Pages

Monday, May 29, 2017

വേനലവധിക്കാലവും എന്റെ ബാല്യവും

             പത്ത്' പതിനഞ്ച് വർഷം മുമ്പ് വരെ കുട്ടികൾക്ക് കളിച്ച് തീർക്കാനുള്ള കാലമായിരുന്നു വേനലവധിക്കാലം. എന്നാൽ മത്സരങ്ങളുടെ ലോകത്ത് സ്വന്തം മക്കൾ എന്നും ഉയർന്ന് നിന്നാലെ സമൂഹത്തിൽ തങ്ങൾക്കും തല ഉയർത്തി നടക്കാനാവൂ എന്ന മാതാപിതാക്കളുടെ തെറ്റിദ്ധാരണ പല ബാല്യങ്ങൾക്കും വേനലവധി കനൽ കാലമായി മാറിയിരിക്കുകയാണ്. ക്ലാസിൽ ഒന്നാമതാകാൻ നേരത്തെ തന്നെ ട്യൂഷൻ ക്ലാസുകൾക്ക് ചേർത്ത് ഒരിക്കലും തിരിച്ച് കിട്ടാത്ത അവരുടെ ബാല്യത്തെ മാതാപിതാക്കൾ കവർന്നെടുക്കുന്നു. പകരം അതേ മക്കൾ ഈ മാതാപിതാക്കൾക്ക് വൃദ്ധസദനങ്ങളും നൽകുന്നു.
              അവധിക്കാലം നന്നായി ആഘോഷിച്ചിരുന്ന ഒരു ബാല്യമാണ് എന്റെ ഓർമ്മയിൽ നിറഞ്ഞ് നില്ക്കുന്നത്.ബാപ്പയുടെ നാട്ടിലേക്കുള്ള വിരുന്നു പോക്കും മൂന്ന് ദിവസം അവിടെ തങ്ങി ബന്ധുക്കളെ മുഴുവൻ സന്ദർശിച്ച് തിരിച്ച് വരുമ്പോഴുള്ള ദു:ഖവും അടുത്ത വർഷത്തെ അവധിക്കാലത്തിനായുള്ള കാത്തിരിപ്പും ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു. അതോടൊപ്പം പറമ്പിലൂടെ ഓടിക്കളിച്ചിരുന്നതും വീണ് മുട്ടിൻ കാലിൽ എന്നും മുറിവ് പറ്റിയിരുന്നതും കമ്മ്യൂണിസ്റ്റ് അപ്പ കയ്യിൽ തിരുമ്മി മുറിവിൽ വച്ചിരുന്നതും മനസ്സിൽ കൊത്തിവച്ച ഓർമ്മകളാണ്.
                 അരീക്കോടൻ ബാല്യത്തിന്റെ ഏറ്റവുo നിറമുള്ള ഓർമ്മകളായി അയവിറക്കാനുള്ളത് അന്നത്തെ  വൈകുന്നേരങ്ങളാണ്. ചാലിയാർ എന്ന മനോഹരി മന്ദം മന്ദം ഒഴുകുന്ന ഒരു കാലം ഉണ്ടായിരുന്നു.വേനൽക്കാലത്ത് മെലിഞ്ഞുണങ്ങി സ്ലിം ബ്യൂട്ടി ആകുമെങ്കിലും ആ മണൽ തിട്ടയിൽ വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന വാശിയേറിയ ഫുട്ബാൾ കളികൾ ഇന്നും മനസ്സിൽ കുളിര് കോരിയിടുന്നു. ആ മണൽ പരപ്പ് ഇല്ലാതായതിന് ശേഷം ഞാൻ ഫുട്ബാൾ കളിച്ചത് വളരെ കുറച്ച് ദിവസങ്ങളിൽ മാത്രമാണ്.  കളി ഇല്ലാത്ത ദിവസങ്ങളിൽ മണൽ പരപ്പിൽ ഇരുന്ന് ചാലിയാറിനെ തഴുകി വരുന്ന കുളിർകാറ്റ് ഏറ്റ് ഇരുന്നിരുന്ന കാലം.എല്ലാം മനസ്സിൽ ചിത്രങ്ങൾ മാത്രമായി മാറി.
                നിലമ്പൂരിൽ നിന്നും മരത്തടികൾ കല്ലായിലേക്കോ ഫെറോക്കിലേക്കോ മറ്റോ ചാലിയാറിലൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. ചങ്ങാടം പോലെ പരസ്പരം കെട്ടി രണ്ടോ മൂന്നോ പേർ തുഴഞ്ഞ് (കഴുക്കോൽ കൊണ്ട് കുത്തി) ആണ് അവ കൊണ്ടു പോയിരുന്നത്.വല്ലപ്പോഴും വരുന്ന ആ അത്ഭുത വസ്തുവിനെതെരപ്പം എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്. മറ്റെന്തെങ്കിലും പേര് അതിനുണ്ടോ എന്നെനിക്കറിയില്ല.അവക്കും, ഇടക്കിടെ കടന്നു പോകുന്ന തോണികൾക്കും വേനൽക്കാല യാത്ര സുഗമമാക്കാൻ പുഴയിൽ തോണിച്ചാലുകൾ ഉണ്ടാക്കാറുണ്ടായിരുന്നു. തോണിക്കാർ തന്നെ മണൽ മാന്തി മാറ്റി ആഴം കൂട്ടുന്നതാണ് തോണിച്ചാൽ. അവിടെ ആഴവും ഒഴുക്കും കൂടുതലായതിനാൽ വേനൽക്കാലത്ത് ശരിക്കും മുങ്ങിക്കുളിക്കാൻ പറ്റുമായിരുന്നു.
                ഇന്ന് പുഴ കെട്ടികിടക്കുന്ന വെള്ളത്താൽ സ‌മൃദ്ധമാണ്.മണലെടുത്ത കുഴികൾ ഉള്ളതിനാൽ ധൈര്യപൂർവ്വം വെള്ളത്തിൽ ഇറങ്ങാൻ പറ്റില്ല. മാത്രമല്ല മാലിന്യങ്ങൾ നിക്ഷേപിച്ച് വെള്ളം മലിനമാക്കുകയും ചെയ്തു. അതോടെ ഞാൻ പുഴയിൽ പോക്കും നിർത്തി.
                എന്റെ മക്കൾക്ക് നഷ്ടമായ എനിക്ക് രസകരമായ ആ ബാല്യം തിരിച്ച് പിടിക്കാൻ ആവുന്നതെല്ലാം ഞാൻ ചെയ്ത് കൊടുക്കാറുണ്ട്. ഈ വേനലവധിയിൽ എന്റെ വീടും പരിസരവും വിവിധ കളികളാലും ഹോബികളാലും പ്രവർത്തനങ്ങളാലും സമ്പന്നമായിരുന്നു. അവയിൽ ചിലത് അടുത്ത പോസ്റ്റുകളിൽ വായിക്കാം...

7 comments:

Areekkodan | അരീക്കോടന്‍ said...

ചങ്ങാടം പോലെ പരസ്പരം കെട്ടി രണ്ടോ മൂന്നോ പേർ തുഴഞ്ഞ് (കഴുക്കോൽ കൊണ്ട് കുത്തി) ആണ് അവ കൊണ്ടു പോയിരുന്നത്.വല്ലപ്പോഴും വരുന്ന ആ അത്ഭുത വസ്തുവിനെ ‘തെരപ്പം’ എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്.

Cv Thankappan said...

അപ്പോള്‍ വീടും പരിസരത്തിലുമായി ഒതുങ്ങിക്കൂടി?
ആശംസകള്‍ മാഷെ

© Mubi said...

മാഷേ വേഗം എഴുതണംട്ടോ, മക്കളുടെ അവധിക്കാലവിശേഷങ്ങള്‍ വായിക്കാന്‍ കൊതിയാവുന്നു...

വിനുവേട്ടന്‍ said...

ബാല്യകാല ഓർമ്മകൾ... എന്നും മധുരതരം തന്നെ...

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അരിപ്പാറ വെള്ളച്ചാട്ടം, മസിനഗുഡി-മായാര്‍,ആലപ്പുഴ എന്നീ മൂന്ന് യാത്രകള്‍...കോളേജിലെ ഡ്യൂട്ടി,മക്കളുടെ ക്യാമ്പ് എല്ലാം കൂടി വെക്കേഷന്‍ ടപേ എന്ന് തീര്‍ന്നു.

മുബീ...വേഗം എഴുതണം എന്നുണ്ട്, അപ്പോഴേക്കും അടുത്ത ഒരു യാത്രയോ സംഭവമോ ക്യാമ്പോ എത്തും.എന്നാലും ശനിയാഴ്ചക്കുള്ളീല്‍ അടുത്തത് പോസ്റ്റും,ഇന്‍ഷാ അല്ലാഹ്

വിനുവേട്ടാ...ഓര്‍മ്മിക്കുമ്പോള്‍ മധുരം ഉള്ളത് , അതാണ് ബാല്യം

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ മക്കൾക്ക് നഷ്ടമായ
എനിക്ക് രസകരമായ ആ ബാല്യം..!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ഒരു വട്ടം കൂടി കിട്ടിയിരുന്നെങ്കില്‍ അല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക