Pages

Thursday, January 31, 2019

ആടു ജീവിതം

             പത്തു വർഷത്തിലധികമായി എന്തോ കാരണത്താൽ ഞാൻ വായനയിൽ നിന്നും മാറ്റി വച്ച ഒരു പുസ്തകമായിരുന്നു  ആടു ജീവിതം. പലരും ആടു ജീവിതത്തിലെ  നജീബിന്റെ കഥ പറയുമ്പോൾ പുസ്തകം വായിച്ചതുപോലെ മൗനം പാലിക്കുകയായിരുന്നു ഇത്രയും കാലം ഞാൻ ചെയ്തിരുന്നത്. വായന മരിക്കുന്നു എന്ന് നാനാഭാഗത്ത് നിന്നും മുറവിളി ഉയരുന്ന ഇക്കാലത്ത് നൂറ് പതിപ്പുകൾ പുറത്തിറങ്ങിയ ഒരു പുസ്തകത്തെ ഇനിയും വായനക്ക് പുറത്തിരുത്തിയാൽ പിന്നീട് ഖേദിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഞാൻ ‘ആടു ജീവിതം‘ വാങ്ങിയത്. വീട്ടിലെത്തിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മൂത്ത രണ്ട് മക്കളും അത് വായിച്ചു എന്നറിഞ്ഞപ്പോഴാണ് അവരും എത്ര പ്രതീക്ഷയോടെയാണ് ഈ പുസ്തകത്തെ കാത്തിരുന്നത് എന്ന് തിരിച്ചറിഞ്ഞത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നാമത്തെ മകളും പിന്നീട് "ആട് ജീവിതം" വായന പൂർത്തിയാക്കി.

             ഒരിക്കലും ഒരാൾക്കും സംഭവിക്കരുതേ എന്ന് ഓരോ വായനക്കാരനും നെഞ്ചുരുകി പ്രാർത്ഥിക്കുന്ന അനുഭവങ്ങളിലൂടെയാണ് കഥാനായകനായ നജീബ് ഈ നോവലിൽ കടന്നു പോകുന്നത്. ഇന്നും ഈ ഓർമ്മകളുമായി ജീവിച്ചിരിക്കുന്ന ഒരു യഥാർത്ഥ നജീബിന്റെ കഥയാണ് ആടു ജീവിതമെന്ന് പിന്നീട് എവിടെയോ വായിച്ചു. അങ്ങനെയെങ്കിൽ, പീഠത്തിൽ കയറി ആ നജീബിനെ സല്യൂട്ട് ചെയ്യണം. കാരണം നരക യാതനകളുടെ പൊള്ളുന്ന വിവരണം അയാൾ കഥാകൃത്തിന്റെ മുമ്പിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ  അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധ്യമല്ല.

              മിക്ക പ്രവാസികളും പലതരം ചതിക്കുഴികളിലും വീഴാറുണ്ട്. ‘ആടു ജീവിത‘ ത്തിൽ നജീബിനെ കബളിപ്പിക്കുന്നത് വിസാ ഏജന്റോ അതോ ജോലി സ്ഥലത്ത് സ്വീകരിച്ച അറബിയോ എന്ന് എനിക്ക് വ്യക്തമാകുന്നില്ല. ആര് തന്നെ ആയാലും മറ്റാരുടെയോ പേരിൽ അതെല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടത് നജീബിന് ആയിരുന്നു. മസറയും മരുഭൂമിയും ബദുക്കൾ എന്നറിയപ്പെടുന്ന കാട്ടറബികളുടെ ക്രൂരമായ പെരുമാറ്റവും വായനക്കാരന്റെ ഹൃദയത്തിൽ ഒരു തീരാത്ത നീറ്റൽ ഉണ്ടാക്കി കൊണ്ടേ ഇരിക്കും. സ്വയം അനുഭവിച്ചു കൊണ്ടിരിക്കുന്ന നിരവധി ധാരാളിത്തങ്ങളെപ്പറ്റി വായനക്കാരനിൽ ഒരു ചിന്ത ഉദ്ദീപിപ്പിക്കാനും ‘ആടു ജീവിതം‘ സഹായിക്കും എന്നാണ് എന്റെ വായനാനുഭവം.

             “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്” എന്ന പുസ്തകത്തിന്റെ ആമുഖ വചനം അക്ഷരംപ്രതി സത്യമാണ്. പലരും പല ജീവിത യാഥാർത്ഥ്യങ്ങളും പങ്കുവയ്ക്കുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് മനസ്സിൽ ചോദ്യമുയരാറുണ്ട്. ‘ആടു ജീവിതം‘ ആ ചോദ്യങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. നജീബിന്റെ കടുത്ത യാതനകൾക്ക് പുറമെ ഹക്കീം എന്ന ബാലന്റെ ദാരുണ മരണവും, നജീബ് സ്വന്തം മകനെപ്പോലെ സ്നേഹിച്ചിരുന്ന നബീൽ എന്ന ആട്ടിൻ‌കുട്ടിയുടെ അന്ത്യവും വായനക്കാരന്റെ കണ്ണ് നനയിപ്പിക്കും.

            മസറയിൽ അകാരണമായി നജീബ് ഏറ്റുവാങ്ങുന്ന നിരവധി ശിക്ഷകൾ ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാൻ സാധിക്കുന്നത് തന്നെയോ എന്ന് ഞാൻ അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. മുട്ടനാട്ടിൻ കുട്ടികളുടെ വരിയുടക്കുന്ന പ്രാകൃത രീതി കൂടി വായിച്ചതോടെ മസറയിലെ അർബാബുമാർ മനുഷ്യരല്ല , മൃഗത്തെക്കാളും അധ:പതിച്ച ജന്തുക്കൾ ആണെന്നാണ് തോന്നിയത്. ആ  നരകത്തിൽ നിന്നും നജീബ് രക്ഷപ്പെടുന്ന ഓരോ നിമിഷവും ശരിക്കും ശ്വാസം പിടിച്ചിരുന്നാണ് വായിച്ചത്.

          ജീവിതത്തിൽ ആർക്കെങ്കിലും സുഖം പോര എന്ന് തോന്നുമ്പോൾ ‘ആടു ജീവിത’ത്തിലൂടെ ഒന്ന് കണ്ണോടിക്കുക. അത് തീർച്ചയായും നമ്മുടെ വേദന അകറ്റും. കടുത്ത പരീക്ഷണങ്ങൾക്കിടയിലും, അചഞ്ചലമായ ദൈവ വിശ്വാസം ഉണ്ടെങ്കിൽ അത് മനുഷ്യനെ രക്ഷിക്കും എന്നും ‘ആടു ജീവിതം’ നമ്മോട് പറയുന്നു.

             രമണന് ശേഷം മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ കൃതി എന്നാണ് ‘ആടു ജീവിതം’ വിശേഷിപ്പിക്കപ്പെടുന്നത്. രമണൻ അക്കാലത്ത് എത്രത്തോളം നെഞ്ചേറ്റപ്പെട്ടു എന്ന് എനിക്ക് നിശ്ചയമില്ല. പക്ഷെ ‘ആടുജീവിതം’ മലയാളി എന്നല്ല ലോകം തന്നെ ഏറെ കാലം ചർച്ച ചെയ്യും എന്നതിൽ തർക്കമില്ല. നിരവധി പ്രസാധകർ തള്ളിക്കളഞ്ഞ ഒരു രചനയായിരുന്നു, ഗ്രീൻ ബുക്സിനെയും ബെന്യാമിൻ എന്ന എഴുത്തുകാരനെയും പ്രശസ്തരാക്കിയ ‘ആടുജീവിതം’ എന്നതും കൌതുകകരമാണ്.

പുസ്തകം : ആടുജീവിതം
രചയിതാവ് : ബെന്യാമിൻ
പ്രസാധകർ:ഗ്രീൻ ബുക്സ് , തൃശൂർ
പേജ് : 215
വില : 170 രൂപ

8 comments:

Areekkodan | അരീക്കോടന്‍ said...

വീട്ടിലെത്തിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മൂത്ത രണ്ട് മക്കളും അത് വായിച്ചു എന്നറിഞ്ഞപ്പോഴാണ് അവരും എത്ര പ്രതീക്ഷയോടെയാണ് ഈ പുസ്തകത്തെ കാത്തിരുന്നത് എന്ന് തിരിച്ചറിഞ്ഞത്.

Cv Thankappan said...

ആടുജീവിതം ആദ്യഎഡിഷനിലൂടെ വായിച്ചു.പുസ്തകം ഇഷ്ടപ്പെട്ടതുക്കൊണ്ട് മറ്റുള്ളവരേയും വായിപ്പിക്കുവാൻ പ്രേരിപ്പിച്ചു.പോകെപ്പോകെ വായനക്കാരുടെ എണ്ണം കൂടുകയും കൂടുതൽ കോപ്പികൾ വായനശാലയിലേയ്ക്ക് വാങ്ങിക്കേണ്ടി വരുകയും ചെയ്തു.....
ആശംസകൾ മാഷേ

© Mubi said...

ആടു ജീവിതങ്ങൾ പലതും നേരിട്ട് കണ്ടിട്ടുള്ളതിനാൽ വായനയിൽ പല മുഖങ്ങളും മനസ്സിൽ തെളിഞ്ഞിരുന്നു...

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ... അതു തന്നെയാ ആ പുസ്തകത്തിന്റെ വിജയവും

മുബീ... ഗൾഫ്‌ ജീവിതത്തിൽ ഇത് അസാധാരണം അല്ല എന്നല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്” എന്ന പുസ്തകത്തിന്റെ ആമുഖ വചനം ശരിക്കും സത്യമാണ്. പലരും പല ജീവിത യാഥാർത്ഥ്യങ്ങളും പങ്കുവയ്ക്കുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് മനസ്സിൽ ചോദ്യമുയരാറുണ്ട്. ‘ആടു ജീവിതം‘ ആ ചോദ്യങ്ങളെയെല്ലാം ഇല്ലാതാക്കുന്നു. നജീബിന്റെ കടുത്ത യാതനകൾക്ക് പുറമെ ഹക്കീം എന്ന ബാലന്റെ ദാരുണ മരണവും, നജീബ് സ്വന്തം മകനെപ്പോലെ സ്നേഹിച്ചിരുന്ന നബീൽ എന്ന ആട്ടിൻ‌കുട്ടിയുടെ അന്ത്യവും വായനക്കാരന്റെ കണ്ണ് നനയിപ്പിക്കും...

Areekkodan | അരീക്കോടന്‍ said...

ബിലാത്തി ജി ... ഈ ലാത്തിക്ക് സല്യുട്ട്

ശ്രീ said...

തീർച്ചയായും വായിച്ചിരിയ്ക്കേണ്ട പുസ്തകങ്ങളിലൊന്നു തന്നെയാണ് ആടു ജീവിതം. അത് വായിയ്ക്കാൻ എന്തേ വൈകിയത്?

Areekkodan | അരീക്കോടന്‍ said...

ശ്രീ... വെറുതെ അങ്ങനെ നീട്ടിക്കൊണ്ടുപോയി ഇത്രേം കാലം ആയി !! അതു കൊണ്ട് എന്റെ മുന്നേ എന്റെ മക്കൾക്ക് വായിക്കാനായി !

Post a Comment

നന്ദി....വീണ്ടും വരിക