വീണ്ടും മാനത്ത് ശവ്വാലമ്പിളിക്കീറ് പ്രത്യക്ഷമായി.ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് വിരാമം കുറിച്ച് കൊണ്ട് മുസ്ലിംകള് നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷത്തിനായി ഒരുങ്ങുന്നു.ഓര്‍മ്മയിലെ പെരുന്നാളുകളെക്കുറിച്ച് മുമ്പ് പല പോസ്റ്റിലും സൂചിപ്പിച്ചിരുന്നു, പറഞ്ഞിരുന്നു.ഇപ്പോള്‍ മനസ്സില്‍ ഓടി വരുന്നത് കല്യാണത്തിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാളാണ്.
13 വര്‍ഷം മുമ്പത്തെ ഒരു റമളാന്‍ മാസം.എന്തോ കാരണത്താല്‍ ശമ്പളം കിട്ടാന്‍ വൈകി.കയ്യില്‍ കാശില്ലാതെ പെരുന്നാള്‍ അടുത്തടുത്ത് വന്നു.ഞാനും ഭാര്യയും മാത്രമടങ്ങുന്ന ‘നാം രണ്ട് നമുക്ക് പൂജ്യം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ട് നീങ്ങുന്ന കാലം(അല്ലെങ്കിലും കല്യാണം കഴിച്ച് മിനിമം പത്ത്മാസത്തിന് ശേഷമാണല്ലോ ഈ മുദ്രാവാക്യത്തില്‍ മാറ്റം വരുത്തുന്നത്).പുതിയ ഡ്രെസ്സ് എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ‘പൈസാചികം’ പിന്തിരിപ്പിച്ചു.എന്നാല്‍ ഭാര്യക്ക് ഉരുവിടാന്‍ ഒരേ ഒരു മന്ത്രം മാത്രം - കല്യാണം കഴിഞ്ഞ് ആദ്യത്തെ ചെറിയ പെരുന്നാളാണ്.ഡ്രെസ്സ് എടുക്കാതെ അവളുടെ വീട്ടിലേക്ക് കയറിയാല്‍ ആര്‍ട്ടിക്കിള്‍ 12(1) പ്രകാരം മാനഭംഗശ്രമത്തിന് കേസെടുക്കും പോലും.കെട്ടിയോനെതിരെ മാനഭംഗശ്രമത്തിന് കേസെടുക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 12(1)നെ ഞാന്‍ മനസാ ശപിച്ചു.(ആ ആര്‍ട്ടിക്കിളില്‍ പറയുന്നത് ഇതുമായി ബന്ധപെട്ട ഒരു കുന്തവുമല്ലെന്ന് പിന്നീട് മനസ്സിലായി)
ആര്‍ട്ടിക്കിളിനേയും വെന്‍ട്രിക്കിളിനേയും പറ്റി ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചത് ഓര്‍മ്മയുടെ ഗുഹാന്തരങ്ങളീലേക്ക് ചേക്കേറിയതിനാല്‍ അവള് പറഞ്ഞ ആര്‍ട്ടിക്കിളില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചു.മൌനം പോയാലും മാനം പോകരുത് എന്നതിനാല്‍ ഞാന്‍ എന്റെ ബാങ്ക് മാനേജറെ വിളിച്ചു.
“ഹലോ....ആ....ഒരു രണ്ടായിരം രൂപ ഉണ്ടാകോ?”
ബാങ്കില്‍ രണ്ടായിരം രൂപ ഉണ്ടാകോ എന്ന് ചോദിക്കുന്ന വിവരം കെട്ട കസ്റ്റമര്‍ ആണ് ഞാന്‍ എന്ന് ആര്‍ക്കെങ്കിലും തോന്നി എങ്കില്‍ സോറി , ഈ ബാങ്ക് മാനേജര്‍ എന്റെ സ്വന്തം ജ്യേഷ്ടത്തി ആണ്.അവള്‍ക്ക് പ്രത്യേകിച്ച് ഒരു ചെലവും അന്ന് ഇല്ലാത്തതിനാല്‍ കയ്യില്‍ കാശ് ഉണ്ടാകും എന്ന് ഉറപ്പായിരുന്നു.എങ്കിലും മാനം കളയാതെ കാര്യം സാധിക്കണമല്ലോ.
“ഓ...അത് പ്രശ്നമില്ല...നീ എപ്പഴാ വര്വാ?”
എന്റെ മനസ്സിനെ കുളിര്‍പ്പിക്കുന്ന മറുപടി തന്നെ കിട്ടി.അങ്ങനെ അവള് തന്ന രണ്ടായിരം രൂപ ഉപയോഗിച്ച് എന്റെ ആദ്യത്തെ പെരുന്നാള്‍ ഷോപ്പിംഗ് നടത്തി.നോമ്പ് നോറ്റ് മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷം കടം വാങ്ങിയ കാശും കൊടുത്ത് വാങ്ങിയ ആ ചുരിദാര്‍ പുത്തന്‍ മണം മാറുന്നതിന് മുമ്പേ, വിശാലഹൃദയയായ എന്റെ ഭാര്യ അവളുടെ അനിയത്തിക്ക് ദാനം ചെയ്ത് എന്റെ മാനത്തിന് കുറിമാനം നല്കി.
ഇനി ഒരു ഭര്‍ത്താവിനും ഇങ്ങനെ ഒരു വിധി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്ക്കും ഈദാശംസകള്‍ നേരുന്നു.
5 comments:
കല്യാണം കഴിഞ്ഞ് ആദ്യത്തെ ചെറിയ പെരുന്നാളാണ്.ഡ്രെസ്സ് എടുക്കാതെ അവളുടെ വീട്ടിലേക്ക് കയറിയാല്‍ ആര്‍ട്ടിക്കിള്‍ 12(1) പ്രകാരം മാനഭംഗശ്രമത്തിന് കേസെടുക്കും പോലും.
ഹഹഹ...ആബിദ് ഭായ്
അനുഭവം വേദനയുണ്ടാക്കുന്നതെങ്കിലും പറഞ്ഞ രീതികൊണ്ട് വിഷമമറിഞ്ഞില്ല, രസിക്കയും ചെയ്തു
ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണല്ലോ ..... ഭാര്യ ചെയ്തതാണ് ശരി എന്തായാലും മാനമാണ് വലുത്..... ഈദ് ആശംസകള്‍
അനുഭവം നർമ്മത്തിൽ ചാലിച്ച് കുറിച്ചത് രസമായി. നന്നായി അവതരിപ്പിച്ചു.
ഈദ് ആശംസകൾ.
ദാനം ചെയ്താല്‍ പുണ്യം കിട്ടും
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക