Pages

Sunday, December 03, 2017

ഡി.എഫ്.ഒ ബംഗ്ലാവ്

                 എന്റെ മലപ്പുറം സ്ലാങും പ്രസാദ് സാറിന്റെ കോട്ടയം സ്ലാങും ഫോണില്‍ കൂടിയാകുമ്പോള്‍ പറയുന്നതും കേള്‍ക്കുന്നതും തമ്മില്‍ അന്തരമുണ്ടോ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്തതിനാലാണ് ഡി.എഫ്.ഒ യെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി നേരിട്ട് കാണാമെന്ന തീരുമാനത്തിലേക്കെത്തിച്ചത്. അങ്ങനെ നവമ്പര്‍ 23ന് വൈകിട്ട് നാലരക്ക് ഞങ്ങള്‍ കോളെജില്‍ നിന്ന് പുറപ്പെട്ടു.ഏത് ഓഫീസും അഞ്ച് മണിക്ക് പൂട്ടും എന്ന സാമാന്യ ബോധം അപ്പോള്‍ ഉണ്ടായിരുന്നില്ല.

            ഡി.എഫ്.ഒ ഓഫീസില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണി കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു.  ഓഫീസില്‍ ഡി.എഫ്.ഒ യും അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രം.

“ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലും പോലീസ് വണ്ടിയിലും കയറാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല”  അസ്‌ലം എന്നോട് പറഞ്ഞു.

              സമ്മതം ചോദിച്ച്  ഞങ്ങള്‍ അകത്ത് കയറി.കൊതുകിനെ അകറ്റാന്‍ ഉപയോഗിക്കുന്ന ബാറ്റും കയ്യിലേന്തി ഫയലുകള്‍ നോക്കുന്ന തിരക്കിലായിരുന്നു ഡി.എഫ്.ഒ.

“ഗുഡ് ഈവനിംഗ് സാര്‍...” ഞാന്‍ അഭിവാദ്യം ചെയ്തു.

“ആ...ഗുഡ് ഈവനിംഗ്....വരൂ,ഇരിക്കൂ സാര്‍...” പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ഡി.എഫ്.ഒ പറഞ്ഞു.

           ഫയലുകള്‍ മടക്കിവച്ച് അദ്ദേഹം ഞങ്ങളുടെ നേരെത്തിരിഞ്ഞു - “ഇവിടെ കൊതുക് ഇച്ചിരി കൂടുതലാ...കടിക്കുന്നുണ്ടല്ലോ അല്ലേ?”

“അതെ സര്‍....ബാറ്റ് ഉള്ളതുകൊണ്ട് സാറിന് ഒരു റിലാക്സേഷന്‍ ഉണ്ടാകും... ചൊറിഞ്ഞ് ചൊറിഞ്ഞ് ഞങ്ങള്‍ക്ക് മടുത്തു...പിന്നെ ട്രക്കിംഗിന് വേണ്ടി ആയതിനാല്‍ ഒരു സമാധാനമുണ്ട്...ഇത് മുടങ്ങിപ്പോകുകയൊന്നും ഇല്ലല്ലോ അല്ലേ?”

“ഏയ്....എല്ലാം ഞാന്‍ പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ട്...”

“സര്‍...ട്രക്കിംഗിന് ഞങ്ങള്‍ രാവിലെ നേരത്തെ എത്തേണ്ടതുണ്ടോ?”

“വേണ്ട...ഒമ്പത് മണി ആകുമ്പോഴേക്കും എത്തിയാല്‍ മതി“.
(ആറ് മണിക്കുള്ള ആദ്യബാച്ചില്‍ പോകുന്നതാണ് വല്ല മൃഗങ്ങളെയും കാണണമെങ്കില്‍ നല്ലത് എന്ന് അനുഭവം)

                 പിന്നെ ഞങ്ങള്‍ അതിന്റെ  പ്രവേശന ഫീസ്,ഗൈഡ് ഫീസ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളും മുന്‍‌കരുതലുകളും പാലിക്കേണ്ട നിയമങ്ങളും എല്ലാം സംസാരിച്ചു. ഇതിനിടയില്‍ തന്നെ സോഷ്യല്‍ ഫോറെസ്ട്രി ഡി.എഫ്.ഒ യെ വിളിച്ച് തൈ ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയും ഒരു പ്രകൃതി പഠനക്യാമ്പിനുള്ള  സാധ്യത ആരായുകയും ചെയ്തു.

“സാര്‍, താമസം എവിടെയാ?”  ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി ഞാന്‍ ചോദി ച്ചു.

“ഇതിനു പിന്നില്‍ ക്വാര്‍ടേഴ്സുണ്ട്....കാണണോ ?”

“ഏയ് വേണ്ട...” ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.

“വാ... പോകാം....ഒരു കട്ടന്‍ ഉണ്ടാക്കി കുടിക്കാം...” ഫയലുകള്‍ അടുക്കി ഡി.എഫ്.ഒ സാര്‍ എണീറ്റപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് വേറെ വഴിയില്ലാതായി. കാറിനടുത്തേക്ക് നീങ്ങി അദ്ദേഹം പറഞ്ഞു - “വരൂ...കയറൂ...”

“ങേ!!” ഇത്തവണ ഞെട്ടിയത് അസ്‌ലം ആയിരുന്നു. അവിടെ കാല് കുത്തുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞ ആ വാക്കുകള്‍ - “ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലും പോലീസ് വണ്ടിയിലും കയറാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല” എന്റെ മനസ്സിലൂടെ പെട്ടെന്ന് ഓടിമറഞ്ഞു.

                മുന്നില്‍ ഡി.എഫ്.ഒ യും പിന്നില്‍ ഞങ്ങളുമായി ഇന്നോവ കാര്‍ നീങ്ങാന്‍ തുടങ്ങി. മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഓഫീസ് പരിസരം ഒരു ചെറുകാട് തന്നെയായിരുന്നു.സായിപ്പിന്റെ കാലത്തുള്ള ഒരു കൂറ്റന്‍ ബംഗ്ലാവിന് മുന്നില്‍ വണ്ടി നിന്നു. തലേ ദിവസം വിരുന്നു വന്ന ഡി.എഫ്.ഒ യുടെ മകനും കസിനും കൂടി ഞങ്ങളെ സ്വീകരിച്ചു. അതി വിശാലമായ ഒരു ഹാളില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി.

               അല്പ സമയത്തെ സംസാരത്തിന് ശേഷം സാര്‍ ഞങ്ങളെ ഓരോ റൂമിലേക്കും നയിച്ചു. മൈതാനം പോലെ വിസ്തൃതമായ മൂന്ന് ബെഡ്‌റൂമുകള്‍, ഒരു സാധാരണ വീടിന്റെ ബെഡ്‌റൂമിന്റെ അത്രയും വലിപ്പമുള്ള ബാത്ത്‌റൂം, അടുക്കള അങ്ങനെ...എല്ലാ റൂമുകളിലും തണുപ്പകറ്റാന്‍ തീ കൂട്ടുന്ന ഫയര്‍ പോയിന്റുകള്‍....എല്ലാം നടന്നു കാണുമ്പോഴേക്കും മക്കള്‍ ഉണ്ടാക്കിയ കാപ്പിയും കൊണ്ട് സാര്‍ വീണ്ടും ഞങ്ങള്‍ക്ക് മുന്നിലെത്തി.

                അകത്ത് നിന്നും പുറത്ത് നിന്നും സാറിന്റെ കൂടെ കുറച്ച് ഫോട്ടോകളും കൂടി എടുത്ത ശേഷം ഞങ്ങള്‍ ആ ബംഗ്ലാവില്‍ നിന്നും പുറത്തിറങ്ങി.


തിരിച്ച് റൂമിലെത്തിയപ്പോഴാണ് ചോദിച്ചു വാങ്ങിയ ട്രെക്കിംഗിലെ അപകട സാധ്യതകള്‍ തെളിഞ്ഞുവരാന്‍ തുടങ്ങിയത്.

ആശങ്കകള്‍ നിറഞ്ഞ ആ ട്രക്കിംഗ് അടുത്ത പോസ്റ്റില്‍....

3 comments:

Areekkodan | അരീക്കോടന്‍ said...

“അതെ സര്‍....ബാറ്റ് ഉള്ളതുകൊണ്ട് സാറിന് ഒരു റിലാക്സേഷന്‍ ഉണ്ടാകും... ചൊറിഞ്ഞ് ചൊറിഞ്ഞ് ഞങ്ങള്‍ക്ക് മടുത്തു...പിന്നെ ട്രക്കിംഗിന് വേണ്ടി ആയതിനാല്‍ ഒരു സമാധാനമുണ്ട്...ഇത് മുടങ്ങിപ്പോകുകയൊന്നും ഇല്ലല്ലോ അല്ലേ?”

© Mubi said...

ഡി.എഫ്.ഓ ന്‍റെ ചെറിയ വീട് കണ്ടു. ഇനി ട്രക്കിംഗ്!

Areekkodan | അരീക്കോടന്‍ said...

മുബീ...അതെ,ഇനി ട്രക്കിംഗ് വിശേഷങ്ങള്‍

Post a Comment

നന്ദി....വീണ്ടും വരിക