Pages

Friday, November 27, 2015

മാല്പെ ബീച്ച് (ഒരു മണിപ്പാല്‍ യാത്ര - 3)

 ആദ്യം ഇത് വായിക്കുക )
               മാല്പെ ബീച്ച് കാഴ്ചയില്‍ ഒരു ശംഖുമുഖം ബീച്ച് തന്നെയാണ് – ആ മത്സ്യ്കന്യക ഇല്ല എന്ന് മാത്രം.കടലിലൂടെ ഒരഞ്ച് മിനുട്ട് റൈഡ് ചെയ്യാന്‍ ഒരാള്‍ക്ക് മാത്രം കയറാവുന്ന സ്പീഡ് ബോട്ട് പോലെയുള്ള ഒരു വാഹനം തിരകളെ മുറിച്ച് കുതിച്ച് പാഞ്ഞുകൊണ്ടിരിക്കുന്നുണ്ട് – അല്‍പം ധൈര്യം ഉണ്ടെങ്കില്‍ 100 രൂപ വെള്ളത്തിലാക്കാന്‍ എളുപ്പ മാര്‍ഗ്ഗം !ഞാന്‍ കപ്പല്‌യാത്ര ആസ്വദിച്ചതിനാലും എന്റെ കൂടെയുള്ളവര്‍ എല്ലാവരും “ധൈര്യം കവിഞ്ഞൊഴുകുന്നവരായതിനാലും” ഈ വെള്ളത്തിലാശാനില്‍ ഞങ്ങള്‍ ആരും കയറിയില്ല.ഞാനും കുട്ടികളും തിരമാലകളുമായി സല്ലപിക്കാന്‍ കടലിലേക്കിറങ്ങി.





               മാല്പെ ബീച്ചില്‍ നിന്നും നോക്കിയാല്‍ ദൂരെ ഒരു കൊച്ചുദ്വീപ് കാണാം.സെന്റ് മേരീസ് ദ്വീപ് എന്നാണതിന്റെ പേര്.മാല്പെയില്‍ നിന്നും മണ്‍സൂണ്‍ കാലത്തൊഴികെ ദ്വീപിലേക്ക് ബോട്ട് സര്‍വീസുണ്ട് പോലും.1498ല്‍ വാസ്കൊഡഗാമ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.



               നേരം ഇരുട്ടിത്തുടങ്ങിയതോടെ ഞങ്ങള്‍ കരയിലേക്ക് കയറി.അപ്പോഴേക്കും ഗണേശചതുര്ഥിയോടനുബന്ധ്ധിച്ചുള്ള ഒരു ഘോഷയാത്ര ഗണേശവിഗ്രഹ നിമജ്ജനത്തിനായി അവിടെ എത്തി.ഘോഷയാത്രയുടെ ഭാഗമായി നടത്തിയ വെടിക്കെട്ട് പ്രകടനം കൂടി ആസ്വദിച്ച ശേഷം ബീച്ചിലെത്തിയ അതേ വാഹനത്തില്‍ ഞങ്ങള്‍ റൂമിലേക്ക് തന്നെ തിരിച്ചു.



               അടുത്ത ദിവസം അംജദ് പഠിക്കുന്ന കോളേജ് കാണാനായി ഞങ്ങള്‍ പുറപ്പെട്ടു.വിശാലമായ ആ സാമ്രാജ്യത്തില്‍ ഇണക്കുരുവികളായി പലകോണുകളിലും ചേക്കേറി ഒഴിവ്ദിനം ആസ്വദിക്കുന്നവരായിരുന്നു വളരെയധികം പേരും.കാമ്പസിനകത്ത് തന്നെയുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ മാത്രം എന്റെ കോളേജിന്റെ മെയിന്‍ ബ്ലോക്കിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു.ഹോസ്റ്റല്‍ ബ്ലോക്കുകളിലെ “X” ബ്ലോക്കിന് രണ്ട് നില മാത്രമേയുള്ളൂ .കാഴ്ചയിലും പഴഞ്ചനാണ്.പക്ഷേ 1400ലധികം മുറികളുള്ള ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഹോസ്റ്റല്‍ ആണ് അതെന്നത് ഞങ്ങളിലത്ഭുതമുളവാക്കി.


ഹോസ്റ്റലും കോളേജും കണ്ട് കഴിഞ്ഞ ഉടനെ അംജദിന്റെ ലോക്കല്‍ഗാര്‍ഡിയനായ സാദിക് ഭായിയുടെ ഫോണ്‍കാള്‍ വന്നു - രാവിലെ പറഞ്ഞുറപ്പിച്ച പ്രകാരം അദ്ദേഹവും സുഹൃത്തും കാറുമായി കാമ്പസില്‍ എത്തിയിട്ടുണ്ട്, ഉച്ചഭക്ഷണത്തിനായി ഞങ്ങളെ കൊണ്ടുപോകാന്‍ !
              ഉഡുപ്പിയിലും പരിസരങ്ങളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസും മറ്റുമായി കഴിയുന്ന സാദിക് ഭായ് ടൌണില്‍ നിന്നും അല്പം മാറി ഒരു ഫ്ലാറ്റിലായിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. വിഭവസ‌മൃദ്ധമായ ഒരു സല്‍ക്കാരമായിരുന്നു ഞങ്ങളുമായി മുന്‍ പരിചയം ഒന്നുമില്ലാത്ത ആ സുഹൃത്ത് ഞങ്ങള്‍ക്കായി ഒരുക്കി വച്ചിരുന്നത് – അദ്ദേഹവും കുടുംബവും അന്ന് നോമ്പിലായിരുന്നു ! മണിപ്പാലില്‍ എത്തിയതു മുതല്‍ അംജദിന്റെ ഈദാഘോഷങ്ങളെല്ലാം സാദിക് ഭായിയുടെ കുടുംബത്തോടൊപ്പമായിരുന്നു.ആ കുടുംബത്തോടൊപ്പം കുറേ നേരം ചെലവഴിച്ച ശേഷം ഞങ്ങള്‍ അതേ കാറുകളില്‍ അംജദിന്റെ റൂമില്‍ എത്തി. ബാചിലേഴ്സ് മാത്രം താമസിക്കുന്ന ആ റൂമിന്റെ “വൃത്തിയും വെടിപ്പും” കണ്ട് സ്ത്രീകള്‍ ആ വഴിയെ തിരിഞ്ഞു.

(എന്റ് പോയിന്റ് വിശേഷങ്ങൾ അടുത്ത അദ്ധ്യായത്തിൽ .....) 

            

4 comments:

Areekkodan | അരീക്കോടന്‍ said...

1498ല്‍ വാസ്കൊഡഗാമ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.

© Mubi said...

ആ ദ്വീപിലൊന്ന് പോയി നോക്കായിരുന്നില്ലേ മാഷേ?

Cv Thankappan said...

വെടിക്കെട്ടും കാണാനായി.....
ആശംസകള്‍ മാഷെ

Muralee Mukundan , ബിലാത്തിപട്ടണം said...

‘1498ല്‍ വാസ്കൊഡഗാമ കോഴിക്കോട്ട് എത്തുന്നതിന് മുമ്പ് ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.!
അതെ ഇതൊരു ചരിത്ര സത്യമാണ്..

Post a Comment

നന്ദി....വീണ്ടും വരിക