Pages

Thursday, June 09, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...1

             തിമർത്ത് പെയ്യുന്ന മഴയുടെ ആരവം അപ്പോഴും അടങ്ങിയിരുന്നില്ല. പെയ്തു തീരാത്ത ആ മഴ പോലെത്തന്നെ ഓർമ്മകളുടെ ഒരു പ്രവാഹം തന്നെ മനസ്സിലൂടെ കുത്തിയൊഴുകി. കാരണം ആ മഴയിൽ നിന്നും അൽപ നേരത്തേക്ക് രക്ഷപ്പെടാൻ ഞാൻ കയറി നിന്ന ഇടം - അത് ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും വീണ്ടും അനുഭവിക്കാൻ കൊതിക്കുന്ന  ഒരു ഇടമായിരുന്നു.
               മടക്കാൻ പറ്റാത്ത നീണ്ട കുടയും ചൂടി സ്കൂളിൽ പോയ ആ കുട്ടിക്കാലം പെട്ടെന്ന് എന്റെ മനസ്സില് നുരഞ്ഞ് പൊങ്ങി.ഒന്നാം ക്ലാസ്സിലെ അമാനു മാഷുടെ മലയാളം-കണക്ക് അദ്ധ്യാപനം, രണ്ടിലും മൂന്നിലും കണക്ക് പഠിപ്പിച്ചത് കേരളത്തിലെത്തന്നെ ആദ്യത്തെ മുസ്ലിം അദ്ധ്യാപികയായ ആയിശുമ്മ ടീച്ചർ (രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല), കോളർ  അല്പം പിന്നോട്ട് വലിച്ചിട്ട് കഴുത്തിന്ന് എപ്പോഴും കാറ്റ് കൊള്ളിക്കുന്ന ശാഫി മാസ്റർ, എല്ലാ ക്ലാസ്സിലും എന്റെ ക്ലാസ്ടീച്ചറായിരുന്നു എന്ന് എനിക്ക്  തോന്നിക്കുന്ന ഇസ്മായിൽ മാസ്റർ, അറബി പാഠങ്ങൾ നുള്ളി പഠിപ്പിച്ച ഫാത്തിമ ടീച്ചർ ...അങ്ങനെ എന്നെ ഞാനാക്കിയ നിരവധി അധ്യാപകര് വേഷം കെട്ടിയാടിയ അരീക്കോട് ജി.എം.യു.പി സ്കൂളിന്റെ ചായ്പ്പിലായിരുന്നു മഴയിൽ നിന്ന് രക്ഷ തേടിയുള്ള എന്റെ ആ നില്പ്.
                  ഓർമ്മകളുടെ വേലിയേറ്റം സൃഷ്ടിച്ച തിരകൾക്കൊപ്പം എന്റെ ദൃഷ്ടി ആ വരാന്തയിലേക്ക് പതിഞ്ഞു. സ്കൂളിൽ പുതുതായി വന്ന 'നീണ്ട' മാഷ്‌ ഉത്തരത്തിൽ തട്ടുന്ന വിധത്തിൽ കൽത്തൂണിൽ ചാരി നിന്നു.എതിര്ഭാഗത്ത് സ്റ്റാഫ് റൂമിന്റെ വാതിലിനടുത്ത് പുതുതായി വന്ന 'ഉരുണ്ട' ടീച്ചറും ഉണ്ട്.നസീറും ഷീലയും ബ്ലാക്ക് ആന്റ് വൈറ്റിൽ ആടിയ കഥയുടെ നേർക്കാഴ്ചകൾ അവിടെ പുന:സൃഷ്ടിക്കപ്പെട്ടു. ഞങ്ങൾ കുഞ്ഞുമക്കൾക്ക്  അതൊന്നും മനസ്സിലായില്ല.
                തോരാത്ത മഴയിൽ എന്റെ കണ്ണ് ആ രണ്ട് തൂണുകൾക്കിടയിൽ ഉടക്കി നിന്നു.വർഷങ്ങളായി ശിരസിൽ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അടിയുടെ ഫലമായി ഉള്ളോട്ട് കുഴിഞ്ഞുപോയ ഒരു ഇരുമ്പ് കഷ്ണം കാലത്തിന്റെ കയ്യൊപ്പ് പോലെ അവിടെ തൂങ്ങികിടക്കുന്നു. അതാ ഓഫീസിനകത്ത് നിന്നും കൈയ്യിൽ ഒരു ചെറിയ ഇരുമ്പ് ദണ്ഡുമായി മേല്പറഞ്ഞ  "അധ്യാപക ഗേറ്റുകൾ"ക്കിടയിലൂടെ , കുപ്പായത്തിനുള്ളിൽ ഒതുങ്ങാത്ത വയറും കൊണ്ട് പുതിയ പ്യൂൺ മന്ദം മന്ദം ആ തൂങ്ങുന്ന ഇരുമ്പ് കഷ്ണത്തിനടുത്തേക്ക് നീങ്ങുന്നു. ണിം...ണിം...ണിം.ണിം.ണിം....നീണ്ട ബെല്ലിനോടൊപ്പം മുറ്റത്ത് ഒരായിരം കുസുമങ്ങൾ വാരി വിതറപ്പെട്ടു
                മഴക്ക് ശക്തികൂടുകയാണ്.ചായ്പ്പിൽ നിന്നും താഴേക്ക് പതിക്കുന്ന മഴ വെള്ളത്തിലേക്ക് ഞാൻ വെറുതെ കൈ നീട്ടി. കൈവെള്ളയിൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പെയ്യുന്ന മഴയെ മുഴുവനും കൈക്കുമ്പിളിൽ ഒതുക്കാൻ ശ്രമിച്ച നിഷ്കളങ്ക ബാല്യം ഓർമ്മയിൽ മിന്നിമറഞ്ഞു .കൈവെള്ളയിൽ നിന്നും തണുപ്പ് ശരീരത്തിലേക്ക് അരിച്ച് കയറാൻ തുടങ്ങിയതോടെ ഞാൻ മെല്ലെ വരാന്തയിലേക്ക് കയറി.

(തുടരും...)

10 comments:

Areekkodan | അരീക്കോടന്‍ said...

സ്കൂള്‍ വീണ്ടും തുറക്കുമ്പോള്‍ ചില സ്കൂ‍ൂള്‍ ഓര്‍മ്മകള്‍...

keraladasanunni said...

ഈയിടെ ഞാന്‍ പഠിച്ച പ്രൈമറി സ്കൂളിന്‍റെ നൂറാം വാര്‍ഷികാഘോഷം ഉണ്ടായി. ആശംസാപ്രസംഗത്തിന്ന് ക്ഷ്ണിക്കപ്പെട്ട ഞാന്‍ സ്കൂളില്‍ ചെന്നു. പഴയ ക്ലാസ്സ്
മുറികള്‍ കണ്ടപ്പോള്‍ തോന്നിയ സന്തോഷം പറയാനാവില്ല. ഞാന്‍ പഠിച്ച ക്ലാസ്സ്മുറികളിലെല്ലാം കയറി പൊക്കം കുറഞ്ഞ ബെഞ്ചുകളില്‍ ഇരുന്നു.

Areekkodan | അരീക്കോടന്‍ said...

പാലക്കാട്ടേട്ടാ...ആ ബെഞ്ചിലിരുന്നപ്പോള്‍ മനസ്സില്‍ കൂടി കടന്നുപോയത് കൂടി ബൂലോകത്ത് പങ്ക് വയ്കൂ.

കുഞ്ഞൂസ് (Kunjuss) said...

ഒന്നാം ക്ലാസ്സിൽ പ്രഭ പരത്തിയെത്തിയ പ്രഭാവതി ടീച്ചർ , അതേ സ്കൂളിലെ അധ്യാപികയായി ഞാനെത്തിയപ്പോൾ വാത്സല്യത്തോടെ , അതിരറ്റ സന്തോഷത്തോടെ ചേർത്തു പിടിച്ചതും ഒക്കെ ഓർമ്മിപ്പിച്ചു ഈ ലേഖനം....

Areekkodan | അരീക്കോടന്‍ said...

കുഞ്ഞൂസ്...ഒന്നാം ക്ലാസ്സില് പഠിപ്പിച്ച ടീച്ചര്‍ സഹപ്രവര്‍ത്തകയായി വരുന്നത് അതിയായ സന്തോഷം തരുന്ന അനുഭവം തന്നെയാണ്.

© Mubi said...

ഒന്ന് പോണം എനിക്കെന്‍റെ സ്കൂളില്‍...

സുധി അറയ്ക്കൽ said...

എന്നന്നേയ്ക്കുമായി നഷ്ടമായ ആ നിഷ്കളങ്കബാല്യം വെറുതേ ഓർമ്മിപ്പിച്ചു.ദുഷ്ടൻ!!!

Areekkodan | അരീക്കോടന്‍ said...

മുബീ... പോയാൽ മാത്രം പോര,ഇവിടെ കുറിക്കുകയും വേണം.

സുധീ... പഴയ സ്കൂളിൽ ഒന്ന് പോയി നോക്കൂ, കുറച്ച് നേരത്തേക്കെങ്കിലും ആ ബാല്യം തിരിച്ചു കിട്ടും.

Cv Thankappan said...

ആദ്യമായി പഠിച്ച സ്കൂളില്‍ ഞാനിന്നും നിത്യസന്ദര്‍ശകനാണ്.മക്കള്‍ പഠിച്ചിരുന്നകാലത്ത് PTA പ്രസിഡണ്ടായി കുറെക്കാലം.ഇപ്പോള്‍ സ്കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയിലും.നൂറ്റിപ്പത്ത് വര്‍ഷത്തോളംമുമ്പ് LPയായി തുടങ്ങിയ സ്കൂള്‍ ഇപ്പോള്‍ അഭിമാനിക്കാവുന്ന വിജയശതമാനമുള്ള ഹയര്‍സെക്കന്‍ഡറിസ്കൂളാണ്...
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അഭിനന്ദനങ്ങള്‍.തുടരുക ഈ സേവനം.

Post a Comment

നന്ദി....വീണ്ടും വരിക