പിറ്റേന്ന് കാലത്ത് ഏഴ്
മണിക്ക് ആയിരുന്നു ഞങ്ങളുടെ ആഗ്ര ട്രിപ് പ്ലാൻ ചെയ്തിരുന്നത്. മലയാളികളുടെ സംരംഭമായ
(?) പണിക്കേഴ്സ് ട്രാവത്സിലായിരുന്നു ഞങ്ങളുടെ ട്രിപ് പ്ലാൻ ചെയ്തിരുന്നത്. കൃത്യസമയത്ത്
എത്തിയില്ലെങ്കിൽ പണിക്കരുടെ ബസ് ആരേയും കാത്ത് നിൽക്കില്ല എന്ന് ജബ്ബാർ സാർ പറഞ്ഞതിനാൽ
എല്ലാവരും റൂമിലെത്തി വേഗം കിടന്നുറങ്ങി. കാലത്ത് പണിക്കേഴ്സ് ട്രാവത്സിൽ എത്താനായി
രണ്ട് മാരുതി ഒംനികളും ഷാജഹാൻ സാർ ഏർപ്പാടാക്കി.വിമാനമിറങ്ങി പഹാർഗഞ്ചിൽ എത്താൻ തന്നെ
രണ്ട് ഓംനിയിൽ ഞെരുങ്ങിയത് പറഞ്ഞപ്പോൾ ഡെൽഹിയിലെ തണുപ്പിൽ അതാണ് നല്ലതെന്ന് ഷാജഹാൻ
സാർ ഓർമ്മിപ്പിച്ചു.പക്ഷേ രാവിലെ വണ്ടി എത്തിയപ്പോഴാണ് പ്രശ്നം മനസ്സിലായത്. നേരത്തെ
ഡൽഹിയിൽ എത്തിയിരുന്ന നാല് പേർ കൂടി രണ്ട് ഓംനിയിലേക്ക് കയറണമായിരുന്നു.അവർ കയറിയാൽ
ഓംനിയുടെ ഡോർ പുറത്തേക്ക് തള്ളും.ഡോർ അടച്ചാൽ അവർ പുറത്തേക്ക് തള്ളപ്പെടും !! അവസാനം
മറ്റൊരു ടാക്സി ഒപ്പിച്ച് ട്രാവത്സിൽ എത്തി.
പണിക്കേഴ്സ് ട്രാവത്സിന്റെ
രണ്ട് എ.സി വോൾവോ ബസ് യാത്രക്കാരേയും കാത്ത് അവിടെ കിടപ്പുണ്ടായിരുന്നു. ഞങ്ങൾക്കായി
കാണിച്ചു തന്ന ബസിൽ കയറി.ബസിന്റെ അകം ശരിക്കും ഞങ്ങൾ ഡൽഹിയിൽ എത്തിയ സ്പൈസ്ജെറ്റ് വിമാനത്തിന്റെ
അതേ പ്രതീതി ഉണ്ടാക്കുന്നതായിരുന്നു. അവരുടെ പാക്കേജിന്റെ ‘സംഖ്യാബലം’ അപ്പോൾ ശരിക്കും
മനസ്സിലായി.
കൃത്യസമയത്ത് തന്നെ ഞങ്ങളുടെ
ആഗ്രാ യാത്ര ആരംഭിച്ചു.ഡൽഹി-ആഗ്ര രാജവീധി തണുത്തുറഞ്ഞ വെളുപ്പാൻ കാലത്ത് വിജനമായിരുന്നു.ഇടക്കിടക്ക്
മാത്രം എതിർ ദിശയിൽ വലിയ വാഹനങ്ങൾ കടന്നുപോയി.പുറം കാഴ്ചകളിൽ കണ്ണും നട്ട് ഞാൻ ഈ റോഡ്
യാത്ര ആസ്വദിച്ചു.
പ്രാതലിനായി ബസ് ഒരു ഹോട്ടലിന് മുമ്പിൽ നിർത്തി. ബ്രഡും പഴവും ബിസ്കറ്റും എല്ലാം ഇടക്കാലാശ്വാസത്തിനായി കരുതിയിരുന്നെങ്കിലും ഹോട്ടൽ എന്ന് കേട്ടപ്പോൾ എല്ലാവരുടേയും ‘തീറ്റഭണ്ഡാരം ‘ തുറന്നു.അതുവരെ ഉറങ്ങിയിരുന്നവരും ആ വിളിക്ക് മുമ്പിൽ സടകുടഞ്ഞെഴുന്നേറ്റു.പക്ഷേ ഏറ്റവും മുന്നിൽ ഹോട്ടലിലേക്ക് കയറിയ സംഘത്തലവൻ കുടുംബ സമേതം തന്നെ പുറത്തേക്ക് വരുന്നത് കണ്ടപ്പോൾ ഞാൻ കാര്യം തിരക്കി.
“പ്രാതൽ കഴിച്ചാൽ ഊണ് കഴിക്കേണ്ടി വരില്ല...” അദ്ദേഹം പറഞ്ഞു.
“അങ്ങനെയാണെങ്കിൽ സൌകര്യമായില്ലേ?” സുരേഷ് സാർ പറഞ്ഞു.
“അതോണ്ടല്ല സുരേഷേ...റേറ്റ്....രണ്ട് ഇഡ്ലിക്ക് വെറും തൊണ്ണൂറ് രൂപ!!“
സുരേഷ് സാർ മുന്നോട്ട് വച്ച കാലിൽ നിന്ന് കൊണ്ട് ഒരു എബൌട്ടൻ അടിച്ച് നേരെ ടൊയ്ലെറ്റിലേക്ക് മാർച്ച് ചെയ്തു – “ഇത് ഇവിടെയാക്കിയത് ഭാഗ്യം....സൌജന്യമായി ഇതെങ്കിലും സാധിക്കാമല്ലോ...”
തൊട്ടടുത്ത് തന്നെ , മെയിൻ റോഡിൽ ഒരു പെട്ടിക്കടയിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞു.ഒരു വൃദ്ധൻ ആയിരുന്നു ആ കടയുടമ.എന്റെ മനസ്സിൽ തോന്നിയ ഒരലിവിൽ ഞാൻ അങ്ങോട്ട് നടന്നു.അവിടെ അതാ അദ്ദേഹം ചായ ഉണ്ടാക്കുന്നു.ചെറിയ കപ്പാണെങ്കിലും വിലയും ചെറുത് , അഞ്ച് രൂപ മാത്രം.ഞങ്ങളിൽ പലരും രണ്ട് ചായയും കയ്യിൽ കരുതിയിരുന്ന ബ്രഡും പഴവും ഉപയോഗിച്ച് പശിയടക്കി.
ഇടക്കെവിടെ വച്ചോ ഒരു
ടൂറിസ്റ്റ് ഗൈഡ് ബസ്സിൽ കയറി.ഹിന്ദിയിൽ അദ്ദേഹം പലതും പറഞ്ഞു കൊണ്ടിരുന്നു.മറ്റു ടൂറിസ്റ്റുകളിൽ
കൂടുതൽ പേരും ഹിന്ദിക്കാരാണെന്ന് അതിൽ നിന്നും മനസ്സിലായി.
“ഹം
മഥുര പഹുംജ് രഹാ ഹേം....ആപ് ലോഗ് മഥുരാപുരി സുന ഹേ ന?”
“ഇത്ര
എളുപ്പം മധുരയിൽ എത്തുകയോ.?അതും ബസ്സിൽ??” അഫ്നാസിന് സംശയമായി.
“അഫ്നാസേ
അത് മധുര....ഇത് മഥുര..“ വിനോദ് സാർ പറഞ്ഞു.
“അവ
തമ്മിൽ എന്താ വ്യത്യാസം ?”
“ഒന്ന്
മധുരത്തിലെ മധുര....മറ്റേത് മിഥുനത്തിലെ ...” വിനോദ് സാർ വിവരിച്ചു.
“ങേ!
മിഥുനത്തിലെ മധുരം ?? സാറേ...?????” അഫ്നാസ് ഒന്ന് ഊറിച്ചിരിച്ചു.
ഇടവഴി
പോലെയുള്ള ഒരു റോഡിലേക്ക് ബസ് കയറി.പിന്നെ വളവും തിരിവും മറ്റും കഴിഞ്ഞ് ഒരു സ്ഥലത്ത്
ബസ് നിർത്തി. “സബ് ഉതരോ...ഹം ഭഗവാൻ കൃഷ്ണ് ക സന്നിധി മേം പഹുംജ ഹേം..”
ശ്രീകൃഷ്ണന്റെ
ജന്മസ്ഥലമായി പറയപ്പെടുന്ന മഥുരയിലായിരുന്നു ഞങ്ങൾ എത്തിയിരുന്നത്.ഇടുങ്ങിയതും വൃത്തിഹീനവുമായ
ഗല്ലികളിലൂടെ വളരെ സൂക്ഷിച്ച് ഞങ്ങൾ നീങ്ങി. കണ്ണ് തെറ്റിയാൽ, കാൽ വയ്ക്കുന്നത് ഒന്നുകിൽ
മനുഷ്യന്റെ അപ്പിയിൽ അല്ലെങ്കിൽ മൃഗത്തിന്റെ അപ്പിയിൽ ആയിരിക്കും എന്നതിനാലായിരുന്നു
ഈ സൂക്ഷിപ്പ്.
പത്ത്
മിനുട്ടിൽ താഴെ സമയമെടുത്തുകൊണ്ട് ഞങ്ങൾ കൃഷ്ണന്റെ അരമനയിൽ (അതോ ക്ഷേത്രത്തിലോ) എത്തി.പെട്ടെന്ന്
തന്നെ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു.ഗൈഡ് ഞങ്ങളെ പല സ്ഥലത്തും നിർത്തി പല കഥകളും
പറഞ്ഞ് തന്നു.ഈദ് സമയത്ത് മാത്രം തുറക്കുന്ന ഒരു ഈദ് ഗാഹിനെക്കുറിച്ചും കൂട്ടത്തിൽ
അദ്ദേഹം പരാമർശിച്ചു. ക്ഷേത്രസമുച്ചയത്തിലെ ഈദ്ഗാഹ് എന്നിൽ അൽഭുതം ഉളവാക്കി.കൃഷ്ണൻ പിറന്നുവീണ
തറയും മറ്റ് മുറികളും ഞങ്ങൾ കണ്ടു.ഈ തറയിൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു സഹോദരങ്ങൾ
പുണ്യമായി കരുതുന്നു. അതിനാൽ ഞാൻ അതിൽ തൊട്ടതേ ഇല്ല.അര മണിക്കൂർ കൊണ്ട് മുഴുവൻ കാഴ്ചകളും
കണ്ട് ഞങ്ങൾ ബസ്സിൽ തിരിച്ച് കയറി.ബസ്സ് ആഗ്ര ലക്ഷ്യമാക്കി വീണ്ടും നീങ്ങി.
(തുടരും…..)
4 comments:
ഇടുങ്ങിയതും വൃത്തിഹീനവുമായ ഗല്ലികളിലൂടെ വളരെ സൂക്ഷിച്ച് ഞങ്ങൾ നീങ്ങി. കണ്ണ് തെറ്റിയാൽ, കാൽ വയ്ക്കുന്നത് ഒന്നുകിൽ മനുഷ്യന്റെ അപ്പിയിൽ അല്ലെങ്കിൽ മൃഗത്തിന്റെ അപ്പിയിൽ ആയിരിക്കും എന്നതിനാലായിരുന്നു ഈ സൂക്ഷിപ്പ്.
ഞാൻ ആദ്യം കയറിയതായിരുന്നു. ഇടക്ക് വച്ച് ഇറങ്ങിപ്പോയി. പിന്നെ ഇപ്പോഴാ കയറിയത്. ഇനിയും വരാം. ആശംസകൾ...
പോട്ടെ പോട്ടെ... വണ്ടി പോട്ടെ... :)
ഈ യാത്രയിൽ ഇപ്പോഴാണ് കൂടുന്നത്.... ആ ഇടുങ്ങിയ വാഹനത്തിലും ഗലികളിലും സഹചാരിയായി കൂടുന്നു ...
Post a Comment
നന്ദി....വീണ്ടും വരിക