പ്രകൃതിയുടെ വരദാനവും മനുഷ്യന്റെ കരവിരുതും പ്രത്യേകം പ്രത്യേകം ആസ്വദിച്ച മൂന്ന് നാളുകള്‍ക്ക് ശേഷം പ്രകൃതിയുടെ വരദാനത്തില്‍ മനുഷ്യ കരവിരുത് കാണാനായിരുന്നു നാലാം ദിവസത്തെ ഞങ്ങളുടെ യാത്ര. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിമ എന്ന് പറയപ്പെടുന്ന ശ്രാവണബല്‍ഗോളയിലെ ഗോമടേശ്വര പ്രതിമ കാണാന്‍.
ഇന്ന് ബസ്സിലാണ് ഞങ്ങളുടെ യാത്ര. കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ ( K S R T C ) ഡ്രൈവറുടേയും കണ്ടക്ടറുടേയും വേഷം തന്നെ ആ ജോലിയുടെ തലയെടുപ്പ് വെളിവാക്കിയിരുന്നു. നമ്മുടെ K S R T C ജീവനക്കാര്‍ക്കും ആ സാദാ കാക്കിക്ക് പകരം ഇത്തരം ഒരു വേഷം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു പോയി.പോലീസിന്റെ യൂണിഫോമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവനെ ഒന്നു കൂടി പവര്‍ഫുള്‍ ആക്കുന്നത് എന്നത് പോലെ പാവം K S R T C ജീവനക്കാരേയും പ്രൈവറ്റ് ബസ്സുകാരില്‍ നിന്നും അല്പം പവര്‍ഫുള്‍ ആക്കാന്‍ സര്‍ക്കാര്‍ ഈ പരീക്ഷണം നടത്തുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.അരസിക്കരെ നിന്നും ചെന്നരായി പട്ടണത്തിലേക്കും അവിടെ നിന്ന് ശ്രാവണബല്ഗോളയിലേക്കും ബസ്സില്‍ ഞങ്ങള്‍ യാത്ര ചെയ്തു.
ശ്രാവണബല്‍ഗോളയിലെ കുന്നിന് മുകളിലെ ജൈന ക്ഷേത്രം ലോക പ്രസിദ്ധമാണ്. ഗോമടേശ്വരന്‍ എന്ന ബാഹുബലി, ഒന്നാം ജൈന തീര്‍ത്ഥങ്കരനായ റിഷഭയുടെ രണ്ടാമത്തെ മകനാണെന്ന് ചരിത്രം പറയുന്നു. അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ നഗ്നപ്രതിമ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇവിടെയുള്ളത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമസ്തകാഭിഷേകം എന്ന നെയ്യഭിഷേകമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
ഗോമടേശ്വരന്‍ പൂര്‍ണ്ണ നഗ്നനായതിനാല്‍ ഈ ക്ഷേത്രത്തില്‍ പ്രഭാതപൂജയില്‍ (6 മണി മുതല്‍ 8 മണി വരെ) പങ്കെടുക്കുന്ന സന്യാസികളും പൂര്‍ണ്ണ നഗ്നരായിരിക്കും.സന്യാസിനിമാര്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.ആയതിനാല്‍ പ്രഭാതത്തില്‍ ശ്രാവണബല്‍ഗോളയില്‍ കുടുംബസമേതം ദര്‍ശനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ടൌണിലൂടെയും ക്ഷേത്രത്തിന് പുറത്തും നഗ്നസന്യാസികള്‍ നടന്നു നീങ്ങുന്നത് സാധാരണ കാഴ്ചയാണെന്ന് പറയപ്പെടുന്നു.അതിനാല്‍ തന്നെ ഭാര്യയും മക്കളുമടങ്ങുന്ന ഞങ്ങളുടെ സംഘം പത്ത് മണിയോടെയാണ് ശ്രാവണബല്‍ഗോളയില്‍ എത്തിയത്.
ഗോമടേശ്വരന്‍ പൂര്‍ണ്ണ നഗ്നനായതിനാല്‍ ഈ ക്ഷേത്രത്തില്‍ പ്രഭാതപൂജയില്‍ (6 മണി മുതല്‍ 8 മണി വരെ) പങ്കെടുക്കുന്ന സന്യാസികളും പൂര്‍ണ്ണ നഗ്നരായിരിക്കും.സന്യാസിനിമാര്‍ ഉണ്ടോ എന്ന് എനിക്കറിയില്ല.ആയതിനാല്‍ പ്രഭാതത്തില്‍ ശ്രാവണബല്‍ഗോളയില്‍ കുടുംബസമേതം ദര്‍ശനം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ടൌണിലൂടെയും ക്ഷേത്രത്തിന് പുറത്തും നഗ്നസന്യാസികള്‍ നടന്നു നീങ്ങുന്നത് സാധാരണ കാഴ്ചയാണെന്ന് പറയപ്പെടുന്നു.അതിനാല്‍ തന്നെ ഭാര്യയും മക്കളുമടങ്ങുന്ന ഞങ്ങളുടെ സംഘം പത്ത് മണിയോടെയാണ് ശ്രാവണബല്‍ഗോളയില്‍ എത്തിയത്.
ബസ്സില്‍ നിന്ന് തന്നെ മലമുകളിലെ ക്ഷേത്രത്തിന്റെ കുംഭങ്ങളും ഗോമടേശ്വരന്റെ തലയും കാണാമായിരുന്നു. ബസ്സിറങ്ങി ക്ഷേത്രത്തിലേക്കുള്ള
പ്രധാനകവാടത്തില്‍ എത്തിയപ്പോഴാണ് ഏക്കര്‍ കണക്കിന് പരന്നുകിടക്കുന്ന ഒരു
പാറയുടെ ഉച്ചി വരെയുള്ള സ്റ്റെപ്പുകള്‍ കണ്ടത്.കയറാനും ഇറങ്ങാനും
പ്രത്യേകം പ്രത്യേകം സ്റ്റെപ്പുകള്‍ ഉണ്ടായിരുന്നു.പിടിച്ചിറങ്ങാനായി
മധ്യഭാഗത്ത് കൂടി ഇരുമ്പ് കമ്പികളും ഉണ്ടായിരുന്നു.
കത്തിനില്‍ക്കുന്ന സൂര്യന്റെ താഴെ ആ പടവുകള്‍ മുഴുവന്‍
നഗ്നപാദരയി കയറുക എന്നത് തികച്ചും ഒരു വെല്ലുവിളിയായി തോന്നി.പക്ഷേ
മന്ദമാരുതന്റെ തലോടല്‍ കാരണം വെയിലിന്റെ കാഠിന്യ്ം ഞങ്ങള്‍ അറിഞ്ഞതേ ഇല്ല. സ്ത്രീകള്‍ രണ്ട് പേരും സ്റ്റെപ്പുകള്‍ കയറാന്‍ അല്പം പ്രയാസപ്പെട്ടു. കുട്ടികള്‍ വളരെ ഉത്സാഹത്തോടെ ഓടിക്കയറുകയും ചെയ്തു.
ചെറിയ സ്റ്റെപ്പുകള്‍ അവസാനിക്കുന്നിടത്ത് കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ഒരു കവാടം കാണാം. വീണ്ടും വലിയ കുറാഎ സ്റ്റെപ്പുകള്‍ കയറി ......................ലേക്ക് പ്രവേശിക്കാം. അതിന്റെ മറുവശത്ത് കൂടി ഇറങ്ങിയാല്‍ 1000 വര്‍ഷത്തിലധികം പഴക്കമുള്ള ശിലാലിഖിതങ്ങള്‍ ചില്ലിട്ട് സംരക്ഷിച്ചതും കാണാം.ലിഖിതം എന്താണെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.
മുന്നില്‍ വിശാലമായ സ്റ്റെപ്പുകള്‍ വീണ്ടും നീണ്ടു കിടന്നു. ഞങ്ങള്‍ അവ ഓരോന്നോരോന്നായി കയറി ഏറ്റവും മുകളിലെത്തി. ആരോ അര്‍പ്പിച്ച നിവേദ്യം സുഭിക്ഷമായി ഉണ്ണുന്ന ഒരു അണ്ണാന് ഞങ്ങളെക്കണ്ട് ഒരു നിമിഷം പകച്ചുനിന്നു. വീണ്ടും അവന് അവന്റെ വയറിന്റെ വിളിക്ക് ഉത്തരം നല്‍കിത്തുടങ്ങി.ഞങ്ങള്‍ അകത്തേക്ക് പ്രവേശിച്ചു.
“അയ്യേ...!!!” ഏറ്റവും മുന്നിലോടിയിരുന്ന ലുഅ മോളും റുമാനും ഒരേ സ്വരത്തില്‍ പറഞ്ഞു. 10 മണിക്ക് ശേഷവും നഗ്ന സന്യാസിമാര്‍ ക്ഷേത്രത്തില്‍ ഉണ്ടോ എന്ന ഒരാശങ്ക എനിക്കുണ്ടായി. നഗ്നനായ ഗോമടേശ്വരന്റെ പ്രതിമ കണ്ടതിന്റെ പ്രതികരണമായിരുന്നു അവരുടേതെന്ന് പിന്നീട് മനസ്സിലായി.
ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു ചെറിയ വാതിലിലൂടെ ഞങ്ങള്‍ മറുഭാഗത്തേക്കിറങ്ങി. കുന്നിന്റെ താഴെ വിശാലമായി കിടക്കുന്ന പാടശേഖരങ്ങള്‍ കാണാമായിരുന്നു. പാറപ്പുറത്തേക്ക് അടിച്ചു വീശുന്ന കാറ്റില്‍ പലര്‍ക്കും ബാലന്‍സ് തെറ്റി. ഞങ്ങള്‍ അല്പ നേരം ആ കാറ്റാസ്വദിച്ച് അവിടെ ഇരുന്നു. മഴയുടെ മുന്നോടിയായുള്ള കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത് എന്ന് ഇടക്കിടെ ഉറ്റിയ മഴത്തുള്ളികള്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അതോടെ ഞങ്ങള്‍ ആ പാറക്കൂട്ടത്തില്‍ നിന്നും മെല്ലെ മെല്ലെ താഴേക്കിറങ്ങി.
താഴെ എത്തിയ എല്ലാവരും വീണ്ടും ഒന്ന് തിരിഞ്ഞു നോക്കാതിരുന്നില്ല. കീഴടക്കിയ മലയുടെ ഉയരം ഒന്ന് കൂടി കണ്‍കുളിര്‍ക്കെ കണ്ട് ഞങ്ങള്‍ തിരിച്ച് അരസിക്കരയിലേക്ക് തന്നെ ബസ് കയറി.
(തുടരും...)
4 comments:
തുടരട്ടെ.
ചിത്രങ്ങളൊന്നും എടുത്തില്ലേ മാഷേ...?
ഇനി ഫോട്ടോകൾ ഇല്ലാതെ പോസ്റ്റ് ഇടരുത്...
ഉടുക്കാക്കുണ്ടന്‍ സന്യാസിമാര്‍...ദൈവമേ നീ പേടിച്ചോടരുതേ!!
Post a Comment
നന്ദി....വീണ്ടും വരിക