Pages

Wednesday, June 15, 2016

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...2

     വരാന്തയിലെ , അഴികളില്ലാത്ത ജനലുകളിൽ ഒന്ന് പാതി തുറന്ന്   കിടന്നിരുന്നു. മഴയോടൊപ്പം വന്ന കാറ്റ് കുറ്റിയും കൊളുത്തും പോയ ജനാലയുടെ മാനം കളഞ്ഞു. ഞാൻ ജനലിനടുത്തേക്ക് നീങ്ങി  ബാക്കി ഉണ്ടായിരുന്ന മാനവും കൂടി കളഞ്ഞ്  അത് മുഴുവനായും തുറന്നു .

                  ങേ! എന്റെ പ്രിയപ്പെട്ട നാലാം ക്ലാസ് എന്റെ മുന്നിൽ തുറന്ന് കിടക്കുന്നു. അതാ രണ്ടാമത്തെ ബെഞ്ചിൽ സാക്ഷാൽ ഞാൻ തന്നെ ഇരിക്കുന്നു!! തൊട്ടടുത്തായി ഫസലു റഹ്മാനും അസ്ലമും ജാബിറും . തൊട്ടു പിന്നിലെ ബെഞ്ചിൽ ശുഹൈബും നാണിയും ഫായിസും ശരീഫും ഞെരുങ്ങി ഇരുന്നിരുന്നു. ശുഹൈബ് ജാബിറിന്റെ തലക്ക് ശക്തമായി തോണ്ടി "ഞാനൊന്ന് മറിഞ്ഞില്ലേ  രാമനാരായണ "  എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നില്ക്കുന്നു.പിന്നിലേക്ക് ഒന്ന് നോക്കി  ജാബിര് മുന്നോട്ട് തിരിഞ്ഞിരിക്കുമ്പോഴേക്കും ശുഹൈബ് വീണ്ടും തോണ്ടി .

"സേർ...ഓൻ ന്നെ തോണ്ടി..." ശല്യം സഹിക്ക വയ്യാതായപ്പോൾ ജാബിര് പരാതി ബോധിപ്പിച്ചു.

"ആരാ....തോണ്ടിയത്?" ഇസ്മായിൽ മാഷുടെ കനത്ത ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങിയതോടെ ക്ലാസ് നിശബ്ദമായി.

"സേർ...ബേക്കിലെ ആരോ ആണ്..." ആളെ അറിയാത്തതിനാൽ ജാബിര് പറഞ്ഞു.

"തോണ്ടിയവൻ എണീറ്റ് നിന്നോളൂ..." ഇസ്മായിൽ മാഷ് പറഞ്ഞെങ്കിലും ആരും എണീറ്റില്ല.ശുഹൈബിനെ എല്ലാവര്ക്കും പേടിയായതിനാൽ ആരും പറഞ്ഞതുമില്ല.

     പെണ്‍കുട്ടികളുടെ ഭാഗത്ത് ഷീബയും സരസ്വതിയും ബിന്ദുവും ബേബി ഷാഹിനയും സുല്‍ഫത്തും എല്ലാം അടക്കം പിടിച്ച് എന്തൊക്കെയോ കുറുകുറുക്കുന്നുണ്ട്.ഷീബ കയ്യിനുള്ളിലൊളിപ്പിച്ച എന്തോ സാധനം മറ്റുള്ളവര്‍ക്ക് കാണിക്കുകയാണ്.എന്താണെന്നറിയാന്‍ ഞാന്‍ എത്തിനോക്കി.അത് ഒരു കഷ്ണം വെള്ളത്തണ്ടായിരുന്നു (മഷിത്തണ്ട് എന്നും പറയുമെന്ന് തോന്നുന്നു). ഷീബയെപ്പോലെത്തന്നെ തടിച്ചു കൊഴുത്ത ഒരു വെള്ളത്തണ്ട് കഷ്ണം.സ്ലേറ്റ് മായിക്കാന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ലളിതമായ രണ്ടാമത്തെ ഉപകരണമായിരുന്നു വെള്ളത്തണ്ടുകള്‍. വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാമത്തെ ഉപകരണം സ്വയം നക്കിയ കൈ ആയിരുന്നു!
                   ചിത്രം ഗൂഗിളില്‍ നിന്ന്

     സ്കൂള്‍ ഇന്റെര്‍വല്‍ സമയത്ത് വെള്ളത്തണ്ടും തേടി ഞങ്ങള്‍ കിണറ്റിന്‍കരയില്‍ പോയി നോക്കും. ഞങ്ങളെപ്പോലെത്തന്നെ നേരത്തെ വന്നവര്‍ എല്ലാം പറിച്ച് സ്ഥലം വൃത്തിയാക്കി വച്ചിട്ടുണ്ടാകും. വെള്ളത്തണ്ടുകള്‍ എന്തുകൊണ്ട് അവിടെമാത്രം കാണപ്പെടുന്നു എന്ന് അന്വേഷിക്കാന്‍ ഞങ്ങളില്‍ അന്ന് ഒരു ഐന്‍സ്റ്റീനും ജനിച്ചില്ല.അപ്പോഴാണ് ഷരീഫ് നാണിക്ക് ഒരു മാജിക് കാണിച്ചുകൊടുക്കുന്നത് ഞാന്‍ കണ്ടത്.

     ശരീഫിന്റെ കയ്യില്‍ ഒരു ചെറിയ കുപ്പിയുണ്ട്.റബ്ബര്‍ മൂടികൊണ്ട് മൂടുന്ന, ചെറുവിരലിന്റെ അത്രപോലും വലിപ്പമില്ലാത്ത അത്തരം കുപ്പികളിലായിരുന്നു അന്ന് പല മരുന്നുകളും വിപണിയില്‍ ലഭിച്ചിരുന്നത്.അതിനാല്‍ തന്നെ സ്ലേറ്റ് മായിക്കാന്‍ കുട്ടികള്‍ വെളളം കൊണ്ടുവന്നിരുന്നതും അത്തരം കുപ്പികളിലായിരുന്നു.ശരീഫിന്റെ കയ്യിലെ കുപ്പിയില്‍ നീല നിറത്തിലുള്ള വെള്ളമായിരുന്നു ഉണ്ടായിരുന്നത്.


(തുടരും....)

6 comments:

Areekkodan | അരീക്കോടന്‍ said...

സ്ലേറ്റ് മായിക്കാന്‍ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ലളിതമായ രണ്ടാമത്തെ ഉപകരണമായിരുന്നു വെള്ളത്തണ്ടുകള്‍. വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാമത്തെ ഉപകരണം സ്വയം നക്കിയ കൈ ആയിരുന്നു!

Cv Thankappan said...

പഴയകാല ഓര്‍മ്മകള്‍ നിലനില്‍ക്കാനുതകുന്ന ഒന്നുമില്ലാതായി എന്ന ദുഃഖവും ഒപ്പം മാറിമാറിവരുന്ന എംപി, എംഎല്‍എ എന്നിവരുടെ ഫണ്ടുമുഖേന നിര്‍മ്മിച്ച കെട്ടിടസമുച്ചയങ്ങളും ,ഹൈസ്കൂള്‍ ആക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രാദേശികക്കമ്മിറ്റിയുടെ ഉത്സാഹത്തോടെ നിര്‍മ്മിച്ച കെട്ടിടവും അതിനൊക്കെ ബലിയാടുകളായി മാറേണ്ടിവന്ന മുത്തശ്ശന്‍ മരങ്ങളും,ഓടുമേഞ്ഞ കെട്ടിടങ്ങളും സ്ഥലത്തിന്‍റെ മുഖച്ഛായതന്നെ മാറ്റിക്കളഞ്ഞു!
ഇപ്പോള്‍ അറുപത്തിയൊമ്പതുവയസ്സുള്ള എന്‍റെ ആ സ്കൂളില്‍ പഠിച്ച 60 കാലഘട്ടത്തിലെ ഓര്‍മ്മയാണ്.
ആശംസകള്‍ മാഷെ

Cv Thankappan said...

1952മുതല്‍1956വരെയാണ് ഞാന്‍ ആ സ്കൂളില്‍ പഠിച്ചിട്ടുള്ളത്.അന്നവിടെ അഞ്ചാംക്ളാസ്സുവരെയെ അവിടെയുണ്ടായിരുന്നുള്ളൂ.(ഇപ്പോള്‍ വില്ലടം ഗവ:ഹയര്‍സെക്കന്‍ഡറി സ്കൂള്‍)

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ശരിയാണ്,സ്കൂളുകള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകളായി മാറിക്കൊണ്ടിരിക്കുന്നു.പഴമ നശിക്കുന്നു.പഴയ ഓര്‍മ്മകള്‍ മനസ്സില്‍ എന്നെന്നും നിലനില്‍ക്കട്ടെ...

© Mubi said...

മാഷേ, നഷ്ടപ്പെട്ടത് ഓര്‍മ്മയിലെങ്കിലും തിരിച്ചു കിട്ടട്ടെ...

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ

Post a Comment

നന്ദി....വീണ്ടും വരിക