Pages

Monday, November 05, 2018

വേലുവേട്ടന്റെ റേഷന്‍ പീട്യ

                അപ്പായി ഏട്ടനും വേലു ഏട്ടനും ചങ്ങാതിമാരാണോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ രണ്ട് പേരെയും എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. നാട്ടിലെ ഒരു റേഷന്‍ പീടിക ആയിരുന്നു ഞങ്ങളെ മൂന്ന് പേരെയും കോര്‍ത്തിണക്കി ശത്രുക്കളാക്കിയത്. ‘ആ റേഷന്‍ പീട്യ അവിടെ ഇല്ലായിരുന്നെങ്കില്‍ ഈ ഏട്ടന്‍ ശത്രുക്കളുമുണ്ടാകുമായിരുന്നില്ല’ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

             വേലു ഏട്ടന്റെ (വേലാണ്ടി എന്ന് ഞങ്ങള്‍ അടക്കം പറയും) റേഷന്‍ പീടികയില്‍ നിന്നായിരുന്നു ഞങ്ങള്‍ റേഷന്‍ വാങ്ങിയിരുന്നത്.
ചാക്കരിയും പച്ചരിയും എന്നിങ്ങനെ രണ്ട് തരം അരിയും എന്നെങ്കിലും അല്പം പഞ്ചസാരയും മാസത്തിലൊരിക്കെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ആയിരുന്നു റേഷന്‍ പീട്യയില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍.
‘ചാക്കരി ആണെങ്കില്‍ വാങ്ങിയാല്‍ മതി’ എന്ന നിര്‍ദ്ദേശത്തോടെയാണ് തലയണയുടെ കവര്‍ ഊരിത്തന്ന് (അരിയിടാനുള്ള സഞ്ചി) ഉമ്മ ഞങ്ങളെ റേഷന്‍ പീട്യയിലേക്ക് അയക്കുന്നത്.

            റേഷന്‍ പീട്യയില്‍ എന്നും നല്ല തിരക്കായിരിക്കും.കളിക്കാന്‍ കിട്ടുന്ന വിലപ്പെട്ട സമയമാണ് റേഷന്‍ പീട്യയില്‍ പോകുന്നതിലൂടെ നഷ്ടപ്പെടുന്നത്. ആ സങ്കടം ഉള്ളിലൊതുക്കി റേഷന്‍ പീട്യയില്‍ ചെല്ലുമ്പോള്‍ അവിടെ കൊണ്ടോട്ടി നേര്‍ച്ചക്കുള്ള അത്രയും ആള്‍ക്കാരും ഉണ്ടാകും. ഊഴം അനുസരിച്ച് വിളിക്കാനായി കാര്‍ഡ് മേശപ്പുറത്ത് വയ്ക്കും. വരുന്നവര്‍ വരുന്നവര്‍ കാര്‍ഡ് അതിന് മുകളിലേക്ക് വയ്ക്കും. വേലാണ്ടി ആ അട്ടി ഒന്ന് മറിച്ച് ആദ്യം വന്നവന് ആദ്യം തന്നെ നല്‍കും.

             അട്ടി ക്രമാതീതമായി ഉയര്‍ന്നാല്‍ അത് സ്വയം മറിയും. അപ്പോള്‍ ഓര്‍ഡര്‍ ആകെ താറുമാറാകും. ആള് കൂടുതലാണെങ്കില്‍ അവസാനം വന്ന ആള്‍ കാര്‍ഡ് വയ്ക്കുമ്പോള്‍ ചെറുതായി ഒരു ബലം പ്രയോഗിക്കും. അതോടെ അട്ടി മറിയും.പിന്നെ എല്ലാവരും കാര്‍ഡ് വീണ്ടും വയ്ക്കണം. അതോടെ അവസാനം വന്ന ആള്‍ അഞ്ചാമനോ ആറാമനോ ആയി റേഷന്‍ വാങ്ങി പോകും !കാരണം പുതിയ അട്ടിയില്‍ അയാളുടെ കാര്‍ഡ് അത്രയും മുകളിലായിരിക്കും.

             കാര്‍ഡ് മേശപ്പുറത്ത് വച്ച് കാത്ത് നിൽക്കുമ്പോള്‍ പലപ്പോഴും, റേഷന്‍ പീട്യയുടെ തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയില്‍ കുത്തി ഇരിക്കുന്ന തട്ടാൻ അപ്പായി ചേട്ടന്റെ മോന്തയും ഞങ്ങളുടെ ചന്തിയും നേര്‍‌രേഖയില്‍ വരും. മുന്നില്‍ വച്ചിരിക്കുന്ന ചട്ടിയിലെ ഉമിത്തീയിലേക്ക് ഊതി ഊതി തുലഞ്ഞ് തല നേരെയാക്കുമ്പോഴായിരിക്കും ഈ ചന്തി-മോന്താ നേര്‍‌രേഖാ വരവ്. ദ്വേഷ്യം കൊണ്ട് ,  അതുവരെ ഉമിത്തീയില്‍ വച്ചിരുന്ന കൊടിലു കൊണ്ട് അപ്പായി ഏട്ടന്‍ ചന്തിക്ക് ഒന്ന് തരും.പൊള്ളുന്ന ചന്തിയും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെടും. അതാണ് അപ്പായി ഏട്ടനും ഞാനും മിത്രങ്ങളാകാതിരിക്കാന്‍ കാരണം.

            ഈ പരീക്ഷണങ്ങള്‍ എല്ലാം കഴിഞ്ഞ് വേലാണ്ടി കാര്‍ഡ് വിളിച്ചാല്‍ ആദ്യത്തെ ചോദ്യം അരി എത്ര വേണം എന്നാണ്.തലയില്‍ ഏറ്റാന്‍ പറ്റുന്ന ഒരു അളവ് പറയുന്നതിന്റെ മുമ്പ് ഞങ്ങള്‍ ചോദിക്കും - “ചാക്കരിയോ പച്ചരിയോ?”

“രണ്ടും ചാക്കിലാണ് വരുന്നത് “ ഞങ്ങളെ കുഴക്കിക്കൊണ്ട് വേലാണ്ടി മറുപടി തരും.

          ചാക്കില്‍ വരുന്നത് ചാക്കരിയും പച്ച നിറത്തിലുള്ളത് പച്ചരിയും (ചില അരിമണിയില്‍ ചാക്കിലെ പച്ച നിറം പിടിച്ചിരുന്നതാണ് അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്) എന്നായിരുന്നു ഞങ്ങളുടെ ധാരണ. കിട്ടിയതും വാങ്ങി വീട്ടിലെത്തി ഉമ്മ പരിശോധിക്കുമ്പോഴാണ് കൊണ്ടുവന്നത് പച്ചരിയാണ് എന്ന് അറിയുക.പിന്നെ വേലാണ്ടി എങ്ങനെ ഞങ്ങളുടെ മിത്രമാകും?

            അങ്ങനെ വേലുവേട്ടനും അപ്പായി ഏട്ടനും എന്റെ ശത്രുമരങ്ങളായി വളർന്ന് വരുന്നതിനിടക്കാണ് ആനന്ദതുന്ദിലമായ ആ സംഭവം നടന്നത്. അന്ന് റേഷൻ പീട്യയിൽ മണ്ണെണ്ണ കൂടിയുള്ള ദിവസമായിരുന്നു. അരിയും മണ്ണെണ്ണയും ബില്ലാക്കിയവർ, അരി കിട്ടിയിട്ടും മണ്ണെണ്ണ കിട്ടാത്തതിനാൽ ക്യൂവിലായിരുന്നു. അരി തൂക്കിക്കൊടുക്കുന്ന അബുവിന് റോഡരികിൽ പാർക്ക് ചെയ്ത മണ്ണെണ്ണ വീപ്പയിൽ നിന്ന് അതും കൂടി നൽകുക എന്നത് പ്രയാസമായിരുന്നു. ആൾക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ വേലു ഏട്ടൻ സീറ്റിൽ നിന്ന് എണീറ്റു.കാർഡും വച്ച് കാത്ത് നിൽക്കുന്ന നമ്മൾ ഇനിയും നിൽക്കുക തന്നെ.ഞാൻ ഒരു നെടുവീർപ്പിട്ടു.

            വേലു ഏട്ടൻ നേരെ പോയത് മണ്ണെണ്ണ വീപ്പക്ക് അടുത്തേക്കാണ്. ഒരു പ്ലാസ്റ്റിക് കുഴൽ വീപ്പയിലേക്കിട്ട് മറ്റേ അറ്റത്ത് വായ കൊണ്ട് ശക്തിയായി ഉള്ളോട്ട് വലിക്കുമ്പോൾ, വീപ്പയിൽ നിന്നും മണ്ണെണ്ണ കയറി വരുന്നത് ഞങ്ങൾക്ക് ഒരു അത്ഭുത കാഴ്ചയായിരുന്നു. ഈ പണി എപ്പോഴും ചെയ്തിരുന്ന അബുവിന്റെ വായിൽ മണ്ണെണ്ണ കയറുന്നത് പതിവായിരുന്നു. കുഴൽ വീപ്പയിലേക്കിട്ട് വേലു ഏട്ടൻ  വായ കൊണ്ട് ശക്തിയായി ഉള്ളോട്ട് വലിച്ചു. എല്ലാ അതിർത്തി മര്യാദകളും ലംഘിച്ച് മണ്ണെണ്ണ വേലുവേട്ടന്റെ വായിൽ നിറഞ്ഞു. അതേ സമയത്തു തന്നെ, ചന്തി അതിർത്തി ലംഘിച്ചതിന് അപ്പായി ഏട്ടൻ കൊടിലുമായി എന്റെ പുറകെ കൂടി. ഞാൻ ഇറങ്ങി മണ്ണെണ്ണ വീപ്പക്കടുത്തേക്ക് ഓടി. അപ്പായി ഏട്ടൻ വീപ്പയുടെ നേരെ മുന്നിൽ എത്തിയതും വേലുവേട്ടൻ “ത്ഥൂ” എന്നൊരു തുപ്പ്. വേലുവേട്ടന്റെ വായിലെ സകലമാന സാധനങ്ങളും വായിൽ കയറിയ മണ്ണെണ്ണയും അപ്പായി ഏട്ടന്റെ മുഖത്ത് കൂടി പരന്നൊഴുകി.”ഠേ” എന്നൊരു ശബ്ദം ആര് ആരെ ആദരിച്ചതാണ് എന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്. പിന്നീട് ഒരു മാസത്തേക്ക് ഞാൻ റേഷൻ പീട്യയുടെ നാലയലത്ത് പോലും പോയിട്ടില്ല.

5 comments:

Areekkodan | അരീക്കോടന്‍ said...

മുന്നില്‍ വച്ചിരിക്കുന്ന ചട്ടിയിലെ ഉമിത്തീയിലേക്ക് ഊതി ഊതി തുലഞ്ഞ് തല നേരെയാക്കുമ്പോഴായിരിക്കും ഈ ചന്തി-മോന്താ നേര്‍‌രേഖാ വരവ്.

Geetha said...

ആ അടി ആർക്കാ മാഷേ കിട്ടിയേ....
ഈ തമാശ സ്‌കിറ്റുകൾ വായനക്കാരുടെ ശ്രദ്ധയിൽ പെടാതെ പോവുന്നത് കഷ്ടം.
മാഷിന്റെ ബ്ലോഗിന്റെ എന്തോ പ്രശ്നം ആയിരുന്നു എന്ന്‌ തോന്നുന്നു. ഞാൻ പലതവണ മാഷിന്റെ ബ്ലോഗിൽ വന്നിട്ടുണ്ട്. പക്ഷെ കമന്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Areekkodan | അരീക്കോടന്‍ said...

ഗീത ടീച്ചർ...അത് അറിയണമെങ്കിൽ ഒരാഴ്ചക്കകം റേഷൻ പീട്യേൽ പോകണമായിരുന്നു.എനിക്കുണ്ടോ അന്ന് അതിനുള്ള ധൈര്യം?
ബ്ലോഗിന്റെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.മൊബൈലിൽ നിന്നും കമന്റ് ചെയ്യാൻ പറ്റുന്നില്ല എന്ന് ചിലർ പറയുന്നു, ഒരു പ്രശ്നവും ഇല്ല എന്ന് മറ്റു ചിലരും!!!ഞാനായിട്ട് ഒരു കൂടോത്രവും ചെയ്തിട്ടില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭായ് ഇത്തരം സംഗതികൾ പറഞ്ഞു ചിരിപ്പിച്ച് കൊല്ലും അല്ലെ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...സീരിയസായി വായിച്ചു നോക്ക് !!

Post a Comment

നന്ദി....വീണ്ടും വരിക