Pages

Monday, April 11, 2016

ക്രാഷ് ലാന്റിംഗ്


      സുബ്‌ഹ് നമസ്കാരത്തിനായി രാവിലെ അഞ്ചരക്ക് ഞാന്‍ എണീറ്റു. എന്റെ കൂടെയുള്ള‍ പത്ത് മക്കളില്‍ ഒമ്പതും നല്ല ഉറക്കത്തിലാണ്. സഹ്‌വ മാത്രം അപ്പോഴും ഉണര്‍ന്നിരുന്ന് കര്‍മ്മനിരതയാണ്.

“സഹ്‌വ.....എന്തായി മാഗസിന്‍?”

“ഇനി ഫിനിഷിംഗ് ടച്ചുകള്‍ മാത്രം...”

“എഴുത്ത് മുഴുവന്‍ കഴിഞ്ഞോ?”

“ഇല്ല.... തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കഴിയും...”

“എട്ടരക്ക് തിരുവനന്തപുരത്ത് എത്തും...”

          വണ്ടി കൃത്യസമയത്ത് തന്നെ തിരുവനന്തപുരത്ത് എത്തി.മാഗസിനില്‍ ബോര്‍ഡര്‍ ഇടലും , തലക്കെട്ടെഴുത്തും , ഉള്ളടക്കം എഴുത്തും തുടങ്ങീ പലതും അപ്പോഴും ബാക്കിയായിരുന്നു. ഉറക്കമൊഴിഞ്ഞ് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ എഴുതിയ സ്ഥിതിക്ക് ബാക്കി പണികൂടി തീര്‍ത്ത് മത്സരത്തിന് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

“ഈ ട്രെയിന്‍ ഇവിടം വരെയല്ലെയുള്ളൂ‍...” ഞാന്‍ ചോദിച്ചു.

“അതേ.... തിരുവനന്തപുരം വരെ..” ആരോ ഉത്തരം പറഞ്ഞു.

“എങ്കില്‍ നമുക്കിതില്‍ തന്നെ ഇരുന്ന് പണി മുഴുവനാക്കാം സാര്‍....”ഏതോ ഒരു പെണ്‍ബുദ്ധി പ്രവര്‍ത്തിച്ചു.

“എങ്കിലും ഒരു കണ്ണ് പുറത്തേക്ക് വേണം...” ഞാന്‍ സമ്മതിച്ചു.

         ഞങ്ങള്‍ എല്ലാവരും വിവിധ പ്രവൃത്തികളില്‍ മുഴുകി. കമ്പാര്‍ട്ട്മെന്റുകള്‍ മുഴുവന്‍ കാലിയായി.പത്തോ പതിനഞ്ചോ മിനുട്ട് കഴിഞ്ഞ് രണ്ട് പേര്‍ വന്ന് ബോഗിയിലെ വൈദ്യുതി ഓഫാക്കി.

“സാര്‍....വണ്ടി നീങ്ങുന്നുണ്ടോ എന്നൊരു സംശയം....” പുറത്തേക്ക് നോക്കി ആരോ പറഞ്ഞു.

“അത്...ആ വണ്ടിയാ....” തൊട്ടപ്പുറം നിര്‍ത്തിയിട്ട വണ്ടി നീങ്ങുന്നത് കാണിച്ച് ഞാന്‍ പറഞ്ഞു.

“കൂ....” ഞങ്ങളുടെ വണ്ടി ഒന്ന് കൂകി, പിന്നാലെ അത് മെല്ലെ നീങ്ങാന്‍ തുടങ്ങി.

“സാര്‍....വണ്ടി നീങ്ങുന്നു!!” ആരോ വിളിച്ചു പറഞ്ഞു.

“ശരിയാ..വേഗം ഇറങ്ങ്....”

           ബാഗുകള്‍ എല്ലാം റെഡിയാക്കി വച്ചിരുന്നതിനാല്‍ ആണ്‍കുട്ടികള്‍ ചാടിയിറങ്ങി.സീറ്റില്‍ പരന്നു കിടന്ന വിവിധ സാധനങ്ങള്‍ എല്ലാം ധൃതിയില്‍ പെറുക്കി കൂട്ടിയപ്പോഴേക്കും വണ്ടിയുടെ വേഗം കൂടി. വാതിലിനടുത്തേക്ക് നീങ്ങി പെണ്‍കുട്ടികളും ഓരോരുത്തരായി പുറത്തേക്ക് ചാടി.ചാടണോ വേണ്ടേ എന്ന് സംശയിച്ചു വാതിലിനടുത്ത് നിന്ന സഹ്‌വയെ പുറത്ത് നിന്നും ആരോ വലിച്ചു.ഞാന്‍ ചാടാന്‍ നോക്കുമ്പോഴേക്കും വണ്ടി അത്യാവശ്യം വേഗത്തിലായി !!

        ഓടുന്ന വണ്ടിയില്‍ നിന്നും മുന്നോട്ട് ചാടണം എന്ന ജഡത്വനിയമം 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ചത് ഓര്‍മ്മിച്ചുകൊണ്ട് രണ്ടും കല്പിച്ച് ഞാന്‍ വണ്ടിയുടെ അതേ ദിശയില്‍ മുന്നോട്ട് ചാടി....ഒരു നിമിഷം...ഒന്നുലഞ്ഞ് നിവര്‍ന്ന് ഞാന്‍ സുരക്ഷിതനായി പ്ലാറ്റ്ഫോമില്‍ ലാന്റ് ചെയ്തു !

       സ്ഥാവരജംഗമ വസ്തുക്കളും കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ഉറക്കമിളച്ചതിന്റെ കടലാസ് കഷ്ണങ്ങളും തിരിച്ച് കിട്ടിയതിന്റെ സന്തോഷവും ,ഓടുന്ന വണ്ടിയില്‍ നിന്നും സുരക്ഷിതരായി ചാടി ഇറങ്ങിയതിന്റെ ത്രില്ലും ആയിരുന്നു പലരുടെയും മുഖത്ത് അപ്പോള്‍ ദര്‍ശിച്ചിരുന്നത്.അവസാന സ്റ്റോപ്പില്‍ നിര്‍ത്തിയ വണ്ടി ഇത്ര വേഗത്തില്‍ എങ്ങോട്ടാണ് ഓടുന്നത് എന്ന് മനസ്സിലാകാതെ ഓടിമറയുന്ന വണ്ടിയെ നോക്കി ഞാനും നിന്നു.

(തുടരും....)

5 comments:

Areekkodan | അരീക്കോടന്‍ said...

ഓടുന്ന വണ്ടിയില്‍ നിന്നും മുന്നോട്ട് ചാടണം എന്ന ജഡത്വനിയമം 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ചത് ഓര്‍മ്മിച്ചുകൊണ്ട് രണ്ടും കല്പിച്ച് ഞാന്‍ വണ്ടിയുടെ അതേ ദിശയില്‍ മുന്നോട്ട് ചാടി....ഒരു നിമിഷം...

ajith said...

അങ്ങനെയൊന്നും ചാടിയിറങ്ങരുത്ട്ടാ

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ....യുവത്വം തുളുംബിയതാ!!!

Cv Thankappan said...

തുടക്കം ചാടിക്കയറിയത് വാസിഹാണെങ്കില്‍ ഒടുക്കം ചാടിയിറങ്ങിയത് മാഷും...
ഏതായാലും ജഡത്വനിയമം പഠിച്ചത് നന്നായി...
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ജഡത്വ നിയമം അറിയാത്തവര്‍ പലരും ഈ ചാട്ടത്ത്തില്‍ ജഡമായി മാറുന്നു !

Post a Comment

നന്ദി....വീണ്ടും വരിക