തറാവീഹ് എന്ന് ഞാന്‍ കേട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്ന് കൃത്യമായി ഓര്‍മ്മയില്ല.പക്ഷേ കുട്ടിക്കാലത്ത് പള്ളിയില്‍ പോയി തന്നെ തറാവീഹ് നമസ്കാരം നിര്‍വ്വഹിക്കണം എന്ന് ഒരു വാശിയായിരുന്നു.ചില നോമ്പ് തുറ സല്‍ക്കാരത്തിന് പോയാല്‍ തറാവീഹ് മിക്കവാറും നഷ്ടപ്പെടും.അത് എന്തോ ഒരു വലിയ നഷ്ടമായി തന്നെയായിരുന്നു അന്ന് അനുഭവപ്പെട്ടിരുന്നത്.
റമളാന്‍ മാസത്തില്‍ രാത്രി ഇശാ നമസ്കാരത്തിന് ശേഷം നിര്‍വ്വഹിക്കപ്പെടുന്ന പ്രത്യേക നമസ്കാരമാണ് തറാവീഹ് എന്നറിയപ്പെടുന്നത്.ദീര്‍ഘനേരം നിന്ന് നിര്‍വ്വഹിക്കേണ്ട ഒരു ആരാധനയാണിത്.തറാവീഹ് നമസ്കാരത്തിന് ശേഷം നബി(സ)യുടെ കാലില്‍ നീര്‍ക്കെട്ട് വരെ ഉണ്ടാകാറുണ്ടായിരുന്നു എന്ന് മദ്രസയില്‍ നിന്നും മറ്റും പഠിച്ചിരുന്നു(അത്രയും ദൈര്‍ഘ്യമേറിയ നമസ്കാരമായതിനാല്).
തറാവീഹ് എന്ന പദത്തിന്റെ അര്‍ത്ഥം വിശ്രമം/വിശ്രമിക്കല്‍ എന്നാണ്. അതായത് ഇടക്കിടക്ക് വിശ്രമം കൂടി അനുവദിച്ചുകൊണ്ടുള്ള നമസ്കാരമാണിത്.അതായത് രണ്ടൊ നാലോ റക്അത്ത് കഴിഞ്ഞ് അല്പ നേരം വിശ്രമം.പിന്നെ വീണ്ടും നമസ്കാരം .ഇപ്രകാരം എട്ട് റക്‍അത്ത്നമസ്കരിക്കുന്നവരുണ്ട് , 21 റക്അത്ത് നമസ്കരിക്കുന്നവരുമുണ്ട്, ഒന്നും നമസ്കരിക്കാത്തവരുമുണ്ട്.
പകല്‍ മുഴുവന്‍ നോമ്പും രാത്രിയില്‍ തറാവീഹ് നമസ്കാരവും നിര്‍വ്വഹിക്കുമ്പോഴേ ഒരു സത്യവിശ്വാസിക്ക് റമളാനിന്റെ പൂര്‍ണ്ണത ലഭിച്ചതായി അനുഭവപ്പെടൂ.പകല്‍ തന്റെ എല്ലാ ഇച്ഛകളേയും കീഴടക്കി രാത്രിയില്‍ ആരാധന കര്‍മ്മങ്ങളിലും ഏര്‍പ്പെടുന്നതോടെ നോമ്പിന്റെ മുഴുവന്‍ പുണ്യവും വിശ്വാസി നേടി എടുക്കുന്നു.
തറാവീഹ് പള്ളിയില്‍ വച്ച് ജമാഅത്തായി (കൂട്ടമായി ) നമസ്കരിക്കുന്നവരുണ്ട്.വീട്ടില്‍ നിന്ന് ജമാഅത്തായി നമസ്കരിക്കുന്നവരുമുണ്ട്.പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമായവര്‍ മിക്കവരും ദീര്‍ഘനേരം നിന്ന് നമസ്കരിക്കുന്നതിനായി വീട്ടില്‍ വച്ചാണ് തറാവീഹ് നിര്‍വ്വഹിക്കുന്നത്. പള്ളിയില്‍ നിന്ന് നമസ്കരിച്ച് വീട്ടില്‍ വന്ന് കൂടുതല്‍ നമസ്കരിക്കുന്നവരും ഉണ്ട്.സുന്നത്ത് നമസ്കാരത്തിന്റെ ഗണത്തില്‍ പെടുന്നതായതിനാല്‍ തറാവീഹ് നമസ്കാരം ഉപേക്ഷിച്ചാല്‍ അതൊരു കുറ്റമല്ല.കാരണം എല്ലാവര്ക്കും അതിന്റെ ദൈര്‍ഘ്യം താങ്ങാന്‍ കഴിഞ്ഞോളണം എന്നില്ല.എന്നിരുന്നാലും പുണ്യങ്ങളുടെ പൂക്കാലമായ റമളാനില്‍ കഴിവിന്റെ പരമാവധി എല്ലാവരും തറാവീഹ് നിര്‍വ്വഹിക്കുന്നുണ്ടെന്ന് പള്ളികളിലെ ജനസാന്നിദ്ധ്യം തെളിയിക്കുന്നു.
3 comments:
പകല്‍ തന്റെ എല്ലാ ഇച്ഛകളേയും കീഴടക്കി രാത്രിയില്‍ ആരാധന കര്‍മ്മങ്ങളിലും ഏര്‍പ്പെടുന്നതോടെ നോമ്പിന്റെ മുഴുവന്‍ പുണ്യവും വിശ്വാസി നേടി എടുക്കുന്നു.
നോമ്പാശംസകള്
ajithji...THanks
Post a Comment
നന്ദി....വീണ്ടും വരിക