Pages

Wednesday, August 29, 2012

എന്റെ ഉത്രാടപ്പാച്ചില്‍

          ഉത്രാടപ്പാച്ചില്‍ എന്ന് അനേകതവണ കേട്ടിട്ടുണ്ടായിരുന്നു.ഇന്നലെ എനിക്കും ആ പാച്ചിലില്‍ ഭാഗഭാക്കാകേണ്ടി വന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നതും ചൊവ്വാഴ്ചയോടെ സ്ഥലം വിടുന്നതുമായ ബയോഡൈവേഴ്സിറ്റി സയന്‍സ് എക്സ്പ്രെസ്സ് കാണാനായിരുന്നു ഈ ഓട്ടം.ആ ‘റണ്ണിംഗ് ‘ കമന്ററി താഴെ...

           ബയോഡൈവേഴ്സിറ്റി  എക്സ്പ്രെസ്സ് കാണാന്‍ പോകാന്‍ മനസ്സില്‍ തീരുമാനം എപ്പോഴോ രൂപപ്പെടുന്നു.എന്റെ സുഹൃത്ത് ഗിരീഷ് മൂഴിപ്പാടം എന്ന നവബ്ലോഗര്‍ക്ക് ബ്ലോഗ് സംബന്ധമായ ചില സംഗതികള്‍ ചെയ്തു കൊടുക്കാനായി 12 മണി വരെ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു.പതിവ് പോലെ ആ തീരുമാനം സമയം ലംഘിച്ച് ഒരു മണിയിലേക്ക് മുന്നേറുന്നു. അവിടെ എന്റെ ഉത്രാടപ്പാച്ചില്‍ആരംഭിക്കുന്നു.

1:30 - പതിവിന് വിപരീതമായി വാഴയിലയില്‍  ഒരു ഉച്ചയൂണും അവാര്‍ഡ് കിട്ടിയ വകയില്‍ എന്റെ വക പായസ വിതരണവും (വീട്ടുകാര്‍ക്ക്)

1:45 - ഏമ്പക്കം വിട്ട് എണീക്കുമ്പോള്‍, അനിയനും ഭാര്യയും 2 മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന ശുഭവാര്‍ത്ത അനിയന്റെ ഭാര്യ അറിയിക്കുന്നു.(ഓസിന് കോഴിക്കോട്ടെത്താനുള്ള പാസ്)

2.00 - അനിയന്റെ പൊടിപോലും കാണാത്തതിനാല്‍ ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നു(വാര്‍ത്ത സത്യമാണെന്ന് ബോധ്യപ്പെടുന്നു)

2.15 - പറഞ്ഞ മണി കഴിഞ്ഞതിനാല്‍ വീണ്ടും ഫോണ്‍ ചെയ്യുന്നു.2.30ന് എത്തുമെന്ന പൊളിവചനം കേള്‍ക്കുന്നു.

2.30 - വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.വീണ്ടും ഫോണ്‍ ചെയ്യുന്നു , മൂന്ന് മണിക്കപ്പുറം പോകില്ല എന്ന് കുറുപ്പിന്റെ അല്ല അനിയന്റെ ഉറപ്പ്.

3.00 - അനിയന്റെ കാറും ബൈക്കും മുറ്റത്ത് ഹാജര്‍ രേഖപ്പെടുത്താത്തതിനാല്‍ ഞാന്‍ സലാം പറഞ്ഞ് ബസ്‌സ്റ്റാന്റിലേക്ക് ഉത്രാടപ്പാച്ചിലിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു (3.10ന്റെ ബസ് പിടിക്കാന്‍)

3.15 - സ്റ്റാര്‍ട്ട് ചെയ്ത ബസ്സിലേക്ക് അനിയന്റെ ഫോണ്‍ , അവന്‍ പുറപ്പെട്ടു കഴിഞ്ഞു , ബസ്സില്‍ നിന്നിറങ്ങുക (അതിസാഹസികമായി, ഓടാന്‍ തുടങ്ങിയ ബസ്സില്‍ നിന്ന് ഞാന്‍ മൂക്കു കുത്താതെ താഴേക്ക്..)

3.30 - വീണ്ടും പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ !!പെട്ടെന്ന് പിന്നില്‍ ഒരശരീരി..കയറൂ !!!!ഉത്രാടപ്പാച്ചിലിന്റെ മൂന്നാം ഘട്ടം കാറ് ഏറ്റെടുക്കുന്നു (ഞാന്‍ ഉറക്കവും ഏറ്റെടുക്കുന്നു)

4.30 - ജനസാഗരങ്ങളുടെ ഉത്രാടപ്പാച്ചിലില്‍ കുടുങ്ങി കാറ്‌ കോഴിക്കോട് നഗരത്തില്‍ അരിച്ചരിച്ച് നീങ്ങുന്നു.

4.45 - മാനാഞ്ചിറക്ക് സമീപം അനിയന്‍ എന്നെ ഡൌണ്‍ലോഡ് ചെയ്യുന്നു.5 മണിക്ക് പ്രദര്‍ശനം അവസാനിക്കുന്ന ട്രെയിന്‍ ലക്ഷ്യമാക്കി മിഠായി തെരുവിലൂടെ ഉത്രാടപ്പാച്ചിലിന്റെ നാലാം ഘട്ടം ആരംഭിക്കുന്നു.

5.00 - ആയിരത്തിലധികം പേര്‍ അവസരം കാത്ത് നില്‍ക്കുന്ന ഒരു ക്യൂവിന്റെ അറ്റത്ത് എന്റെ ഉത്രാടപ്പാച്ചില്‍ അവസാനിക്കുന്നു. കിതച്ചും കുതിച്ചും പത്തഞ്ഞൂറ് പേരും കൂടെ എന്റെ പിന്നില്‍ അണിനിരന്നപ്പോള്‍ എന്റെ മനസ്സ് സമാധാനപ്പെട്ടു.

5.30 - അര മണിക്കൂര്‍ ക്യൂവില്‍ നിന്ന ശേഷം ഞാനും സയന്‍സ് എക്സ്പ്രെസ്സിനകത്ത് കയറുന്നു. ”ജല്‍ദി...ജല്‍ദി....ഖതം കര്‍ന സമയ് ഹുവ...” ട്രെയിനിനകത്തെ ഹിന്ദുസ്ഥാനി പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എന്റെ ഉത്രാടപ്പാച്ചിലിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു.

6.00 - പതിനാറ് ബോഗികളില്‍ നിറഞ്ഞ ഇന്ത്യയുടെ ജൈവ വൈവിധ്യ വിവരങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് കണ്ട് എന്റെ ഉത്രാടപ്പാച്ചില്‍ വിജയകരമായി സമാപിക്കുന്നു.

5 comments:

Areekkodan | അരീക്കോടന്‍ said...

6.00 - പതിനാറ് ബോഗികളില്‍ നിറഞ്ഞ ഇന്ത്യയുടെ ജൈവ വൈവിധ്യ വിവരങ്ങള്‍ അരമണിക്കൂര്‍ കൊണ്ട് കണ്ട് എന്റെ ഉത്രാടപ്പാച്ചില്‍ വിജയകരമായി സമാപിക്കുന്നു.

ajith said...

ഉത്രാടപ്പാച്ചില്‍ കൊള്ളാം

mini//മിനി said...

ഉത്രാടപാച്ചിൽ തിരുവോണത്തിൽ അവസാനിക്കുമെന്ന് വിശ്വസിക്കുന്നു.

Cv Thankappan said...

ഉത്രാടപാച്ചില്‍ ഇനിയുംവരും മാഷെ.
പാച്ചില്‍ കാരണം വൈകിപ്പോയി.
ഓണാശംസകള്‍

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

വ്യത്യസ്ഥമായ ഉത്രാടപ്പാച്ചില്‍ .... ഉത്രാടപ്പാച്ചിലിന്റെ ആവസാനം കണ്ട കാഴ്ചകളെ കുറിച്ചു ബ്ലോഗ് ഇട്ടാല്‍ നന്നായിരുന്നു....

Post a Comment

നന്ദി....വീണ്ടും വരിക