Pages

Monday, July 27, 2015

അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍…

        കുട്ടിക്കാലത്ത് പനി പിടിക്കുമ്പോള്‍ ഉമ്മ എന്നെ വല്യുമ്മയുടെ കസ്റ്റഡിയിലാക്കിയാണ് സ്കൂളില്‍ പോകാറ്‌. ഇടക്ക് വലിയ മൂത്തുമ്മയുടെ വീട്ടിലും ആക്കാറുണ്ട്. പക്ഷെ വല്യുമ്മയുടെ വീട്ടില്‍ നില്‍ക്കാനായിരുന്നു എനിക്ക് താല്പര്യം.കാരണം ആ വീട് റോഡിന്റെ വയ്ക്കത്തായിരുന്നു എന്നത് തന്നെ.വരാന്തയിലുള്ള ചാരു കസേരയിലോ ബെഞ്ചിലോ ഇരുന്നാല്‍ റോട്ടിലൂടെ പോകുന്ന ആള്‍ക്കാരേയും വാഹനങ്ങളേയും ഒക്കെ കണ്‍കുളിര്‍ക്കെ കാണാം.ആ സമയത്തൊന്നും തന്നെ നമ്മുടെ രോഗത്തെ പറ്റി നമുക്ക് ഓര്‍മ്മയുണ്ടാകില്ല.വൈകിട്ട് ഉമ്മ സ്കൂളില്‍ നിന്ന് തിരിച്ചെത്തി എന്നെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാഴ്ചകള്‍ അവസാനിച്ചതിന്റെ ദു:ഖം മനസ്സില്‍ തങ്ങി നില്‍ക്കും.മിക്കവാറും അതോടെ പനിയും തിരിച്ച് വരും !

          അക്കാലത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും  ബസും ലോറിയും ജീപ്പും ആയിരുന്നു. ഇടക്കിടെ അംബാസഡര്‍ കാറുകളും ഫിയറ്റ് കാറുകളും പോയിരുന്നു.അവ അധികം ഇല്ലാത്തതിനാല്‍ അവയുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ കുറിച്ചു വയ്ക്കുന്ന ഒരു ഹോബി കൂടി എനിക്കുണ്ടായിരുന്നു.കണ്ട കാര്‍ വീണ്ടും മുന്നില്‍ വരുന്നുണ്ടോ എന്നറിയാനായിരുന്നു ഈ ഹോബി എങ്കിലും എഴുതിയ നമ്പറുകള്‍ ഈ ആവശ്യത്തിനായി വീണ്ടും ‘റഫര്‍’ ചെയ്തത് എനിക്കോര്‍മ്മയില്ല.

        പക്ഷേ അന്നത്തെ വിചിത്രമായ ഒരു ‘കുട്ടിവിശ്വാസം’ എനിക്കോര്‍മ്മയുണ്ട് – വെള്ള് കാര്‍ കണ്ടിട്ട് ചൂണ്ടുവിരല്‍ വായിലിട്ട് ഒരു കറുത്ത കാക്കയെ കാണുന്നത് വരെ നിന്നാല്‍ പലഹാരം ലഭിക്കും ! അങ്ങനെ നിരവധി തവണ കുട്ടികളായ ഞങ്ങള്‍ വിരല്‍ വായിലിട്ട്  ‘പലഹാര’ത്തിനായി ശ്രമിച്ചിട്ടുണ്ട്.പിന്നീടുള്ള ജീവിതത്തില്‍ കിട്ടിയ പലഹാരങ്ങളെല്ലാം ഒരു പക്ഷെ ഈ പ്രവൃത്തിയുടെ ഫലം ആയിരിക്കും!!

         അന്ന് ബസ്സില്‍ കയറാന്‍ മാത്രമെ അവസരം ലഭിച്ചിരുന്നുള്ളൂ.അതും വേനലവധിക്കാലത്തോ പെരുന്നാളിനോ ബാപ്പയുടെ നാടായ പേരാമ്പ്രയില്‍ പോകുമ്പോള്‍ മാത്രം.അന്ന് ലോറി കാണുമ്പോള്‍ തന്നെ പേടിയായിരുന്നു. ജീപ്പിലും കാറിലും പോകേണ്ട ‘ഗതികേട്’ ഉണ്ടാകാത്തതിനാല്‍ കയറാന്‍ ഭാഗ്യം ലഭിച്ചിരുന്നില്ല.ആദ്യമായി കാറില്‍ കയറിയത് ആള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍‌ട്രന്‍സ് (അതേ ഇപ്പോള്‍ ശിരോവസ്ത്ര വിവാദത്തില്‍ കത്തി നില്‍ക്കുന്ന അതേ പരീക്ഷ) എഴുതാന്‍ വേണ്ടി സുഹൃത്തുക്കളോടൊപ്പം തിരുവനന്തപുരംകോട്ടണ്‍‌ഹില്‍ ഗേള്‍സ് സ്കൂളില്‍ പോയപ്പോഴാണ് എന്നാണ് എന്റെ ഓര്‍മ്മ.പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈസന്‍സ് എടുത്തപ്പോള്‍ ഞാനും ഒരു കാര്‍ മുതലാളിയായി! അതോടെ എന്റെ മക്കള്‍ക്കും കുടുംബത്തിനും കാര്‍ എന്നത് അപ്രാപ്യമായ ഒരു വാഹനം അല്ലാതായി.ഇന്ന് ഏത് വീട്ടിലും കാര്‍ പോര്‍ച്ചുണ്ട്.

            ഇത്രയും പറഞ്ഞത് രണ്ട് ദിവസം മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം പങ്കു വയ്ക്കാനാണ്‍. നാഷണല്‍ സര്‍വീസ് സ്കീമിന്റെ ടെക്നിക്കല്‍ സെല്‍ വിഭാഗത്തിലെ പ്രൊഗാം ഓഫീസര്‍മാരുടെ വാര്‍ഷിക സംഗമത്തില്‍ ഒരു സെഷന്‍ അവതരിപ്പിക്കാന്‍ പതിവ് പോലെ എനിക്ക് ക്ഷണം ലഭിച്ചു.അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് & ടെക്നോളജി (ഫിസാറ്റ്)യില്‍ ആയിരുന്നു ഈ വര്‍ഷത്തെ സംഗമം.ശനിയാഴ്ച രാവിലെ ഒമ്പതരക്ക് ഞാന്‍ അങ്കമാലി ബസ്‌സ്റ്റാന്റില്‍ ബസ്സിറങ്ങുമ്പോള്‍ ഫിസാറ്റിന്റെ ശിതീകരിച്ച വെള്ള ഇന്നോവ കാര്‍ എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു.അതില്‍ കയറി യാത്ര തുടരുമ്പോള്‍ വെള്ള കാര്‍ കാണാന്‍ കൊതിച്ച എന്റെ ബാല്യകാലം മനസ്സിലൂടെ മിന്നിമറഞ്ഞു.ഒപ്പം ‘യത്തീം’ എന്ന സിനിമയിലെ ‘അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍.’ എന്ന ഗാനത്തിലെ ‘ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍‘ എന്ന് തുടങ്ങുന്ന വരികളും.

6 comments:

Areekkodan | അരീക്കോടന്‍ said...

അതില്‍ കയറി യാത്ര തുടരുമ്പോള്‍ വെള്ള കാര്‍ കാണാന്‍ കൊതിച്ച എന്റെ ബാല്യകാലം മനസ്സിലൂടെ മിന്നിമറഞ്ഞു.ഒപ്പം ‘യത്തീം’ എന്ന സിനിമയിലെ ‘അള്ളാവിന്‍ കാരുണ്യമില്ലെങ്കില്‍ ഭൂമിയില്‍….’ എന്ന ഗാനത്തിലെ ‘ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍‘ എന്ന് തുടങ്ങുന്ന വരികളും.

Cv Thankappan said...

ഇന്നത്തെ മന്നവന്‍ നാളത്തെ യാചകന്‍......
ആശംസകള്‍

ajith said...

കാറുകള്‍ വലുതാവുന്നു
മനുഷ്യന്‍ ചെറുതാവുന്നു

സുധി അറയ്ക്കൽ said...

കൊള്ളാം.നല്ല ഓർമ്മകൾ!!!!

വിനോദ് കുട്ടത്ത് said...

മാഷേ..... മധുര നൊമ്പര സുഖമുള്ള ഓര്‍മ്മകള്‍.....

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ, അതാണ സത്യം

അജിത്തേട്ടാ...കാറുകൾ പോട്ടെ...മനുഷ്യൻ എന്തിനാ ചെറുതാവുന്നത് എന്ന് മനസ്സിലാകുന്നില്ല.

സുധീ...നന്ദി

വിനോദ്ജീ...അതെ, മധുരസ്മരണകൾ..

Post a Comment

നന്ദി....വീണ്ടും വരിക