Pages

Friday, October 12, 2018

ആ പെൺകുട്ടി ഇപ്പോൾ എവിടെ ?

ശ്രീ.അക്ബർ കക്കട്ടിലിന്റെ കുറിപ്പുകളാണ് ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന കൊച്ചു പുസ്തകം.‘വീടും നാടും കാദർകുട്ടിയും’ , ‘പരിഹാരങ്ങൾക്കപ്പുറം’ , ‘യാത്ര മുതൽ യാത്ര വരെ’ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലൂടെയാണ് അല്പം നർമ്മം കൂടി കലർത്തി ജീവിത സത്യങ്ങളിലേക്കും ചതിക്കുഴികളിലേക്കും വെളിച്ചം വിതറുന്നത്.

അക്ബർ മാഷിന്റെ തന്നെ ‘കാദർകുട്ടി ഉത്തരവ്’  എന്നൊരു പുസ്തകം വായനയുടെ വസന്തകാലത്ത് എന്റെ കൈകളിലൂടെ കടന്നുപോയതായി ആദ്യഭാഗത്തെ കാദർകുട്ടിയെ കണ്ടപ്പോഴേ ഓർമ്മയിൽ വന്നു. ഈ ബ്ലോഗിലെ എന്റെ സ്വന്തം കഥാപാത്രമായ ‘പോക്കരാക്ക’ എന്റെ നാട്ടിലെ കാദർകുട്ടിയാണൊ എന്ന് ഒരു സാമ്യതയും തോന്നി. ഈ പുസ്തകത്തിലെ ഏറ്റവും നീളമേറിയ ഭാഗവും ചിന്തിപ്പിക്കുന്ന ഭാഗവും കാദർകുട്ടിയുടെ ഇടപെടലുകളിലൂടെ ഇരുത്തി വായിപ്പിക്കുന്ന ഭാഗവും ഈ ഒന്നാം ഭാഗം തന്നെ. ഷൊർണ്ണൂർ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ട്രെയിൻ യാത്രയിൽ ഈ പുസ്തകം ഞാൻ മുഴുവനാക്കാൻ ഉണ്ടായ കാരണവും ആദ്യ ഭാഗത്തിലെ കാദർകുട്ടി എഫക്ടാണ്. കാദർകുട്ടി സിങ്കപ്പൂരിലേക്ക് പോകുന്നതോടെ ആ ഭാഗവും അവസാനിക്കുന്നു.

രണ്ടാം ഭാഗത്തിലെ ‘സാരിയുടുത്ത ആണുങ്ങൾ’ മിക്ക ഭർത്താക്കന്മാരും അനുഭവിക്കുന്നതാണ്. രണ്ട് പെരുന്നാളിനോടും അനുബന്ധിച്ചാണ് എന്റെ ഭാര്യയും മക്കളും ഷോപ്പിംഗിന് പോകാറുള്ളത്.ആവശ്യമായ “പൈസാചിക“ പിന്തുണ നൽകും എന്നല്ലാതെ പലപ്പോഴും ഞാൻ അവരുടെ കൂടെ പോകാറില്ല. അക്ബർ മാഷിന്റെ അനുഭവവും ആ തീരുമാനത്തെ അടിവരയിടുന്നു.

സ്വന്തം കഷണ്ടിയും ‘ഇല്ലാത്ത’ കോങ്കണ്ണും അക്ബർ മാഷ് വായനക്കാരെ ‘ഇടക്കിടക്ക്’ ഓർമ്മിപ്പിക്കാറുണ്ട്.അതിൽ പെട്ട ഒന്നാണ് ‘ഊരാക്കുടുക്ക്’ എന്ന കുറിപ്പ്. ലീലയോട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന തങ്കം മാഷെ അറിയുന്നവർക്കേ മനസ്സിലാകൂ.

ഈ പുസ്തകം സമർപ്പിക്കപ്പെട്ട ‘പ്രതിവിധികൾക്കപ്പുറം നവീന’യിലെ നവീന എന്ന പെൺ‌കുട്ടി വായനക്കിടയിലെ നോവായി നിൽക്കുന്നു. ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന ചോദ്യത്തിന്  മറുപടി കിട്ടാത്തതും ഒരു നൊമ്പരം തന്നെ.
യാത്ര മുതൽ യാത്ര വരെ എന്ന ഭാഗത്തിലെ ‘കുട്ടിക്കാലത്തെ നോമ്പ്’  എന്നെയും ആ നല്ല കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. അന്തരിച്ച എന്റെ പ്രിയ പിതാവിന്റെ നാടായ പേരാമ്പ്രക്കടുത്തെ നൊച്ചാട് പോകുമ്പോൾ നംസ്കരിക്കാൻ നിൽക്കുന്ന ‘മന്തിരി’ എന്ന പുൽ‌പായ പെട്ടെന്ന് ഓർമ്മയിൽ തികട്ടി വന്നതും ഈ കുറിപ്പിലൂടെയാണ്.

ലഘു ഉപന്യാസങ്ങൾ എന്നാണ് ഈ പുസ്തകത്തിന്റെ സബ് ടൈറ്റിൽ. ഇത് ഒരിക്കലും ഉപന്യാസങ്ങൾ ആയി എനിക്ക് തോന്നിയില്ല. ലഘു കുറിപ്പുകൾ ആയി അനുഭവപ്പെടുന്നുണ്ട്. അക്ബര്‍ മാഷും ഞാനും ഇതാ ഇവിടെയും ഉണ്ട്.


പുസ്തകം  : ആ പെൺകുട്ടി ഇപ്പോൾ എവിടെ ?
രചയിതാവ് : അക്ബര്‍ കക്കട്ടില്‍
പ്രസാധകർ : ലിപി പബ്ലിക്കേഷന്‍സ്
വില  : 110 രൂപ

പേജ്  : 120
              

1 comments:

Areekkodan | അരീക്കോടന്‍ said...

ഷൊർണ്ണൂർ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ട്രെയിൻ യാത്രയിൽ ഈ പുസ്തകം ഞാൻ മുഴുവനാക്കാൻ ഉണ്ടായ കാരണവും ആദ്യ ഭാഗത്തിലെ കാദർകുട്ടി എഫക്ടാണ്.

Post a Comment

നന്ദി....വീണ്ടും വരിക