Pages

Sunday, April 20, 2014

അഞ്ജുലക്ഷ്മി തന്ന സമ്മാനം

        നാല് വർഷത്തെ സേവനത്തിന് ശേഷം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും ഞാൻ ഒഴിയുകയാണ്. 2010-ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിന്റെ നാഷണൽ സർവീസ് സ്കീമിന്റെ അമരത്വം ഏറ്റെടുക്കുമ്പോൾ 2 വർഷം യൂണിറ്റിനെ നയിക്കുക (മൂന്നാം വർഷം ട്രാൻസ്ഫർ ആകും എന്ന പ്രതീക്ഷയിൽ) എന്നതായിരുന്നു എന്റ്റെ ഉദ്ദേശ്യം.സ്ഥലം മാറ്റം ഉണ്ടാകാത്തതിനാൽ മുഴുവൻ കാലവധിയായ മൂന്ന് വർഷവും പിന്നെ രാഷ്ട്രപതി ഭരണം നീട്ടുന്ന പോലെ പ്രിൻസിപ്പാളുടെ അനുമതി പ്രകാരം ഒരു വർഷവും കടന്ന് നാല് വർഷം എന്ന പരമാവധി കാലയളവിൽ ഇപ്പോൾ ഞാൻ എത്തി.

          ഈ നാലു വർഷം എന്റെ ജീവിതത്തിലും ഈ എൻ.എസ്.എസ് യൂണിറ്റിന്റെ ചരിത്രത്തിലും ഇക്കാലയളവിൽ വളണ്ടിയർമാരായി സേവനം അനുഷ്ടിച്ച വിദ്യാർത്ഥീ-വിദ്യാർത്ഥിനികളുടെ ജീവിതത്തിലും എന്നും പച്ചപിടിച്ച് നിൽക്കും എന്ന് തീർച്ച. കാരണം ദേശീയതലത്തിലെ രണ്ട് അവാർഡും സംസ്ഥാന തലത്തിൽ പതിനഞ്ചോളം അവാർഡുകളും അടക്കം 23 അവാർഡുകളാണ് യൂണിറ്റിന്റെ ഷോക്കേസിൽ എന്റെ വളണ്ടിയർമാരുടെ പ്രവർത്തനം കാരണം എത്തിച്ചേർന്നത് എന്നത് തന്നെ.ഈ എൻ.എസ്.എസ് യൂണിറ്റ് നിലനിൽക്കുന്നിടത്തോളം കാലം ഈ നേട്ടങ്ങൾ അതിലെ വളണ്ടിയർമാർക്ക് എന്നും പ്രചോദനമാകും എന്നതും തീർച്ചയാണ്.

    ദിവസങ്ങൾക്ക് മുമ്പ് എന്റെ വളണ്ടിയർമാർ എനിക്ക് ഒരു ഹൃദ്യമായ യാത്രയയപ്പ് നൽകി.ഔദ്യ്യോഗികമായി സ്ഥലം മാറ്റം ആയിട്ടില്ല എങ്കിലും മറ്റാരും നൽകുന്നതിന് മുമ്പേ അതിന് ഏറ്റവും കടപ്പെട്ടവർ തന്നെ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് അവർ ഈ ചടങ്ങ് ഒരുക്കിയത്. “പരിസ്ഥിതിയും മനുഷ്യനും’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മിനി ക്യാമ്പിനിടക്ക് വച്ചാണ് ,എൻ.എസ്.എസിന് എന്റെ കൂടെത്തന്നെ അവരുടേതായ സേവനം നൽകിയ മറ്റു മൂന്നുപേർക്കൊപ്പം എനിക്കും യാത്രയയപ്പ് നൽകിയത്.

        ക്യാമ്പ് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് ഒരു കൂട്ടം വളണ്ടിയർമാർ എന്റെ നേരെ വന്ന് “സാറിന് ഞങ്ങളുടെ സ്നേഹോപഹാരം“ എന്ന് പറഞ്ഞ് ഒരു പൊതി സ്നേഹപൂർവ്വം എന്റെ നേരെ നീട്ടിയത് . ഒരുകൂട്ടം വളണ്ടിയർമാർ മാത്രം തന്ന ആ ഉപഹാരം സ്വീകരിക്കാൻ ഞാൻ അല്പം ശങ്കിച്ചു.അവരുടെ നിർബന്ധപ്രകാരം അത് സ്വീകരിച്ച ശേഷം ഞാൻ എന്റെ ലാബിലേക്ക് നീങ്ങി.ക്യാമ്പിന്റെ ബാക്കി പത്രങ്ങൾ മുഴുവനാക്കുന്ന തിരക്കിനിടക്ക് വളണ്ടിയർമാർ ഓരോരുത്തരായി കയറി വരാൻ തുടങ്ങി. നിമിഷ നേരം കൊണ്ട് എന്റെ ടേബിളിൽ നിരവധി ഉപഹാരങ്ങൾ വന്നടിഞ്ഞു.മിക്കവയും വളണ്ടിയർമാർ സ്വയം നിർമ്മിച്ചവയായിരുന്നു.ആദ്യത്തെ ഒന്ന് സ്വീകരിച്ചതിനാൽ എല്ലാം ഏറ്റുവാങ്ങാൻ ഞാൻ നിർബന്ധിതനായി. 

        കൂട്ടത്തിൽ എനിക്ക് ലഭിച്ച ഒരു ഉപഹാരം തീർത്തും വിഭിന്നമായി.എന്റെ നാല് വർഷത്തെ സേവനത്തിന് ഏറ്റവും അനുയോജ്യമായ ഒരു സമ്മാനമായി അഞ്ജുലക്ഷ്മി എന്ന വളണ്ടിയർ എനിക്ക് തന്നത് ഒരു ജാതിക്ക തൈ ആയിരുന്നു. “ഞാൻ നട്ടു വളർത്തിയ തൈ സാറിന് “ എന്ന് അഞ്ജുലക്ഷ്മി പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.പരിസ്ഥിതി സംരക്ഷണത്തിന്റെ നിരവധി പ്രവർത്തനങ്ങൾ വളണ്ടിയർമാർക്ക് പകർന്നു കൊടുത്തതിന് എനിക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു സമ്മാനം.എന്റെ വീട്ടിൽ ജാതി‌തൈ ഉണ്ടെങ്കിലും ഇത് വീട്ടിൽ തന്നെ വയ്ക്കണം എന്നും ഞാൻ തീരുമാനിച്ചു.അതേ ദിവസം തന്നെ അപ്രതീക്ഷിതമായി പെയ്ത മഴ ഈ സമ്മാനത്തിനുള്ള ദൈവത്തിന്റെ അനുഗ്രഹവും ആയി.


എന്റെ സ്വന്തം വീടിന്റെ മുൻഭാഗത്ത് തന്നെ അഞ്ജുലക്ഷ്മി തന്ന സമ്മാനം ഇപ്പോൾ വേരൂന്നിത്തുടങ്ങി.


2 comments:

Areekkodan | അരീക്കോടന്‍ said...

രിസ്ഥിതി സംരക്ഷണത്തിന്റെ നിരവധി പ്രവർത്തനങ്ങൾ വളണ്ടിയർമാർക്ക് പകർന്നു കൊടുത്തതിന് എനിക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു സമ്മാനം.

Ameen Nallur said...

അര്ഹിക്കുന്ന സമ്മാനങ്ങൾ ഭൂമി ലോകത്ത് വിലപിടിപ്പിൽ നിന്നും രക്ഷപ്പെട്ട് കിടക്കുന്നുണ്ട്, കണ്ടെത്തി കൊടുത്ത അന്ജുലക്ഷ്മിക്ക് പൂര്വ എന എസ എസ സേവകരുടെ അഭിവാദ്യങ്ങൾ... ഞങ്ങളുടെ മനസ്സില് നിന്നും യാത്ര പോകാത്ത ആബിദ് സാര്ക്ക് തല്കാലം യാത്ര അയപ്പില്ല, പകരം മനം നിറയെ ആശംസകൾ നേരുന്നു...

Post a Comment

നന്ദി....വീണ്ടും വരിക