Pages

Monday, February 23, 2015

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 3


 നാറുന്ന വിവാദങ്ങളും മറ്റും നിലനിൽക്കേ ഗെയിംസിന് ജനസമ്മതി നേടി എടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ  ജനുവരി 20ന് കേരളമാകെ റൺ കേരള റൺ എന്ന കൂട്ടയോട്ടം സംഘടിപ്പിക്കപ്പെട്ടു.എൻ.എസ്.എസ് മുഖേന അറിയിപ്പ് വന്നതിനാലും ഗെയിംസ് സംഘാടനത്തിൽ നേരിട്ട് പങ്ക് വഹിക്കുന്ന കോളേജിൽ നിന്നുള്ള ഏക വ്യക്തി ആയതിനാലും എന്റെ ചുമതലാബോധം ഉയർന്നു.ഈ കൂട്ടയോട്ടത്തിനായി മാത്രം തുറക്കപ്പെട്ട വെബ്സൈറ്റിൽ കയറി തൊട്ടടുത്ത സ്റ്റാർട്ടിംഗ് പോയന്റും കോണ്ടാക്ട് നമ്പറും പരതി. ഒരു ഗവ.എൽ.പി സ്കൂളിന്റെ പേരും നമ്പറും ആയിരുന്നു വെസ്റ്റ്‌ഹില്ലിലെ പോയന്റ് ആയി കൊടുത്തിരുന്നത്.ആ നമ്പറിൽ പലതവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല.

20-ആം തീയതി 10.30ന് ആയിരുന്നു കൂട്ടയോട്ടം.എല്ലാ ജില്ലകളിലും നടക്കുന്ന മെഗാറൺ കോഴിക്കോട് നടക്കുന്നത് ബീച്ചിൽ ആണെന്നും അവിടെ എത്തിയാൽ ഓട്ടത്തിൽ പങ്കെടുക്കാം എന്നും ആരോ അറിയിച്ചു.എന്നാൽ കോളേജ് സ്ഥിതി ചെയ്യുന്നത് നാഷണൽ ഹൈവേയുടെ ഓരത്തായതിനാൽ വടക്കോട്ടോ തെക്കോട്ടോ ഉള്ള ഒരു ഓട്ടമെങ്കിലും അതിലൂടെ കടന്നു പോകും എന്നതിനാൽ ഞാൻ ഹൈവേയിലേക്ക് നീങ്ങി.

അപ്പോഴാണ് വിക്രം മൈതാനത്തിന് തൊട്ടടുത്തുള്ള ലിറ്റിൽ ഡഫോഡിത്സ് സ്കൂളിലെ കുഞ്ഞുമക്കളും സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളും അണിനിരന്ന കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുന്നത് കണ്ടത്.പങ്കെടുക്കുന്നവർക്കെല്ലാം ടീ ഷർട്ടും അത്യാവശ്യം എണ്ണം ബാനറുകളും എല്ലാം ഓഫർ ചെയ്തിരുന്നെങ്കിലും അത് രണ്ട് ടീ  ഷർട്ടിലും ഒരു ബാനറിലും ഒതുങ്ങിയിരുന്നു. എൻ.എസ്.എസ് ബാനറുമായി  ഈ കുഞ്ഞുമക്കൾക്ക് പിന്നിൽ എന്റെ കോളേജിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരും അല്പം ചില സ്റ്റാഫംഗങ്ങളും അണിനിരന്നു.

വെസ്റ്റ്‌ഹിൽ മുതൽ വണ്ടിപ്പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ടിയിരുന്നത്.മുന്നിലുള്ളത് കുഞ്ഞുമക്കൾ ആയതിനാൽ ഓട്ടം പലപ്പോഴും  നടത്തമായി മാറിയിരുന്നു. അതിനാൽ വണ്ടിപ്പേട്ടയിൽ എത്തിയപ്പോൾ ഞങ്ങൾ മറ്റൊരു വഴിയേ യഥാർത്ഥ ഓട്ടം തന്നെ നടത്തി.

ജനുവരി 21ന് ആയിരുന്നു കോഴിക്കോട് ജില്ലയിലെ വളണ്ടിയർമാർക്കുള്ള ആദ്യ ജനറൽപരിശീലനം. കണ്ടംകുളം ജൂബിലീ ഹാളിൽ രാവിലെ 8 മണിക്ക് ആദ്യബാച്ചിനും ഉച്ചക്ക് 1 മണിക്ക് രണ്ടാം ബാച്ചിനും ആയിട്ടായിരുന്നു ഷെഡ്യൂൾ.350 പേർ വീതമായിരുന്നു ഓരോ ബാചിന്റേയും സ്ട്രെംഗ്ത്ത്. ഇത്രയും പേരെ വച്ച് ഒറ്റൊരു ട്രെയിനർ എന്ത് ചെയ്യും എന്നത് ഒരു ചോദ്യമായിരുന്നെങ്കിലും, നിരവധി എൻ.എസ്.എസ് പരിപാടികളിൽ ട്രെയിനർ ആയി വന്നിട്ടുള്ള ശ്രീ.ബ്രഹ്മനായകമാണ് നായകൻ എന്നതിനാൽ എനിക്ക് ആശങ്ക ഒന്നും തോന്നിയീല്ല.

രാവിലെ എട്ടേകാലിന് പാളയം സ്റ്റാന്റിൽ ബസ്സിറങ്ങി, റോഡ് ക്രോസ് ചെയ്ത് ഞാൻ ഒരു ഓട്ടോക്കാരനെ സമീപിച്ച് ജൂബിലീ ഹാളിൽ എത്തിക്കാൻ പറഞ്ഞു.
“അറിയാത്തത് കൊണ്ടാണോ....,ഈ വഴി നടക്കാനുള്ള ദൂരമേയുള്ളൂ..” മാന്യനായ ആ ഓട്ടോക്കാരൻ പറഞ്ഞു.

“അറിയാം...എട്ട് മണിക്ക് തുടങ്ങുന്ന പരിപാടിയാ...ഇപ്പോൾ എട്ടേകാല് കഴിഞ്ഞു...അതിനാലാണ്...” 
ഞാൻ ഓട്ടോയിൽ കയറി ഹാളിൽ എത്തിയപ്പോൾ അധികം പേരൊന്നും എത്തിയിരുന്നില്ല.ഒമ്പത് മണിയോടെ മുമ്പ് ശബരിമലയിൽനിന്ന് വിളിച്ചിരുന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അടക്കം യൂണിഫോമിൽ കുറച്ച് പോലീസ്കാർ എത്തി.

എത്തിയ വളണ്ടിയർമാരിൽ കുറേ പേർ ഓൺലൈനിൽ രെജിസ്റ്റർ ചെയ്തവരും അറിയിപ്പ് സന്ദേശം കിട്ടിയവരും ആയിരുന്നു. കുറേപേർ സന്ദേശം കിട്ടാത്തവർ ആയിരുന്നു.പിന്നേയും കുറേ പേർ ഇതു വരെ ഒന്നും ചെയ്യാതെ സ്പോട്ട് രെജിസ്ട്രേഷൻ പരിപാടി ഉണ്ട് എന്ന ധാരണയോടെ എത്തിയവരായിരുന്നു. ഒമ്പതരയോടെ ഫസിലിറ്റേഷൻ ചീഫ് കൺസൽട്ടന്റ് ശ്രീ.എം.എൻ.സി ബോസ് സാറും പരിവാരങ്ങളും എത്തിയതോടെ വന്നവരെ എല്ലാവരേയും ഉൾക്കൊള്ളിച്ച്  “എട്ട്മണി” പരിശീലനം ആരംഭിച്ചു.

പതിവ്‌ പോലെ അംഗവിക്ഷേപങ്ങളിലൂടേയും ശബ്ദവ്യതിയാനങ്ങളിലൂടേയും അഭിനയത്തിലൂടേയും ബ്രഹ്മനായകം സാർ വളണ്ടിയർമാരെ ഒരു പരുവത്തിലാക്കി.കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികളായതിനാൽ അവർ അത് ശരിക്കും ആസ്വദിച്ചു.ഇടക്കെപ്പോഴോ ബ്രേക്ക് ഫാസ്റ്റ് ആയി കിട്ടിയത് ചായയും ഒരു വടയും ചമ്മന്തിയും ആയതിനാൽ രണ്ടാം സെക്ഷനിന്റെ ആരംഭത്തിൽ തന്നെ ഞാൻ സ്ഥലം വിട്ടു.പോലീസ് സംഘം ‘അതുക്കും മുമ്പേ’ സ്ഥലം കാലിയാക്കിയിരുന്നു.എന്ന് വച്ചാൽ കോർഡിനേഷൻ ഇപ്പോഴും തിരുനക്കര തന്നെ!!!

ദേശീയ ഗെയിംസ് അനുഭവങ്ങൾ - 4

3 comments:

Areekkodan | അരീക്കോടന്‍ said...

പോലീസ് സംഘം ‘അതുക്കും മുമ്പേ’ സ്ഥലം കാലിയാക്കിയിരുന്നു.എന്ന് വച്ചാൽ കോർഡിനേഷൻ ഇപ്പോഴും തിരുനക്കര തന്നെ!!!

Jhonmelvin said...

:)

ajith said...

എല്ലാം ഒരു ഗെയിം അല്ലേ??

Post a Comment

നന്ദി....വീണ്ടും വരിക