Pages

Sunday, August 27, 2017

മട്ടാഞ്ചേരി സിനഗോഗ് (Mattancherry Synagogue)

             ജൂതത്തെരുവിലൂടെ നടന്ന് നടന്ന് ഞങ്ങള്‍ ആ ഇടുങ്ങിയ പാ‍തയുടെ പ്രവേശന മുഖത്ത് എത്തി. ഈ പാത അവസാനിക്കുന്നത് ഒരു കെട്ടിടത്തില്‍ മുട്ടിയാണ്. അവിടെയാണ് ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ് അഥവാ ജൂതപ്പള്ളി സ്ഥിതി ചെയ്യുന്നത്. 
              പുരാതനമായ ഈ കെട്ടിടത്തിനകത്ത് അങ്ങനെയൊരു പള്ളി ഉള്ളതായി ഒറ്റ നോട്ടത്തില്‍ മനസ്സിലാകില്ല. നേരെ കാണുന്ന പൂട്ടിയിട്ട ആ വാതില്‍ കണ്ട് പലരും മടങ്ങുകയും ചെയ്യും. 
               ഇടതുഭാഗത്തെ ഒരു വാതിലിലൂടെ അകത്ത് പ്രവേശിച്ചാലാണ് സിനഗോഗിനുള്ളിലേക്ക് കയറാന്‍ സാധിക്കുക. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനിയാഴ്ചകളിലും ജൂത അവധിദിവസങ്ങളിലും (അത് എങ്ങനെ അറിയും എന്ന് ഒരു പിടിയും ഇല്ല) സിനഗോഗിനും അവധിയാണ്.അകത്ത് കയറാന്‍ ടിക്കറ്റ് എടുക്കണം. രാവിലെ 10 മുതല്‍ 12 വരെയും ഉച്ചക്ക് ശേഷം 3 മുതല്‍ 5  വരെയും മാത്രമേ പ്രവേശനമുള്ളൂ.ക്യാമറ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
              “Dress Modestly" എന്ന വലിയ ഒരു ബോര്‍ഡ് പുറത്ത് തൂങ്ങുന്നുണ്ട് (ആരോടാണ് എന്ന് അറിയില്ല). അകത്ത് കുറെ വിളക്കുകളും മറ്റും തൂങ്ങുന്നുണ്ട്. നിലത്ത് വിരിച്ച നീലയും വെള്ളയും കലര്‍ന്ന ടൈലുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ശ്രദ്ധ കവരും.പതിനെട്ടാം നൂറ്റാണ്ടില്‍ കൈ കൊണ്ട് ചിത്രപ്പണി ചെയ്തെടുത്ത ചൈനീസ് ടൈലുകള്‍ ആണ് പോലും അവ.അവ ഓരോന്നും വ്യത്യസ്തവുമാണ്! പള്ളിക്കകത്ത് കണ്ട ബെഞ്ചില്‍ അല്പ നേരം ഇരുന്ന ശേഷം ഞാനും കുടുംബവും പുറത്തിറങ്ങി.
               കൊച്ചിയില്‍ ഏഴോളം സിനഗോഗുകള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയതും (സ്ഥാപിതം 1567) ഇപ്പോഴും സജീവവുമായ സിനഗോഗ് മട്ടാഞ്ചേരിയിലേത് മാത്രമാണ്. വിദേശികളാല്‍ നിര്‍മ്മിതമായതിനാല്‍ ഇതിനെ പരദേശി സിനഗോഗ് എന്നും പറയുന്നു. 
               മട്ടാഞ്ചേരിയില്‍ തന്നെ ഒരു ജൈന ക്ഷേത്രവും കൂനന്‍ കുരിശ് ചര്‍ച്ചും കൂടി കാണാനുണ്ട്. പക്ഷെ സമയം ഇനി കൂടുതല്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. മട്ടാഞ്ചേരിയില്‍ നിന്നും എറണാകുളത്തേക്ക് തിരിക്കാനായി ഞങ്ങള്‍ ഫെറിയിലെത്തി. ബോട്ട് വരാന്‍ താമസം ഉള്ളതിനാല്‍ തൊട്ടടുത്ത കുട്ടികളുടെ പാര്‍ക്കില്‍ അല്പ സമയം കൂടി ചെലവഴിച്ചു.
           എറണാകുളത്തെത്തി നാട്ടിലേക്ക് ട്രെയിന്‍ കയറിയതോടെ മൂന്ന് ദിവസത്തെ കുടുംബ സമേതമുള്ള ഒരു നാടുചുറ്റല്‍ കൂടി അവസാനിച്ചു.

തുടക്കം മുതല്‍ വായിക്കാന്‍ താഴെ ഉള്ളവയില്‍ ക്ലിക്ക് ചെയ്യുക.



3 comments:

Areekkodan | അരീക്കോടന്‍ said...

കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും പഴയതും (സ്ഥാപിതം 1567) ഇപ്പോഴും സജീവവുമായ സിനഗോഗ് മട്ടാഞ്ചേരിയലേത് മാത്രമാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ത്യയിലെ ആദ്യത്തെ സിനഗോഗ് അഥവാ ജൂതപ്പള്ളി ..!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതെ

Post a Comment

നന്ദി....വീണ്ടും വരിക