Pages

Saturday, April 04, 2015

ലംബോധരൻ മാസ്റ്ററുടെ ലീലാവിലാസങ്ങൾ

പതിവ് പോലെ ഷർട്ട് ഇൻസൈഡ് ചെയ്ത് അന്നും ലംബോധരൻമാസ്റ്റർ സ്കൂളിലേക്ക് പുറപ്പെട്ടു. ഇൻസൈഡ് ചെയ്ത് ചെയ്ത് വക്ക് ചുളിഞ്ഞ മാസ്റ്ററുടെ കുപ്പായങ്ങൾ,  സൌദാമിനി ടീച്ചർക്ക് എന്നും മാസ്റ്ററുടെ വക ഒരു രൂക്ഷകടാക്ഷത്തിനുള്ള ഹേതുവായിരുന്നു.അന്നും കുപ്പായം ഇസ്തിരി ഇട്ട് കൊടുക്കാത്തതിന്റെ ജാള്യത ഗുജറാത്തിന്റെ ഭൂപടം പോലെ ടീച്ചറുടെ മുഖത്ത് വിരിഞ്ഞതോടെ മാസ്റ്ററുടെ കണ്ണുകൾ മടങ്ങി.

അന്ന് വൈകുന്നേരം പതിവിലും നേരത്തെ മാസ്റ്റർ സ്കൂളിൽ നിന്നും മടങ്ങി.ബസ്സിറങ്ങിയതും നേരെ മുമ്പിലതാ സുസ്മേര വദനയായി  ടീച്ചർ !

“അല്ലാ....ഇതെന്താ കോലം ?” ടീച്ചറുടെ പെട്ടെന്നുള്ള ചോദ്യം മാസ്റ്ററെ ഒന്ന് ഞെട്ടിച്ചു.മാസ്റ്റർ സ്വയം അടിമുടി ഒന്ന് പരിശോധിച്ചു.

“എന്താ...എന്താ പ്രശ്നം ?വല്ലതും കാണുന്നുണ്ടോ?” മാസ്റ്റർ ടീച്ചറുടെ അടുത്തേക്ക് ചേർന്ന് നിന്ന് ചെവിയിൽ ചോദിച്ചു.

“നിങ്ങൾ വീട്ടിൽ നിന്നിറങ്ങിയത് ഇൻസൈഡ് ചെയ്താണല്ലോ....ഇപ്പോൾ വരുന്നത് ഔട്ട്സൈഡായിട്ട്...”

“ഓ...അത്രേയുള്ളോ ? വീട്ടിൽ നിന്ന് ജീവനോടെ പോയവൻ ശവമായി കയറി വരുന്ന കാലമാ ഇത്...“

“കെ.ജി ക്ലാസ്സിലെ കുട്ടികൾ ഇങ്ങനെ വന്നാൽ മനസ്സിലാക്കാം... ഈ റിട്ടയർ ആവാനായവർ...”

“ശ്...ശ്...ഇന്നത്തെ കാലത്ത് സ്കൂളിൽ പഠിപ്പിക്കൽ മാത്രമല്ല , പല പല കായിക പ്രവർത്തികളും ഉണ്ടാകും....അപ്പോൾ ഇൻസൈഡ് ചിലപ്പോൾ ഔട്ട്സൈഡ് ആകും... ഔട്ട്സൈഡ്  ചിലപ്പോൾ ഔട്ടർ ഓഫ്  സൈഡ് ആകും..... ഔട്ടർ ഓഫ്  സൈഡ്  ചിലപ്പോൾ ലോങ് ഓഫിലൂടെ മിഡ് ഓൺ സിക്സർ ആകാം...... അതൊക്കെ ഈ അങ്ങാടിയിൽ വച്ച് ചോദിക്കരുത്.......” ലംബോധരൻ മാസ്റ്റർ ടീച്ചറെ വിലക്കി.

“ശരി...ശരി...അപ്പോ?”

“ങാ...വീട്ടിലേക്കല്ലേ....ബാക്കി ചരിത്രം അവിടന്ന് പറയാം...“

“അല്ലാ...ആ ബാഗ് തൂക്കിയതിലും ഉണ്ടല്ലോ ഒരു അപശകുനം....?”

“പിന്നെ ചെണ്ട തൂക്കുന്നത് പോലെയാണോ ബാഗ് തൂക്കേണ്ടത് ?”

“ആരെങ്കിലും ബാഗ് ഇങ്ങനെ മുന്നോട്ട് തൂക്കുമോ...?”

“ ദാമോദരന്റെ മകൻ ലംബോധരൻ ബാഗ് ഇങ്ങനെ തൂക്കും ..വാ...നമുക്ക് വേഗം വീട്ടിലേക്കെത്താം.....“

“അതെന്താ നിങ്ങൾക്ക് ഇന്ന് ഒരു പ്രത്യേക തിരക്ക്....?”

“അതെല്ലാം പറയാം...വാ...“

“ശരി...ശരി....എങ്കിൽ ആ ബാഗ് ഇങ്ങ് താ.....ഞാൻ പിടിച്ചോളാം...“

“അത് വേണ്ട....ഇത് ഞാൻ തന്നെ പിടിക്കാം....ഒരു ധൈര്യത്തിനാ....”

“ങേ!! ധൈര്യത്തിനോ?നിങ്ങളെന്താ ഈ പറയുന്നത് ?”

“അത് തന്നെ....നിന്റെ കയ്യിലുള്ളതും വേണമെങ്കിൽ ഞാൻ പിടിക്കാം....താ?”

“ഗുരുവായുരപ്പാ....!!ഇതെന്താ ഇന്ന് ഇത്ര വലിയ സ്നേഹം?”

“ആ സ്നേഹത്തിന്റെ കഥ വീട്ടിൽ വച്ച് പറയാം....വേഗം നടക്ക്....”

“എങ്കിൽ നടക്കാം....അല്ലാ നിങ്ങളെ പഴയ സുഹൃത്തല്ലേ ആ വരുന്നത്...?”

“ങാ....ശരിയാ...നീ ഇതിലെ നേരെ നടന്നോ...ഞാൻ മറ്റേ വഴി വരാം...”

“ങേ!!!അതെന്തിനാ...?അയാളോട് നിങ്ങൾ വല്ല കടവും വാങ്ങിയിട്ടുണ്ടോ?”

“അതെല്ലാം വീട്ടിലെത്തിയിട്ട് പറയാം...ചെല്ല്...ഞാനിതാ എത്തി...”

ടീച്ചർ നേരെ നടന്നു.ലംബോധരൻ മാസ്റ്റർ മറ്റൊരു വഴിയേ സ്കൂട്ടായി നേരെ വീട്ടിൽ പൊങ്ങി.താമസിയാതെ ടീച്ചറും അവിടെ എത്തി.

“ങാ...ഇനി പറ...എന്താ ഇന്ന് പതിവില്ലാതെ ഇങ്ങനെയൊക്കെ....?” മാസ്റ്ററെ കണ്ട പാടെ ടീച്ചർ ചോദിച്ചു.

“വെരി സിമ്പിൾ....ഇത് നോക്കിയേ...” മുന്നോട്ട് തൂക്കിയ ബാഗ് സൈഡിലേക്ക് ഒതുക്കി ഔട്ട്സൈഡ് ആയി കിടക്കുന്ന ഷർട്ട് ലംബോധരൻ മാസ്റ്റർ മെല്ലെ പൊക്കി.

“കൃഷ്ണാ...ഗുരുവായുരപ്പാ....!!!“ ടീച്ചർ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി.

“പാന്റിന്റെ സിബ്ബ് പോയവന്റെ ടെൻഷൻ എനിക്കല്ലേ അറിയൂ....അത് മറച്ച് പിടിക്കാൻ ഇത്രേം ദൂരം ഞാൻ പെട്ടൊരു പാടേ...എന്നിട്ട് അങ്ങാടിയിൽ വച്ച് നിന്റെ ഓരോ കുലുമാല് ചോദ്യങ്ങളും...ഇന്ന് മുതൽ എന്നെ ഏത് കോലത്തിൽ കണ്ടാലും ഇനി മേലാൽ ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചേക്കരുത്....”

ടീച്ചർ അനുസരണ രൂപത്തിൽ തലയാട്ടി.

13 comments:

Areekkodan | അരീക്കോടന്‍ said...

“അല്ലാ....ഇതെന്താ കോലം ?” ടീച്ചറുടെ പെട്ടെന്നുള്ള ചോദ്യം മാസ്റ്ററെ ഒന്ന് ഞെട്ടിച്ചു.മാസ്റ്റർ സ്വയം അടിമുടി ഒന്ന് പരിശോധിച്ചു.

വിനുവേട്ടന്‍ said...

ഹ ഹ ഹ.... കലക്കി കലക്കി... കലക്കി മാഷേ കലക്കി... ഈ ഐഡിയ എന്നെങ്കിലും ഉപകാരപ്പെടാതിരിക്കില്ല... :)

സുധി അറയ്ക്കൽ said...

പാന്റിന്റെ സിപ്പ്‌ എങ്ങനെ പോയെന്ന റ്റീച്ചറിന്റെ ചോദ്യത്തിനു മാഷിനു മറുപടി ഇല്ലായിരുന്നു...
തലയാട്ടി അകത്തേക്ക്‌ പോയ റ്റീച്ചർ തിരിച്ചുവന്നത്‌ ചപ്പാത്തിക്കോലും,ചിരവയുമായിട്ടാണു.

((((((( ))))))))

അവശനായിക്കിടക്കുന്ന മാഷ്‌ ഇങ്ങനെ ചിന്തിച്ചു..
—ജമീലറ്റീച്ചർ ശിവദാസൻ നായരോട്‌ പോലും ഇങ്ങനെ ചെയ്തു കാണില്ല.—

ajith said...

ബാഗുണ്ടായിരുന്നത് രക്ഷയായി

Cv Thankappan said...

വല്ലഭനു പുല്ലും ആയുധം.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ....സിബ്ബ് പോയ സർവ്വർക്കും ഡെഡികേറ്റ് ചെയ്യുന്നു

സുധി....ഈ ടീച്ചർ അത്രയും ചെയ്യില്ല

അജിത്തേട്ടാ....അതെന്നെ

തങ്കപ്പേട്ടാ....ഇപ്പോ “പല്ലും” ആയുധം എന്നാ ചൊല്ല്

Sudheer Das said...

ഹ..ഹ..ഹാ.. മാഷിന്റെ ശുഷ്‌കാന്തി ആരും കാണാതിരുന്നത് ഭാഗ്യം.

Joselet Joseph said...

:)

Bipin said...

സിപ്പ് പോയവന്റെ വെപ്രാളം നന്നായി അവതരിപ്പിച്ചു. മാസ്റ്റർ അടി മുടി പരിശോധിയ്ക്കുന്നതിനു പകരം താഴോട്ടു നോക്കിയാൽ വരാൻ പോകുന്ന ക്ലൈമാക്സിനു ഒരു മുന്നോടി ആയേനെ.

വിനോദ് കുട്ടത്ത് said...

അപ്പോ...സിമ്പ് പോയാല്‍ ബാഗ് വേണം.... വല്ലാത്ത ഭീകരതയായിപ്പോയി....നല്ല നര്‍മ്മം കുറഞ്ഞ വാക്കുകളില്‍.....ആശംസകൾ....

Vineeth M said...

കുറച്ചു നേരത്തെ വായിക്കേണ്ടാതായിരുന്നു

Karicodeunnikrishnannampoothiri said...

ടീച്ചർ നേരെ നടന്നു.ലംബോധരൻ മാസ്റ്റർ മറ്റൊരു വഴിയേ സ്കൂട്ടായി നേരെ വീട്ടിൽ പൊങ്ങി.താമസിയാതെ ടീച്ചറും അവിടെ എത്തി.//ആ വഴി എളുപ്പമാണ്??? പതിവാക്കിക്കൂടെ?

Karicodeunnikrishnannampoothiri said...

ടീച്ചർ നേരെ നടന്നു.ലംബോധരൻ മാസ്റ്റർ മറ്റൊരു വഴിയേ സ്കൂട്ടായി നേരെ വീട്ടിൽ പൊങ്ങി.താമസിയാതെ ടീച്ചറും അവിടെ എത്തി.//ആ വഴി എളുപ്പമാണ്??? പതിവാക്കിക്കൂടെ?

Post a Comment

നന്ദി....വീണ്ടും വരിക