Pages

Tuesday, February 05, 2019

ഷെൽട്ടർ ഹൌസ്

        ‘വീടെന്ന സ്വപ്നം‘ എന്ന് കേൾക്കുന്നതേ ഒരു കാലത്ത് അലർജി ആയിരുന്നു. ഒരു വീട് ഉണ്ടാക്കാൻ ഇത്ര കഷ്ടപ്പാടോ എന്ന തെറ്റിദ്ധാരണയായിരുന്നു അതിന് കാരണം. സ്വന്തമായി ഒരു വീട് പണി തുടങ്ങി ആറേഴ് വർഷത്തോളം അതിന്റെ പിന്നാലെ ഓടിക്കിതച്ചപ്പോഴാണ് വീട് ഒരു സ്വപ്നം തന്നെയാണെന്ന് എനിക്ക് ബോദ്ധ്യമായത്. ആ ബോദ്ധ്യത്തിൽ നിന്നാണ് നാഷണൽ സർവീസ് സ്കീമിന്റെ “ഹോം ഫോർ ഹോം‌ലെസ്സ്” എന്ന പദ്ധതി ഏറ്റെടുത്തതും  കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആയിരിക്കെ അഗതിയായ ഒരു സ്ത്രീക്ക് ഒരു വീട് നിർമ്മിച്ച് നൽകുകയും ചെയ്തത്.
       
           വീടെന്ന സ്വപ്നം പൂർത്തീകരിച്ച പലരുടെയും കണ്ണീര് വീണ വർഷമായിരുന്നു 2018. ജീവിതത്തിലെ സമ്പാദ്യങ്ങൾ മുഴുവൻ ഒരുക്കിക്കൂട്ടി പണി കഴിപ്പിച്ച നിരവധി വീടുകൾ പ്രളയത്തിലും പേമാരിയിലും നിലം പൊത്തി. പല വീടുകളും വെള്ളം കയറി വാസ യോഗ്യമല്ലാതായി. വിണ്ടുകീറിയ ചുമരുകളിലേക്ക് നോക്കി പിറ്റേ ദിവസം നേരം വെളുക്കുമോ എന്ന് തീർച്ചയില്ലാതെ ഉറക്കത്തിലേക്ക് ഊർന്നിറങ്ങുന്ന നിരവധി കുടുംബങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എല്ലാവരുടെയും സങ്കടങ്ങൾ തീർക്കാൻ സർക്കാരിനും സാമ്പത്തിക പരാധീനതകൾ ഏറെയാണ്.

         വയനാട്ടിൽ പ്രളയം ആർത്തലച്ചത് നിരവധി ആദിവാസി കുടുംബങ്ങളുടെ നെഞ്ചത്ത് കൂടിയായിരുന്നു.പനമരം പുഴ കര കവിഞ്ഞപ്പോൾ,  വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പണി കഴിപ്പിച്ച പല വീടുകളും പൂർണ്ണ്മായും വെള്ളത്തിനടിയിലായി. ഇപ്പോൾ ആ വീടുകളിൽ പലതിലും കയറാൻ തന്നെ പേടിയാണ്. എന്നിട്ടും അതിന്റെ ഒരു മൂലയിൽ അല്ലെങ്കിൽ തൊട്ടടുത്ത് ഫ്ലെക്സ് ഷീറ്റുകൾ കൊണ്ട് വലിച്ചു കെട്ടിയ ഷെഡുകളിൽ താമസിക്കുന്ന മനുഷ്യരെ കാണാനിടയായി. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പ്രൊജക്ട് വിഷൻ‘ എന്ന ഒരു സംഘടന , ഈ പാവം മനുഷ്യർക്കായി ഒരു താൽക്കാലിക ഷെൽട്ടർ പണിയുന്നു എന്നറിഞ്ഞപ്പോൾ വയനാട്  ഗവ. എഞ്ചിനീയറിംഗ് കോളേജ്  എൻ.എസ്.എസ് യൂണിറ്റും അവരോട് കൈ കോർത്തു.

            ജനുവരി അവസാന വാരത്തിൽ നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിലൂടെ ഇരുപതിലധികം താൽക്കാലിക ഷെൽട്ടർ പണിയാനും നേരത്തെ പണിതവ വൈദ്യുതീകരിക്കാനും സാധിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു.ഏതാനും മണിക്കൂറുകൾ മാത്രമാണെങ്കിലും ഈ മഹത് കർമ്മത്തിൽ എനിക്കും ഭാഗഭാക്കാവാൻ സാധിച്ചു. ഗ്രാമീണ പാതകളും വയലും താണ്ടി ആദിവാസി ഊരിലേക്കുള്ള കാൽനടയാത്ര തന്നെ മനസ്സിന് ഉന്മേഷം നൽകുന്നതായിരുന്നു.
ഫോട്ടോ എടുത്തത് : അലി കെ.പി
            പുതിയൊരു വീട് നിർമ്മിക്കുന്നത് വരെയെങ്കിലും മഞ്ഞും മഴയും വെയിലും ഏൽക്കാതെ താമസിക്കാൻ ഒരു അഭയകേന്ദ്രം സ്വന്തമായി ലഭിച്ച സന്തോഷത്തിലാണ് പല കുടുംബങ്ങളും. എന്നാൽ ചിലർ ഇപ്പോഴും പഴയ കൂരയിൽ തന്നെ കഴിഞ്ഞ് കൂടുന്നു. ഏകദേശം മുന്നൂറോളം ഷെൽട്ടറുകൾ പൂർത്തിയാക്കിയതായി പ്രൊജക്ട് വിഷൻ അവകാശപ്പെടുന്നു. നേരത്തെ പൂർത്തീകരിച്ച മിക്ക ഷെൽട്ടറുകളുടെയും  വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടത്തിയതും എൻ.എസ്.എസ് വളണ്ടിയർമാരായിരുന്നു.
              മണ്ണിന്റെ മക്കളുടെ മുഖത്ത് പുഞ്ചിരി വിടർത്തി, എന്റെ മക്കൾ വീണ്ടും പഠനത്തിന്റെ തിരക്കിലേക്ക് ചേക്കേറുമ്പോൾ ഹൃദയാഭിവാദ്യങ്ങൾ.

7 comments:

Areekkodan | അരീക്കോടന്‍ said...

മനസ്സ് നിറഞ്ഞ ഒരു അനുഭവം കൂടി.

Cv Thankappan said...

സർക്കാരിനും,മറ്റു സന്നദ്ധസംഘടനകൾക്കും പാവപ്പെട്ടവരുടെ ദുരിതങ്ങൾ പരിഹരിക്കാൻ കഴിയുമാറാവട്ടേ!
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ... നന്ദി

ഫൈസല്‍ ബാബു said...

മാഷേ ...... നന്മയുടെ ഈ മനസ്സിന് സല്യൂട്ട്

Areekkodan | അരീക്കോടന്‍ said...

ഫൈസലേ ... വളരെക്കാലത്തിന് ശേഷം ഈ വഴി കണ്ടതിൽ ഒരു സല്യൂട്ട് തിരിച്ചും !!

Muralee Mukundan , ബിലാത്തിപട്ടണം said...

വീടെന്ന സ്വപ്നം പൂർത്തീകരിച്ച പലരുടെയും കണ്ണീര് വീണ വർഷമായിരുന്നു 2018. ജീവിതത്തിലെ സമ്പാദ്യങ്ങൾ മുഴുവൻ ഒരുക്കിക്കൂട്ടി പണി കഴിപ്പിച്ച നിരവധി വീടുകൾ പ്രളയത്തിലും പേമാരിയിലും നിലം പൊത്തി. പല വീടുകളും വെള്ളം കയറി വാസ യോഗ്യമല്ലാതായി. വിണ്ടുകീറിയ ചുമരുകളിലേക്ക് നോക്കി പിറ്റേ ദിവസം നേരം വെളുക്കുമോ എന്ന് തീർച്ചയില്ലാതെ ഉറക്കത്തിലേക്ക് ഊർന്നിറങ്ങുന്ന നിരവധി കുടുംബങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. എല്ലാവരുടെയും സങ്കടങ്ങൾ തീർക്കാൻ സർക്കാരിനും സാമ്പത്തിക പരാധീനതകൾ ഏറെയാണ്....

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ങേ!!

Post a Comment

നന്ദി....വീണ്ടും വരിക