Pages

Friday, December 27, 2019

നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം

               മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ ഒരു കുടുംബത്തിന്റെ അനുഭവം പങ്കു വച്ചത് ഞാന്‍ കണ്ടിരുന്നു. മലപ്പുറം ജില്ലയെപ്പറ്റി അവരുടെ മുന്‍ ധാരണയും അനുഭവിച്ചതും തമ്മിലുള്ള അന്തരം ആ പോസ്റ്റ് വായിച്ച എല്ലാവരും മനസ്സിലാക്കി.  മലപുറം ജില്ലയിലെ തൃപ്പനച്ചി എന്ന ഒരു കുഗ്രാമത്തില്‍ നിന്ന് അവര്‍ നേരിട്ട് അനുഭവിച്ച മനുഷ്യത്വം ആയിരുന്നു ആ കുറിപ്പില്‍. അത്യാവശ്യമായി എവിടെയോ പോകുന്ന വഴിയില്‍ കാറ്‌ കേടുവന്നതും തൃപ്പനച്ചിക്കാരനായ ഒരാള്‍ മുന്‍‌പരിചയം പോലും ഇല്ലാത്ത അവര്‍ക്ക് സ്വന്തം കാറിന്റെ താക്കോല്‍ നല്‍കിയതും അവരുടെ പരിപാടി കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും കാര്‍ നന്നാക്കി വച്ചതും പൈസ കൊടുത്തപ്പോള്‍ വാങ്ങാന്‍ കൂട്ടാക്കാത്തതും തുടങ്ങീ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ ആയിരുന്നു അവര്‍ അന്ന് പങ്കു വച്ചത്.

               ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ കാറും തൃപ്പനച്ചിയില്‍ വച്ച് പഞ്ചറായി. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ്, മറ്റുള്ളവര്‍ ചൂണ്ടി കാണിച്ചപ്പോള്‍ ഞാന്‍ ആ വിവരം അറിഞ്ഞത്. സ്കൂട്ടറില്‍ വന്ന ഒരാള്‍ തൊട്ടടുത്ത് ഒരു കട ഉണ്ടെന്നും നിര്‍ഭാഗ്യവശാല്‍ അവരുടെ നമ്പര്‍ കയ്യിലില്ല എന്നും അറിയിച്ചു. അദ്ദേഹം മറ്റൊരു വഴിയെ തിരിഞ്ഞ് പോവുകയും ചെയ്തു. ഞാന്‍ വണ്ടി സൈഡാക്കി ഉമ്മയെ തൊട്ടടുത്ത് കണ്ട വീട്ടിലാക്കി. പെട്ടെന്ന് എന്റെ വീടിന്റെ മരപ്പണികള്‍ മുഴുവന്‍ എടുത്ത ആശാരി, തൃപ്പനച്ചിക്കാരന്‍ സുധീഷിനെപ്പറ്റി എനിക്കോര്‍മ്മ വന്നു. ഫോണെടുത്ത് വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ പത്ത് മിനുട്ടിനകം ആളെയും കൊണ്ട് എത്താം എന്ന മറുപടി കിട്ടി.

              സുധീഷിനെയും പ്രതീക്ഷിച്ച് ഞാന്‍ കാത്തിരിക്കുന്നതിനിടയില്‍ മെറ്റല്‍ നിറച്ച ഒര്‍ ട്രിപ്പര്‍ ലോറി വന്ന് എന്റെ വണ്ടിയുടെ അടുത്ത് സൈഡാക്കി. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഒരാള്‍ തല പുറത്തേക്കിട്ട് ചോദിച്ചു.

“നിങ്ങള്‍ക്ക് ആളെ കിട്ടിയോ ?”

ആരാ ഈ ക്ഷേമാന്വേഷകന്‍ എന്ന് നോക്കിയപ്പോള്‍ നേരത്തെ സ്കൂട്ടറില്‍ പോയ ആള്‍ !

          അല്പ സമയത്തിനകം തന്നെ സുധീഷ് ഒരു മെക്കാനിക്കിനെയും കൂട്ടി സ്ഥലത്തെത്തി. പഞ്ചറായ ടയര്‍ അഴിച്ച്  വണ്ടിയില്‍ ഉണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ ഫിറ്റ് ചെയ്തു. ജാക്കി റിലീസ് ചെയ്ത് ടയര്‍ നിലം തൊട്ടപ്പോള്‍ അതില്‍ കാറ്റ് വളരെ കുറവ് ! പോകുന്ന വഴിക്ക് കാറ്റ് അടിക്കാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ മെക്കാനിക്ക് ഒരു സംശയം പ്രകടിപ്പിച്ചു. ഉടന്‍ വീണ്ടും സുധീഷ് ഇടപെട്ടു.

“ടയര്‍ അഴിക്ക്...നമുക്ക് കാറ്റടിച്ച് കൊണ്ട് വന്ന് ഫിറ്റ് ചെയ്യാം...”

           അങ്ങനെ ഫിറ്റ് ചെയ്ത ടയര്‍ അഴിച്ചെടുത്ത് അവര്‍ വീണ്ടും ബൈക്കില്‍ കൊണ്ടുപോയി. ഏറ്റവും അടുത്തുള്ള പഞ്ചര്‍ കടയില്‍ നിന്നും കാറ്റ് നിറച്ച് തിരിച്ചു വന്ന് ടയര്‍ വീണ്ടും ഫിറ്റ് ചെയ്ത് റെഡിയാക്കിത്തന്നു. തൊട്ടടുത്ത വീട്ടിലാക്കിയിരുന്ന ഉമ്മയെ ഞാന്‍ വിളിക്കാന്‍ ചെന്നപ്പോഴേക്കും അവരുടെ വക ചായയും റെഡി ! ഉമ്മയെ കണ്ട്, സുധീഷ് സ്വന്തം ബൈക്കില്‍ തിരിച്ച് പോകുമ്പോള്‍ എന്റെ മനസ്സിലൂടെ വീണ്ടും പണ്ടത്തെ ആ കോപി എഴുത്തിന്റെ വരികള്‍ ഓളം തള്ളി....നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം.

6 comments:

Areekkodan | അരീക്കോടന്‍ said...

ഉമ്മയെ കണ്ട്, സുധീഷ് സ്വന്തം ബൈക്കില്‍ തിരിച്ച് പോകുമ്പോള്‍ എന്റെ മനസ്സിലൂടെ വീണ്ടും പണ്ടത്തെ ആ കോപി എഴുത്തിന്റെ വരികള്‍ ഓളം തള്ളി....നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം.

© Mubi said...

മനുഷ്യരാണ്.... 

Areekkodan | അരീക്കോടന്‍ said...

അതെ...ജാതിമതങ്ങള്‍ക്ക് അതീതമായ മനുഷ്യത്വം. സമകാലിക ഇന്ത്യയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിന്‍‌പുറം നന്മകളാല്‍ സ‌മൃദ്ധം.

Cv Thankappan said...

നന്മകൾ വറ്റിയിട്ടില്ല.....
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക