തീവണ്ടിയാത്ര പലപ്പോഴും കാഴ്ചകളുടെ പൂരമാണ് സമ്മാനിക്കുന്നത്.അതിനാല്‍ തന്നെ ദീര്‍ഘദൂരയാത്രക്ക് കുടുംബത്തെകൂടി കൂട്ടുക എന്നത് എന്റെ പതിവാണ്. വീടിന് പുറത്ത് ആള്‍ക്കാരോട് പെരുമാറുന്ന രീതി , ഞെങ്ങിഞെരുങ്ങി കഴിയാനുള്ള സഹനശക്തി, പബ്ലിക് ടോയ്ലെറ്റുകള് ഉപയോഗിക്കാനുള്ള മന:ശക്തി , കിട്ടുന്ന ഭക്ഷണം കഴിക്കാനുള്ള മനസ്സ്, വിവിധ തരം ഭക്ഷണം രുചിക്കാനുള്ള അവസരം ഇങ്ങനെ ജീവിതത്തിന്റെ നാനാമേഖലകളിലുള്ള പാഠങ്ങള്‍ അനുഭവത്തിലൂടെ സ്വായത്തമാക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നത് ട്രെയിന്‍ യാത്രയിലാണ് . എന്നെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായ എല്ലാ കാര്യങ്ങളില്‍ നിന്നും മാറിനിന്ന് മുഴുസമയവും ഭാര്യയോടും കുട്ടികളോടുമൊപ്പം ഇരുന്ന് അവരോട് സല്ലപിക്കാനും അവരുടെ കുസൃതികള്‍ കേള്‍ക്കാനും കാണാനും ലഭിക്കുന്ന അവസരവും ഇത്തരം യാത്രകളിലൂടെയാണ്.
പക്ഷേ ഇത്തവണത്തെ എന്റെ ഹൈദരാബാദ് യാത്രയില്‍ ഞാന്‍ ഒറ്റക്കാണ് പുറപ്പെട്ടത്.ഫൈലീന്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരി കാരണം ട്രെയിന്‍ 12 മണിക്കൂര്‍ വൈകി വന്നപ്പോള്‍ കുടുംബം ഒപ്പം ഇല്ലാതിരുന്നത് മൂലം വലിയൊരു ടെന്‍ഷന്‍ ഒഴിവായി.ഇത്തവണ ഒറ്റക്കാകാന്‍ കാരണം മറ്റൊന്നുമല്ല, ഇത് ഞാന്‍ ജോലി ചെയ്യുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വകയായുള്ള വൈദഗ്ദ്യ വികസന പരിപാടിയുടെ കീഴിലുള്ള പരിശീലനത്തിനായിരുന്നു യാത്ര എന്നതിനാലാണ്.
ഷൊര്‍ണ്ണൂര്‍ നിന്നും രാത്രി രണ്ടരക്ക് വണ്ടി കയറിയ ഞാന്‍ രാവിലെ ഏഴരക്ക് ഈറോഡ് വച്ചാണ് പകല്‍ വെളിച്ചം കണ്ടത്.പിന്നീടങ്ങോട്ടുള്ള സ്ഥലങ്ങള്‍ ഞാന്‍ അധികം സഞ്ചരിക്കാത്തതായതിനാല് കാഴ്ചകള്‍ കാണാനായി കണ്ണും തുറന്നിരുന്നു.
പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍
കാണുന്ന പോലെ ചെങ്കുത്തായ മലകളും അവയില്‍ നിന്ന് താഴോട്ട്
തള്ളിനില്ക്കുന്ന പാറക്കെട്ടുകളും ഈറോഡിന് ശേഷമുള്ള യാത്രയില്‍ ധാരാളം
കണ്ടു. പാറക്കെട്ടുകള്‍ ആരോ തേച്ചുമിനുക്കി വൃത്തിയാക്കിയപോലെ
തോന്നി.പ്രകൃതിസ്നേഹികളെ ഇരു കയ്യും നീട്ടി ആ പാറക്കെട്ടുകള്‍
വിളിച്ചുകൊണ്ടിരുന്നു.
കരിമ്പനക്കൂട്ടങ്ങള്‍ അതിരിടുന്ന പാടങ്ങളില്‍ വിവിധ തരം കാര്‍ഷിക വിളകള്‍ ഉയര്‍ന്നു നില്ക്കുന്നുണ്ടായിരുന്നു. റാഗിയും കരിമ്പും എനിക്ക് മനസ്സിലാക്കാന്‍ പറ്റി. മഞ്ഞ പൂക്കളുമായി കുറ്റിച്ചെടികള്‍ നിറഞ്ഞു നില്ക്കുന്ന ഒരു പാടം എന്താണെന്ന് ട്രെയിനിന്റെ വേഗതയില്‍ എനിക്ക് മനസ്സിലായില്ല.കേരളത്തെക്കാളും മികച്ച രീതിയില്‍ സംവിധാനം ചെയ്ത ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള തെങ്ങിന്‍തോട്ടം ആരും നോക്കിപോകും.മിക്കവാറും കേരളീയരെ ഉന്നം വച്ച് തന്നെയായിരിക്കും സപ്പോട്ടത്തോട്ടവും മാവിന്‍തോട്ടവും വിശാലമായി പരന്നു കിടക്കുന്നത്.
വീടുകള്‍ വളരെ വളരെ വിരളമായേ ട്രെയിന്‍ യാത്രയില്‍ കണ്ടിരുന്നുള്ളൂ.ഒരു വീട് കണ്ടാല്‍ അതിന്റെ പരിസരത്തായി ഒരു പശുവും ഉണ്ടായിരിക്കും.ഒരു ശരാശരി തമിഴന്റെ/തെലുങ്കന്റെ ജീവിതം പശുവിനെയും കൃഷിയേയും ചുറ്റിപറ്റിയാണ് മുന്നോട്ട് പോകുന്നത് എന്ന് വ്യക്തമായിരുന്നു. ആട് വളര്‍ത്തലും കാര്‍ഷികവൃത്തിയായി സ്വീകരിച്ചതായി പല സ്ഥലങ്ങളിലും കണ്ട ആട്ടിന്കൂട്ടങ്ങള് വിളിച്ചോതി.
തമിഴ് നാട്ടിലും ആന്ധ്രയിലും മുഴുവന്‍ സ്ഥലത്തും കൃഷിയാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം ഏക്കര്‍ കണക്കിന് സ്ഥലത്ത് പച്ച വിരിച്ച് നില്ക്കുന്ന പാഴ്ചെടികളും പല സ്ഥലത്തും കണ്ടു. ഭാരതപ്പുഴ വറ്റി വരളുമ്പോള്‍ വളര്‍ന്നു വരുന്ന പൊന്തക്കാടുകള്‍ പോലെ , ഒരു നദി വരണ്ടപ്പോള്‍ തഴച്ചു വളര്‍ന്ന കാടു പോലെയാണ് എനിക്കവ അനുഭവപ്പെട്ടത്.ആന്ധ്രയിലെ റെനിഗുണ്ട കഴിഞ്ഞതില്‍ പിന്നെ കണ്ടത് അക്കേഷ്യയുടേയും യൂക്കാലിപ്റ്റസിന്റേയും വ്യാപകമായ കൃഷിയാണ്. മുമ്പൊരു യാത്രയില്‍ പരിചയപ്പെട്ട സഹയാത്രികന് ‘മലേഷ്യന്‍ തേക്ക്’ എന്നറിയപ്പെടുന്ന അക്കേഷ്യയുടെ, അന്യ സംസ്ഥാനങ്ങളിലെ കൃഷിയെപറ്റി പറഞ്ഞത് ഞാന്‍ ഓര്‍ത്തു. “കൊണ്ടഗുണ്ട” എന്ന സ്റ്റേഷന് പരിസരത്ത് കണ്ട നീണ്ട അക്കേഷ്യത്തടിക്കൂട്ടം അതിന്റെ വിപണനം നന്നായി നടക്കുന്നതായി വിളിച്ചോതി.ഗുണ്ടൂര്‍ കഴിഞ്ഞതില്‍ പിന്നെ വിശാലമായ എണ്ണപ്പനത്തോട്ടങ്ങള്‍ കണ്ടു.
വീട് നിര്‍മ്മിക്കാന്‍ തമിഴനും തെലുങ്കനും ചെങ്കല്ല ലഭിക്കാറില്ല എന്ന് അവരുടെ മണ്ണിന്റെ പ്രകൃതി വ്യക്തമാക്കിയിരുന്നു.അതിനാല്‍ തന്നെ ചെമ്മണ്ണു കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികകള്‍ ആയിരുന്നു അവരുടെ ആശ്രയം.ഇടക്കിടക്ക് ചില സ്ഥലങ്ങളില്‍ വലിയ ഇഷ്ടികക്ക്ക്കളങ്ങള് കണ്ടു.
4 comments:
ഡെക്കാന്‍ പീഠഭൂമിയിലെ ഫലഭൂയിഷ്ഠമായ മണ്ണും അതില്‍ വിളയുന്ന വിവിധതരം കാര്‍ഷിക വിളകളും ഇനിയും ധാരാളമുണ്ട്. കാഴ്ചകള്‍ക്ക് ഇരുട്ട് തിരശ്ശീല ഇട്ടതിനാല്‍ , വീണ്ടും അത് വഴി പോകുന്ന സമയത്ത് ഇനിയും എഴുതാം.
ശെടാ ഞാൻ കുറേ ഏറെ കൊല്ലങ്ങളായി സ്ഥിരം കാണുന്ന സ്ഥലങ്ങളും വഴികളും
ഇത്രയൊക്കെ ഇവിടെ ഒക്കെ ഉണ്ടായിരുന്നൊ
വെറുതെയല്ല പറയുന്നത് കണ്ണൂണ്ടായാൽ പോരാ കാണണം എന്ന് ഹ ഹ ഹ :)
ഞാനും വായിച്ചു.
ഡോക്ടർജി പറഞ്ഞതു പോലെ ‘കണ്ണുണ്ടായാൽ പോര കണ്ണു തുറന്നു കാണണം..!’
ആശംസകൾ...
ഹൈദെരാബാദിൽ ഞാൻ കണ്ട കാഴ്ചകൾ കൂടെ ഒന്ന് കണ്ടൂടെ മാഷെ..? :D
http://roadsiderazi.blogspot.in/2013/09/hyderabad-fantasy.html
Post a Comment
നന്ദി....വീണ്ടും വരിക