Pages

Wednesday, January 08, 2020

മയ്യഴിപുഴയുടെ തീരങ്ങളിൽ കൂടി തലശ്ശേരി കോട്ടയിലേക്ക്

                മയ്യഴിപുഴയുടെ തീരത്ത് എത്തുന്ന ആരും ഒരു നിമിഷം ദാസനെയും ചന്ദ്രികയെയും സ്മരിക്കും. അങ്ങ് ദൂരെ വെള്ളിയാങ്കല്ലിൽ ദാസന്റെയും ചന്ദ്രികയുടെയും ആത്മാവുകൾ തുമ്പികളായി പറന്നു കളിക്കുന്നുണ്ടോ എന്ന് നോക്കും. ശ്രീ എം മുകുന്ദൻ എഴുത്തിലൂടെ അനശ്വരരാക്കിയ ദാസനും ചന്ദ്രികയും ദാമു റൈട്ടറും കൊറമ്പിയും ലെസ്ലി സായ്‌പ്പും എല്ലാം ആ സമയത്ത് നമ്മുടെ മനോമുകുരത്തിൽ വട്ടമിട്ട് പറക്കും.

                  പി.ജി ക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പഠിക്കുമ്പോൾ നിരവധി തവണ കടന്നു പോയിട്ടുണ്ടെങ്കിലും “മയ്യഴിപുഴയുടെ തീരങ്ങളിൽ” വായിച്ച ശേഷമാണ് മയ്യഴിയോട് എനിക്ക് ഒരിഷ്ടം തോന്നിയത്. മാഹി എന്ന പേര് അതിനു മുമ്പ് സുപരിചിതമായത് എല്ലാ സാധനങ്ങളും വിലക്കുറവിൽ കിട്ടുന്ന സ്ഥലം എന്ന നിലക്കായിരുന്നു. അതിൽ തന്നെ മദ്യപാനികളുടെ പറുദീസയായിരുന്നു മാഹി.

                  1954ൽ ആണ് മാഹി ഫ്രെഞ്ച് അധീനതയിൽ നിന്നും സ്വതന്ത്രമായി ഇന്ത്യയുടെ ഭാഗമായി മാറുന്നത്. പോണ്ടിച്ചേരിയുടെ ഭാഗമായി, മാഹി എന്ന ജില്ലയായി കേരളത്തിനകത്താണ് ഈ കേന്ദ്രഭരണ പ്രദേശം. മാഹിക്ക് ഇന്നും ഫ്രാൻസുമായി ഒരു പൊക്കിൾകൊടി ബന്ധം നിലനിൽക്കുന്നുണ്ട്. ഫ്രാൻസിലെ തെരഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന മയ്യഴിക്കാർ പത്രങ്ങളിലെ ഒരു കൌതുക വാർത്ത തന്നെയായിരുന്നു (ഇപ്പോൾ ഉണ്ടോ എന്നറിയില്ല).

                മയ്യഴിപുഴയുടെ തീരം ഇപ്പോൾ പഴയപോലെ ചവറുകളുടെയും കുപ്പികളുടെയും കേന്ദ്രമല്ല. മനോഹരമായി കല്ല് പാകി ഒരു പാർക്ക് രൂപത്തിലാക്കി വൈദ്യുത വിളക്കുകളും സ്ഥാപിച്ചതോടെ മാഹി വഴി കടന്നു പോകുന്ന സഞ്ചാരികൾ വെള്ളിയാങ്കല്ലിലേക്ക് നോക്കിയിരിക്കാൻ ഒരല്പ സമയം ഇവിടെ തങ്ങും. ദാസന്റെയും ചന്ദ്രികയുടെയും കഥ കൊത്തി വച്ച ശില്പങ്ങളും അനുബന്ധ എഴുത്തുകളും അവരെ അറിയാത്തവർക്ക് അറിയാനുള്ള ഒരു പ്രേരണയും നൽകും.
                 പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചവളുടെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ കാസർഗോട്ടേക്ക് പോകുന്ന വഴിയായിരുന്നു ഞാൻ ആദ്യമായി മാഹി വാക് വേയിൽ കാലു കുത്തിയത്. രാവിലെത്തന്നെ എത്തിയതിനാൽ ഏതാനും പ്രഭാത സവാരിക്കാർ മാത്രമേ പാർക്കിൽ ഉണ്ടായിരുന്നുള്ളൂ. പുഴയും കടലും ചേരുന്ന സ്ഥലം കൂടിയായതിനാൽ കണ്ണിന് പ്രത്യേക കുളിരേകുന്ന കാഴ്ചയാണ് വാക് വേയിലൂടെയുള്ള നടത്തം. 
            അപ്രതീക്ഷിതമായി പെയ്ത മഴ കാരണം വാക് വേയിൽ അധിക നേരം തങ്ങാൻ ഞങ്ങൾക്ക് സാധിച്ചില്ല. എങ്കിലും ദീർഘദൂര യാത്രക്കിടയിൽ കിട്ടിയ ആസ്വാദനം എല്ലാവരിലും ഒരു പുതിയ ഊർജ്ജം നിറച്ചു. എട്ടു മണിയോടെ അടുത്ത സന്ദർശന കേന്ദ്രമായ തലശ്ശേരി കോട്ടക്ക് മുമ്പിൽ ഞങ്ങളെത്തി. പരിസരം ഗഹനമായി വീക്ഷിച്ചെങ്കിലും എവിടെയും ടിക്കറ്റ് കൌണ്ടർ കാണാത്തതിനാൽ ഞങ്ങൾ നേരെ കോട്ടകത്തേക്ക് കയറി.
           മലബാറിൽ തങ്ങളുടെ സൈനിക ശക്തി വർദ്ധിപ്പിക്കാൻ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി 1705ൽ സ്ഥാപിച്ചതാണ് തലശ്ശേരി കോട്ട. മൈസൂർ രാജാക്കന്മാരായ ഹൈദരാലിയും ടിപ്പുവും പടയോട്ടം നടത്തിയ കാലത്ത് ഈ കോട്ട പിടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്ന് ചരിത്രം പറയുന്നു.
            മനോഹരമായ ഉദ്യാനവും പഴയ കാലത്തെ കെട്ടിടങ്ങളും വിളക്കുമാടവും ഇന്നും കോട്ടയിൽ ഉണ്ട്. കടലിനടിയിലേക്ക് നീളുന്ന തുരങ്കപാത അടഞ്ഞു കിടപ്പാണ്.
                തലശ്ശേരി-കണ്ണൂർ മെയിൻ റോഡ് സൈഡിൽ തന്നെയാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മണിമുതൽ വൈകിട്ട് 6 മണി വരെ കോട്ടവാതിൽ പൊതുജനങ്ങൾക്കായി സൌജന്യമായി തുറന്നിട്ട് കൊടുക്കും.
പൊയ്ക്കോളീ....കണ്ടോളി.

10 comments:

സുധി അറയ്ക്കൽ said...

പോകാൻ സാധിക്കുമോ ആവോ???

കൊച്ചു ഗോവിന്ദൻ said...

'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' വായിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്ക് മാഹിയെ പറ്റിയുള്ളൂ. അവിത്തെ കാഴ്ചകളെ പറ്റിയൊക്കെ ഇപ്പഴാണ് അറിയുന്നത്. കണ്ണൂരെ ബീച്ചുകളും സ്മാരകങ്ങളും ഒക്കെ കാണാൻ കുറെ നാളായി ആഗ്രഹിക്കുന്നു. നടക്കുമായിരിക്കും.

Areekkodan | അരീക്കോടന്‍ said...

സുധീ...എന്തുകൊണ്ട് പറ്റില്ല ?

കൊച്ചു ഗോവിന്ദാ...മാഹി - കണ്ണൂർ ഒരു ദിവസം മുഴുവൻ കാണാനുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

മയ്യഴിപുഴയുടെ തീരം ഇപ്പോൾ പഴയപോലെ ചവറുകളുടെയും കുപ്പികളുടെയും കേന്ദ്രമല്ല. മനോഹരമായി കല്ല് പാകി ഒരു പാർക്ക് രൂപത്തിലാക്കി വൈദ്യുത വിളക്കുകളും സ്ഥാപിച്ചതോടെ മാഹി വഴി കടന്നു പോകുന്ന സഞ്ചാരികൾ വെള്ളിയാങ്കല്ലിലേക്ക് നോക്കിയിരിക്കാൻ ഒരല്പ സമയം ഇവിടെ തങ്ങും. ദാസന്റെയും ചന്ദ്രികയുടെയും കഥ കൊത്തി വച്ച ശില്പങ്ങളും അനുബന്ധ എഴുത്തുകളും അവരെ അറിയാത്തവർക്ക് അറിയാനുള്ള ഒരു പ്രേരണയും നൽകും...

Areekkodan | അരീക്കോടന്‍ said...

Muraliji...Thanks for reading

uttopian said...

മാഹി വഴി ഒരു തവണ മാത്രമേ പോയിട്ടുള്ളൂ. കണ്ണൂരിൽ ഒരു ചേട്ടന്റെ കല്യാണം കൂടാൻ പോയപ്പോ.. ഇനിയും ആ വഴി പോവാണെങ്കി വാക്ക് വെയിലൂടെ നുമ്മ വണ്ടി ഓട്ടും. ഇങ്ങടെ ഈ കുറിപ്പ് കാരണം.

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പിയാ...വാക്ക് വെയിലൂടെ വണ്ടി ഓട്ടാന്‍ പറ്റൂലാ

Cv Thankappan said...

പൊയ്ക്കോളീ....കണ്ടോളി.
വിവരണ0 നന്നായി
ആശ0സകൾ മാഷേ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യമായി എഴുതി

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ദാസന്റ്റെയും ചന്ദ്രികയുടെയും ആത്മാക്കളെ തേടി ഇന്നലെ കുടുംബ സമേതം ഞാൻ വീണ്ടും മാഹി വാക് വേയിൽ എത്തി !

മുഹമ്മേദ്ക്കാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക