Pages

Tuesday, December 26, 2017

ഒരു എള്ളുണ്ട പ്രണയം - 2

               യാത്രകള്‍ എപ്പോഴും പലതരം അനുഭവങ്ങളുടെ കലവറയാകാറുണ്ട് എന്ന് ഞാന്‍ മാത്രമല്ല പറഞ്ഞത് , യാത്രക്കാരായ എല്ലാവരും പറയാറുണ്ട്. ദീര്‍ഘദൂരം സീറ്റ് കിട്ടാതെ യാത്ര ചെയ്താല്‍ അത് അനുഭവങ്ങളുടെ കൊലവെറിയും ആകും. ഈ എള്ളുണ്ട പ്രണയം മൊട്ടിട്ടത് ഒരു യാത്രയിലാണ്.പൂവണിഞ്ഞത് ഒരു യാത്രയുടെ അവസാനത്തിലും. കാ പഴുത്തത് അടുത്ത യാത്രയുടെ അന്ന് രാവിലെയും.

              മാനന്തവാടിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. അത്യാവശ്യം നല്ലൊരു ഉറക്കത്തിന് ശേഷം,  യാത്രയില്‍ ഞാന്‍ പതിവായി കരുതാറുള്ള പുസ്തകം കയ്യിലെടുത്തു. അന്ന് എന്റെ കയ്യിലുണ്ടായിരുന്നത് മാല്‍ഗുഡി ഡെയ്സിന്റെ കര്‍ത്താവ് ശ്രീ.ആര്‍.കെ നാരായണ്‍ എഴുതിയ ‘സ്വാമിയും കൂട്ടുകാരും’ എന്ന പുസ്തകമായിരുന്നു. പുറംചട്ടയിലെ പയ്യന്റെ കോലവും പുസ്തകത്തിന്റെ രൂപവും ഏറെ സാദൃശ്യം പുലര്‍ത്തിയതിനോട് ഞാന്‍ ഉത്തരവാദിയല്ലായിരുന്നു എന്ന് മാത്രമല്ല തീര്‍ത്തും നിരപരാധിയും കൂടിയായിരുന്നു.

              ബസ് ചുണ്ടേല്‍ അതോ വൈത്തിരിയോ എത്തിയപ്പോള്‍ കുറെ സ്ത്രീകള്‍ കയറി. അതില്‍ ഒരാള്‍ എന്റെ സീറ്റിലും മറ്റൊരാള്‍ തൊട്ടുമുന്നിലെ സീറ്റിലും ഇരുന്നു. ബാക്കിയുള്ളവര്‍ എവിടെപ്പോയി എന്ന് ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല. ‘സ്വാമി‘യുടെ വീരശൂര പരാക്രമണങ്ങള്‍ എന്നെ പുസ്തകത്തില്‍ കെട്ടിയിട്ടതിനാല്‍ ഞാന്‍ എന്റെ സഹസീറ്റുകാരിയെ മൈന്റ് ചെയ്തതേ ഇല്ല. പക്ഷേ അല്പം കഴിഞ്ഞ് മുന്‍‌സീറ്റുകാരി എന്തോ ഒരു ‘ഈറ്റബിള്‍’ പിന്നിലേക്ക് നല്‍കി. ആ കശ്മലന്റെ സ്ത്രീലിംഗം തൊട്ടടുത്തിരിക്കുന്ന എന്നെ മൈന്റ് ചെയ്യാതെ അത് വായിലാക്കി!

               ബസ് അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോള്‍  മുന്‍‌സീറ്റുകാരി കൈ കൊട്ടി വിളിച്ച് പുറത്ത് നില്‍ക്കുന്ന കപ്പലണ്ടി വണ്ടിക്കാരനില്‍ നിന്നും രണ്ട് പാക്കറ്റ് കടല വാങ്ങി, അതില്‍ ഒന്ന് ദേ വരുന്നു പിന്‍‌സീറ്റിലേക്ക് വീണ്ടും എന്നെ കൊതിപ്പിക്കാന്‍ !! ചൂട് കടലയുടെ ഗന്ധം എന്റെ നാസാരന്ദ്രങ്ങളില്‍ തുളച്ച് കയറി ആമാശയവും കടന്ന് വന്‍‌കുടലും കടന്ന് കടന്ന്....ദേ പുറത്തേക്ക്!! 

              രണ്ടു പേരും ടീച്ചര്‍മാരാണെന്ന് അവരുടെ ശമ്പള സംഭാഷണത്തില്‍ നിന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷെ ‘നീ ഉണ്ടില്ലെങ്കിലും നിന്റെ അയല്‍ക്കാരനെ ഉണ്ടിക്കുക’ എന്ന അടിസ്ഥാന പാഠം പോലും അറിയാത്ത ടീച്ചര്‍മാര്‍!! ഞാന്‍ വീണ്ടും ‘സ്വാമി‘യില്‍ ശരണമടഞ്ഞു.

               ബസ്സ് മുന്നോട്ട് പോകവെ മുന്‍സീറ്റും പിന്‍‌സീറ്റും തമ്മിലുള്ള റേഞ്ച് അകന്ന് അകന്ന് കട്ടായി. അപ്പോഴാണ് ‘ടീച്ചര്‍’ സ്വന്തം സീറ്റിലിരിക്കുന്ന ‘വായനക്കാരനെ’  ശ്രദ്ധിച്ചത്. പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ടാകും അവര്‍ പറഞ്ഞു...

“മിഠായിത്തെരുവില്‍ ഞായറാഴ്ച പോയാല്‍ ഇത്തരം നിരവധി പുസ്തകങ്ങള്‍ കിട്ടും...”

‘ഓഹ്...എല്ലാം തിന്ന് കഴിഞ്ഞപ്പോള്‍ ലോഹ്യം കൂടാന്‍ വന്നിരിക്കുന്നു...’ ഞാന്‍ മന്ത്രിച്ചു.

“സ്റ്റേഡിയത്തിന്റെ അടുത്ത് ഞായറാഴ്ച മാത്രമല്ല,  എല്ലാ ദിവസവും കിട്ടും ടീച്ചറേ...” ഞാനും വിട്ടില്ല.

“ആഹാ...അങ്ങനെയോ? സാര്‍ എവിടെയാ വര്‍ക്ക് ചെയ്യുന്നത്?”

“മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍...”

              പിന്നെ അവര്‍ പല കാര്യങ്ങളും ചോദിച്ചു. അവരുടെ മകള്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതും ജോലി തേടുന്നതും എല്ലാം ആ സംഭാഷണത്തിലൂടെ കടന്നുപോയി. ഇടക്ക് എപ്പോഴോ ഞങ്ങളും ‘ഔട്ട് ഓഫ് റേഞ്ച്’ ആയി സംഭാഷണം കട്ടായി. മുന്നിലെ ഒരു സീറ്റ് ഒഴിഞ്ഞതോടെ ടീച്ചര്‍ അങ്ങോട്ട് മാറി ഇരുന്നു.എന്റെ അടുത്ത് പുതിയ യാത്രക്കാരന്‍ ഇരുപ്പുറപ്പിച്ചു.

            ബസ് മുക്കത്ത് എത്തിയപ്പോള്‍ ടീച്ചര്‍ സ്വന്തം ബാഗ് തുറന്ന് ഒരു പൊതി എടുത്തു - ഒരു പാക്കറ്റ് എള്ളുണ്ട!

              സ്വാഭാവികമായും അത് മറ്റേ ടീച്ചര്‍ക്ക് നേരെ നീളുമെന്ന് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ നേരെ പാക്കറ്റ് നീട്ടി ടീച്ചര്‍ പറഞ്ഞു 

“സാറേ...എടുത്തോളൂ!!” ഞാന്‍ ഒന്നെടുത്തു.

“ഒന്ന് അദ്ദേഹത്തിനും കൊടുക്കൂ...” എന്റെ തൊട്ടപ്പുറത്തെ ആളെ ചൂണ്ടി ടീച്ചര്‍ പറഞ്ഞു. 

‘വെറുതെയല്ല, മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ട് സൌരഭ്യം എന്ന് കവി പാടിയത്’ എന്റെ മനസ്സ് പറഞ്ഞു. അങ്ങനെ എന്റെ സഹയാത്രികനായ കാരണത്താല്‍ അദ്ദേഹത്തിനും കിട്ടി ഒരു എള്ളുണ്ട!

              ആ എള്ളുണ്ടക്ക് പതിവിലും കവിഞ്ഞ രുചി തോന്നി. ബസ്സ് അരീക്കോട് എത്തിയപ്പോള്‍ ടീച്ചര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാന്‍ ഇറങ്ങി. മുന്നില്‍ കണ്ട ബേക്കറിയില്‍ കയറി ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി - എനിക്ക് കിട്ടിയ സ്നേഹസമ്മാനത്തിന്റെ രുചി എന്റെ കുടുംബവുമായി പങ്കുവയ്ക്കാന്‍.

വീണ്ടും എള്ളുണ്ട രുചി അറിയാന്‍ ഇതുവരെ പിന്നെ ടീച്ചറെ ഞാന്‍ കണ്ടിട്ടില്ല.

8 comments:

Areekkodan | അരീക്കോടന്‍ said...

ചൂട് കടലയുടെ ഗന്ധം എന്റെ നാസാരന്ദ്രങ്ങളില്‍ തുളച്ച് കയറി ആമാശയവും കടന്ന് വന്‍‌കുടലും കടന്ന് കടന്ന്....ദേ പുറത്തേക്ക്!!

സുധി അറയ്ക്കൽ said...

സർ ബസിലിരുന്ന് ഏറുകണ്ണിട്ട്‌ നോക്കുന്നത്‌ ആ സ്ത്രീ കണ്ടുകാണും.അതാ തന്നത്‌.

എന്നാലും ഇങ്ങനേം ഉണ്ടോ ഒരു കൊതി.

© Mubi said...

കൊതിയനായ പുസ്തക വായനക്കാരന്‍... ആ സ്ത്രീ മനസ്സില്‍ പറഞ്ഞത് ഞാനിവിടെ എഴുതിയതാണ് :)

Areekkodan | അരീക്കോടന്‍ said...

സുധീ...കൊതി മൂത്താലുള്ള ഗതി

മുബീ...ഇപ്പോ ആരുടെ വായിലാ വെള്ളമൂറുന്നത് (കൊതിച്ചിയായ വായനക്കാരി - ആരോ പറയുന്നത് ഞാനിവിടെ എഴുതിയതാണ്) !!

mayflowers said...

കുറേക്കാലത്തിന് ശേഷം ബ്ലോഗ് സന്ദർശിച്ചപ്പോൾ എള്ളുണ്ടയുടെ രുചിയുള്ള പോസ്റ്റ് വായിക്കാനായി...!

Areekkodan | അരീക്കോടന്‍ said...

Mayflowers...ബ്ലോഗെഴുത്തിനൊപ്പം ബ്ലോഗ് വായനയും നിര്‍ത്തിയിരുന്നോ? തിരിച്ചുവരവില്‍ എള്ളുണ്ട ആസ്വദിച്ചതില്‍ സന്തോഷം.

മഹേഷ് മേനോൻ said...

എള്ളുണ്ടയുടെ രാഷ്ട്രീയത്തെപ്പറ്റി ഒരു ചർച്ച ആകാമല്ലോ ;-)

Areekkodan | അരീക്കോടന്‍ said...

മഹേഷ്‌ജി...എള്ളുണ്ടക്കും ഉണ്ടോ പരിപ്പുവട പോലെ രാഷ്ട്രീയ ബന്ധം?

Post a Comment

നന്ദി....വീണ്ടും വരിക