കാല്പന്ത് കളിയിലൂടെ ദേശാന്തരവാര്ത്തകളില്
നിറഞ്ഞ് നിന്ന അരീക്കോട്....
വെള്ളപ്പട്ടാളത്തെ നെഞ്ചുവിരിച്ച്
നേരിട്ട ഏറനാടന്‍ പെരുമ ഉറങ്ങുന്ന അരീക്കോട്....
ഇതിഹാസകാരന് ഒ.വി.വിജയന്
സ്കൂള്‍പഠനം ആരംഭിച്ച അരീക്കോട്....
മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ
മാപ്പിളകാവ്യങ്ങള്‍ പെയ്തിറങ്ങിയ അരീക്കോട്....
ചാലിയാറിന്റെ താരാട്ട്
കേട്ട് കേട്ടുറങ്ങിയിരുന്ന അരീക്കോട്....
ഇന്നലെ വരെ ഇതൊക്കെയായിരുന്നു
എന്റെ നാടിനെപ്പറ്റി ഞാന്‍ കേട്ടതും പറഞ്ഞതും.പക്ഷേ മലപ്പുറം റവന്യൂ ജില്ലാ കലോത്സവം
എന്റെ നാട്ടില്‍ കൊടിയിറങ്ങുമ്പോള്‍ എല്ലാവരും സൂചിപ്പിച്ചത് മറ്റൊന്നായിരുന്നു – ഈ
നാടിന്റെ ആതിഥേയത്വം.
അഞ്ച് ദിവസങ്ങളിലായി എണ്ണായിരത്തില്പരം
മത്സരാര്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും അനുഭവിച്ചറിഞ്ഞത് ഈ നാടിന്റെ അറിയപ്പെടാത്ത
ഒരു നന്മയായിരുന്നു. നാട്ടിലെ യുവാക്കള്‍ സന്നദ്ധ സേവകരായി സ്വയം മുന്നോട്ട് വന്നപ്പോള്‍
,സ്കൂളിന് ചുറ്റുമുള്ള വീട്ടുകാര്‍ കലാകാരന്മാര്ക്കും കലാകാരികള്‍ക്കും മേക്കപ്പിനും
മറ്റും സൌകര്യം ഒരുക്കി.കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാനഗരിയിലെ ശുചീകരണം ഏറ്റെടുത്തപ്പോള്‍
വിവിധ സ്കൂളുകളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അതിഥികള്‍ക്കാവശ്യമായ
സൌകര്യങ്ങള്‍ ഒരുക്കാനായി നെട്ടോട്ടമോടി.അങ്ങനെ എല്ലാവരും കൂട്ടമായി പ്രവര്‍ത്തിച്ചപ്പോള്‍
അത് നാടിന്റെ നന്മയായി അതിഥികള്‍ തിരിച്ചറിഞ്ഞു.
ഇതുവരെയുള്ള കലോത്സവത്തില്‍
നിന്നും ഞങ്ങളുടെ ഈ കലോത്സവത്തിന് മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ടായിരുന്നു.ഉത്ഘാടന
വേദിയിലെ അതിഥികളെ സ്വാഗതം ചെയ്തപ്പോള്‍ ബൊക്കക്ക് പകരം നല്‍കിയത് കെ.പി.കേശവമേനോന്
എഴുതിയ ജീവിതചിന്തകള്‍ എന്ന പുസ്തകമായിരുന്നു.കൂടാതെ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക്
മംഗള്യാനെപ്പറ്റിയുള്ള പുസ്തകവും.വായനാപ്രിയനായ എന്റെ സുഹൃത്ത് , അരീക്കോട്ടുകാരനായ
മലപ്പുറം ജില്ലാ വിദ്യാഭ്യ്യാസ ഓഫീസര്‍ പി.സഫറുല്ല മാസ്റ്ററുടെ തല ഈ പരിഷ്കാരത്തിന് പിന്നില്‍
ഉണ്ടാകും എന്ന് തീര്‍ച്ച.
ജില്ലാകലോത്സവം കൊടിയിറങ്ങിയപ്പോള്‍
അരീക്കോട്ടുകാരുടെ സ്വപ്നം ഇനി അതുക്കും മേലെയാണ്. മറ്റേതോ നാടുകളില്‍ അരങ്ങേറിയ സംസ്ഥാന
സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധി ഇനങ്ങളില്‍ വെന്നിക്കൊടി പാറിപ്പിച്ച വിദ്യാര്‍ഥീ ചരിത്രമുള്ള ഈ നാട്ടില്‍ വച്ച് ഒരു സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തണം.അരീക്കോട്ടുകാരുടെ നന്മ കേരളമാകെ
അറിയണം.ജില്ലാ പഞ്ചായത്ത് ഈ ആവശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചതിനാല്‍ ഇനി മലപ്പുറത്തിന്
ലഭിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ ഞങ്ങള്‍ക്കാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
6 comments:
ഇന്നലെ വരെ ഇതൊക്കെയായിരുന്നു എന്റെ നാടിനെപ്പറ്റി ഞാന്‍ കേട്ടതും പറഞ്ഞതും.പക്ഷേ.....
പ്രതീക്ഷകൾ സഫലമാകട്ടെ, അരീക്കോടിന്റെ നന്മ ഞങ്ങളും അറിയട്ടെ
പ്രതീക്ഷകള്‍ പോലെ എല്ലാം സംഭവിക്കട്ടെ..
"ജീവിതചിന്തകളും"മംഗള്‍യാനും" പുതുതലമുറയ്ക്ക് വഴികാട്ടികളാകട്ടെ!
അഭിനന്ദനീയം!!!
ആശംസകള്‍ മാഷെ
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്
ആതിഥേയത്വം വഹിക്കാനുള്ള പ്രതീക്ഷ സഫലമായി തീരട്ടെ
ആഗ്രഹം സഫലമാകട്ടെ
Post a Comment
നന്ദി....വീണ്ടും വരിക