Pages

Tuesday, March 09, 2021

വടക്കുന്നാഥൻ‌റെ മുമ്പിൽ

          തൃശൂർ എന്ന കേൾക്കുമ്പോഴേ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത് തൃശൂർ പൂരം തന്നെയായിരിക്കും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ ഇന്ന് വരെ തൃശൂർ പൂരം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങൾ, ആനപ്പുറത്തെ കുടമാറ്റം, പുലർച്ചെയുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ എന്ന് വായിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ എല്ലാം നടക്കുന്നത്.

          തൃശൂരിൽ നിരവധി തവണ പോയിട്ടുണ്ടെങ്കിലും വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ പരിസരത്തും തേക്കിൻകാട് മൈതാനത്തും അൽപ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ വൈഗ കാർഷികമേളയോടനുബന്ധിച്ചുള്ള അഗ്രിഹാക്കത്തോണിന്റെ ജൂറിയായി അവസരം കിട്ടിയപ്പോൾ ഇത്തിരി നേരം ക്ഷേത്ര പരിസരത്ത് ചുറ്റി നടക്കാൻ സാധിച്ചു. അപ്പോഴാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളിൽ ഒന്നായ  തൂവാനത്തുമ്പികൾ എന്ന ഹിറ്റ് സിനിമയിലെ ഒരു പാട്ട് എൻ്റെ മനസ്സിൽ ഓടി എത്തിയത്.

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)


               ജൂറി അംഗങ്ങൾക്ക് താമസമൊരുക്കിയിരുന്ന ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു. അതിരാവിലെ പ്രഭാത നടത്തത്തിനായി റൗണ്ടിലേക്ക് ഇറങ്ങിയ ഞാൻ കണ്ടത്, തേക്കിൻകാട് മൈതാനത്തിലൂടെ നടക്കുന്ന ആണും പെണ്ണും അടങ്ങിയ സംഘങ്ങളെയാണ്.നിമിഷങ്ങൾക്കകം ഞാനും ആ സംഘത്തിൽ ഒരുവനായി അലിഞ്ഞു ചേർന്നു.
             നടത്തം ഒരു ഫുൾ റൗണ്ട് പൂർത്തിയാക്കിയപ്പോഴാണ്, എൻ്റെ കലാലയ ജീവിതം തുടങ്ങിയ വർഷത്തിൽ  മോഹൻലാലും പാർവ്വതിയും കണ്ണുകളാൽ അർച്ചന നടത്തിയ ആ സ്ഥാനത്ത് ആണ് ഞാൻ എത്തിയതെന്ന് തിരിച്ചറിഞ്ഞത്. 
              നടത്തം കഴിഞ്ഞ് അൽപനേരം തേക്കിന്‍കാട് മൈതാനത്തിൽ ഇരുന്ന് മന്ദമാരുതന്റെ തലോടലും കൂടി ഏറ്റുവാങ്ങിയപ്പോൾ മനസ്സ് ഫ്രഷ് ആയി.അങ്ങനെ, ഒരു ടൂർ പ്രോഗ്രാമിലോ മറ്റേതെങ്കിലും യാത്രയിലോ ഒരു പക്ഷെ ആസ്വദിക്കാൻ സാധിക്കാത്ത അനുഭവമായി ഈ യാത്ര മാറി.

5 comments:

Areekkodan | അരീക്കോടന്‍ said...

നടത്തം കഴിഞ്ഞ് അൽപനേരം തേക്കിന്‍കാട് മൈതാനത്തിൽ ഇരുന്ന് മന്ദമാരുതന്റെ തലോടലും കൂടി ഏറ്റുവാങ്ങിയപ്പോൾ മനസ്സ് ഫ്രഷ് ആയി

© Mubi said...

ക്ഷേത്രവും, റൗണ്ടും, മൈതാനവും -- മ്മടെ സ്വന്തം തൃശൂർ! പട്ടാമ്പിയിൽ നിന്ന് സ്ഥിരം പോയിരുന്നതാണ് തൃശൂർക്ക്. എന്തിനും ഏതിനും അവിടെക്കായിരുന്നു ഓടിയിരുന്നത് :) 

Areekkodan | അരീക്കോടന്‍ said...

Mubi...മ്മടെ തൃശൂർ ആയിരുന്നല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് വായിച്ചപ്പോൾ ഗൃഹാതുരതകൾ വന്നെന്നെ കെട്ടിപ്പിടിച്ചുമ്മവെച്ചു .

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ഇത് എഴുതുമ്പോൾ എന്റെ മനസ്സിൽ മുഴുവൻ നിങ്ങളായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക