Pages

Friday, October 17, 2014

ഒരൊപ്പിന്റെ പൊല്ലാപ്പുകൾ

2 വർഷങ്ങൾക്ക് മുമ്പ് പതിവ് പോലെ കോളേജിലെ എന്റെ കമ്പ്യൂട്ടർ ലാബിനകത്ത് കേരള എൻട്രൻസ് സംബന്ധമായ സംഗതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു ഞാനും സഹപ്രവർത്തകനായ ഷാനുവും.അല്പം കഴിഞ്ഞ്  രണ്ട് പേർ വന്ന് ഞങ്ങളെ പുറത്തേക്ക് വിളിച്ചു (എന്നാണെന്റെ ഓർമ്മ).പോലീസുകാരായ അവർ യൂണിഫോമിൽ അല്ലായിരുന്നു.കാന്റീനിനടുത്ത് വച്ച് നടന്ന ഒരു ഉന്തും തള്ളും ആയി ബന്ധപ്പെട്ട മഹസ്സർ തയ്യാറാക്കാൻ വന്നതാണെന്നും ഇവിടെ ഒന്നും ഒരാളേയും കാണാത്തതിനാൽ ഞങ്ങൾ വന്നു എന്ന തെളിവിന് ഈ കടലാസിൽ ഒന്ന് ഒപ്പിട്ട് തരണമെന്നും അറിയിച്ചു.സംശയമൊന്നും തോന്നാത്തതിനാൽ ഞങ്ങൾ രണ്ട് പേരും അവർ പറഞ്ഞത് അനുസരിച്ചു.അപ്പോൾ തന്നെ ഷാനു ഒരു സംശയം പ്രകടിപ്പിക്കുകയും ചെയ്തു, ഇത് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന്.പോലീസ് വന്ന് പോയി എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഞാൻ പറയുകയും ചെയ്തു. പക്ഷേ ഒരു കഥ അവിടെ തുടങ്ങുകയായിരുന്നു.

*            *           *            *              *

രണ്ടാഴ്ച മുമ്പ്  ഒരു രാത്രി കോളേജിലെ മുൻ എൻ.എസ്.എസ് സെക്രട്ടറി മൻസൂറ് എന്നെ ഫോണിൽ വിളിച്ചു –

“നിർമ്മൽ മാധവ് പ്രശ്നത്തിൽ ഒരു കേസ് ഒക്ടോബെർ 17ന് കോടതി പരിഗണിക്കുന്നു.അതിൽ സാക്ഷി മൊഴി നൽകിയത് സാറാണ് !!!“

“ങേ...ഞാനോ ? ആരാ പറഞ്ഞത്?”

“കേസ് ജിതേഷ് എന്ന കെമിക്കലിലെ പയ്യനെതിരെയാണ്....അവൻ പറഞ്ഞു....”

“പോലീസിന് ഞാൻ ഒരു മൊഴിയും കൊടുത്തതായി എന്റെ ഓർമ്മയിൽ ഇല്ലല്ലോ മൻസൂറേ..നീ ഒന്ന് കൂടി അവനോട് ചോദിച്ചു നോക്ക്...ഞാൻ തന്നെയാണോ അതോ വേറെ ...”

“സാറും പിന്നെ മറ്റൊരു പേരും അവൻ പറഞ്ഞു.നിങ്ങൾ കാന്റീനിൽ ചായ കുടിച്ചിരിക്കുമ്പോൾ ഇവൻ വടി എടുക്കുന്നതായി നിങ്ങൾ കണ്ടു എന്നാണ് മൊഴി...ഏതായാലും ഞാൻ ഒന്നു കൂടി ഉറപ്പ് വരുത്തട്ടെ...”

“യാ കുദാ...” ഞാൻ ഒന്ന് നെടുവീർപ്പിട്ടു. കാരണം കാന്റീനിൽ ഞാൻ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ.അതും ഊൺ കൊണ്ടുവരാത്ത ദിവസങ്ങളിൽ.അത്തരം ദിവസങ്ങളിൽ ഇരിക്കുന്നത് സ്റ്റാഫിനായി സജ്ജീകരിച്ച ക്യാബിനകത്തും.അതിനകത്ത് ഇരുന്നാൽ കാന്റീനകത്ത് നടക്കുന്ന സംഗതികൾ പോലും കാണാൻ സാധ്യമല്ല,പിന്നെയല്ലേ പുറത്തെ സംഭവങ്ങൾ.പിന്നെ വെറുതെ കിട്ടിയാൽ പോലും കുടിക്കാൻ മടിക്കുന്ന ക്ലോറിൻ ചായ കുടിക്കാൻ ഞാൻ കാന്റീനിൽ!!നല്ല കഥ.

*            *           *            *              *

മിനിഞ്ഞാന്ന് ഓഫീസിൽ നിന്നും ഒരു അറ്റന്റർ എന്റെ അടുത്ത് വന്നു.
“സാറെ ഓഫീസിൽ നിന്നും വിളിക്കുന്നു....പോലീസ് ആരോ എത്തിയിട്ടുണ്ട്...”
സംഗതി പെട്ടെന്ന് ഓടിയതിനാൽ ഞാൻ ഉടൻ എത്താമെന്ന് പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയച്ചു.അല്പം കഴിഞ്ഞ് ഓഫീസിലെത്തിയ എനിക്ക് നേരെ മഫ്തിയിൽ തന്നെയുള്ള ഒരാൾ ഒരു കടലാസ് നീട്ടി – 17 ആം തീയതി പരിഗണിക്കുന്ന കേസിൽ ജില്ലാ കോടതിയിലെ ഏതോ ഒരു സെഷനിൽ സാക്ഷി മൊഴി നൽകാനുള്ള സമൻസ് ആയിരുന്നു അത്.സമൻസ് എന്നതിന്റെ സ്പെല്ലിംഗ് SUMMONS ആണ് എന്ന് അന്നാണ് ഞാൻ മനസ്സിലാക്കിയത്.സമൻസ് കിട്ടിയതായി ഒപ്പിടാൻ പറഞ്ഞപ്പോൾ മുകളിൽ ഇനി ഒന്നും എഴുതി ചേർക്കാൻ കഴിയാത്ത വിധത്തിൽ ഒപ്പിട്ട് പേരും തീയതിയും സമയവും ചാർത്തിക്കൊടുത്തു.

*            *           *            *              *

ഇന്ന് ഞാൻ ജീവിതത്തിലാദ്യമായി കോടതി കയറി.കേസ് നമ്പർ SC167/2013 ആയിരുന്നു ഈ കേസ്.മുന്നിൽ വിളിച്ച കേസുകളിൽ പ്രതികൾ കൂട്ടിൽ കയറുന്നതും അഭിഭാഷകർ എന്തൊക്കെയോ പറയുന്നതും ന്യായാധിപൻ എന്തൊക്കെയോ സംസാരിക്കുന്നതും കേസ് ഡയറി തിരിച്ച് കൊടുക്കുന്നതും പ്രതികൾ കൂട്ടിൽ നിന്നും ഇറങ്ങുന്നതും എല്ലാം ഞാൻ കണ്ടു.മുന്നിൽ ഒരുക്കിയ കൂട്ടിലാണ് സാക്ഷി എന്ന നിലക്ക് എനിക്ക് കയറേണ്ടത് എന്നതിനാൽ അവിടെ ആരെങ്കിലും കയറുന്നുണ്ടോ എന്നായിരുന്നു എന്റെ ശ്രദ്ധ.കാരണം അവിടെ പാലിക്കേണ്ട മര്യാദകൾ എന്ത് എന്ന് അറിയാൻ.ഫോൺ സൈലന്റ് ആക്കണം എന്നും ഇല്ലെങ്കിൽ ഫൈനും ഒപ്പം കോടതി പിരിയുന്നത് വരെ ഇരിപ്പും ആണ് ശിക്ഷ എന്നും കുട്ടികളിൽ ഒരാൾ പറഞ്ഞ് തന്നിരുന്നു.അതിനാൽ അത് ഞാൻ സ്വിച് ഓഫ് ചെയ്തു.

നാലാമതായി വിളിച്ചത് ഈ കേസായിരുന്നു.പ്രതികൾ നാല് പേരും കൂട്ടിൽ കയറി.സാക്ഷി ആയി ഞാൻ ഹാജരായതായി പ്രതിഭാഗം വക്കീൽ അറിയിച്ചു.ന്യായാധിപൻ എന്നോട് സാക്ഷിക്കൂട്ടിൽ കയറാൻ പറഞ്ഞു.ഞാൻ കൂട്ടിൽ കയറിയതും ന്യായാധിപന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന ആൾ കോടതിയിൽ സത്യം മാത്രമേ പറയാവൂ എന്നും കള്ളം പറയരുത് എന്നും എന്നെ ബോധിപ്പിച്ചു.ഞാൻ ഓ.കെ പറഞ്ഞു.

എന്റെ തൊട്ടടുത്ത് കൂടിന് താഴെ നിന്നിരുന്ന ഒരു സ്ത്രീ (പബ്ലിക് പ്രോസിക്യൂട്ടർ) എന്നോട് പേരും സ്ഥലവും ചോദിച്ചു.ശേഷം പോലീസ് വന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നോ എന്ന് ആരാഞ്ഞു. ഞാൻ മൊഴി നൽകി എന്ന് രേഖപ്പെടുത്തിയ സംഗതിയെപറ്റി എന്നോട് ചോദിച്ചു.ഞാൻ അങ്ങനെ ഒരു മൊഴി നൽകിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഒപ്പിട്ട കടലാസ് എന്നെ കാണിച്ച് ഈ ഒപ്പിട്ടത് നിങളല്ലേ എന്നു ചോദിച്ചു.ന്യായാധിപനും ചില സംഗതികൾ ചോദിക്കുകയും അവിടെ കുത്തിക്കുറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.പ്രസ്തുത ഒപ്പ് എന്റേതല്ല എന്ന് പറഞ്ഞതോടെ (ഞാൻ ഒപ്പിടുന്ന പോലെ വരച്ച് അതിനടിയിൽ പേരും എഴുതി വച്ചിരുന്നു.ഞാൻ പേര് എഴുതി ഒപ്പിടുമ്പോൾ ആബിദ് തറവട്ടത്ത് എന്ന് മുഴുവൻ എഴുതാറുള്ളത് ഈ ‘വരയൻ’ ശ്രദ്ധിച്ചിരുന്നില്ല!) പബ്ലിക് പ്രോസിക്യൂട്ടർ ന്യായാധിപനോട് ഇംഗ്ലീഷിൽ എന്തോ പറഞ്ഞു.ശേഷം എന്റെ നേരെ തിരിഞ്ഞ്  “ പ്രതികളുടെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിങ്ങൾ കള്ളം പറയുകയാണെന്ന് ഞാൻ കോടതി മുമ്പാകെ ധരിപ്പിക്കുന്നു “ എന്നും പറഞ്ഞു.

ശേഷം കൂട്ടിൽ നിന്നിറങ്ങി ഒരു പേപ്പറിൽ ഒപ്പ് വയ്ക്കാൻ എന്നോട് പറഞ്ഞു. ഒരൊപ്പ് ഉണ്ടാക്കിയ പൊല്ലാപ്പ് ഇനിയും ആവർത്തിക്കരുത് എന്നതിനാൽ വലിയ അക്ഷരങ്ങളിൽ വേഗത്തിൽ എഴുതിയ മൂന്ന് പേജ് വരുന്ന ആ പേപ്പർ ഞാൻ മുഴുവൻ വായിച്ചു നോക്കി. ഞാൻ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അതിലുണ്ടായിരുന്നത്.അങ്ങനെ എന്റെ ആദ്യ കോടതി അനുഭവം അവസാനിച്ചു.


വാൽ : “അപകടത്തിൽ‌പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കൂ.ചെലവ് പോലീസ് വഹിക്കും” – ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പറയുന്നു.ഇതിന്റെ പേരിൽ പോലീസ് എഴുതുന്ന തിരക്കഥകൾ നാലും അഞ്ചും വർഷം കഴിഞ്ഞ്  ഇതു പോലെ തിരിഞ്ഞ് കുത്തില്ല എന്ന് താങ്കൾക്ക് ഉറപ്പ് തരാൻ പറ്റുമോ സാർ ?

9 comments:

Areekkodan | അരീക്കോടന്‍ said...

"അപകടത്തിൽ‌പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കൂ.ചെലവ് പോലീസ് വഹിക്കും” – ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പറയുന്നു.ഇതിന്റെ പേരിൽ പോലീസ് എഴുതുന്ന തിരക്കഥകൾ നാലും അഞ്ചും വർഷം കഴിഞ്ഞ് ഇതു പോലെ തിരിഞ്ഞ് കുത്തില്ല എന്ന് താങ്കൾക്ക് ഉറപ്പ് തരാൻ പറ്റുമോ സാർ ?

ormmathulli said...

niyamangal avar ezhuthi cherkkum vidham..naam viddiyaattam nadathunnu ennunmathram..

വിനുവേട്ടന്‍ said...

ഹൊ.. ! എന്നാലും എന്റെ പോലീസേ... ഇങ്ങനെയൊക്കെ ചെയ്യാമോ... ഞങ്ങടെ പാവം മാഷല്ലേ...? നമ്മള് നാളേം കാണണ്ടേ...? ഉള്ളിൽ വിഷമം ഇണ്ട്‌ട്ടോ...

ഇത് വല്ലാത്തൊരു പുകിൽ തന്നെയായിപ്പോയല്ലോ മാഷേ... ഇനി അടുത്ത സമൻസ് എന്നാണ്...? അതോ ഇതോടെ കേസ് മടക്കിക്കെട്ടിയോ...? ഒരാളെയും ഒന്നിനും സഹായിക്കാൻ പറ്റില്ല എന്ന് വച്ചാൽ... !

ചെറുത്* said...

കോടതീൽ കയറ്റോം പ്രതിക്കൂടും ഒക്കെ സിൽമേൽ മാത്രെ കണ്ടിട്ടുള്ളു. മാഷെന്തായാലും അതൊക്കെ നേരിൽ കണ്ടൂലൊ. മാഷെ മാഷിനെ ഇനി സിൽമേലൊക്കെ എടുക്ക്വോ!?

Sudheer Das said...

അപ്പോ പണി പാലുംവെള്ളത്തിലും കിട്ടുംന്ന് പറയണത് വെറുതെയല്ല... അല്ലേ മാഷേ..

SIVANANDG said...

മാഷെ അബ്ദുൽ കലാം സാർ പറ ഞ്ഞിട്ടുണ്ട് "നിങ്ങളുടെ നല്ല അദ്ധ്യാപകൻ നിങ്ങൾ ചെയ്ത തെറ്റാണെന്ന്" ഇതൊരു പുതിയ പാഠം പഠിച്ചതായ് കാണുക. പിന്നെ അന്നവിടെ ഉണ്ടായിരുന്ന സോയ മിസ്സ്‌ ഇപ്പൊ ഇവിടുണ്ട്. പ്രിൻസിപ്പൽ ആണ്.

ലംബൻ said...

ഈ പോളിസുകരെകൊണ്ട് തോറ്റ്.. ഇങ്ങിനെയൊക്കെ തുടങ്ങിയാല്‍ എന്താ ചെയ്ക.

കൊച്ചു ഗോവിന്ദൻ said...

എന്റെ പൊന്നു മാഷേ, ഈ വെല്ലുവിളിയൊന്നും ആഫ്യന്തര മന്ത്രിയുടെ അടുത്ത് ചെലവാകില്ല. മന്ത്രി തീർച്ചയായും ഉറപ്പ് തരും. കാരണം, നാലഞ്ച് വർഷം കഴിയുമ്പോൾ പോലീസ് മന്ത്രി വേറെ ഏതെങ്കിലും കോന്തൻ ആയിരിക്കുമല്ലോ. അപ്പോ, കുറ്റം അങ്ങേര്ടെ തലയിൽ കെട്ടി വെക്കാം. എപ്പടി?

Cv Thankappan said...

ഒപ്പിന്‍റെ വെല.........(വേ)
ആശംസകള്‍ മാഷെ

Post a Comment

നന്ദി....വീണ്ടും വരിക