്പെടുത്താന്‍ സാധിക്കുന്ന ഒരു സമരം സംസ്ഥാനതലത്തില്‍ നടത്തിയിരുന്നെങ്കില്‍ അധികാരിവര്‍ഗ്ഗങ്ങളുടെ കണ്ണ് നേരത്തെ തുറപ്പിക്കാന്‍ സാധിക്കുമായിരുന്നു.ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ ഈ പ്രവേശനം നടന്നയുടനെത്തന്നെ എടുപ്പിക്കാനും സാധിക്കുമായിരുന്നു.ഒട്ടേറെ സമരങ്ങള്‍ നടത്തി വിജയിപ്പിച്ച ഈ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് എങ്ങനെ ഇത്രയും വലിയ ഒരു പാളിച്ച സംഭവിച്ചു? എന്തുകൊണ്ട് സംസ്ഥാന നേതൃത്വം ഈ സമരത്തിന് വലിയപ്രാധാന്യം നല്‍കിയില്ല?സ്വാഭാവികമായും ഇടതുപക്ഷത്തിനും ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ ഈ അലംഭാവം തന്നെ തെളിവാണ്.
ഇത്രയും കോലാഹലങ്ങളും നാശനഷ്ടങ്ങളും ഉണ്ടായ സ്ഥിതിക്ക് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത് ഈ വിദ്യാര്‍ത്ഥിയുടെ പഠനനിലവാരം തന്നെയാണ്.തന്റെ പ്രവേശനം തുടര്‍ന്ന് പഠിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ട് തന്നെയായിരുന്നു എന്ന് തെളിയിക്കേണ്ടത് നിര്‍മ്മലിന്റെ കൂടി ഉത്തരവാദിത്വമാണ്.ഇനിയെങ്കിലും ശാന്തമായ അന്തരീക്ഷത്തില്‍ പഠിച്ച് നല്ല മാര്‍ക്കോടെ നിര്‍മ്മല്‍ മാധവ് പുറത്ത് വരും എന്ന് ഗ്യാരണ്ടിയില്ലെങ്കില്‍, രണ്ടര മാസം വെസ്റ്റ്‌ഹില്‍ ഗവ:എഞ്ചിനീയറിംഗ് കോളേജിലെയും ശേഷം നിര്‍മ്മലിനെ ഇപ്പോള്‍ മാറ്റിയ കോളേജിലേയും വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരും നിര്‍മ്മലും ചെയ്യുന്ന അപരാധമായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
10 comments:
ഇനിയെങ്കിലും ശാന്തമായ അന്തരീക്ഷത്തില്‍ പഠിച്ച് നല്ല മാര്‍ക്കോടെ നിര്‍മ്മല്‍ മാധവ് പുറത്ത് വരും എന്ന് ഗ്യാരണ്ടിയില്ലെങ്കില്‍, രണ്ടര മാസം വെസ്റ്റ്‌ഹില്‍ ഗവ:എഞ്ചിനീയറിംഗ് കോളേജിലെയും ശേഷം നിര്‍മ്മലിനെ ഇപ്പോള്‍ മാറ്റിയ കോളേജിലേയും വിദ്യാര്‍ത്ഥികളോടും അവരുടെ രക്ഷിതാക്കളോടും ഒപ്പം കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും സര്‍ക്കാരും നിര്‍മ്മലും ചെയ്യുന്ന അപരാധമായിരിക്കും അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അരീക്കോടന്‍ മാഷിന്റെ നിരിക്ഷണങ്ങള്‍ പ്രസ്ക്തം, അതോടൊപ്പം ഇത്ര ഗൗരവതരമായ ഒരു വിഷയം ഏറ്റെടുത്ത് വിദ്ധ്യാര്‍ഥികള്‍ നടത്തിയ സമരം പൊതുജന/അധികാരി ശ്രദ്ധയില്‍ കൊണ്ടുവരാതെ തമസ്കരിച്ച മാദ്ധ്യമ സിങ്കങ്ങളുടെ ജാഗ്രതയും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ.
നിര്‍മലിന്റെ ശരിയാണെന്നെനിക്ക് അഭിപ്രായമില്ല.. എങ്കിലും ഒരു പാര്‍ട്ടിയുടെ കുട്ടിസഖാക്കളുടെ കണ്ണിലെ കരടായതുകൊണ്ട് രണ്ട് കോളേജുകള്‍ മാറേണ്ടിവരുക എന്ന് പറയുന്നത് ശരിയാണെന്നും തോന്നുന്നില്ലാാ.. ഇതിപ്പോള്‍ മൂന്നാമത്തേതും! ഇടതുപക്ഷം ഇതുപോലെ ചില ക്രിമിനലുകളെ മറ്റു കോളേജുകളിലേക്ക് മാറ്റിയിട്ടുമുണ്ടെന്നാണു തൊമ്മന്‍ പറഞ്ഞത്.. അത് ശരിയാണെങ്കില്‍ പിന്നെ ഈ കുട്ടിസഖാക്കള്‍ ചെയ്തത് ശുദ്ദ ചെറ്റത്തരമെന്നേ ഞാന്‍ പറയൂൂ....
വളരെ യുക്തിസഹമായി മാഷ് ഈ പ്രശ്നത്തെ സമീപിച്ചിരിക്കുന്നു. എന്തായാലും മുഖ്യമന്ത്രി ഇത്ര ലാഘവബുദ്ധിയോടെ ഈ പ്രശനത്തിൽ ഇടപെടരുതായിരുന്നു.
നിര്‍മല്‍ മാധവനും അവന്റെ മാതാ പിതാക്കളും വെറും മണ്ടന്മാര്‍ ആണെന്നെ ഞാന്‍ പറയു ഇത് കേരളം ആണെന്ന് അറിയില്ലേ ഇവിടെ ആര് ഭരിച്ചാലും മാര്‍ക്സിസ്റ്റ് പാര്‍ടിയെയും അവരുടെ പോഷക സംഘടനകളെയും എതിര്‍ത് മനുഷ്യന് ജീവിക്കാന്‍ പറ്റുമോ? അവനെ മുച്ചൂടും നശിപിക്കുക എന്നാ ഒറ്റ അജണ്ട ആയിരിക്കും പിന്നെ ഇ കെ ജി സെന്ററിലെ ബിഗ് ബോസ് മുതല്‍ താഴെ കിടയിലെ ഊച്ചാളി വരെ ഒരേ ലക്ഷ്യത്തിനു വേണ്ടി അവരെല്ലാം ഒന്നിച്ചു പോരാടും
അവന്റെ ഉത്തരകടലാസ് കത്തിക്കും അവനെ ഓടിച്ചിട്ടടിക്കും എത്ര നാള്‍ അങ്ങിനെ ഒരുത്തന് ജീവിക്കാന്‍ പറ്റും നിര്‍മല്‍ മാധവനെ കത്ത് സൂക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിക് പറ്റുമോ?
ഒരു gaN മാനേ ഇട്ടാല്‍ തന്നെ അവന്‍ പോലും പാര്‍ടിക്കാരന്‍ ആയി കാല് വാരും
തമിഴ് നാടില്‍ എങ്ങാനും പോയി പഠിച്ചു മിടുക്കനായി ഡിഗ്രീ എടുക്കു അവിടെ ഈ മാതിരി ഗുണ്ടായിസം ഇല്ല ഉണ്ടെങ്കില്‍ തന്നെ ജയലളിത നോക്കിക്കൊള്ളും
ഇവിടെ കുറെ സാംസ്‌കാരിക നായകന്മാര്‍ ഉണ്ട് അവര്‍ക്കൊന്നും ഒന്നും പറയാനില്ല ഓ എന്‍ വി ക്ക് കവിത വരുന്നില്ല സുഗത കുമാരി മൌനം അഴീക്കോട് തപസ്സില്‍
ഇതാണ് സീ പീ എമിന്റെ നേരെ കളിച്ചാല്‍ ന്യായവും അന്യായവും ഇവിടെ ആര്‍ക്കും പ്രശ്നമല്ല പേടി ആണ് എല്ലാവര്ക്കും
പേടിക്കാതെ ജീവിക്കാന്‍ ഇടയ്ക്കിടെ അഞ്ചു കൊല്ലം കിട്ടും യു ഡീ എഫ് വരുമ്പോള്‍
ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിക്കുന്നു ഗുണ്ടായിസം അനുവദിക്കില്ല എന്നാ നിലപാടില്‍
പക്ഷെ കുട്ടിക്ക് പഠിക്കണം അവനെ കോളേജില്‍ തന്നെ ഒറ്റപ്പെടുത്തും അവനോടു മിണ്ടാന്‍ ആരും കാണില്ല അവനോടു മിണ്ടിയാല്‍ അവന്റെ കാല്‍ തല്ലി ഒടിക്കും
സെഷണല്‍ മാര്‍ക്കും ഒന്നും കാര്യമില്ല എല്ലാം പ്രഹസനം കേരളത്തിലെ എന്ജിനീയറിംഗ് കോര്‍സ് തന്നെ പ്രഹസനം ബീ എസ് സി നിലവാരം പോലും ഇല്ലാത്ത സിലബസ്
ഒബ്സലെറ്റ് ആയ കുറെ കരിക്കുലം ഹായ് സ്കൂള്‍ വിദ്യാഭ്യാസം സീ ബീ എസ് സി അല്ലെങ്കില്‍ പഠിക്കാന്‍ വരുന്നവന് ഒരു ബേസിക് നോളജും കാണുകയില്ല
രണ്ടു വരി എഴുതി പാസയവന്‍ ഇവിടെ കിടന്നു മുട്ട ഇടും
അതിനാല്‍ നിര്‍മല്‍ മാധവ ഉടക്ക് കളഞ്ഞു തമിഴ് നാടില്‍ എങ്ങാനും പോ അതാണ് നിന്റെ ജീവന് നല്ലത് നിന്നെ തല്ലി കൊല്ലും
ഒരു ഹര്‍ത്താല്‍ ആചരിക്കാന്‍ പോലും ആരും കാണില്ല ഇവിടെ
മൂന്നാം സെമസ്റ്ററില്‍ വച്ച് ടി.സി വാങ്ങിപ്പോയ ഒരു വിദ്യാര്‍ത്ഥിക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശനം നല്‍കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ആഴമേറിയ ചിന്ത ആവശ്യമായിരുന്നു.
പോയ ബുദ്ധി ആനപിടിച്ചിട്ടും തിരിച്ചു വരില്ലല്ലോ.
കുട്ടികളുടെ ക്ലാസ്സ് മുടക്കിയ കാര്യം, അത് മാഷിനു തന്നെ അറിയാവുന്നതാണ്. SFI പടിപ്പു മുടക്കിയത് ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ്. ഒരു മാസത്തോളം ക്ലാസ്സ് സസ്പെന്റ് ചെയ്തത് കോളേജ് പ്രിന്‍സിപ്പല്‍ ആണ് ...
100 % തെറ്റാണ് എന്ന് ബോധ്യമായിട്ടും ഈ വിഷയത്തില്‍ കടും പിടുത്തം പിടിച്ച സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ ആണ് ഈ സമരം നീളാന്‍ ഉള്ള കാരണം.
Wish some day there will be a new force that will change the political scene for the better. Right now it should be called mafia politics
വിദ്യാഭ്യാസമൊരഭ്യാസം !! സമരം നടന്ന അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന താങ്കളുടെ ലേഖനം പ്രശ്നത്തിന്റെ യഥാര്‍ത്ഥ വശങ്ങളിലേക്ക് വെളിച്ചം വീശുന്നു.
കുട്ടിസഖാക്കൾ ചെയ്തത് ശരിയനെന്നു എനിക്ക് തോന്നുനില്ല. എന്ത് പ്രശനത്തിന്റെ പേരിലായാല്ലും ഒരാളെ ഇങ്ങനെ വേട്ടയാടുന്നത് കഷ്ടമാണ്. ജനാതിപത്യപരമായി ഇതിനെ നേരിടാൻ മറ്റൂ മാർഗ്ഗങ്ങളുണ്ടെന്നിരിക്കെ അക്രമത്തിനിറങ്ങിയത് ന്യായീകരിക്കാൻ പറ്റാത്തതാണ്.
Post a Comment
നന്ദി....വീണ്ടും വരിക