Pages

Wednesday, May 11, 2016

പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ വീട്

                2016ലെ നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി. പതിവ് പോലെ രണ്ടാഴ്ച മുമ്പേ പലര്‍ക്കും ‘വാന്‍ടഡ്’ പത്രങ്ങളും കിട്ടി. ഭാര്യയുടെ പ്രസവം കാരണം രണ്ട് മാസത്തെ അവധി കുടുംബത്തോടൊപ്പം ചെലവിടുന്ന എനിക്ക് ഇത്തവണ ഡ്യൂട്ടി ഉണ്ടാകില്ല എന്ന് ഞാന്‍ തന്നെ തീരുമാനിച്ചു.പ്രവാസികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വോട്ടില്ലാത്ത കേരളത്തില്‍ ഇത്തവണ (കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്ന ഉദ്യോഗസ്ഥരായ) പ്രയാസികള്‍ക്കും അന്യജില്ലക്കാര്‍ക്കും ഡ്യൂട്ടിയില്ല എന്നും ശ്രുതിയുണ്ടായിരുന്നു.പിന്നെ വാറണ്ട് പേപ്പര്‍ വരും എന്ന് പറഞ്ഞ ആദ്യ ദിവസത്തില്‍ കോളേജില്‍ നിന്ന് ഒരു വിളിയും വരാതായതോടെ എന്റെ തീരുമാനം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി ലോകസഭാ-നിയമസഭാ-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പല തവണ പ്രിസൈഡിംഗ് ഓഫീസര്‍ ആയ പരിചയത്തില്‍ ഞാന്‍ മനസ്സില്‍ പ്രഖ്യാപിച്ചു.

      പക്ഷേ ആ സമാധാന സോപാനത്തില്‍ അധികനേരം ഇരിക്കാന്‍ ഇത്തവണയും ഇലക്ഷന്‍ കമ്മീഷന്‍ എന്നെ അനുവദിച്ചില്ല.ഇതുവരെ ഇലക്ഷന്‍ ഡ്യൂട്ടി കിട്ടാത്ത , സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുന്ന സഹപ്രവര്‍ത്തകന്റെ വിളി വന്നു –

“ഹലോ സാറെ... ഇലക്ഷന്‍ ഡ്യൂട്ടി പേപ്പര്‍ വന്നു...”

“ഓഹോ...ട്രാന്‍സ്ഫറിന് മുമ്പെ അതും കിട്ടിയോ?”

“ങാ....ഇത്തവണയും കിട്ടി....എനിക്കല്ല...സാറിന്...”

“ങേ!!” ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി സ്മരണകള്‍ മനസ്സില്‍ നിന്ന് മായുന്നതിന് മുമ്പെ അടുത്ത ഡ്യൂട്ടി എത്തിയപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.

“ഇത്തവണ സ്ത്രീകളാണ് കൂടുതല്‍...”

“ങേ!! തുല്യനീതി സംസ്ഥാന പ്രൊജക്ട് ഇന്‍ ചാര്‍ജ്ജായി സേവനമനുഷ്ടിച്ചതിന് ഞാനും അവസാനം സ്ത്രീഗണത്തില്‍ ?? ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ !!”

“പേപ്പര്‍ ദേ ഓഫീസില്‍ എത്തിയതേയുള്ളൂ...”

“ങാ...ശരി..ശരി...” 
വീണ്ടും പ്രിസൈഡിംഗ് ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ‘ഗമ’യില്‍ ഞാന്‍ കസേരയിലേക്ക് ഒന്നമര്‍ന്നിരുന്നു.

‘മിഴിയോരം നനഞ്ഞൊഴുകും....’ എന്നെപ്പോലെ അവധിക്കാലം ആഘോഷിച്ച് കൊണ്ടിരുന്ന ഫറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനായ അനിയന്റെ മൊബൈല്‍ ഫോണ്‍ എന്റെ മനോഗതം പോലെ അടുത്ത് നിന്ന് ചിലച്ചു.

“ഹലോ...ആ....”

“സാറ് നാട്ടിലോ അതോ കാട്ടിലോ?”

“അതെന്റെ ഇക്കാക്കയോട് ചോദിക്കേണ്ട ചോദ്യമാണല്ലോ?”

“എവിടെയാണെങ്കിലും പ്രശ്നമില്ല....”

“ഓ...നമ്മളെന്താ ആദാമിന്റെ മകന്‍ അബുവോ?”

“അല്ലല്ല പ്രിസൈഡിംഗ് ഓഫീസര്‍“

“ഓകെ....അപ്പോള്‍ വീണ്ടും ....”

‘സഹ്യസാനുശ്രുതി ചേര്‍ത്ത് വച്ച മണി വീണയാണെന്റെ കേരളം....’ ഇപ്പോള്‍ എന്റെ ഫോണ്‍ ചിലക്കാന്‍ തുടങ്ങി.

“ഹലോ...”

“ഹലോ...നിനക്ക് ഇലക്ഷന്‍ ഡ്യൂട്ടി പേപ്പര്‍ വന്നോ?” മറുതലക്കല്‍ നിന്ന്  ചെറിയ അനിയന്റെ ചോദ്യം.

“ങാ കിട്ടി...നിനക്കുണ്ടോ?”

“ങും...”

“എന്തായിട്ടാ പോസ്റ്റിംഗ്?”

“പ്രിസൈഡിംഗ് ഓഫീസര്‍“

ആഹാ...അപ്പോ ഇനി നമ്മുടെ വീട് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ വീട് !!! “

മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകമണ്ഠലത്തിലെ വോട്ടര്‍മാരായ അനിയന്മാരും ഞാനും, ഭൂമിശാസ്ത്രപരമായി ഏറനാടിനോട് ചേര്‍ന്ന് കിടക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും ചരിത്രപരമായി  ഏറനാടിനോട് ചേര്‍ന്ന് കിടക്കുന്ന വയനാട് ജില്ലയിലെ കല്പറ്റയിലും ജനാധിപത്യത്തിന്റെ മാമാങ്കത്തിന് കാവലാളുകളാകാന്‍ ഈ വരുന്ന മെയ് 15ന് പോളിംഗ് ബൂത്തിലേക്ക്...

9 comments:

Areekkodan | അരീക്കോടന്‍ said...

മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകമണ്ഠലത്തിലെ വോട്ടര്‍മാരായ അനിയന്മാരും ഞാനും, ഭൂമിശാസ്ത്രപരമായി ഏറനാടിനോട് ചേര്‍ന്ന് കിടക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും ചരിത്രപരമായി ഏറനാടിനോട് ചേര്‍ന്ന് കിടക്കുന്ന വയനാട് ജില്ലയിലെ കല്പറ്റയിലും ജനാധിപത്യത്തിന്റെ മാമാങ്കത്തിന് കാവലാളുകളാകാന്‍ ഈ വരുന്ന മെയ് 15ന് പോളിംഗ് ബൂത്തിലേക്ക്...

suhail said...

ഹൃദ്യമായ സ്വീകരണവും സുഭിക്ഷമായ ഭക്ഷണവും ലഭിക്കട്ടെ....

(കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടു ചെയ്യുന്ന ബൂത്തില്‍ വന്ന ഓഫീസര്മാരോട് രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത സൌഹൃദത്തിന്റെ ഓര്‍മ്മയില്‍)

Areekkodan | അരീക്കോടന്‍ said...

നന്ദി സുഹൈല്‍...എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും അങ്ങനെ ലഭിക്കട്ടെ....

അൻവർ തഴവാ said...

അച്ഛനുറങ്ങാത്ത വീട്..എന്നത് പോലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ വീട് !!!

Areekkodan | അരീക്കോടന്‍ said...

അന്‍‌വര്‍ജീ...ഇപ്പോള്‍ അച്ഛനും അമ്മയും കുഞ്ഞുങ്ങളും ഉറങ്ങാത്ത വീടുകളാണ് കേരളത്തില്‍ !!!

ajith said...

സത്യം പറയാല്ലോ, ഞാനിതുവരെ പ്രിസൈഡിംഗ് ഓഫിസർമാരെ കണ്ടിട്ടില്ല കേട്ടോ. (വോട്ട് ചെയ്തിട്ട് വേണ്ടേ!!!)

വിനുവേട്ടന്‍ said...

സന്തോഷായി സന്തോഷായി.... മാഷ്‌ക്ക് അങ്ങനെ തന്നെ വേണം... :)

Areekkodan | അരീക്കോടന്‍ said...

അജിത്തേട്ടാ...അപ്പോ എഴുപതാം വയസ്സില്‍ കന്നി വോട്ട് ചെയ്യാം !!അപ്പോള്‍ ഈ പറഞ്ഞ ആപ്പീസറെയും കാണാം.

വിനുവേട്ടാ...എക് ദിന്‍ ക സുല്‍ത്താന്‍ ആണ് അന്ന് ഞാന്‍!

Cv Thankappan said...

ക്ഷേമാശംസകള്‍ നേരുന്നു മാഷെ

Post a Comment

നന്ദി....വീണ്ടും വരിക