Pages

Tuesday, November 20, 2018

കോട മൂടിയ കക്കാടം‌പൊയിലിലേക്ക്...

                 പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആനക്കാം‌പൊയിലിനടുത്തുള്ള വെള്ളരിമലയിലേക്ക് ഒരു യാത്ര പോയത് എന്റെ ഓർമ്മയിലുണ്ട്. അന്ന് കണ്ടതെന്ത് എന്ന് ഒരോർമ്മയും ഇല്ല. എൻ.എസ്.എസ് ദശദിനക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഒരു ട്രിപ് ആയിരുന്നു അത്.

                 2011ൽ, പ്രോഗ്രാം ഓഫീസറായി കൂമ്പാറയിൽ സപ്തദിനക്യാമ്പ് നടത്തുമ്പോഴാണ് കക്കാടം‌പൊയിൽ എന്ന സ്ഥലം തൊട്ടടുത്താണ് എന്നറിയുന്നത്. 1996-ൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പക്ടറായി ഞാൻ ജോലി ചെയ്ത, എന്റെ തൊട്ടടുത്ത പഞ്ചായത്തായ ഊർങ്ങാട്ടിരിയുടെ ഒരറ്റം കിടക്കുന്നത് ഈ കക്കാടം‌പൊയിലിൽ ആണെന്നും അവിടെ എന്തെങ്കിലും കേസ് റിപ്പോർട്ട് ചെയ്താൽ മുപ്പത് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് പോകണമെന്നും അന്നത്തെ അറ്റന്റർ പറഞ്ഞത് സത്യമായിരുന്നു എന്ന് അന്ന് ബോധ്യമായി.

              ഗുണ്ടല്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടവും   ബന്തിപ്പൂരും  പിന്നിട്ട് ഭാര്യാവീട്ടിൽ എത്തുമ്പോൾ അടുത്ത ദിവസത്തെ യാത്രയുടെ പ്ലാനുകളായിരുന്നു മനസ്സ് നിറയെ.ഒരു ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്തതിനാല്‍ നാളെയും അത് നടക്കുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ കുട്ടികൾക്ക് ഇതിനെപ്പറ്റി ഒരു  അറിയിപ്പും നൽകിയിരുന്നില്ല. പക്ഷേ ഭാര്യാ വീട്ടിൽ പിറ്റേ ദിവസത്തെ യാത്രയുടെ പ്ലാനിംഗ് കണ്ടതോടെ അടുത്ത യാത്ര അവർക്ക് പെട്ടെന്ന് പിടികിട്ടി.

              ഭാര്യാ കുടുംബത്തിലെ മക്കളും പേരമക്കളും അടക്കം വലിയൊരു സംഘമായി മൂന്ന് കാറുകളിലായിരുന്നു ഞങ്ങളുടെ യാത്ര. നിലമ്പൂരില്‍ നിന്നും കക്കാടം പൊയിലിലേക്കുള്ള യാത്ര പ്രകൃതി ആസ്വദിക്കാന്‍ പറ്റിയതാണെന്നും ഹൃദ്യമാണെന്നും കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. അത് ശരിയായിരുന്നു എന്നും ഈ യാത്രയിലൂടെ മനസ്സിലായി.

           നിലമ്പൂരിൽ നിന്നും അകമ്പാടം റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്തത്. റോഡ് അത്ര സുഖകരമല്ലായിരുന്നു. പല സ്ഥലത്തും ഒരു വാഹനത്തിന് തന്നെ കടന്നു പോകാന്‍ പറ്റുന്ന വീതിയുണ്ടോ എന്ന് സംശയം തോന്നിപ്പിക്കും.അതുകൊണ്ട് തന്നെ ഇതൊരു സാഹസികത നിറഞ്ഞ യാത്ര കൂടിയായി. ഈ വഴി നിലമ്പൂരില്‍ നിന്നും തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ ട്രെയിന്‍ യാത്ര പോലെ ആസ്വാദ്യകരമായിരിക്കും ആ യാത്ര എന്നതില്‍ സംശയമില്ല.

           നിലമ്പൂരിൽ നിന്നും അല്പം ദൂരം പോകുമ്പോഴേക്കും തന്നെ പശ്ചിമഘട്ടത്തിന്റെ ഭംഗി മുന്നില്‍ പ്രത്യക്ഷപ്പെടും. പന്തീരായിരം വനത്തിന്റെ ഭംഗി ഒന്ന് വേറെത്തന്നെയാണ്. മഴക്കാലത്താണ് യാത്രയെങ്കില്‍ വനത്തിലൂടെ താഴോട്ട് പതിക്കുന്ന വെള്ളത്തിന്റെ നിരവധി വെള്ളിക്കീറുകളും ദൂരെ ദൃശ്യമാകും.
               നിലമ്പൂരില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ ദൂരെ കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായാണ് കക്കാടം‌പൊയില്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ ‘ഗവി’ എന്ന് ഗവി കാണാത്തവര്‍ക്ക് പറയാം ! കോടമൂടിയ മലനിരകള്‍ അങ്ങ് ദൂരെ കാണുന്നതോടൊപ്പം യാത്രയുടെ അവസാനം നാം അതില്‍ അലിഞ്ഞു ചേരും. സമുദ്രനിരപ്പില്‍ നിന്നും 700 മുതല്‍ 2100 അടി വരെ ഉയരത്തില്‍ ആണ് ഈ മലനിരകള്‍. മന്‍സൂണ്‍ കാലത്താണ് യാത്രയെങ്കില്‍ മഴയും കോടയും എല്ലാം ആസ്വദിക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലെ കൊമ്മാനഗുഡി കാണാന്‍ പോയപ്പോഴുള്ള ഫീലിംഗ് എനിക്കന്ന് അനുഭവപ്പെട്ടു.
           രാവിലെ 6.45നും ഉച്ചക്ക് 12 മണിക്കും വൈകിട്ട് 4.45നും ആണ് നിലമ്പൂരില്‍ നിന്നും KSRTC ബസ്സുകള്‍ ഉള്ളത്. മുക്കം കൂടരഞ്ഞി വഴിയും ബസ്സുണ്ട്. പെട്ടെന്നാണ്, നിരവധി വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്തത് കണ്ടത്. പോലീസിന്റെ ഒരു വ്യൂഹവും!!

(തുടരും...)

5 comments:

Areekkodan | അരീക്കോടന്‍ said...

2017 ആഗസ്തില്‍ നടത്തിയ ഒരു യാത്രയാണിത്...

Cv Thankappan said...

കണ്ടിട്ട് കുറേനാളായി മാഷേ ,ഇനിയങ്ങട് യാത്രയിലങ്ങ് കൂടാം...
ആശംസകൾ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ‍...സുഖമല്ലേ?കണ്ടിട്ട് ഏറെ നാളായെങ്കിലും വീണ്ടും കണ്ടതില്‍ സന്തോഷം.അപ്പോ യാത്ര തുടങ്ങാം.

© Mubi said...

കണ്ണടച്ച് തുറക്കും മുമ്പ് തീര്‍ന്ന് പോകുന്ന ലീവിന് വരുന്ന ഞാനൊക്കെ നാട് കാണുന്നത് വായനയിലൂടെയാണ്...

Areekkodan | അരീക്കോടന്‍ said...

മുബീ...ആ ലീവ് ഒന്ന് നീട്ടിയാല്‍ കനേഡിയന്‍ വിവരണങ്ങള്‍ പോലെ നമ്മുടെ നാടിനെക്കുറിച്ചും എഴുതാമായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക